ദിവ്യകാരുണ്യം: നമ്മിലെ സർവഭയവും നീക്കുന്ന ജീവനുള്ള സമാധാനം
ദൈവകരുണയുടെ ഞായറാഴ്ചയിൽ പരിശുദ്ധ കുർബാനയുടെ മദ്ധ്യേ ബഹുമാനപ്പെട്ട വൈദികൻ വായിച്ച സുവിശേഷഭാഗം ഇതായിരുന്നു:
“ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു.”
(യോഹന്നാന്‍ 20 : 19-20)
ശിഷ്യന്മാർ യഹൂദന്മാരെ ഭയന്ന് കതകടച്ചു ഇരുന്നു എന്ന് നാം വായിക്കുന്നു. അന്നത്തെ അവരുടെ അവസ്ഥ എന്തായിരുന്നു! അവരെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള വഴി അടഞ്ഞിരുന്നു. അവരുടെ എല്ലാമായിരുന്ന ഈശോ കുരിശിൽ മരിച്ചു. ഈശോയുടെ ശിഷ്യരെന്ന നിലയിൽ പിടിക്കപ്പെട്ടാൽ ഒരു പക്ഷെ അതേ വിധിയും ശിക്ഷയും ലഭിച്ചേക്കുമായിരുന്നു. ഈശോയെ കുറിച്ചുള്ള പഴയനിയമപ്രവചനങ്ങളും ഈശോ അവരോടു പറഞ്ഞ കാര്യങ്ങളും ഒക്കെയും ഭയം മൂലം ഇരുട്ട് നിറഞ്ഞ അവരുടെ ഹൃദയത്തിൽ വ്യാഖ്യാനിക്കപ്പെടാതെ കിടന്നു. ഭയം അവരെ നിശ്ചലരാക്കി കളഞ്ഞു. ഈശോ ഇല്ലാത്ത ഒരു ഹൃദയത്തിലും ഭയം നിറയുമ്പോൾ ഇത് തന്നെയല്ലേ സംഭവിക്കുന്നത്!
അത്രയും നാൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു ഒന്നിച്ചുറങ്ങി നടന്നവരാണ് കൂടെയുള്ളതെങ്കിലും പെട്ടെന്ന് ഈശോ അവരുടെ ജീവിതത്തിൽ നിന്നും പൊടുന്നനെ മറയ്ക്കപ്പെട്ട ആ സമയങ്ങളിൽ അവർ ഒരു പക്ഷെ പരസ്പരം സംശയാലുക്കൾ പോലും ആയിരുന്നിരിക്കും. കൂടെയുള്ള
ആരെങ്കിലും ഒറ്റുകാരാണോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ സംജാതമായ പരസ്പരനിശബ്ദതയുടെ ആഴം എത്രയോ ഘനമേറിയത് ആയിരുന്നിരിക്കണം.
ഓരോരുത്തരുടെയും മനസിൽ കൂടി ഇനിയെന്ത്! എന്നുള്ള ചിന്ത കടന്നു പോയിട്ടുണ്ടാവും.
ഭാവി എന്തായിരിക്കും!
ഇനി സ്വന്തം ആളുകളായ യഹൂദരോട് എങ്ങനെ ഇടപെടും. എങ്ങനെ ഈ സ്ഥലത്തു ജീവിക്കും!
ഇത്രയും നാളും ഈശോയുടെ കൂടെ നടന്നത് വെറുതെയായിപ്പോയോ!
അങ്ങനെ ഒരു പാട് ചോദ്യങ്ങൾ അവിടെ നിശബ്ദമായി ഉയർന്നു.
ആത്മീയമായി ഒരുങ്ങാൻ നാം നോമ്പ് നോക്കുമ്പോഴും ഉപവാസം ആചരിക്കുമ്പോഴും മൗനം ആചരിക്കുമ്പോഴും ഒക്കെ എന്ത് വിശപ്പും ദാഹവുമാണ്?
എന്ത് ക്ഷീണമാണ്? എന്ത് മാത്രമാണ് ആ സമയങ്ങളിൽ നാം സംസാരിക്കുന്നത്!
എന്നാൽ യഥാർത്ഥത്തിൽ എന്തിനെക്കുറിച്ചെങ്കിലുമുള്ള ഒരു ആന്തരികഭയം ഒരാളുടെ ഉള്ളിൽ കയറിക്കൂടിക്കഴിഞ്ഞാൽ അയാളുടെ ജീവിതത്തിന്റെ സത്തയുടെ ആഴങ്ങളിൽ പോലും ആ ഭയം സ്വാധീനം ചെലുത്തും.
ഒറ്റ നിമിഷം കൊണ്ട് ജീവിതം ആ ഭയത്തിന്റെ ചിന്തയിൽ നിന്നത് പോലെയാവും. അയാളുടെ ജീവിതം നിശബ്ദവും നിശ്ചലവും ആകുമ്പോൾ അയാളുടെ ചുറ്റുപാടും ശോകമൂകമാകുന്നു.
ഏതെങ്കിലും രീതിയിലുള്ള ഒരു ഭയത്തിന്റെ (ഉദാ : യുദ്ധ ഭീഷണി ഉള്ള സ്ഥലത്തു താമസിക്കുന്നവർ, തങ്ങളുടെ സ്ഥലത്തു പ്രകൃതി ദുരന്തം വന്നേക്കും എന്നറിയിപ്പ് കിട്ടിയവർ, മാരകമായ രോഗം ആണെന്ന് പെട്ടെന്ന് അറിഞ്ഞ ഒരാൾ, വീട് ജപ്തി മൂലം നിശ്ചിത ദിവസത്തിനുള്ളിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ട ആളുകൾ, ജീവിത പങ്കാളിയുടെയോ ഉറ്റ ബന്ധുക്കളുടെയോ വേർപാട് മൂലം പെട്ടെന്ന് ഒറ്റയ്ക്കായി പോയവർ) അവസ്ഥയിലൂടെ യഥാർത്ഥത്തിൽ കടന്നു പോകുന്നവർക്ക് വിശപ്പോ ദാഹമോ തോന്നുകയില്ല, ഉറക്കം എന്നത് വരികയേയില്ല, ഒരു തരത്തിലുള്ള വിനോദത്തിലോ സരസസംഭാഷണത്തിലോ ഏർപ്പെടുവാൻ സാധിക്കുകയില്ല. സാധാരണ മനുഷ്യന്റെ അനുദിനചര്യകളിൽ പോലും ഭയം സ്വാധീനം ചെലുത്തും.
ഭയം ഒരുവനിൽ ഉരുവായി കഴിഞ്ഞാൽ അത് ഹൃദയത്തിൽ നിറയും. മനസിനെ വീർപ്പുമുട്ടിക്കും. ലോകം മുഴുവനും കൂടെയുണ്ടെങ്കിലും അത് ഹൃദയത്തിന് ആശ്വാസം നൽകുകയില്ല. കാരണം ലോകത്തിനു മനുഷ്യഹൃദയത്തിൽ പ്രവേശനമില്ല, നമ്മുടെ സൃഷ്ടാവും ഹൃദയത്തിന്റെ യഥാർത്ഥ ഉടമസ്ഥനുമായ ഈശോയ്ക്ക് മാത്രമേ ഏതു കാര്യത്തിനും പരിഹാരം കാണാനും നിത്യമായി നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കാനും അതിനെ ആശ്വസിപ്പിക്കാനും സ്നേഹത്തിലും സമാധാനത്തിലും നിറയ്ക്കുവാനും സാധിക്കുകയുള്ളൂ.
ഭയം ലോകത്തെ നോക്കുന്നതിൽ നിന്നുരുവാകുന്നതാണ്.
സമാധാനം ഈശോയെ നോക്കുന്നതിൽ നിന്നും നമ്മിൽ ഉരുവാകുന്നതും.
ഗൗരവമായി ഓർക്കേണ്ട ഒരു വസ്തുതയുണ്ട്. ചെറുതോ വലുതോ ആയ, ലഘുവോ മാരകമോ ആയ പാപത്തിൽ ആയിരിക്കുന്ന ആത്മീയ അവസ്ഥ മനുഷ്യ ദൃഷ്ടിക്ക് ഗോചരമല്ലാത്തതു കൊണ്ടു മാത്രം ആ ഭയങ്കരമായ അവസ്ഥ ഓർത്തു നാം ഭയന്ന് വിറയ്ക്കുന്നില്ല. പാപത്തിൽ ആയിരിക്കുക എന്നതാണ് ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ഭയപ്പെടേണ്ട കാര്യം. പാപത്തിൽ ആയിരിക്കുക എന്നാൽ ഈശോ പീഡകൾ ഏറ്റു മരിച്ചുയർത്തു നേടിയെടുത്തു നമുക്ക് തന്ന നിത്യ ജീവന്റെ വില മനസിലാക്കാതെ നിസാരമായി അതിനെ പരിഗണിച്ചു പാപത്തിൽ സ്വമേധയാ മുഴുകി നിത്യമരണത്തിൽ മന:പൂർവ്വം ആയിരിക്കുക എന്നതാണ്.
എന്ത് മാത്രം ദൗർഭാഗ്യകരമാണ് ഈശോ വന്നതിനു ശേഷമുള്ള കൃപയുടെയും കരുണയുടെയും കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു വ്യക്‌തി നരകത്തിൽ പോവുക എന്നത്!!!
പക്ഷെ ഈശോ കൂടെ ഇല്ലെങ്കിൽ, അവിടുന്നിൽ വിശ്വാസം ഇല്ലെങ്കിൽ ഏതൊരു ദുർഘടസാഹചര്യത്തിലും പ്രതിസന്ധിയിലും ഒരുവന് പ്രതീക്ഷയില്ല.
ഭയചകിതരും ദുഃഖിതരും ഈശോയുടെ സാന്നിധ്യമില്ലാതെ മനസ് ശൂന്യമായിരുന്നവരും ആയ ശിഷ്യന്മാരും ഇരുളിന്റെ മറവിൽ ഒരുമിച്ചിരുന്നു എങ്കിലും ഹൃദയത്തിൽ ഒറ്റയ്ക്കായിപ്പോയിരുന്നു. ആ ശിഷ്യന്മാരുടെ മധ്യത്തിൽ വന്നിട്ട് ഈശോ ആദ്യം പറഞ്ഞത് നിങ്ങൾക്ക് സമാധാനം എന്നാണ്. ആ ഒരു രണ്ട് വാക്കുകളിൽ ഒരുത്തരങ്ങളും അർത്ഥങ്ങളുമുണ്ടായിരുന്നു.
ഈശോയെ ജീവനോടെ കണ്ടപ്പോൾതന്നെ അവർക്ക് നഷ്‌ടപ്പെട്ട സകലതും തിരിച്ചു കിട്ടിയത് പോലെ തോന്നി.
സമാധാനം എന്ന വാക്കിന് ഒരു മനുഷ്യന് ആന്തരികമായി ആയിരിക്കാൻ പറ്റുന്ന ഏറ്റവും വലിയ സുസ്ഥിതി എന്നാണ് അർത്ഥം.
ഈശോ നമുക്ക് നൽകുന്ന സമാധാനം അവിടുന്ന് തന്നെയാണ്.
ഒരു ചെറിയ കുഞ്ഞ് ഒറ്റയ്ക്ക് ഒരു വഴിയ്ക്ക് പോകാൻ ഭയപ്പെടുമ്പോൾ അതിനോടൊപ്പം അതിന്റെ അപ്പൻ ചെല്ലുമ്പോൾ ഞൊടിയിടയിൽ അതിന്റെ ഉള്ളിലെ ഭയം മാറി സമാധാനം ലഭിച്ചു പുഞ്ചിരിച്ചു തുടങ്ങുന്നു.
ഈ ലോകത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ഇന്ന് എന്ന ദിവസത്തിൽ, ഓരോരുത്തരുടെയും ഉള്ളിൽ നിമിഷം പ്രതി, വേറേ ആരുമറിയാത്ത അസ്വസ്ഥത നൽകുന്ന ചെറുതും വലുതുമായ, ആന്തരികവും ബാഹ്യവുമായ, ആത്മീയവും മാനസികവും ശാരീരികവുമായ എത്രയോ ഭയങ്ങൾ അരിച്ചിറങ്ങി വ്യക്തിത്വത്തെ തന്നെ ദുർബലപ്പെടുത്താറുണ്ട്.
ദൈവഭയമൊഴികെയുള്ള ഏതു ഭയവും ചെറുചിന്തയിലൂടെ മനസിൽ കടന്നു വന്ന് വലിയ ചിന്തകളുടെ ശിഖരങ്ങളായി പിരിഞ്ഞു ഹൃദയത്തിൽ ആകുലതയുടെ വേരിറക്കി വ്യക്തിയെ തന്നെ സാവകാശം കീഴടക്കി നിശ്ചലമാക്കി ദുഃഖത്തിൽ ആഴ്ത്തിക്കളയുന്ന ഒരു അദൃശ്യവിഷമാണ്.
ആത്മീയമായി ചിന്തിച്ചാൽ ഓരോ മനുഷ്യനെയും ഭയപ്പെടുത്തി എന്നേക്കുമായി കീഴടക്കാൻ ശ്രമിക്കുന്നത് പിശാച് ആണ്.
പരിശുദ്ധ ത്രിത്വം നമ്മോടു ആവർത്തിച്ചു പറയുന്നത് നിങ്ങൾ ഭയപ്പെടേണ്ട എന്നാണ്. കാരണം ഓരോ നിമിഷവും നമ്മുടെ കാര്യങ്ങൾ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ട് അവിടുന്ന് കൂടെയുണ്ട്.
എന്നാൽ ദൈവത്തിന്റെ മുൻപാകെ സർവസ്വാതന്ത്ര്യവും ഉണ്ടായിരുന്ന ആദ്യമനുഷ്യനായ ആദം ആദ്യം ഭയപ്പെട്ടത് പാപം ചെയ്തപ്പോൾ ആണ്. ദൈവത്തിന്റെ മുൻപിൽ വരാനായി പഴയതു പോലെ കഴിയാതെ അവൻ ഒളിച്ചു നിന്നു.
“വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്‌ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു.”
(ഉല്‍പത്തി 3 : 8)
കാലാകാലങ്ങളിൽ മനുഷ്യൻ ഓരോരോ കാര്യങ്ങൾക്ക് മുൻപിൽ ഭയപ്പെട്ടു.
യുദ്ധങ്ങൾ, ക്ഷാമം, അടിമത്തം, മഹാമാരികൾ, കഠിനദാരിദ്ര്യം, ശിക്ഷകൾ തുടങ്ങിയ അനേകം കാര്യങ്ങളെ ആളുകൾ ഭയപ്പെട്ടു.
ഈശോ വരും വരെ ദൈവവുമായി നമുക്ക് ഇന്നു സാധിക്കുന്ന വിധത്തിലുള്ള മക്കളുടെ സർവസ്വാതന്ത്ര്യവും സൗഹൃദവും സഹോദര്യവും ഒന്നും വലിയ പ്രവാചകന്മാർക്ക് പോലും ഇല്ലായിരുന്നു.
പഴയകാലങ്ങളിൽ എത്രയോ ആളുകൾ ഹൃദയത്തിൽ നൊമ്പരപ്പെട്ടു…
എന്നാൽ ഈശോയെ എന്നൊന്ന് വിളിക്കാൻ അന്ന് അവർക്ക് ആ നാമം നല്കപ്പെട്ടിരുന്നില്ല.
വിശ്വാസികളുടെ പിതാവായ അബ്രഹാമും പൂർവ പിതാക്കന്മാരും പ്രവാചകന്മാരും ദൈവത്തിൽ വിശ്വസിച്ചു ആശ്രയിച്ചിരുന്നു….
എന്നാൽ….
“കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്‌ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.”
(ഹെബ്രായര്‍ 11 : 40)
ഇന്നു നമ്മെക്കുറിച്ച് നമ്മുടെ ആത്മീയ ശാരീരിക ഭൗതിക സ്ഥിതിയെ കുറിച്ച് ചിന്തിച്ചാൽ കുറവുകൾ കണ്ടേക്കാം.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മെ പൂർണരാക്കുന്ന, മഹാസമ്പന്നരും ഒന്നിനും കുറവില്ലാത്തവരുമാക്കുന്ന, നിത്യ ജീവൻ പോലും നൽകുന്ന ഒന്ന് നമ്മുടെ സ്വന്തമാണ്.
ദിവ്യകാരുണ്യം…
ഏതു സ്ഥിതിയിലും ദൈവാലയത്തിൽ അവിടുത്തെ പക്കൽ ഒരു കുഞ്ഞിനെ പോലെ ഓടിചെല്ലാം. അടുത്തിരിക്കാം. സങ്കടം പറയാം, കരയാം.
ഒരു മനുഷ്യനോട് ചേർന്നിരിക്കുമ്പോൾ ആ വ്യക്തിയുടെ ഉച്ഛ്വാസവായു നമ്മുടെ ദേഹത്ത് പതിക്കും
ദിവ്യകാരുണ്യ ഈശോ ജീവനുള്ള വ്യക്തിയാണ്. അവിടുത്തെ പക്കൽ ഏറ്റവും സാധാരണക്കാരിയും പാപിയും നിസാരയുമായ ഒരു വ്യക്തി വേറൊരു നിവൃത്തിയുമില്ലാതെ വേറാരും ആശ്രയമില്ലാതെ ഭയന്നും മടിച്ചും കണ്ണുനീരോടെ കടന്നു ചെല്ലുമ്പോൾ എന്ത് മാത്രം വാത്സല്യത്തോടെയും ദയയോടെയുമാണ് ഈശോ നമ്മെ സ്വീകരിക്കുന്നത് എന്ന് ഒരു നിമിഷമെങ്കിലും കാണാൻ നമ്മുടെ വിശ്വാസത്തിന്റെ കണ്ണുകൾ ഒന്ന് തുറന്നിരുന്നു എങ്കിൽ!!!
ഈശോയുടെ അടുത്തു ചെല്ലുന്ന വ്യക്തിയുടെ ചാരെ ഈശോ ചേർന്നിരിക്കും. ദൈവാലയത്തിൽ സക്രാരിയുടെ മുന്നിൽ ഹൃദയം തകർന്നിരിക്കുന്ന ഒരു വ്യക്തിയുടെ മുന്നിൽ അകലം പാലിക്കാൻ ഈശോയ്ക്കാവുകയില്ല. അവിടുന്ന് ആ വ്യക്തിയുടെ ചാരെ വന്നിരിക്കും. തന്റെ ഹൃദയത്തോട് ആ വ്യക്തിയെ ചേർത്തിരുത്തും.
നമ്മുടെ ശരീരത്തിലും ഈശോയുടെ നിശ്വാസം പതിക്കും. ഈ ദൈവിക കാര്യങ്ങൾ ഒക്കെ മനസിലാക്കി തരാൻ ദൈവാരൂപി വലിയ ദയവോടെ നമ്മിൽ എഴുന്നള്ളി വരും.
“യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.
ഇതു പറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.”
(യോഹന്നാന്‍ 20 : 21-22)
നാം സ്നേഹത്തോടെ വിളിക്കുമ്പോൾ നമുക്ക് ഈശോ തന്ന സഹായകനും ആശ്വാസദായകനുമായ പരിശുദ്ധാരൂപിയുടെ നിറസാന്നിധ്യം നമ്മിൽ അനുഭവപ്പെടും.
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേഏതു ശ്രേഷ്‌ഠജനതയാണുള്ളത്?
(നിയമാവര്‍ത്തനം 4 : 7)
പരിശുദ്ധാത്മാവ് നമ്മിൽ നിറയുമ്പോൾ പിതാവായ ദൈവത്തിന്റെ അവർണനീയ സ്നേഹത്തിനെ കുറിച്ച് നമുക്ക് ഓർമ വരും.
“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)
നാം ഈശോയിൽ ആയിരിക്കുമ്പോൾ നമ്മുടെ അനുദിനകാര്യങ്ങൾ ഈശോയോടൊത്തു ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം പരിശുദ്ധാത്മാവിനാണ്.
“എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
(യോഹന്നാന്‍ 14 : 26-27)
ഒരു ചെറിയ കുഞ്ഞ് അമ്മയുടെ അടുത്ത് നിലത്തിരുന്നു കളിയിൽ പൂർണമായും മുഴുകുമ്പോൾ അമ്മയുടെ സാന്നിധ്യം പോലും വിസ്മരിച്ചു എന്ന് വന്നേക്കാം.
എന്നാൽ പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞെട്ടി പേടിക്കുമ്പോൾ അത് കരഞ്ഞു കൊണ്ട് അമ്മയെ അന്വേഷിക്കുന്നു. അടുത്തു തന്നെയിരിക്കുന്ന അമ്മയെ കാണുമ്പോൾ ആശ്വാസമാകുന്നു, ഭയം മാറുന്നു.
ഇത് പോലെ ജീവിതത്തിൽ മുഴുകിപോകുമ്പോൾ ചില ഞെരുക്കങ്ങളിലൂടെ ആന്തരിക അസ്വസ്ഥതകളിലൂടെ കടന്നു പോകേണ്ടി വന്നേക്കും.
അപ്പോഴും കൂടെയുള്ള ഈശോയെ നോക്കണം. ഹൃദയത്തിന്റെ സക്രാരിയിൽ അവിടുന്ന് എപ്പോഴും സന്നിഹിതനാണ്.
“അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു.
ഇതിനിടെ വഞ്ചി കരയില്‍ നിന്ന് ഏറെദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു.
രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു.
അവന്‍ കടലിനു മീതേ നടക്കുന്നതുകണ്ട് ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു.
ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.
പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനു മീതേ കൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു.
പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു.
എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതു കണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചു പറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ!
ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്?
അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു.
വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.”
(മത്തായി 14 : 23-33)
ചില സമയങ്ങളിൽ മറ്റുള്ളവരെക്കാളേറെ സ്നേഹത്തോടെ ഈശോയിൽ ആശ്രയിച്ചു നാം പ്രതികൂല സാഹചര്യങ്ങളിൽ പിടിച്ചു നിന്നു എന്ന് വന്നേക്കാം. എന്നാൽ നമ്മുടെ സ്വയം പിടിച്ചു നിൽക്കലിനു ഒരു പരിധിയുണ്ട്.
ജീവിതത്തിലെ സാഹചര്യങ്ങളിൽ നമ്മുടെ കൈകൾ തളർന്നു തുടങ്ങുമ്പോൾ, പാദങ്ങൾ ഇടറിതുടങ്ങുമ്പോൾ, മനസ് കലങ്ങി തുടങ്ങുമ്പോൾ ഹൃദയം തകർന്നു തുടങ്ങുമ്പോൾ, ബുദ്ധി മരവിച്ചു തുടങ്ങുമ്പോൾ, ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കായിപോകുമ്പോൾ, ആത്മീയ /ശാരീരിക ജീവൻ പോലും പോയേക്കും എന്നുള്ള ഭയാനകമായ സാഹചര്യത്തിൽ ആയി പോകുമ്പോൾ, ഇനിയെന്ത് എന്നറിയാതിരിക്കുമ്പോൾ ഈശോ എന്നുള്ള നാമം ഹൃദയത്തിലും അധരത്തിലും മനസിലും മുഴങ്ങണം.
ജീവിതത്തിൽ ഈശോ സ്നേഹിക്കുന്നത് പോലെ നമ്മെ വ്യക്തിപരമായി സ്നേഹിക്കാൻ വേറെയാർക്കും പറ്റുകയില്ല. നമ്മെ മനസിലാക്കാനും നാം ആയിരിക്കുന്ന രീതിയിൽ സ്വീകരിക്കാനും ഈശോയ്ക്കല്ലാതെ വേറെയാർക്കും പറ്റുകയില്ല. 24 മണിക്കൂറും സാഹചര്യങ്ങൾ കൊണ്ട് മാറ്റം വരാത്ത സ്നേഹത്തോടെ നമ്മെ സ്നേഹിക്കുവാൻ ഈശോയ്ക്ക് മാത്രമേ പറ്റുകയുള്ളൂ.
ഈശോയിൽ പൂർണമായി ആശ്രയിക്കാൻ നമുക്ക് സാധിക്കണമെങ്കിൽ അവിടുന്നിൽ പൂർണ വിശ്വാസം വേണം.
പല സാഹചര്യങ്ങളിലും അപരിചിതരായ മനുഷ്യരെ നാം എത്ര മാത്രം മനസിന്റെ ഉറപ്പോടെ വിശ്വസിക്കുന്നു. വിദഗ്ധനെന്നു പേരുള്ള ഡോക്ടർ നമുക്ക് ഒരു മരുന്ന് എഴുതി തന്നാൽ ചോദ്യം ചെയ്യാതെ പറയുന്നത് പോലെ നാം കഴിക്കാറുണ്ട്. എന്നാൽ നമ്മെ ആ സമയത്തെ പരിചയം മാത്രമുള്ള അയാളെ നാമോ നമ്മളെ അയാളോ വ്യക്തിപരമായി അറിയുന്നില്ല. പലപ്പോഴും അതിനു തക്ക ആത്മബന്ധവും പരസ്പരം ഉണ്ടാകുന്നില്ല.
എന്നാൽ ഈശോ വ്യത്യസ്തനാണ്. ജനിക്കും മുൻപേ നമ്മെ അറിഞ്ഞവനാണ് അവിടുന്ന്.
ജനിച്ചു കഴിഞ്ഞു മാമോദീസ യിൽ നമ്മെ പുതിയ പേരിട്ടു വിളിച്ചവനാണ് അവിടുന്ന്. പരിശുദ്ധ കുർബാനയിൽ സ്വയം ഭോജ്യമായി നമുക്ക് നൽകിയവനാണ്. പിതാവായ ദൈവത്തിന്റെ സ്നേഹത്തെ കുറിച്ച് നമ്മെ അറിയിച്ച പുത്രനാണ്. പരിശുദ്ധാത്മാവിന്റെ സഹായത്തെയും സഹവാസത്തെയും കുറിച്ച് നമുക്ക് പറഞ്ഞു തന്നവനാണ്. മാതാവിനും യൗസേപ്പിതാവിനുമൊപ്പം നസ്രസ്സിൽ പിതാവായ ദൈവത്തിന്റെ ഹിതത്തിനു കീഴിൽ മനുഷ്യനായി, മകനായി ജീവിച്ചു കാണിച്ചു തന്നവനാണ്. അമ്മയായ മറിയത്തെ പോലും നമ്മുടെ സ്വന്തമായി നൽകിയവനാണ്. ലോകത്തിൽ ആയിരിക്കുമ്പോൾ നമ്മുടെ ഹൃദയവസതിയൊരുക്കി ജീവനുള്ള സക്രാരി എന്നത് പോലെ നാം ഈശോയെ നമ്മിൽ വസിക്കാൻ സ്നേഹത്തോടെ അനുവദിച്ചാൽ നിത്യതയോളം നമ്മോടൊത്തു സ്നേഹത്തിൽ വസിക്കാൻ സ്വർഗത്തിൽ വസതിയൊരുക്കുന്നവനാണ് അവിടുന്ന്.
നമുക്ക് വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും ദയവോടെ സ്നേഹത്തോടെ ദിവ്യകാരുണ്യമായി നമ്മിൽ വസിക്കുന്നവനാണ്.
നമ്മുടെ കുറവുകൾ അവിടുത്തേയ്ക്ക് അറിയാം. ഈശോയിൽ നിന്നും നമ്മുടെ നോട്ടം മാറ്റാതെ ഇരുന്നാൽ മതി.
ചുറ്റും കടൽ ഇളകി മറിയുമ്പോഴും പത്രോസ് ഈശോയെ നോക്കി നടന്നു. ഒരൊറ്റ നിമിഷം ആഞ്ഞടിക്കുന്ന കാറ്റിലേയ്ക്ക് നോക്കിയപ്പോൾ അവൻ ഭയന്ന് പോയി. ഈശോയിലുള്ള വിശ്വാസത്തിന്റെ ബലത്തിൽ പത്രോസിന്റെ കാലടിയിൽ നിലം പോലെ ഉറച്ചു എന്ന് തോന്നിച്ചിരുന്ന ജലത്തിന്റെ സ്വഭാവം പൂർവരൂപം പ്രാപിച്ചു അയാൾ ഭയത്തിൽ മുങ്ങിതാണ് പോയി. എങ്കിലും ഈശോയെ എന്ന് വിളിക്കാൻ മറന്നില്ല. തൊട്ടടുത്ത് ഉണ്ടായിരുന്ന ഈശോ കൈ നീട്ടി സഹായിക്കുകയും ചെയ്തു.
എന്നാൽ ഇത്തിരി സങ്കടത്തോടെ ഈശോ ചോദിക്കുന്നു.
എന്ത് കൊണ്ട് വിശ്വാസം കുറഞ്ഞു പോയി!
എന്തിനു നീ എന്നെ സംശയിച്ചു! എന്ന്.
നമ്മുടെ ജീവിതത്തിൽ ഇത് പോലെയുള്ള എത്രയോ സംഭവങ്ങൾ ഉണ്ട്. നമ്മുടെ കഴിവിനുപരിയായ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഈശോയിൽ നിന്നും നോട്ടം മാറ്റി നാം പരിഭ്രാന്തരായി പോകാറുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ ഈശോയെ ഓർക്കണം. ഈശോയെ നോക്കണം. ഈശോയുടെ നാമം വിളിക്കണം. ഈശോയിൽ എല്ലാവർക്കുമുപരിയായി ആശ്രയിക്കണം. അവിടുന്ന് പ്രതീക്ഷകൾക്കുപരിയായ വിധത്തിൽ നമ്മെ സഹായിക്കും.
“അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”
(യോഹന്നാന്‍ 20 : 27)
അവിശ്വാസി ആകാതെ ഇരിക്കണമെങ്കിൽ കൂടുതൽ സ്നേഹിക്കണം. ഒരു വ്യക്തിയെ കൂടുതൽ സ്നേഹിക്കണമെങ്കിൽ ആ വ്യക്തിയെ കുറിച്ച് കൂടുതൽ അറിയണം. ഈശോയെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ദൈവവചനം വായിക്കണം. ദിവ്യകാരുണ്യത്തിന്റെ ചാരെ ഇരിക്കണം. പരിശുദ്ധ കുർബാന സാധിക്കുന്നത്രയും യോഗ്യതയോടെ ഉൾക്കൊണ്ടു സ്നേഹത്തിൽ ജീവിക്കണം.
വേദനയ്ക്കുള്ള ഒരു മരുന്ന് കഴിച്ചാൽ വേദന മാറും. അണു ബാധ ഉണ്ടായാൽ അതിനുള്ള മരുന്ന് കഴിച്ചാൽ സൗഖ്യം കിട്ടും. ഒരു മനുഷ്യന് വിശ്വാസക്കുറവുണ്ടെങ്കിലോ കൃപയുടെ കുറവുണ്ടെങ്കിലോ വ്യക്തിപരമായ ദുഃഖത്തിൽ ആയിരിക്കുമ്പോഴോ രോഗി ആയിരിക്കുമ്പോഴോ ഒരുങ്ങി കുമ്പസാരിച്ചു മനുഷ്യന് ലഭിക്കുന്ന ജീവനുള്ള സ്വർഗീയ ഔഷധമായ പരിശുദ്ധ കുർബാനയിൽ ഈശോയിൽ ആശ്രയിച്ചു പങ്കെടുത്തു ഈശോയെ സ്വീകരിച്ചു കഴിഞ്ഞാൽ ഉന്നതമായ പരിശുദ്ധാത്മാഭിഷേകത്താൽ നാം നിറയുകയും ദൈവാരൂപിയുടെ വരദാനഫലങ്ങൾ നമ്മിൽ വർഷിക്കപ്പെടുകയും നമ്മുടെ ജീവിതത്തെ കുറിച്ച് പുതിയതും ദൈവികമായതുമായ ഒരുൾകാഴ്ച ആത്മാവിൽ ഉണരുകയും ചെയ്യും. ഓരോ തവണയും പരിശുദ്ധ കുർബാന ഉൾക്കൊള്ളുമ്പോൾ ഈശോയുടെ സാദൃശ്യത്തിലും സ്വഭാവത്തിലുമുള്ള പുതിയ ആത്മീയ മനുഷ്യനായി നാം രൂപാന്തരപ്പെടും.
ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉള്ള ദൈവിക പദ്ധതിയ്ക്ക് കീഴ്‌വഴങ്ങി ദൈവിക പരിപാലനയ്ക്ക് നന്ദി പറഞ്ഞു ജീവിക്കാനുള്ള ആത്മീയ ശക്തിയാൽ നാം നിറയ്ക്കപ്പെടും.
വ്യക്തിപരമായി ഈശോ നമ്മോടു സംസാരിക്കുന്ന നിമിഷങ്ങളാണ് ദിവ്യകാരുണ്യ നിമിഷങ്ങൾ.
ബലഹീനരായ നാം ബലം പ്രാപിക്കുന്ന സ്വർഗീയനിമിഷങ്ങൾ.
“ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.”
(ജോഷ്വ 1 : 9)
ദിവ്യകാരുണ്യ ഈശോയെ കുറിച്ച് എഴുതുമ്പോൾ പറഞ്ഞത് തന്നെ വീണ്ടും പറയുന്നത് കൊണ്ട് എനിക്ക് മടുപ്പും നാണക്കേടും തോന്നുന്നില്ല.
കാരണം ഒരു ചെറിയ ആത്മാവിന് അതിനു ഉൾക്കൊള്ളാനും മാത്രമുള്ള ചെറിയ ചെറിയ കാര്യങ്ങൾ മാത്രമല്ലെ വെളിപ്പെടുകയുള്ളൂ. എന്നാൽ നല്ല ഈശോയെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾ മറക്കാതിരിക്കുക എന്നത് പ്രധാനമാണ് താനും.
“എന്തെന്നാല്‍, തന്റെ അഭീഷ്‌ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്.”
(ഫിലിപ്പി 2 : 13)
നശ്വരമായ ലോകത്തിൽ മനുഷ്യ ദൃഷ്ടികൾക്ക് ദൃശ്യവും മനുഷ്യ ഹൃദയങ്ങളിൽ അനശ്വരവുമായി നില കൊള്ളുന്ന ദിവ്യകാരുണ്യ ഈശോയിൽ നമുക്ക് ആശ്രയിക്കാം. വിശ്വസിക്കാം. അതിനു സഹായകനായ പരിശുദ്ധാത്മാവിന്റെ സഹായം നിരന്തരം തേടാം. ഈശോയെ നമുക്ക് നൽകി നമ്മെ ഉപാധികളില്ലാതെ സ്നേഹിക്കുന്ന ദൈവപിതാവിനെ കുറിച്ച് ഓർക്കാം.
“ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍. പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ!
നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്‌താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.”
(കൊളോസോസ് 3 : 15-17)
നമ്മുടെ ജീവിതത്തിൽ ചെറുതോ വലുതോ ആയ ഭയങ്ങൾ വരുമ്പോൾ അപ്പോഴപ്പോൾ നമുക്ക് ഈശോയെ വിളിക്കാം. ഭയത്തിന്റെ കാരണം എന്തുമായിക്കൊള്ളട്ടെ, നമ്മുടെ യഥാർത്ഥ സമാധാനമായ ഈശോയിൽ നമ്മുടെ ഭയങ്ങൾ വിട്ടു കൊടുത്തു സമർപ്പിക്കാം. നമ്മുടെ കാര്യം നിത്യതയോളം കുറവില്ലാതെ അവിടുന്ന് നോക്കിക്കോളും.
“ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.”
(സങ്കീര്‍ത്തനങ്ങള്‍ 56 : 3)
തളർത്തി നിശ്ചലമാക്കുന്ന ഭയത്തിന്റെ സാഹചര്യങ്ങളിൽ ഈശോയിൽ പൂർണമായി ആശ്രയിക്കുമ്പോൾ നമ്മിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയും. അത് നമുക്ക് ശക്തി പകരും. നമുക്ക് വ്യക്തിപരമായി ഈശോ ചെയ്തു തരുന്ന ശക്തമായ പ്രവൃത്തികൾ കാണാൻ നമ്മിൽ ആന്തരികമായി ശിശുസഹജമായ വിശ്വാസത്തിന്റെ കണ്ണുകൾ തുറക്കപ്പെടുകയും ചെയ്യും.
“ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്.
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍ നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍;
തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും.
ആധിപത്യം എന്നും എന്നേക്കും അവന്റേതായിരിക്കട്ടെ!
ആമേന്‍.
(1 പത്രോസ് 5 : 6-11)
സാഹചര്യങ്ങളിൽ ഭയപ്പെടാതെയിരിക്കാം. ഈശോയുടെ നാമത്തിൽ ആശ്രയിക്കാം.
“നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ് അവന്‍.
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.”
(ഹെബ്രായര്‍ 4 : 15-16)
ആമേൻ
💕


Leave a comment