ദിവ്യകാരുണ്യം: പൂർണതയിൽ എത്തിക്കുന്ന ഏകരക്ഷകൻ

ഇന്നിന്റെ 24 മണിക്കൂർ സമയത്തിൽ ഏറെയും പോകുന്നത് ഇന്നലെകളുടെ കുറവുകളും നഷ്‌ടങ്ങളും നാളെ ചെയ്യാനുള്ള കാര്യങ്ങളും ഭാവിയിലെ സ്വപ്നങ്ങളും ഓർത്താണ്. എന്നാൽ ഏതാനും മണിക്കൂർ കഴിഞ്ഞാൽ ഇന്നും ഇന്നലെയായി പോകുമെന്നു നാം ഓർക്കുന്നില്ല.

ഈ നിമിഷം!

ഈ നിമിഷത്തിൽ മാത്രമേ യഥാർത്ഥത്തിൽ നാം ജീവിക്കുന്നുള്ളൂ. ഈ നിമിഷമെ ഈശോയുടെ മുന്നിൽ ഏറ്റവും വിശ്വസ്തതയോടെ യോഗ്യരായി നാം കാണപ്പെടേണ്ടതുള്ളൂ.

കാലത്തിന്റെ അനന്തതയിൽ ഇപ്പോൾ ഈ ചെറിയ നിമിഷം മാത്രമേ നമ്മുടെ സ്വന്തമായിട്ടുള്ളു.

ഈ നിമിഷം ഈശോ നമ്മോടു പറയുന്നു:

എന്റെ കുഞ്ഞേ, എന്നിലേക്ക് തിരിയുക, നിന്നെ അലട്ടുന്നതെന്തായാലും എന്നോട് പങ്കു വയ്ക്കുക. നിന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഞാനാണ്. നിന്റെ ഈശോ. നിനക്ക് ഭയമാണോ, എന്നെ നോക്കുക, നീ പ്രകാശിതമാകുമ്പോൾ നിന്നിലെ ഭയത്തിന്റെ ഇരുളകലും.

നിനക്ക് വിശക്കുന്നുണ്ടോ? നിനക്ക് ഭോജ്യമായി ഞാനില്ലേ?

നിനക്ക് ദാഹിക്കുന്നുവോ! നിനക്ക് പാനീയമായി എന്റെ തിരുരക്തമേകാൻ ഞാനില്ലേ!

നിന്റെ കുറവുകളെ കുറിച്ചുള്ള ചിന്തയാണോ!
നിനക്ക് നിറവേകി നിന്നിൽ വസിക്കാൻ ഞാനില്ലേ കുഞ്ഞേ…

നീ നിന്റെ ആത്മാവിൽ ഏകാന്തത അനുഭവിക്കുന്നുണ്ടോ! നിത്യതയോളം നിനക്ക് കൂട്ട് ഇരിക്കാനും നീ പറയുന്നതൊക്കെ കേൾക്കാനും മറുപടി നൽകാനും ഞാനില്ലേ!

നിന്റെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത ആന്തരിക സംഘർഷങ്ങളിലൂടെയും വലിയ ഹൃദയഭാരത്തിലൂടെയും നീ കടന്നു പോകുകയാണോ!

സാരമില്ല. ഞാനിവിടെയുണ്ട്. ഒരിടത്തും പോയിട്ടില്ല. നിന്റെ ഹൃദയം എന്റെ ഹൃദയത്തിൽ വയ്ക്കുക. ദിവ്യകാരുണ്യത്തിന്റെ പരസ്പരസ്നേഹാഗ്നിയിൽ ഉരുകിയലിഞ്ഞു നമ്മുടെ ഹൃദയങ്ങൾ ഒന്നായി മാറട്ടെ.

എന്റെ കുഞ്ഞേ, നിന്റെ രോഗത്തിലൂടെ, പരിഹാസങ്ങളിലൂടെ കഠിന വേദനയിലൂടെ, മരണത്തിന്റെ താഴ്‌വരയിലൂടെ നീ ഇന്നു കടന്നു പോകുകയാണോ?

നിനക്ക് വേണ്ടി വേദനയുടെയും നിസ്സഹായസഹനങ്ങളുടെയും മരണത്തിന്റെയും മണിക്കൂറുകളിലൂടെ സ്വമനസാ കടന്നു പോയ നിന്റെ യഥാർത്ഥത്തിലുള്ള ഏകസ്നേഹിതനും നിന്റെ ഒരേ ഒരു രക്ഷകനും ആയ ഈശോയെ നോക്കുക.

കുഞ്ഞേ…

ഇതും കടന്നു പോകും.

ഓരോ അവസ്ഥയും സന്തോഷവും സങ്കടവും നിസ്സഹായതയും ഒന്നുമില്ലായ്മയും നിന്റെ ജീവിതത്തിൽ ഞാൻ അനുവദിക്കുന്നത് നിന്നെ പൂർണതയിൽ രൂപപ്പെടുത്താനാണ്. നിന്റെ ജീവിതത്തിൽ നടക്കുന്നതൊക്കെയും എന്റെ അറിവോടെയാണ്. എന്റെ സ്നേഹത്തിൽ ഇന്നത്തെ ദിവസം നീ ആയിരിക്കുക. എന്റെ സ്നേഹകരങ്ങളിൽ നിന്നും നീ മാറിപ്പോകാതെ ഇരിക്കുക.

ദൈവസ്നേഹത്തിന്റെ നിരസനം പാപത്തിന്റെ അവസ്ഥ ആണെന്നോർക്കുക.

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചെറിയ കുഞ്ഞ് അതിന്റെ അമ്മയെ അന്വേഷിക്കുന്നത് പോലെ നീ ആദ്യം എന്നെ അന്വേഷിക്കുക, എന്നെ അഭിവാദനം ചെയ്യുക, നീ എന്നെ സ്നേഹിക്കുന്നു എന്ന് എന്നോട് പറയുക, നിന്റെ ദിവസം നയിക്കാനായി എന്നെ ഏല്പിക്കുക.

രാവിലെ തന്നെ എഴുന്നേൽക്കുമ്പോൾ ഈശോയുടെ ഏതെങ്കിലും ഒരു രൂപത്തിൽ നോക്കുമ്പോൾ അല്ലെങ്കിൽ മനസിൽ അവിടുത്തെ കാണുമ്പോൾ നമ്മുടെ ഹൃദയം പ്രകാശിതമാകും.

എപ്പോഴും നമ്മുടെ സമീപേ ഉള്ള അവിടുത്തേയ്ക്ക് എന്തൊരു സന്തോഷമായിരിക്കും ഒരു നിമിഷമെങ്കിലും നാം അവിടുത്തെ പറ്റി ചിന്തിക്കുന്നത്!

നമ്മുടെ വിശ്വാസത്തിന്റെയും ശരണത്തിന്റെയും പ്രതിഫലനമാകില്ലേ ഈശോയെ നമ്മുടെ ജീവിതം 24 മണിക്കൂർ നേരത്തേയ്ക്കെങ്കിലും വിശ്വസിച്ചു ഏല്പിക്കുന്നത്!

കഴിഞ്ഞ നിമിഷം വരെയുള്ള ജീവിതം എങ്ങനെയുമാകട്ടെ, തകർന്ന്‌ തരിപ്പണമായി എന്ന് നമ്മൾ വിചാരിക്കുന്നു എന്നിരിക്കട്ടെ. അടുത്ത നിമിഷം നമുക്ക് താങ്ങാൻ പറ്റാത്ത വിധത്തിലുള്ള സഹനങ്ങളിലൂടെ, മരണത്തിന്റെ താഴ് വരയിലൂടെ കടന്നു പോകണം എന്നിരിക്കട്ടെ…

എന്നാലെന്ത്!!!!

“മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. “
(സങ്കീര്‍ത്തനങ്ങള്‍ 23 : 4)

നാം ഇപ്പോൾ ആയിരിക്കുന്ന ഈ നിമിഷം നമ്മുടേതാണ്. നമുക്ക് അത് സ്വതന്ത്രമായി വിനിയോഗിക്കാം.

നന്മയോ തിന്മയോ ചെയ്യാം.

ഇന്നു എനിക്ക് വന്ന ഒരു ചെറിയ ചിന്ത…

ഈശോ നിത്യജീവനാണ്.

അങ്ങനെയെങ്കിൽ പിശാച് എന്താണ്?

നിത്യമരണം അല്ലേ!!!!

പിശാച് ഒരു കള്ളനെ പോലെ പതുങ്ങി വന്നു ആക്രമിക്കുന്നത് നമ്മുടെ ജീവൻ എന്നേക്കുമായി അപഹരിച്ചു നിത്യനരകത്തിലേയ്ക്ക് നയിക്കാനാണ്.

ഈശോ വന്നത് നമുക്ക് ജീവനുണ്ടാകാനാണ്, നിത്യജീവൻ സമൃദ്ധമായി നമ്മിൽ ഉണ്ടാകാനാണ്.

“മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്‌.”
(യോഹന്നാന്‍ 10 : 10)

ഈ നിമിഷം, ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്ന് പറഞ്ഞു നമ്മെ അലട്ടുന്ന സർവ്വതും നമ്മുടെ നിത്യതയെ കുറിച്ചുള്ള ആകുലതകൾ വരെയും ഈശോയെ പൂർണമായി ഏല്പിക്കാം.

“ശരണപ്പെടുന്നു” എന്ന് വാക്കുകളിൽ നാം പറയുമ്പോൾ നമ്മുടെ ആത്മ സ്ഥിതിയും മനസിന്റെ സ്ഥിതിയും ശരീരത്തിന്റെ സ്ഥിതിയും പലതാകാം.

ഒരു പക്ഷെ പ്രസാദവരത്തിന്റെ അവസ്ഥയിൽ സ്നേഹത്തിൽ നിറഞ്ഞു ഒരു ചെറിയ കുഞ്ഞ് അമ്മയോട് പറയും പോലെയാകാം.

ഒരു പക്ഷെ ഹൃദയം തകർന്നു സ്വപ്‌നങ്ങൾ പൊലിഞ്ഞു കയ്യിലും ജീവിതത്തിലും ശൂന്യത മാത്രം ഉള്ള അവസ്ഥയിൽ ആയിരിക്കാം.

ഒരു പക്ഷെ രോഗത്തിന്റെ കാഠിന്യത്തിൽ മരണാവസ്ഥയിൽ ആയിരിക്കാം.

ഒരു പക്ഷെ ഈ വാക്കുകൾ നാം ഉച്ചരിക്കുന്നത് വലിയ അപകടത്തിൽ പെട്ടിരിക്കുമ്പോൾ ആകാം

ജോലി ഭാരത്താൽ തളർന്നിരിക്കുമ്പോൾ ആകാം.

ഈ നിമിഷം നാം ഓരോരോ കാര്യങ്ങളിൽ കൂടി കടന്നു പോകുന്നതിന്റെ ആഴവും അർത്ഥവും നമുക്ക് മാത്രമല്ലെ അറിയുകയുള്ളൂ

എന്നാൽ ഈശോ പറയുന്നു :

“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌.”
(മത്തായി 11 : 28-30)

ഈശോയിൽ ആയിരിക്കുമ്പോൾ ഈശോ നമ്മെ അവിടുത്തെ ഹൃദയത്തിൽ എപ്പോഴും വഹിക്കുന്നു. ശൂന്യാകാശത്തു നമുക്ക് ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ഭാരമില്ലായ്മ അനുഭവപ്പെടുന്നു. ദിവ്യകാരുണ്യഈശോയുടെ ഹൃദയത്തിൽ നാം ആയിരിക്കുമ്പോൾ ലോകത്തിന്റെ ആകർഷണം ഇല്ലാത്തതിനാൽ നമുക്ക് സഹനങ്ങൾക്ക് ഭാരം അനുഭവപ്പെടുന്നില്ല. നമ്മുടെ ഓരോ സഹനവും ഈശോയുടെ പീഡാനുഭവത്തോട് ചേർന്നു നിന്നു കൊണ്ട് പരിശുദ്ധാത്മ സഹായത്താൽ കടന്നു പോകുന്ന ആത്മീയ നിറവിന്റെ അനുഭവമാകുന്നു.

നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ ഈ നിമിഷം നാം ഈശോയിലേയ്ക്ക് തിരിഞ്ഞാൽ നാം ആയിരിക്കേണ്ട അവസ്ഥയിലേയ്ക്ക് അവിടുന്ന് നമ്മെ സ്നേഹത്തിൽ രൂപാന്തരപ്പെടുത്തും.

എന്നാൽ ഈശോയ്ക്ക് നമ്മുടെ ജീവിതത്തിൽ നമ്മുടെ പൂർണസമ്മതവും സഹകരണവും ഈശോയിലുള്ള നമ്മുടെ പൂർണ ശരണവും ആവശ്യമുണ്ട്.

“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)

ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ഒരു നിമിഷമെങ്കിലും നാം ആയിരിക്കുമ്പോൾ നാം മാത്രമല്ല, നമ്മുടെ ജീവിതവും പ്രകാശിതമാകും.

നമ്മുടെ പഴയ ജീവിതത്തിലെ കുറവുകൾ ദൈവസ്നേഹത്താൽ പരിഹരിക്കപ്പെടും. നാം ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചവർ അനുഗ്രഹിക്കപ്പെടും. നമ്മെ ദ്രോഹിച്ചവർ അനുതാപത്താൽ നിറഞ്ഞു കൃപയുടെ ജീവിതത്തിലേക്ക് വരും. നമ്മുടെ മുൻ തലമുറകൾ അനുഗ്രഹിക്കപ്പെടും. അനേകം ശുദ്ധീകരണാത്മാക്കൾ നാം ദിവ്യകാരുണ്യഈശോയുടെ മുന്നിൽ ഒത്തിരി സ്നേഹത്തോടെ അവിടുന്നിൽ ശരണപ്പെട്ടു നിൽക്കുന്നതിലൂടെ മോചിതരാകും.

ഈശോയെ നോക്കുന്നതിലൂടെ പ്രകാശിതരായി എന്ന് പറയുമ്പോൾ ആത്മാവിന്റെ ഇരുട്ടിൽ ആ പ്രകാശം കടന്നു ചെല്ലുന്നതിലൂടെ നമ്മുടെ എല്ലാ പാപങ്ങളും നമുക്ക് തന്നെ വെളിപ്പെട്ടു നല്ല അനുതാപത്തോടെ കുമ്പസാരിക്കാനുള്ള കൃപയും പ്രസാദവരത്തിൽ നിലനിൽക്കാനുള്ള കൃപയും നമുക്ക് ലഭിക്കും.

ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ഒരു വ്യക്തി നിൽക്കുമ്പോൾ ആ വ്യക്തി ആണോ പെണ്ണോ കുഞ്ഞോ വൃദ്ധനോ പണ്ഡിതനോ പാമരനോ എന്നല്ല ഈശോയാൽ പൂർണമായി രക്ഷിക്കപ്പെട്ട ഒരു മനുഷ്യൻ മാത്രമാണ് എന്നതാണ് പ്രധാനമായിട്ടുള്ളത്.

ഈശോയുടെ മുന്നിൽ നിൽക്കുമ്പോൾ പ്രകാശിതമാകുന്നത് നമ്മുടെ മുന്നോട്ടുള്ള ജീവിതവും നമ്മുടെ പിൻ തലമുറകളും നാം വസിക്കുന്ന ഭവനവുമാണ്.

ദിവ്യകാരുണ്യഈശോയുടെ മുന്നിൽ ഒരു വ്യക്തി ഏതാനും നിമിഷം സ്നേഹത്തോടെ നിന്ന് ഈശോയെക്കുറിച്ച് ആലോചിക്കുമ്പോൾ അനുഗ്രഹീതമാകുന്നത് നാം വസിക്കുന്ന ഇടവും രാജ്യവും ഭരണാധികാരികളും ഈ ഭൂതലവും സർവ ജനങ്ങളുമാണ്. അത്രയും തീവ്രവും ശക്തവുമാണ് ഓരോ വ്യക്തിയിലൂടെയും ലോകത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്ന ദൈവത്തിന്റെ കരുണയും സ്നേഹവും ആർദ്രതയും.

ഈശോയെ ദിവ്യകാരുണ്യമായി ഒരു ചെറിയ ആത്മാവ് സ്വീകരിക്കുമ്പോൾ- അതാരുമായിക്കൊള്ളട്ടെ- ദിവ്യകാരുണ്യഈശോയുടെ സ്നേഹത്താൽ ആ വ്യക്തി പ്രകാശിതനാകുന്നു.

ഈശോയെ ഒരു വ്യക്തി അനുദിനം ദിവ്യകാരുണ്യമായി സ്വീകരിച്ചു ഹൃദയത്തിൽ നിരന്തരം വഹിക്കുമ്പോൾ ആ വ്യക്തിയുടെ തഴക്കദോഷങ്ങൾ ഈശോയുടെ സ്നേഹസഹവാസത്താൽ പതിയെ ഇല്ലാതാകുന്നു.

മനുഷ്യർക്ക് ഉള്ള ഭയങ്ങളിൽ ഒന്ന് മരണഭയവും മറ്റൊന്നു പൈശാചിക അക്രമണങ്ങളെ കുറിച്ചുള്ള ഭയവുമാണ്.

എന്നാൽ അത്യുന്നതനായ ദൈവത്തിന്റെ മക്കളായ നമ്മളെ, നാം അനുവാദം കൊടുത്താൽ അല്ലാതെ, ഒന്ന് അടുത്ത് വരുക പോലും ചെയ്യുക എന്നത് സാത്താനു അസാധ്യമാണ്.

“ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന്‌ ഓടിയകന്നുകൊള്ളും.
ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. “
(യാക്കോബ്‌ 4 : 7-8)

ജോബ് ദൈവത്തിന്റെ അനുവാദത്തോടെ സഹനങ്ങളിലൂടെ കടന്നു പോയി.

അത് പോലെയുള്ള സഹനസാഹചര്യങ്ങൾ ഉപരിനന്മയ്ക്കായി ദൈവം അനുവദിക്കുന്നതിനാൽ നമ്മുടെ ജീവിതത്തിലും ഉണ്ടായി എന്ന് വന്നേക്കാം.

എന്നാലും നാം കുശവന്റെ കരങ്ങളിൽ മൺപാത്രം എന്നത് പോലെ ഓരോ സഹനങ്ങളിലും വീണ്ടും വീണ്ടും ദൈവഹിതമനുസരിച്ചു അവിടുത്തെ കരങ്ങളിൽ രൂപാന്തരപ്പെടുകയാണ്.

നമ്മുടെ ചെറിയ ജീവിതത്തിൽ നാം ഈശോയിലുള്ള നോട്ടം മാറ്റാതിരുന്നാൽ നാം അവിടുത്തെ സ്നേഹപ്രകാശത്തിൽ നിന്നും മാറിപോകുകയില്ല. എന്നും അവിടുത്തെ നോക്കിയാൽ, ഈശോയിലുള്ള വിശ്വാസത്തിനു മങ്ങൽ ഏൽക്കുകയില്ല.

ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് മനസിലാകുകയില്ല എന്ന് വന്നേക്കാം. എന്നാലും ഈശോയിൽ ഉള്ള അടിയുറച്ച വിശ്വാസം കൈവെടിയരുത്. കാരണം നമ്മുടെ ജീവിതം മുഴുവനും പ്ലാൻ ചെയ്തത് അവിടുന്നാണ്. അവിടുന്ന് നയിക്കുന്ന വഴികളിലൂടെ സാവകാശം അവിടുത്തെ കുറവില്ലാത്ത പരിപാലന കണ്ടു വിസ്മയ ഭരിതരായി അവിടുത്തെ സ്തുതിച്ചു കൊണ്ട് നിത്യതയിൽ വരെയും നടന്നാൽ മതി.

ഈശോയുടെ തിരുഹൃദയത്തിൽ നമ്മോടുള്ള സ്നേഹാഗ്നിജ്വാല സദാ എരിഞ്ഞു കൊണ്ടാണിരിക്കുന്നത്. ദിവ്യകാരുണ്യം സ്വീകരിച്ചു ഈശോയിൽ നാം യഥാർത്ഥത്തിൽ വസിക്കുമ്പോൾ നമ്മിലെ കുറവുകളെയും നാം ഇനിയും സ്വയം കണ്ടെത്താത്ത ചെറുപാപങ്ങളെയും നമ്മിലെ എല്ലാ അശുദ്ധിയെ തന്നെയും ദഹിപ്പിച്ചു സ്നേഹത്തിന്റെ പൂർണതയായ പരിശുദ്ധിയുടെ ഉന്നതതലത്തിൽ ഒരു വ്യക്തിയുടെ ആത്മാവിനെ എത്രത്തോളം എത്തിക്കാമോ അത്രയും ഉയരത്തിൽ ദൈവഹിതം അനുസരിച്ചു നമ്മെ എത്തിക്കുന്നു.

ദൈവകരുണയാൽ നിത്യമായി നഷ്‌ടപ്പെടാതെ കാത്തു ശുദ്ധീകരണ സ്ഥലത്തിന്റെ വേദനയിലും ആത്മീയഏകാന്തതയിലും ദൈവസാന്നിധ്യത്തിൽ ആയിരിക്കാനുള്ള തീവ്രദാഹത്തിലും ആയിരിക്കുന്ന അവസ്ഥയിൽ നമ്മെ നിരന്തരം ശുദ്ധീകരിക്കുന്ന അഗ്നിയെക്കാളും എത്രയോ ആശ്വാസപ്രദമാണ് ഈശോ നമ്മിൽ വസിച്ചു കൊണ്ട് നമ്മെ ഏറ്റവും മനോഹരമായി രൂപാന്തരപ്പെടുത്തുന്ന ദിവ്യകാരുണ്യത്തിന്റെ ആർദ്രമായ സ്നേഹാഗ്നി.

പരിശുദ്ധ കുർബാന ഒരിക്കലെങ്കിലും സ്വീകരിച്ച ഒരു വ്യക്തിയുടെ ഹൃദയത്തിലും ആത്മാവിലും ദൈവപുത്രനായ ഈശോയുടെ സ്നേഹമുദ്രയും നാമവും പതിഞ്ഞു കിടക്കും.

ആദ്യകാലങ്ങളിൽ ആരെന്നറിയാതെ സ്വീകരിച്ച ദിവ്യകാരുണ്യം തക്ക സമയമെത്തുമ്പോൾ ഓരോ വ്യക്തികൾക്കും സ്വയം വെളിപ്പെടും. ആത്മാവിന്റെ ഉള്ളിന്റെ ഉള്ളിൽ മനുഷ്യർ ആരും പറയാതെ പരിശുദ്ധാത്മാവിന്റെ ഇടപെടലാൽ ആന്തരികബോധ്യങ്ങൾ ഉണരും.

“അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന്‌ പ്രവാചകഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. “
(യോഹന്നാന്‍ 6 : 45)

ഏറ്റവും പരിശുദ്ധനായ കുഞ്ഞാടായ ഈശോയും നമ്മുടെ ആത്മാവും തമ്മിലുള്ള വ്യക്തിപരമായ വിവാഹ വിരുന്നാണ്, കുരിശിലെ ഏകബലിയുടെ, രക്ഷാകരചരിത്രത്തിന്റെ, തനിയാവർത്തനമാണ് ഓരോ ദിവ്യബലിയിലും നടക്കുന്നത് എന്നുള്ള അറിവ് ആത്മാവിൽ ലഭിയ്ക്കുമ്പോൾ ഈശോയുടെ സ്നേഹമോർത്തു എങ്ങനെ കണ്ണുനിറയാതെ ഇരിക്കും.

എന്നേയ്ക്കും സ്വർഗീയ രാജകുമാരനായ ഈശോ നിസാരനായി, ഒരു കാറ്റടിച്ചാൽ പറന്നു പോകുന്ന, ഒന്ന് ശക്തിയായി തൊട്ടാൽ ഒടിഞ്ഞു പോകുന്ന, ഒരിറ്റു ഉമിനീരിൽ അലിഞ്ഞു പോകുന്ന, ഒരു കുഞ്ഞ് ഗോതമ്പപ്പമായി നമ്മുടെ മുൻപിൽ എളിമയോടെ അതിലേറെ സ്നേഹത്തോടെ വന്നു സ്വീകരിക്കൂ എന്ന യാചനയോടെ ആദ്യകുർബാന സ്വീകരിച്ച ഓരോ കത്തോലിക്കന്റെയും വന്നു നിൽക്കുമ്പോൾ, അത് നിരസിക്കുന്നതും പരിശുദ്ധ കുർബാന സ്വീകരിക്കാൻ ഒരുങ്ങി വരാത്തതും ഈശോയ്ക്ക് എന്ത്‌ മാത്രം ഹൃദയഭേദകമാണ്!

ഒന്നാലോചിച്ചാൽ കാലാകാലങ്ങളായുള്ള അനേക ജനപദങ്ങളുടെ ഇടയിൽ നിന്നും ഈശോയെ സ്വീകരിക്കുവാൻ പേര് ചൊല്ലി വിളിക്കപ്പെട്ട നാം എത്രയോ ഭാഗ്യവാന്മാരാണ്!

ഓരോ ദിവസവും നമ്മിൽ ജീവൻ പകരാൻ ഈശോ നമുക്കായി ദിവ്യകാരുണ്യമാകുന്നു. ഒരു പക്ഷെ ഈ ദിവ്യഔഷധം അനുദിനം യോഗ്യതയോടെ സ്വീകരിച്ചിരുന്നു എങ്കിൽ നമ്മിൽ പലരും പാപികളായി ഇന്നും തുടരില്ലായിരുന്നു. രോഗികളായി തീരില്ലായിരുന്നു. ഓരോ രോഗം വരുമ്പോഴും എല്ലാ രോഗങ്ങളും മാറ്റുന്ന പരിശുദ്ധ കുർബാന ഉപേക്ഷിച്ചു നാം ഡോക്ടർമാരെ തേടി പരക്കം പായുന്നു. രോഗം എന്താണെന്നു പോലും ശരിക്കു മനസിലാക്കാതെ തരുന്ന മരുന്നുകൾ ഒക്കെയും കഴിക്കുന്നു. നിർദേശിച്ച ടെസ്റ്റുകൾ ഒക്കെയും ചെയ്യുന്നു.

എന്നാൽ ഈ ഓട്ടത്തിനിടയിൽ ഈ നിമിഷമെങ്കിലും ഒന്ന് നിന്ന് എന്റെ ആത്മ സ്ഥിതി എന്താണ്! കുമ്പസാരിക്കേണ്ട ആവശ്യമുണ്ടോ! യോഗ്യതയോടെ കുർബാന സ്വീകരിക്കാൻ എനിക്കിന്ന് പറ്റുമോ എന്നൊക്കെ ഓർത്തു പരിശുദ്ധ കുർബാനയിൽ ഒരുങ്ങി പങ്കെടുക്കാനുള്ള വഴി നോക്കണം.

പല ഹോസ്പിറ്റലിലും വൈദികർ ഉണ്ടാകും. മുറിയിൽ വന്നു കുമ്പസാരിപ്പിക്കും. പരിശുദ്ധ കുർബാന കൊണ്ട് വന്നു തരും. ആവശ്യമെങ്കിൽ രോഗീലേപനം നൽകും. വീടുകളിൽ നാളുകളായി രോഗികളായി കിടക്കുന്നവർക്കും ഇത് പോലെ ദിവ്യകാരുണ്യ ഈശോയെ അനുദിനം ഒരുക്കത്തോടെ സ്വീകരിക്കുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം. കാരണം രോഗം വരുമ്പോൾ ഡോക്ടർമാരെ നാം രോഗം മാറാൻ ഉടനടി സമീപിക്കുന്നുവെങ്കിലും സ്വർഗീയ ഭിഷഗ്വരനായ ഈശോയെ നാം ഓർക്കുന്നതും സമീപിക്കുന്നതും വിരളമാണല്ലോ.

ഓരോ ദിവസത്തെയും പരിശുദ്ധ കുർബാനയിൽ രോഗനിർണയം ചെയ്യുന്നതിന് മുൻപേ രോഗികൾ പോലുമറിയാതെ ഒത്തിരി സൗഖ്യങ്ങൾ ആരുമറിയാതെ നടക്കുന്നുണ്ട്. ഹൃദയത്തിലേറ്റ മുറിവുകൾ ഈശോ മായിച്ചു കളയുന്നുണ്ട്. പൊട്ടിയ ഹൃദയബന്ധങ്ങൾ സ്നേഹാഗ്നിയുടെ ചൂടിൽ ഉരുക്കി പരസ്പരം വിളക്കി ചേർക്കുന്നുണ്ട്. പരിശുദ്ധ കുർബാനയിൽ അനേകം ആത്മീയ കൃപകൾ നല്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് അന്നത്തെ ദിവസത്തേയ്ക്ക് വേണ്ടിയുള്ള പ്രത്യേക കൃപകളും നല്കപ്പെടുന്നുണ്ട്. അതിനാൽ ഓരോ ദിവസവും സാധിക്കുമെങ്കിൽ രാവിലെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുക എന്നത് വ്യക്തിപരമായി എത്രയോ പ്രധാനമാണ്.

എല്ലാത്തിലുമുപരി ഓരോ ദിവ്യകാരുണ്യസ്വീകരണത്തിലും നാമും ഈശോയുമായുള്ള വ്യക്തിബന്ധവും കൂടുതൽ ദൃഢമാകുന്നുണ്ട്.

പരിപൂർണനായ ഈശോയുടെ പക്കൽ ആയിരിക്കാൻ നാം പൂർണമായി ഒരുങ്ങുന്നത് വരെ, അല്ലെങ്കിൽ അങ്ങനെ ഒരു ഹൃദയബോദ്ധ്യം ഉണ്ടാകുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഈ നിമിഷം നാമായിരിക്കുന്ന അവസ്ഥയിൽ ഈശോയിലേയ്ക്ക് ആന്തരികമായി തിരിയുകയാണ് വേണ്ടത്.

നാം ഏതു സ്ഥിതിയിലും ആയിരുന്നു കൊള്ളട്ടെ.

ഈശോ അത് കാര്യമാക്കുന്നില്ല. നമ്മുടെ പൂർണതയൊ പൂർണത ഇല്ലായ്മയോ നമ്മോടുള്ള ഈശോയുടെ സ്നേഹത്തിനു ഏറ്റക്കുറച്ചിൽ വരുത്തുന്നില്ല.

“ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 19)

തിളച്ചു മറിയുന്ന തീനരകത്തിൽ പതിക്കേണ്ട വിധത്തിൽ, അനുതാപം ഉള്ളിൽ തോന്നാത്ത കഠിന പാപി ആണെന്നാലും ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്ന് ഏറ്റവും വലിയ ശരണത്തോടെ ഏറ്റു പറയാം.

“നിരന്തരം അദ്ധ്വാനിക്കുകയും ക്ലേശിക്കുകയും ചെയ്‌തിട്ടും ദാരിദ്ര്യം ഒഴിയാത്തവരുണ്ട്‌.
വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവദരിദ്രരുമാണ്‌;
എന്നാല്‍, കര്‍ത്താവ്‌ അവരെ കടാക്ഷിച്ച്‌ ദയനീയാവസ്ഥയില്‍ നിന്ന്‌ ഉയര്‍ത്തുന്നു.
അനേകരെ വിസ്‌മയിപ്പിക്കുമാറ്‌ അവിടുന്ന്‌ അവര്‍ക്കു മാന്യസ്ഥാനം നല്‍കുന്നു.”
(പ്രഭാഷകന്‍ 11 : 11-13)

ഓരോ മനുഷ്യന്റെയും ജീവിതത്തെ രണ്ടായി തിരിക്കാം. ഈശോയെ വ്യക്തിപരമായി കണ്ടെത്തിയ സമയത്തിന് മുൻപും പിൻപും എന്ന്.

ഈശോയെ കണ്ടെത്തുന്നതിനു മുൻപേയുള്ള ജീവിതത്തിൽ നാം ഭയചകിതരും മരണഭീതിയുള്ളവരും ഏകാകികളും സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നവരും ആണെന്ന് പറയാം.

എന്നാൽ ഈശോയെ ഒരാത്മാവ് യഥാർത്ഥത്തിൽ കണ്ടെത്തി കഴിയുമ്പോൾ ആത്മാവിന്റെ വിജനത ഏറ്റവും മനോഹരമായി അനുഭവപ്പെടും. കാരണം അവിടെ ഈശോയുണ്ട്.

ഓരോ ഭയകാരണങ്ങളും സൃഷ്ടാവായ ഈശോയുടെ മുൻപിൽ മാറിപ്പോകുന്നതും ജീവന്റെ നാഥനായ ഈശോയുടെ മുൻപിൽ മരണം പോലും ഓടി ഒളിക്കുന്നതും കണ്ടു നാം അത്ഭുതപ്പെടും.

ആരുമില്ലെന്നു ഓർത്തിരുന്ന നമുക്ക് ലോകജനത സഹോദരങ്ങളാകും.ഈശോയുടെ മൗതിക ശരീരത്തിലെ അംഗങ്ങൾ എന്നനുഭവപ്പെടും. സ്വർഗ്ഗവാസികൾ സ്നേഹിതരാകും.

ഈശോയിലുള്ള ഭൗമികജീവിതം ഒരു ധീരയോദ്ധാവിനെ പോലെ നയിക്കാൻ സാധിക്കും. ഓരോ നിമിഷവും സ്വർഗീയ നേട്ടത്തിന്റെതായിരിക്കും.

ദിവ്യകാരുണ്യ ഈശോയിൽ വസിക്കുന്ന ഒരാത്മാവ് ഈശോയുടെ മനോഭാവത്തിലേയ്ക്ക് അനുരൂപപ്പെടുന്നതിനാൽ ഏറ്റവും വലിയ ദാഹം അനുഭവപ്പെടുന്നത് ആത്മാക്കളെ സ്വർഗത്തിലേക്ക് നേടാനായിരിക്കും. ഇന്നും ലോകത്തിനു അജ്ഞാതനായ സ്വർഗസ്ഥനായ പിതാവിനെ കുറിച്ച് പറയുവാനായിരിക്കും.

ഈശോയിൽ വസിക്കുമ്പോൾ നാം ദൈവമക്കളുടെ മനോഭാവത്തിലേയ്ക്ക് ഉയരുന്നതിനാൽ എല്ലാം നമ്മുടേത് എന്ന ആത്മീയ അനുഭവത്തിലേയ്ക്ക് ഉയരും.

ഈശോയുടെ സ്നേഹത്തിൽ സമർപ്പിച്ചതിനാൽ പഴയത് ഒന്നും ഹൃദയത്തെ അലട്ടുകയില്ല. നാളെയുടെ കാര്യങ്ങൾ ആകുലപ്പെടുത്തില്ല.

“നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതാതിന്റെ ക്‌ളേശം മതി.”
(മത്തായി 6 : 33-34)

ഈശോയിൽ ആശ്രയിച്ചാൽ ഇന്നു ഈ നിമിഷം ഏറ്റവും നന്നായി ദൈവസ്നേഹത്തിൽ ആയിരിക്കാനും
ഓരോ ചെറിയ കാര്യവും വിശ്വസ്‌തതയോടെ ദൈവമഹത്വത്തിന് വേണ്ടി ചെയ്യാനും സാധിക്കും.

“അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍.”
(1 കോറിന്തോസ്‌ 10 : 31)

ഇടയ്ക്ക് മനസ് ഈശോയിൽ നിന്നും മാറിപോയാലും ജാഗരൂകതയോടെ പരിശുദ്ധാത്മാവ് സദ് ചിന്തകൾ നൽകി അനുഗ്രഹിക്കും.

“ഞാന്‍ പിതാവിനോട്‌ അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.
ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത്‌ അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും.”
(യോഹന്നാന്‍ 14 : 16-17)

ചിലനേരം മറ്റുള്ളവരെ അപേക്ഷിച്ചു എത്രയോ പുറകിൽ ആണ് എന്ന് സങ്കടപ്പെട്ടാലും ഈ നിമിഷം ഭൂതകാലത്തെ അവസ്ഥയിൽ നിന്നും എത്രയോ മെച്ചപ്പെട്ട ആത്മീയ അവസ്ഥയിൽ ഈശോ ആക്കി എന്നുള്ള ചിന്ത പരിശുദ്ധാത്മാവ് നൽകി നമുക്ക് ആശ്വാസം പകരും.

ദിവ്യകാരുണ്യ ഈശോയിൽ ആയിരിക്കുമ്പോൾ ഒരുവനിൽ സംഭവിക്കുന്നത് മനസിന്റെ നവീകരണവും ഹൃദയത്തിന്റെ ഈശോയ്ക്കുള്ള പൂർണ സമർപ്പണവും ആത്മീയ നിശബ്ദതയും ശാരീരികമായി ഉണ്ടാകുന്ന നിരന്തര ജാഗ്രതയുമാണ്.

പരിശുദ്ധാത്മാവ് സഹായിക്കുന്നതിനാൽ മനസ് എപ്പോഴും ഈശോയെക്കുറിച്ച് ചിന്തിക്കും. ആത്മാവ് നിശബ്ദമാകുമ്പോൾ മൃദുവായ ദൈവസ്വരം ഉള്ളിൽ വ്യക്തമായി കേൾക്കും. ഹൃദയം ഈശോയ്ക്ക് നൽകുന്നതിനാൽ ഒന്നാം സ്ഥാനം ഈശോയ്ക്കാകും. നമുക്ക് കിട്ടുന്ന മറ്റെല്ലാ സ്നേഹവും ഈശോയുടെ സ്നേഹത്തിന്റെ പ്രതിഫലനമാകും. എല്ലാവരിലൂടെയും ഈശോ തന്നെ നമ്മെ സ്നേഹിക്കുന്നു എന്നുള്ള ബോധ്യം വരും. സ്നേഹം / ഈശോ നമ്മുടെ ഹൃദയത്തിൽ യഥാർത്ഥത്തിൽ വസിക്കുന്നതിനാൽ പ്രസാദവരാവസ്ഥയിൽ ആയിരിക്കുമ്പോൾ നമ്മുടെ മുഖം സ്നേഹത്താൽ ജ്വലിക്കും. നാം നടക്കുന്ന പാതകൾ പ്രകാശിതമാകും.

നമ്മിൽ നിന്നും ദൈവസ്നേഹം നിരന്തരം മറ്റുള്ളവരിലേക്ക് ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഒഴുകും.

ചിന്തകളിലൂടെ എങ്ങനെ ദൈവസ്നേഹം ഒഴുകും എന്ന് സംശയം ഉണ്ടായേക്കാം. ഈശോയിൽ വസിക്കുന്ന സമയത്ത് ഒരു വ്യക്തിയെ കുറിച്ച്, ദേശത്തെ കുറിച്ചു, രാജ്യത്തെ കുറിച്ച് നാം സ്നേഹത്തോടെ ചിന്തിക്കുമ്പോൾ നമ്മെ പ്രതി നമ്മുടെ ചിന്തകൾ അറിയുന്ന ഈശോ അവയെല്ലാം അനുഗ്രഹിക്കും. കൃപകളാൽ നിറയ്ക്കും.ഈശോയിൽ ആയിരിക്കുന്ന ഒരു ചെറിയ ആത്മാവിന്റെ ഓരോ ചിന്തയും ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്. അതെല്ലാം ഈശോ സൂക്ഷിച്ചു വീക്ഷിക്കുന്നു.

“കര്‍ത്താവേ, അവിടുന്ന്‌ എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന്‌ അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്‌ അകലെ നിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
ഒരു വാക്ക്‌ എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത്‌ അവിടുന്ന്‌ അറിയുന്നു.
മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍ നില്‍ക്കുന്നു;
അവിടുത്തെ കരം എന്റെ മേലുണ്ട്‌.
ഈ അറിവ്‌ എന്നെ വിസ്‌മയിപ്പിക്കുന്നു;
എനിക്ക്‌ അപ്രാപ്യമാംവിധം അത്‌ ഉന്നതമാണ്‌.”
(സങ്കീര്‍ത്തനങ്ങള്‍ 139 : 1-6)

നന്മയും തിന്മയും നമ്മുടെ ഹൃദയത്തിൽ ചിന്തകളായി നിരന്തരം ഉയരാറുണ്ട്. എന്നാൽ ഈശോയിൽ നമ്മുടെ ആത്മദൃഷ്ടി കേന്ദ്രീകരിച്ചിരിക്കുമ്പോൾ അവിടുത്തേക്കുറിച്ചുള്ള ചിന്തകൾ നമ്മിൽ നിറയും.

ഇടയ്ക്കൊക്കെ ഈശോ എന്ത്‌ ചെയ്യുകയാവും? പരിശുദ്ധാത്മാവ് ഏതു പ്രവർത്തനത്തിൽ ആയിരിക്കും ഏർപ്പെടുന്നുണ്ടാവുക! ദൈവപിതാവ് എന്തായിരിക്കും ഇപ്പോൾ എന്നെ കുറിച്ച് ഓർക്കുന്നത്! അവിടുത്തേയ്ക്ക് സന്തോഷം ആയിരിക്കുമോ! എന്റെ ചുറ്റും പാളയം അടിച്ചിരിക്കുന്ന ദൈവദൂതന്മാർ എത്ര ശത്രുക്കളെ എനിക്കായി തുരത്തിക്കാണും! ഇനിയും നന്നായി പരിശുദ്ധ അമ്മയുടെ ജപമാല ഞാൻ എങ്ങനെ ചൊല്ലും! ഇന്നു എത്ര ശുദ്ധീകരണ ആത്മാക്കളെ എനിക്ക് രക്ഷിക്കാൻ സാധിക്കും! കഠിന പാപികൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ടോ!
എന്നിങ്ങനെ ശിശു സഹജമായ വിശ്വാസത്തിൽ ഹൃദയത്തിൽ ഉരുത്തിരിയുന്ന യാഥാർത്ഥ്യപരമായ ചെറുചിന്തകൾ കൊണ്ട് ഈ നിമിഷത്തെ നിറയ്ക്കാം.

ഒരു ചെറിയ ആത്മാവിന് ഈശോ കൃപയോടെ സഹായിച്ചില്ലെങ്കിൽ സ്വന്തമായി ഒരു കാര്യങ്ങളും ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ നാം ഈശോയിൽ വസിച്ചാൽ അതിനാൽ തന്നെ ഫലം പുറപ്പെടുവിക്കുന്നവരാകും.

“നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.”
(യോഹന്നാന്‍ 15 : 4-5)

അത് കൊണ്ട് ഒന്നും പ്രത്യേകം ചെയ്യുന്നില്ല എന്നോർത്തു അത് സങ്കടപ്പെടേണ്ട. ഈശോയിൽ വസിച്ചാൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നിരന്തരം പുറപ്പെടുവിക്കുന്നവരാകാം.

“എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്‌തത,
സൗമ്യത, ആത്മസംയമനം ഇവയാണ്‌.
ഗലാത്തിയാ 5 : 22-23

ഈശോയുടെ ചാരെ ഹൃദയം കൊണ്ട് ആയിരിക്കുന്നതും അവിടുത്തെ കുറിച്ച് ചിന്തിക്കുന്നതും ദൈവഹിതം അനുസരിച്ചുള്ള പ്രവൃത്തി ആണ്.

നമ്മെക്കുറിച്ച് ഈശോ ചിന്തിച്ചു കൊള്ളും. നമ്മുടെ ഓരോരോ കാര്യങ്ങളും തന്റെ പദ്ധതി അനുസരിച്ചു അതാത് സമയങ്ങളിൽ അവിടുന്ന് ക്രമീകരിച്ചു കൊള്ളും.

ഒരാത്മാവ് പൂർണമായും ഈശോയിൽ പുനരുദ്ധരിക്കപ്പെടുക എന്നാൽ ഈശോ തനിക്കു സ്വന്തമാണെന്നും ഈശോ തന്നിലുണ്ട് എന്നും ഈശോ തന്നെ നോക്കിക്കോളും എന്നുമുള്ള ബോധ്യം ഒരു യാഥാർഥ്യമായി അതിനു അനുഭവപ്പെടുന്നു എന്നതാണ്. ഭൂതകാലവും ഭാവിയും ഈശോയിൽ ഭദ്രമാകുന്നു.

ഈ നിമിഷത്തിലുള്ള വർത്തമാനകാലത്തു ഈശോയുടെ ഹിതം അനുസരിച്ചു ജീവിക്കാൻ പരിശുദ്ധാത്മാവ് സഹായിക്കുന്നു.

“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”
(1 തെസലോനിക്കാ 5 : 16-18)

ഓരോ ആത്മാവും വ്യത്യാസമുള്ളവരാണ്. എന്നാൽ ജനിച്ചതും ജീവിക്കുന്നവരും ജനിക്കാനിരിക്കുന്നവരുമായി എത്ര കോടി ജനങ്ങളുണ്ടോ അത്രയും പേര് ഈശോയ്ക്ക് അനന്യരുമാണ്. ഈശോയുടെ തിരുരക്തത്തിന്റെ വിലയാൽ നേടിയെടുത്തവർ ആണ്.

നാം ഒരു പക്ഷെ ഏറ്റവും എളിയ അവസ്ഥയിൽ ആയിരുന്നാലും ഹൃദയത്തിനോട് തുറവി ഉള്ളവരായിരിക്കുക എന്നത് പ്രധാനമാണ്. ഹൃദയത്തിൽ ഈശോയുടെ സ്വരം ശ്രവിക്കുക എന്നത് പ്രധാനമാണ്.

ഈശോ എപ്പോഴും നമ്മെക്കുറിച്ച് ചിന്തിക്കുന്നതിനാൽ ഈശോയെ കുറിച്ച് നാമും ചിന്തിക്കണം.

കാരണം നിത്യതയോളം നമ്മോടൊത്തു ആയിരിക്കുന്നത് അവിടുന്നാണല്ലോ. നമ്മിൽ നിലനിൽക്കാൻ പോകുന്നത് ഈശോയുടെ സ്നേഹവും.

ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്‌ അവനില്‍ത്തന്നെ സാക്‌ഷ്യമുണ്ട്‌. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്റെ പുത്രനെക്കുറിച്ച്‌ നല്‍കിയ സാക്ഷ്യം വിശ്വസിക്കായ്‌ക കൊണ്ട്‌ അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു

“ഇതാണ്‌ ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്‌.
പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല. ഞാന്‍ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ട്‌ എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്‌.
അവന്റെ ഇഷ്‌ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക്‌ അവനിലുള്ള ഉറപ്പ്‌.
നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക്‌ അറിയാം.”
(1 യോഹന്നാന്‍ 5 : 10-15)

ഈശോയെ…
ഞാൻ പൂർണമായും അങ്ങയുടേതാണ്.
നിത്യതയോളം. എന്നെ അങ്ങയുടെ ഹിതമനുസരിച്ചു അനുനിമിഷം രൂപാന്തരപ്പെടുത്തേണമേ. 

ആമേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment