ദൈവദാസി ലൂയിസ പിക്കറേത്തയുടെ “24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത്” എന്ന പുസ്തകത്തിൽ നിന്നുള്ള വായനയുടെ വെളിച്ചത്തിൽ ഈശോയുടെ പീഡാസഹനത്തിന്റെ ഒന്നാം മണിക്കൂറിനെ പറ്റി ധ്യാനിക്കാം.
തന്റെ പീഡാ സഹനങ്ങളുടെ സമയം ആകാറായി എന്നറിഞ്ഞപ്പോൾ ഈശോ പറഞ്ഞത് അവിടുന്ന് മഹത്വപ്പെടാൻ സമയമായി എന്നാണ്.
“യേശു പറഞ്ഞു: മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.”
(യോഹന്നാന്‍ 12 : 23)
അത് പോലെ ഫലം പുറപ്പെടുവിക്കുന്നവരാകണമെങ്കിൽ ദൈവഹിതം അനുവദിക്കുന്ന സഹനത്തിലൂടെ കടന്നു പോകണമെന്നും ഈശോ പറഞ്ഞു.
“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേ പടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.”
(യോഹന്നാന്‍ 12 : 24)
നിത്യ ജീവന്റെ അപ്പമായി അനേകരിൽ സ്നേഹത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ദിവ്യകാരുണ്യമായി/ തിരുവോസ്തിയായി പകരപ്പെടുന്ന ചെറുഗോതമ്പപ്പം ആകുവാൻ ഗോതമ്പു മണികൾ കുറെയേറെ സഹനങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ഗോതമ്പു പാടത്തു ഒത്തിരി ഗോതമ്പു മണികൾക്കിടയിൽ സന്തോഷത്തോടെ വസിച്ചിരുന്ന ചെറുഗോതമ്പുമണിയെ കർഷകൻ കതിരോടെ കൊയ്തെടുത്തു വീട്ടിൽ കൊണ്ട് വന്നു ഉണക്കി വിൽക്കുന്നു. പിന്നീട് വാങ്ങുന്ന ആൾ അതിനെ പൊടിക്കുന്നു. ആ വേദനയിൽ ഞെരിഞ്ഞമരുന്നതിനിടയിലും ആകൃതി പാടേ നഷ്‌ടപ്പെട്ടു പൊടിയായി ചെറു പാക്കറ്റുകളിൽ ആക്കപ്പെടുന്നു. പിന്നീട് വാങ്ങുന്നവരാൽ മാവായി കുഴയ്ക്കപ്പെടുമ്പോഴും ചുട്ടെടുക്കപ്പെടുമ്പോഴും അത് സഹനപാരമ്യത്തിലൂടെ കടന്നു പോകുന്നു.
ഒടുവിൽ വിദഗ്ധകരങ്ങളാൽ നേരിയ ഓസ്തിയായി പാകത്തിൽ രൂപപ്പെട്ടു വൈദികന്റെ കരങ്ങളാൽ ഉയർത്തപ്പെട്ടു, അധികാരമുള്ള അഭിഷിക്തന്റെ അധരങ്ങളാൽ കൂദാശാവചനങ്ങൾ ഉച്ചരിക്കപ്പെടുമ്പോൾ ഈശോയായി/ തിരുവോസ്തിയായി രൂപാന്തരപ്പെടാൻ മാത്രം മഹത്വത്തിലേയ്ക്ക് അത് നയിക്കപ്പെടുന്നു.
ഈശോയും ഇങ്ങനെയായിരുന്നു. നമുക്ക് ജീവൻ നൽകുന്ന ദിവ്യകാരുണ്യമാകാൻ, നമ്മെ പാപത്തിന്റെ ബന്ധനത്തിൽ നിന്നും അടിമത്തത്തിൽ നിന്നും പാപിക്ക് അനിവാര്യമായ നിത്യമരണത്തിൽ നിന്നും എന്നേയ്ക്കും വീണ്ടെടുക്കുവാൻ, നമ്മുടെ/ സകല മനുഷ്യരുടെയും സകല പാപങ്ങൾക്കും പൂർണമായി പരിഹാരം ചെയ്യുവാൻ പാപരഹിതനായിരുന്നിട്ടും മുഴുവൻ പാപങ്ങളും സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി മനുഷ്യന് ഊഹിക്കാൻ പോലും പറ്റാത്ത അത്രയും രഹസ്യവും പരസ്യവുമായ കഠിനവും ദാരുണവുമായ സഹനങ്ങളിലൂടെ കുരിശിലേറി മരണത്തിനും അപ്പുറത്തേയ്ക്ക് മനുഷ്യനസാധ്യമായ നിത്യതയുടെ അതിജീവനത്തിലേയ്ക്ക് നിത്യജീവനായ ഈശോ കടന്നു പോകേണ്ടിയിരുന്നു.
നമ്മെ ഓരോരുത്തരെയും ദൈവമക്കളായി വീണ്ടെടുക്കുവാൻ ഈശോ സഹിച്ച പീഡാസഹനങ്ങൾ!!!!
എത്ര ആലോചിച്ചാലും അതിന്റെ ആഴം ഓരോ മനുഷ്യനും താങ്ങാവുന്ന അളവിൽ ദൈവം അനുവദിക്കുന്ന രീതിയിലെ വെളിപ്പെടുകയുള്ളു. ഇത്ര മഹത്തായ രക്ഷയെ ഇത്ര നാളും അവഗണിച്ചല്ലോ എന്നുള്ള ഭീതി കൊണ്ടും ഈശോയുടെ സഹനങ്ങൾ ഞാനും കൂടി കാരണമാണല്ലോ എന്നുള്ള ദുഃഖം കൊണ്ടും അതേ സമയം ഈശോയുടെ പീഡകളെ കുറിച്ച് ചിന്തിക്കുമ്പോൾ അവയിൽ പൊതിഞ്ഞിരിക്കുന്ന ദൈവസ്നേഹം ഹൃദയത്തിൽ നിറയുന്നതിനാലും നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും.
അതിനു നമ്മൾ എന്ത് പകരം കൊടുക്കും!!!
നമ്മിലെ ഇത്തിരി സ്നേഹമല്ലാതെ….
ദൈവദാസി ലൂയിസ പിക്കറേത്തയുടെ ” 24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത് ” എന്ന പുസ്തകത്തിന്റെ താളുകളിലൂടെ ഈശോയുടെ ആന്തരികവും മാനസികവും ശാരീരികവുമായ അതിദാരുണസഹനങ്ങളോട് ഹൃദയം കൊണ്ട് ചേർന്നിരിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ ഈശോയോട് നാം കാണിക്കുന്ന സ്നേഹമാണ്. ആ താളുകളിലൂടെ നാം ഈശോയോട് ആത്മാവ് ചേർത്ത് വച്ചു കടന്നു പോകുമ്പോൾ നാം ഇന്നു എന്താണോ ഏതവസ്ഥയിൽ ആണോ അവിടെ ആയിരിക്കാൻ അതായത് ദൈവപിതാവിന്റെ അരുമ മക്കളായി, ദിവ്യകാരുണ്യ സ്വീകരണം വഴി ഭൂമിയിൽ വച്ചേ നിത്യജീവനിൽ ആയിരിക്കാൻ ഈശോ കൊടുത്ത വിലയുടെ ഒരംശം എങ്കിലും മനസിലാകുകയുള്ളൂ.
ഈശോയുടെ പീഡാസഹനങ്ങളിലൂടെ കടന്നു പോയാലെ കളിമൺ കുടങ്ങളിൽ എന്നത് പോലെ നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും പരിശുദ്ധമായ നിത്യജീവൻ എന്ന നിധി എന്ത് മാത്രം വിലയുള്ളതാണെന്നും ഒരു ചെറു പാപം പോലും ഇനിയും ചെയ്യാതെ ഈശോയോട് അനുനിമിഷം എത്രയോ നന്ദി ഉള്ളവരായി തീർന്നു അവിടുന്നിൽ വസിക്കണം എന്നും ഹൃദയത്തിൽ ആഴമേറിയ ബോധ്യം വരികയുള്ളൂ.
ഈ ധ്യാനത്തിന്റെ ഒന്നാം മണിക്കൂറിൽ ഈശോ പരിശുദ്ധ അമ്മയെ കണ്ടു വിടപറയുന്ന സമയത്തെ നമ്മൾ വീണ്ടും ധ്യാനിക്കുന്നു. മാനവർക്കായി കുർബാനയാകുവാൻ പോകുന്ന ദൈവകുമാരനെ
നിർമലമായ മാതൃഹൃദയത്തിന്റെ പിടച്ചിൽ ഒളിപ്പിച്ചു വച്ചു അനുഗ്രഹിക്കുന്ന അമ്മ മറിയത്തെ ഓർക്കാം.
ഒരു നിമിഷത്തേയ്ക്ക് ദൈവപിതാവിന്റെ നീതിയുടെ മുൻപിൽ മനുഷ്യർക്ക് പകരമായി നിൽക്കാൻ പോകാൻ ദൈവമഹത്വം മറച്ചു വച്ചു സ്വമനസാലെ തയ്യാറായി നിന്ന ഈശോ എന്ന യഥാർത്ഥ മനുഷ്യനെകുറിച്ച്…
ഈശോ അനുഭവിച്ച വേദനയൊക്കെയും സത്യമായിരുന്നു…
ഈശോയുടെ സങ്കടങ്ങൾ സത്യമായിരുന്നു…
ഈശോയുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ കണ്ണുനീരും നമ്മുടെ കണ്ണീരും ഒരുപോലെയായിരുന്നു…
ഈശോ മനുഷ്യരായ നമ്മിൽ ഒരുവനായിരുന്നു..
എന്നിട്ടും…
ഇനിയും അവിടുത്തെ നമ്മൾ സ്നേഹിച്ചു തുടങ്ങിയോ!!!
ആലോചിക്കാം…
ഇല്ലെങ്കിലും സാരമില്ല…
ഇപ്പോൾ ചിന്തിച്ചു തുടങ്ങാം…
ഞങ്ങളുടെ ഈശോയെ..
ഞങ്ങൾക്കായി വന്ന സ്നേഹമേ…
ഞങ്ങൾ…
അങ്ങയെ ഇപ്പോൾ മുതൽ സ്നേഹിച്ചു തുടങ്ങട്ടെ….
“ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 19)
ആമേൻ


Leave a comment