ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 3
ലുജാൻ മാതാവ്: ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയരാജ്ഞി
അര്‍ജന്റീനയുടെ മധ്യസ്ഥയും സംരക്ഷകയുമായ ‘ഔര്‍ ലേഡി ഓഫ് ലുജാന്‍’ എന്ന ലുജാന്‍ മാതാവ് ഫ്രാൻസീസ് പാപ്പായുടെ ഹൃദയരാജ്ഞിയായിരുന്നു.
അർജൻ്റീനയിലെ ലുജാൻ ബസിലിക്കയിലെ പരിശുദ്ധ ദൈവമാതാവിൻ്റെ ബസിലിക്കായിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈതിരുസ്വരൂപം പാരമ്പര്യമനുസരിച്ച് ബ്രസിലിലാണ് നിർമ്മിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഈ തിരുസ്വരൂപം അർജന്റീനയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാൽ അത് വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ലുജാനിലെത്തിയപ്പോൾ അതിന് നീങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ മാതാവിൻ്റെ തിരുസ്വരൂപം അവിടെ പ്രതിഷ്ഠിച്ചു. ഈ അത്ഭുത സ്വരൂപത്തിനു സമീപം ധാരാളം വിശ്വാസികൾ ഒഴുകിയെത്തുന്നു
ഫ്രാൻസീസ് മാർപാപ്പ ബ്യൂണസ് അയേഴ്‌സിലെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ പലപ്പോഴും ഈ ദേവാലയം സന്ദർശിക്കുകയും അവിടെ കുമ്പസാരിപ്പിക്കുകയും ചെയ്യുമായിരുന്നു. മെയ് മാസം എട്ടാം തിയതിയാണ് ലുജാൻ മാതാവിന്റെ തിരുനാൾ അന്നേദിനം സന്തോഷ പൂർവ്വം പാപ്പ റോമിലായിരുന്നപ്പോഴും ആഘോഷിച്ചിരുന്നു.
2020 ൽ സ്ഥലത്തെ മെത്രാനെഴുതിയ കത്തിൽ “മെയ് 8 അടുക്കുന്നു … എന്റെ ഹൃദയം ലുജനിലേക്ക് ‘സഞ്ചരിക്കുന്നു’ എന്നും ഞങ്ങളെ പരിപാലിക്കാൻ ഞാൻ അമ്മയോട് ആവശ്യപ്പെടുന്നു. ഞാൻ ഒരു പാപിയായതിനാൽ എപ്പോഴും ക്ഷമ ചോദിക്കാനും, ക്ഷമ ചോദിക്കുന്നതിൽ ഒരിക്കലും മടുക്കാതിരിക്കാനും കൃപ നൽകണമെന്ന് ഞാൻ അവളോട് ആവശ്യപ്പെടാറുണ്ട് എന്നും ഫ്രാൻസീസ് പാപ്പ കുറിച്ചു.
2010 മെയ്മാസം എട്ടാം തീയതി അർജൻ്റീന അവളുടെ സ്ഥാപനത്തിൻ്റെ ദ്വിശതാബ്ദി ആഘോഷിച്ചപ്പോൾ കർദിനാൾ ജോർജ്ജ് മാരിയോ ബെർഗോഗ്ലിയോ ലുജാൻ മാതാവിന്റെ ദൈവാലയത്തിൽ നടത്തിയ വചനസന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു:
“ഈ മാതൃസന്നിധിയിൽ നിൽക്കാനും ജീവൻ സ്വീകരിക്കാനും നമ്മൾ പഠിക്കുന്നു. ഇവിടെ ഈശോയുടെ അമ്മയോടൊപ്പം, നമ്മൾ വിശ്രമിക്കാൻ വരുന്നു…നമ്മുടെ അമ്മ ഈ ദേവാലയം നിർമ്മിച്ചു: ഇത് അർജന്റീനക്കാരുടെ ഭവനമാണ്. നമ്മുടെ രാജ്യം ഇവിടെ പരിശുദ്ധ അമ്മയോടൊപ്പം വളർന്നു; നമ്മുടെ രാഷ്ട്രത്തിന് ഇവിടെ അതിന്റെ അമ്മയുണ്ട്. …
വിശ്വാസവും പ്രത്യാശയും നിറഞ്ഞ ഈ വിശുദ്ധ സ്ഥലത്ത് നമ്മുടെ രാഷ്ട്രത്തെ പരിപാലിക്കാൻ ഇന്ന് നമ്മുടെ അമ്മയോട് ആവശ്യപ്പെടുന്നു – പ്രത്യേകിച്ച് ഏറ്റവും കൂടുതൽ മറക്കപ്പെട്ടവരെ- കാരണം ഇവിടെ അവർക്ക് എപ്പോഴും ഇടമുണ്ടെന്ന് നമ്മൾ അറിയണം…
നമ്മുടെ അമ്മ അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഈ രാഷ്ട്രത്തെ പരിപാലിച്ചു..
ലുജാനിൽ നമ്മുടെ രാജ്യത്തിന് ഒരു അടയാളമുണ്ട്: എല്ലാവർക്കും ഒരു സ്ഥലമുണ്ട്, എല്ലാവരും പ്രത്യാശ പങ്കിടുന്നു, എല്ലാവരും ഒരു മകനോ മകളോ ആയി അംഗീകരിക്കപ്പെടുന്നു.
… നിരാശയാൽ തളർന്നുപോയ നമ്മുടെ കൈകൾ താഴ്ത്താനോ ഉപേക്ഷിക്കാനോ നമുക്ക് അവകാശമില്ല. നമ്മുടെ മാതൃരാജ്യത്തിന് ഒരു അമ്മയുണ്ടെന്ന് നമുക്ക് ഓർമ്മിക്കാം, നമ്മുടെ അമ്മയെ നമുക്ക് ഓർമ്മിക്കാം…
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment