മാതൃരാജ്യം കാക്കാൻ കഠിനമായ കഷ്ടപ്പാടുകൾ സഹിച്ചു പരിശീലനം നേടി ഊണും ഉറക്കവുമില്ലാതെ അപരിചിതസാഹചര്യങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അതീവശ്രദ്ധയോടെ രാജ്യത്തിന്റെ അതിർത്തിയിൽ കാവൽ നിൽക്കുന്ന മുഖമറിയാത്ത പേരറിയാത്ത എന്നാൽ രാജ്യം മാത്രമറിയുന്ന സൈനികരെപോലെ പോലെ ദൈവരാജ്യം കാക്കാൻ പകരം വയ്ക്കാനാവാത്ത സഹനങ്ങളിലൂടെയും ദൈവവചനത്തിലൂടെയും ആത്മീയ ജീവിതത്തിൽ പരിശീലനം നേടി സ്വജീവിതത്തിന്റെ ഞെരുക്കങ്ങൾക്കിടയിലും ദൈവാത്മാവിന്റെ പ്രചോദനത്താൽ നമുക്കായി നിസ്വാർത്ഥമായി പ്രാർത്ഥിച്ചും തിരിച്ചു കിട്ടാൻ വേണ്ടിയല്ലാതെ പരിഹാരം ചെയ്തും പരിശുദ്ധ കുർബാനയിൽ വിശ്വാസത്തോടെ സമർപ്പിച്ചും നമുക്കായി ഉപവസിച്ചും ചെറു സുകൃത ജപങ്ങൾ ചൊല്ലിയും നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ അനുദിനം നമ്മുടെ ആത്മാവിന്റെ കാവലാളുകളായി മാറുന്ന, ദൈവം മാത്രം അറിയുന്ന എത്രയോ ആളുകളുണ്ട്. അത് നമ്മുടെ മാതാപിതാക്കളോ ബന്ധുക്കളോ കൂട്ടുകാരോ നമ്മെ ഒരിക്കലും കണ്ടിട്ടില്ലാത്തവരോ ഒക്കെയാകാം.
ഒരു പക്ഷെ വലിയ സഹനത്തിന്റെ സമയത്തായിരുന്നിരിക്കാം ആരുടെയെങ്കിലും മാധ്യസ്ഥ പ്രാർത്ഥന നമുക്ക് ലഭിച്ചത്. അല്ലെങ്കിൽ പാപപ്രലോഭനത്തിൽ ഉൾപ്പെട്ടു പോകാമായിരുന്ന ഒരു സമയത്ത് ആയിരുന്നിരിക്കാം. അതുമല്ലെങ്കിൽ മരണകരമായ ഒരു സാഹചര്യത്തിൽ ആയിരുന്നിരിക്കാം.
ഒരു ആത്മാവിന്റെ മരുഭൂമി അനുഭവത്തിൽ കുളിർമഴ പോലെ കൃപ ചൊരിയുന്നതാണ് അതിന് സ്നേഹത്തോടെ വേറൊരു ആത്മാവിൽ നിന്നും പ്രതിഫലം ആഗ്രഹിക്കാതെ അതിനായി ലഭിക്കുന്ന ഒരു ചെറുപ്രാർത്ഥന.
ദൈവം അളവില്ലാതെ പ്രതിഫലം നൽകുന്ന ഈ ചെറുപ്രാർത്ഥനയിൽ/ മറ്റുള്ളവർക്കായുള്ള മാധ്യസ്ഥ പ്രാർത്ഥനയിൽ നമ്മുടെ ചെറുസഹനങ്ങൾ ഈശോയുടെ പീഡസഹനങ്ങളോട് ചേർത്ത് വച്ചു നമുക്കും പങ്കുചേരാം. ഇന്ന് നാം ദൈവിക പദ്ധതിയനുസരിച്ചു കണ്ടുമുട്ടുന്നവർക്ക് വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കാം. ഓർമയിൽ തെളിയുന്ന മുഖങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ ഇന്നു പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്ന എല്ലാവർക്കു വേണ്ടിയും ഇന്നു പ്രാർത്ഥിക്കാം.
പ്രാർത്ഥനയുടെ ഐക്യത്തിൽ നാം എല്ലാവരും ഇന്നു അളവില്ലാത്ത ദൈവകൃപയാലും പരിശുദ്ധാത്മാവിന്റെ സഹവാസത്താലും അനുഗ്രഹീതരാകട്ടെ.
ആമേൻ


Leave a comment