ഫ്രാൻസിസ് മാർപാപ്പയുടെ മരിയ വിചാരങ്ങൾ 2
സമൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും സമ്മാനത്തിന്റെയും വാഹകയായ മറിയം
മെയ് മാസത്തിൽ പരിശുദ്ധ അമ്മയെ അനുകരിച്ച് ഔദാര്യം, സമൃദ്ധി, അനുഗ്രഹം എന്നിവയാൽ നിറഞ്ഞു നമ്മുടെ ജീവിതത്തെ ഒരു സമ്മാനമാക്കി മാറ്റുക എല്ലാവർക്കും വേണ്ടിയുള്ള ഒരു സമ്മാനം.
2020 ഡിസംബർ പന്ത്രണ്ടാം തീയതി മെക്സിക്കോയിലെ ഗ്വാഡലൂപ്പിലെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പ നടത്തിയ വചനസന്ദേശത്തിൽ ഗ്വാഡലൂപ്പിലെ മാതാവിന്റെ ചിത്രത്തിലേക്കു നോക്കുമ്പോൾ സമൃദ്ധി, അനുഗ്രഹം, സമ്മാനം എന്നീ മൂന്ന് യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമുണ്ട് എന്നു പാപ്പ ഓർമ്മിപ്പിക്കുന്നു.
സമൃദ്ധി
സമൃദ്ധി ദൈവത്തിന്റെ വഴിയാണ്. ദൈവം ഒരിക്കലും അളന്നല്ല കൃപാവരങ്ങൾ കൊടുക്കുന്നത് മറിച്ച് ദൈവം തന്റെ സ്നേഹം പൂർണ്ണമായും സ്വതന്ത്രമായും ചൊരിയുന്നു. ഉണ്ണിയേശുവിനെ ഉദരത്തിൽ വഹിക്കുന്ന മറിയത്തിൽ, മാംസരൂപത്തിലുള്ള ഈ ദിവ്യ സമൃദ്ധി നാം കാണുന്നു.
അനുഗ്രഹം
അനുഗ്രഹം ദൈവത്തിന്റെ ഭാഷയാണ്. സൃഷ്ടിയുടെ ആരംഭവ മുതൽ ദൈവം മനുഷ്യവംശത്തെയും സൃഷ്ടികുലത്തെയും അനുഗ്രഹിക്കുന്നു. മറിയം എലിസബത്തിനെ സന്ദർശിക്കുമ്പോൾ ഈകണ്ടുമുട്ടൽ സന്തോഷവും അനുഗ്രഹവും കൊണ്ട് നിറഞ്ഞിരിക്കുന്നു – ദൈവത്തിന്റെ നിരന്തരമായ നന്മയുടെ സ്ഥിരീകരണത്തിന്റെ പ്രതിധ്വനിയാണത്. അനുഗ്രഹിക്കുക എന്നാൽ ജീവനും നന്മയും സ്ഥിരീകരിക്കുക എന്നാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ ഈശോയെ ഹൃദയത്തിൽ വഹിക്കുന്നതിനാൽ മറിയം സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാണ്
സമ്മാനം
സമൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും ഫലമാണ് ദാനം. രക്ഷകനായ ഈശോ മനുഷ്യവർഗത്തിനുള്ള ആത്യന്തിക സമ്മാനമാണ്, കൃപ നിറഞ്ഞ മറിയം ആ ദിവ്യ ഔദാര്യത്തിന്റെ പാത്രമാണ്. മറിയയത്തെ ധ്യാനിക്കുമ്പോൾ നമ്മൾ പഠിപ്പിക്കുന്നത് ദൈവത്തിന്റെ ശൈലി ദൗർലഭ്യമല്ല മറിച്ച് നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കുകയും മറ്റുള്ളവർക്കുള്ള സമ്മാനമാക്കുകയും ചെയ്യുന്ന പരിവർത്തനാത്മകമായ സ്നേഹമാണ്.
അനുഗ്രഹീതനെ കാത്തിരുന്ന കൃപ നിറഞ്ഞ മറിയത്തിൻ്റെ ചിത്രത്തിൽ നോക്കുമ്പോൾ ദൈവീക സമൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും കൃപ നമുക്കും ലഭിക്കും. മെയ് മാസത്തിൽ പരിശുദ്ധ അമ്മയെ അനുകരിച്ച് ഔദാര്യം, സമൃദ്ധി, അനുഗ്രഹം എന്നിവയാൽ നിറഞ്ഞു നമ്മുടെ ജീവിതത്തെ ഒരു സമ്മാനമാക്കി മാറ്റുക എല്ലാവർക്കും വേണ്ടിയുള്ള ഒരു സമ്മാനം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment