ഇന്നും നമ്മോടൊപ്പം ജീവിക്കുന്നവൻ

‘നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്‌’ (ലൂക്കാ 1:78-79).

നിലക്കാത്ത സഹനം എന്ന് തോന്നുന്ന രാത്രിയിൽ പോലും പൊട്ടിവിടരുന്ന ഉത്ഥാനസൂര്യന്റെ ഉദയം…എന്നേക്കും കുരിശിനെ ഭയപ്പെടാതിരിക്കാൻ മനുഷ്യരാശിക്ക് പ്രത്യാശ പകർന്ന പുനരുത്ഥാനം.. വിദ്വേഷത്തിന്റെയും പകയുടെയും മേൽ സ്നേഹത്തിന്റെ വിജയം… മരണത്തിന്റെയും തിന്മയുടെയും മേൽ, സാത്താന്റെ മേൽ, ക്രിസ്തു നേടിയ വിജയം.. എന്നും നിരാശയുടെ അടയാളമായിപ്പോകുമായിരുന്ന കുരിശ്, പ്രത്യാശയുടെ അടയാളമായി. ഇനി കുരിശിനെ ആശ്ലേഷിക്കാൻ എന്തിന് ഭയം… നിത്യതയിലേക്കുള്ള രാജവീഥി ആയില്ലേ അത്. കുരിശെടുത്തു അനുദിനം അനുഗമിക്കുന്നവർക്ക് വഴി തെളിച്ച് അവൻ മുൻപേ പോയി. പ്രത്യാശയുടെ തീർത്ഥാടകരായ നമുക്കും അവന്റെ പിന്നാലെ പോകാം

“He alone is our way. Flee from him and we’re lost. He alone is our light. Depart from it, and we’re blind. He alone is life. Leave him and we’re dying ..

മരിച്ചു മണ്മറഞ്ഞു പോയവനല്ല… ഇന്നും നമ്മോടൊപ്പം ജീവിക്കുന്നവൻ, അനുദിനം വിശുദ്ധ കുർബ്ബാനയിൽ അവനെ മുറിച്ച് തരുന്നവൻ. ‘യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും’ എന്ന ഒന്നൊന്നര ഉറപ്പ് തന്നവൻ. അവന്റെ ഉത്ഥാനമില്ലായിരുന്നെങ്കിൽ മരണത്തിന്റെ നിഴലിൽ ഇരിക്കുന്നവരുടെ പ്രതീക്ഷയെല്ലാം എന്തായി പോയേനെ. തീർത്തും വ്യർത്ഥം! തന്റെ ജീവന്റെ സമർപ്പണത്താൽ അവൻ നമുക്ക് നിത്യരക്ഷ നേടി തന്നു. നമ്മൾ ദൈവമക്കളായി.

‘ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്‌തവനുവേണ്ടി ജീവിക്കേണ്ടതിനാണ്‌ അവിടുന്ന്‌ എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്‌’

(2 കോറിന്തോസ്‌ 5 : 15)

ക്രിസ്തു എനിക്ക് ആരാണ്? അനുഭവിച്ചു കൊണ്ടാണോ ഞാൻ അവനെ അറിയുന്നത്? അതോ ഹൃദയത്തെ സ്പർശിക്കാതെ ബുദ്ധിയുടെ തലത്തിൽ ചുരുങ്ങുന്ന അറിവോ?കസേരയിലിരുന്ന് വായിച്ചും കേട്ടും ലഭിക്കുന്ന അറിവാണോ (sitting theology) അതോ മുട്ടിൽ നിന്ന് വ്യക്തിപരമായ ആത്മബന്ധത്തിലാണോ അവനെ അറിയുന്നത് (kneeling theology)?

ഇരുട്ടു മാത്രം പടർത്തുന്ന പ്രകാശത്തിൽ തളരുമ്പോൾ തിന്മയുടെ ശക്തികളാൽ പ്രചോദിക്കപ്പെട്ട് ദൈവത്തെ നമ്മൾ കല്ലറയിൽ അടക്കുന്നു.

ഉത്ഥിതനായ ഈശോയെ, ഞങ്ങളെ അന്ധകാരത്തെ ഭയക്കാത്ത പ്രകാശത്തിന്റെ മക്കളാക്കണമേ. പ്രത്യാശ നശിച്ച എല്ലാവർക്കും വേണ്ടി, ജീവിതത്തിന്റെ അർത്ഥം തേടുന്ന എല്ലാവർക്കും വേണ്ടി ഞങ്ങൾ മുട്ടിൽ നിൽക്കുന്നു.

“കർത്താവായ യേശുവേ, ഞങ്ങളെല്ലാവരും ഞങ്ങളുടെ മരണത്തിലേക്കും കല്ലറയിലേക്കും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. അവിടുത്തെ കല്ലറക്ക് മുൻപിൽ ഞങ്ങളെ ഒന്നിപ്പിക്കണമേ. അവിടെ പ്രകടമാകുന്ന ജീവന്റെ ശക്തി ഞങ്ങളുടെ ഹൃദയങ്ങളിൽ തുളച്ചു കയറട്ടെ. ഈ ജീവിതം ഞങ്ങളുടെ ഭൗമിക തീർത്ഥാടനത്തിന് പ്രകാശം പകരട്ടെ. ആമ്മേൻ” (വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ)

എല്ലാവർക്കും സ്നേഹവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു.

“We Are an Easter People and Alleluia Is Our Song!”💕

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment