ദിവ്യകാരുണ്യം: സ്തുതികളിൽ വസിക്കുന്ന ദൈവം

“അര്‍ദ്ധരാത്രിയോടടുത്ത്‌ പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്‌തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 25)

ഈശോയുടെ തിരുസന്നിധിയിൽ ഇരുന്നു ഈ ദൈവവചനം ഓർത്തു കൊണ്ടിരുന്നപ്പോൾ തടവറയിൽ ചങ്ങലകളിൽ ബന്ധിതരായി മറ്റു തടവുകാരുടെ ഇടയിൽ ദൈവത്തെ സ്തുതിക്കുന്ന പൗലോസിനെയും സീലാസിനെയുമാണ് ഞാൻ ആദ്യം മനസിൽ ഓർത്തത്.

തുടർന്ന് വരുന്ന വചനങ്ങളിൽ എല്ലാവരും ഉറങ്ങി വിശ്രമിക്കുന്ന അർദ്ധരാത്രിയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള, നാളെ എന്തെന്ന് നിശ്ചയമില്ലാതിരുന്ന രണ്ടു പേരുടെ അധരങ്ങളിൽ നിന്നും എല്ലായ്‌പ്പോഴും സമീപസ്ഥനായ അത്യുന്നതന്റെ മുൻപാകെ ദൈവസ്തുതികൾ അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ ഭൂമി പ്രകമ്പനം കൊണ്ടു, വാതിലുകൾ തുറന്നു, എല്ലാവരുടെയും സ്തുതിച്ചവരുടെയും അത് കേട്ടവരുടെയും ചങ്ങലകൾ അഴിഞ്ഞുവീണു എന്നും വായിച്ചു.

പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 26)

ഈ വചനത്തിന് നമ്മുടെ ജീവിതത്തിലും വളരെ പ്രസക്തിയുണ്ടെന്നു എനിക്ക് തോന്നി. ഈശോയെ പ്രഘോഷിച്ചതു കൊണ്ട് തടവറയിൽ / ജയിലിൽ കിടന്ന പൗലോസിനെ പോലെയും സീലാസിനെ പോലെയും ഒരു പക്ഷെ നാം അതേ അവസ്ഥയിൽ (തടവറയിൽ ) ആയില്ല എങ്കിലും ജീവിതത്തിൽ സമാനമായ പല സാഹചര്യങ്ങളിലൂടെയും നാം കടന്നു പോകേണ്ടി വരാറുണ്ട്.

എത്രയോ പേര് ആരും സംസാരിക്കാനില്ലാതെ ഏകാന്തതയിൽ ആയിരിക്കുന്നു!

എത്രയോ പേർക്ക് നാളെ എന്ത്‌ ചെയ്യും, ജീവനോ മരണമോ എന്ന് നിശ്ചയമില്ലാതെ ഇരിക്കുന്നു.

എത്രയോ പേര് ഹൃദയത്തിന്റെ ആകുലത മൂലം കണ്ണീരോടെ രാത്രികളിൽ ഉറക്കമില്ലാതെ ഉണർന്നിരിക്കുന്നു!

എത്രയോ പേര് അവർ ആയിരിക്കുന്ന സാഹചര്യങ്ങളിൽ ന്യായമായ രീതിയിൽ തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാനാവാതെയും സംസാരിക്കാനാവാതെയും കൈകാലുകൾ ബന്ധിക്കപ്പെട്ട രീതിയിൽ / പറന്നുയരാനുള്ള ചിറകുകൾ കെട്ടപ്പെട്ട രീതിയിൽ ദുർഘട സ്ഥിതിയിൽ ആത്മീയമായും മാനസികമായും ശാരീരികമായും വളരെ ഞെരുങ്ങി ജീവിക്കുന്നു!

എത്രയോ പേര് പെട്ടെന്നുണ്ടായ അപമാനത്തിന്റെയോ രോഗഭീതിയുടെയോ മരണ ഭീതിയുടെയോ ഒക്കെ നിഴലിൽ ആയിരിക്കുന്നു!

എത്രയോ പേര് കൂടെയുള്ളവർ ശത്രുക്കളോ മിത്രങ്ങളോ സഹോദരരോ ബന്ധുക്കളോ എന്ന് പോലും തിരിച്ചറിയാനാവാത്ത ആന്തരിക ഇരുളിൽ ആയിരിക്കുന്നു!

എത്രയോ പേര് അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ആത്മീയവും ഭൗതികവുമായ ലക്ഷ്യങ്ങളിൽ എത്താനാവാതെ മനസ് വിങ്ങി ജീവിക്കുന്നു.

പൗലോസിനും സീലാസിനും ഈശോയെ അറിയാമായിരുന്നു, അവരുടെ ദുർഘടസാഹചര്യങ്ങളിലും കാരാഗൃഹത്തിന്റെ ഇരുളിലും ഭയാനകതയിലും ഈശോ കൂടെയുണ്ടെന്നും അവിടുന്ന് ഏകരക്ഷകൻ ആണെന്നും ഏറ്റവും ബലവാനായ ദൈവം ആണെന്നും അവരുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവ് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. അവരുടെ വിശ്വാസത്തിന്റെ ആന്തരിക നയനങ്ങൾ തുറന്നിരുന്നത് കൊണ്ട് എപ്പോഴും കൂടെയുള്ള അവരുടെ കർത്താവിനെ അവർക്ക് വിശ്വാസത്തിൽ കാണാമായിരുന്നു.

ഈശോയോട് ഹൃദയം കൊണ്ട് ചേർന്നിരുന്നതിനാൽ പരിശുദ്ധാത്മാവ് ഹൃദയത്തിൽ നിറഞ്ഞു കവിഞ്ഞു. അതിന്റെ ബഹിർസ്ഫുരണമായി അവരുടെ അധരങ്ങളിലൂടെ ദൈവസ്തുതികൾ കീർത്തനങ്ങളായി ഒഴുകി.

ഈശോയെ അറിയില്ലായിരുന്ന മറ്റു തടവുകാർ കൗതുകത്തോടെ അവരെ നോക്കി അതൊക്കെ കണ്ടു കൊണ്ടിരുന്നു.

എന്താണ് ദൈവസ്തുതി!

അത്യുന്നതനും സർവശക്തനുമായ ഏകദൈവത്തെ, ഓരോരുത്തരുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് നൽകുന്ന തനതായ ബോധ്യമനുസരിച്ചു സ്നേഹിക്കുക.

നമ്മൾ I love you അമ്മേ എന്ന് പറയുമ്പോൾ I love you too എന്ന് മറുപടി കിട്ടില്ലേ…

അത് പോലെ ഒരു സാധാരണ മനുഷ്യൻ I love you God എന്ന് സ്നേഹത്തോടെ പറയുമ്പോൾ അതിന്റെ പ്രതിഫലനം പോലെ സ്നേഹം തന്നെയായ ദൈവത്തിന്റെ വലിയ സാന്നിധ്യം ആ ഹൃദയത്തിൽ നിറയും. നമ്മുടെ ആത്മാവിന് താങ്ങാൻ പറ്റുന്ന അത്രയും ദൈവസ്നേഹം നമ്മിൽ നിറഞ്ഞു കഴിയുമ്പോൾ പിന്നെ ഹൃദയത്തിൽ നിന്നും അധരങ്ങളിൽ നിന്നും പുറത്ത്‌ വരുന്നത് നാമറിയാതെ തന്നെ ദൈവസ്തുതിയുടെ പ്രവാഹമാണ്.

ഒരു ആഴമുള്ള തടാകത്തിൽ ധാരാളം വെള്ളം കിടക്കുമ്പോൾ അത് പുറമെ ശാന്തവും സുന്ദരവുമാണ്. എന്നാൽ പതിയെ അതിൽ ചെളി അടിയുന്നു. ജലോപരിതലത്തിൽ പായൽ വളർന്നു തുടങ്ങുന്നു. ഒരു കല്ല് ആരെങ്കിലും അതിലേക്ക് വലിച്ചെറിഞ്ഞാൽ പെട്ടെന്ന് അടിയിൽ അടിഞ്ഞു കൂടിയ ചെളി കലങ്ങി വെള്ളം അഴുക്കായി കാണപ്പെടുന്നു.

ഒരു പക്ഷെ ഇത് പോലെയായിരിക്കും ഹൃദയത്തിൽ മാത്രം ഒതുക്കി നിറുത്തിയ ദൈവസ്നേഹവും. അത് തടാകം പോലെ നിശ്ചലമായി ഹൃദയത്തിനുള്ളിൽ കിടക്കേണ്ടതല്ല. ഒരു നീർച്ചാല് പോലെ അധരങ്ങളിലൂടെ സ്നേഹഗീതമായി സ്തുതിയായി നിരന്തരം ഒഴുകേണ്ടതാണ്.

ഒഴുക്ക് വെള്ളത്തിൽ അഴുക്കില്ല എന്ന് പറയുന്നത് പോലെ സ്നേഹത്തോടും നന്ദിയോടും കൂടെ നിരന്തരം ദൈവത്തെ സ്തുതിക്കുന്ന ഒരു ആത്മാവിൽ പ്രവർത്തനനിരതമായ ദൈവാരൂപി വഴി നവമായ ദൈവസ്നേഹം നിറഞ്ഞു കൊണ്ടേയിരിക്കുന്നതിനാൽ, അത് ഹൃദയത്തെ തഴുകി സൗഖ്യമാക്കി കഴുകിക്കവിഞ്ഞൊഴുകുന്നതിനാൽ ഹൃദയം നിർമലമായി നിരന്തരം നിലനിൽക്കുന്നു.

അല്ലാത്ത പക്ഷം ചെറിയ പ്രശ്നങ്ങൾ ആകുന്ന കല്ലുകൾ നമ്മുടെ ഹൃദയത്തിലോ ആത്മാവിലൊ പതിച്ചാൽ പോലും ഹൃദയം കലങ്ങി പോകുന്നു. നമ്മുടെ ഹൃദയത്തിൽ സ്നേഹവും ക്ഷമയും ഒക്കെ പൊതിഞ്ഞു മറച്ചു വച്ച മുറിവുകൾ വീണ്ടും തുറക്കപ്പെടുകയും വേദനയുടെ അനുഭവം ഉണ്ടാവുകയും ആത്മനിയന്ത്രണം നഷ്ടപ്പെട്ടു സംസാരിച്ചു പോകുകയും ചെയ്യുന്നു. അത് വീണ്ടും ഒരു നിശ്ചിത കാലത്തേയ്ക്ക് ദുഃഖകാരണം ആവുകയും ആത്മാവ് പഴയ രീതിയിൽ സുസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുകയും ചെയ്യും.
ഓരോ നിമിഷവും ആത്മരക്ഷയ്ക്കായി ജാഗരൂകതയോടെ ഇരിക്കണം.

കാരണം…

“നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.”
(1 പത്രോസ് 5 : 8)

ഒരു ചെറിയ നിമിഷത്തിൽ പോലും ശ്രദ്ധ ഇല്ലാതെ വർത്തിച്ചാൽ നാം വീണു പോയി എന്ന് വരാം.

എന്നാൽ വീണാലും ഉടനെ എഴുന്നേൽക്കണം. ഈശോയെ നോക്കണം. കരുണ കാണിക്കേണമേ ഈശോയെ എന്ന് പറഞ്ഞു അനുതപിച്ചു തിരിച്ചു വരണം. മരണ നിമിഷം വരെ ഈശോയിലേയ്ക്ക് തിരിച്ചു വരാനവസരമുണ്ട്, എന്നാൽ ആ നിമിഷം ഏതെന്നറിയാത്തതിനാൽ ഈ നിമിഷം ഈശോയുമായി ഐക്യത്തിൽ അല്ലെങ്കിൽ നമുക്ക് അനുതപിക്കാം. അനുരഞ്ജനപ്പെടാം. ഈശോയിൽ പൂർണമായും ശരണപ്പെട്ടു അവിടുത്തേയ്ക്ക് നിരന്തരം നന്ദിയോടെ സ്തുതി പാടുന്ന ഒരു എളിയ ആത്മാവിനെ സമീപിക്കുവാൻ ദുഷ്‌ടാരൂപി ധൈര്യപ്പെടുകയില്ല.

“ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.
എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്‌മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.”
(റോമാ 8 : 1-2)

ഏതെങ്കിലും ഒരു വ്യക്തിയെ വ്യക്തിപരമായി അറിയാതെ അയാളെ കുറിച്ച് നല്ലത് പറയുവാനോ അഭിപ്രായം പറയുവാനോ സാധിക്കില്ല.

അത് പോലെ ഈശോയെ വ്യക്തിപരമായി അറിയാൻ ആഗ്രഹിക്കാം.

അവിടുത്തെ നമ്മുടെ സഹായകനായ പരിശുദ്ധാത്മാവു നമ്മുടെ ഹൃദയത്തിൽ നിറയ്ക്കുന്ന ദൈവസ്നേഹം ഇല്ലെങ്കിൽ പ്രാർത്ഥിക്കാനോ ഈശോയെ സ്തുതിക്കാനോ ബുദ്ധിമുട്ടാണ്. ദൈവസ്നേഹം നാം നിരസിക്കുന്ന പാപത്തിന്റെ അവസ്ഥയിലും സ്തുതിക്കാൻ സാധിക്കില്ല. സ്തുതിച്ചാൽ തന്നെ അത് കൃത്രിമമായി പോകും. പെട്ടെന്ന് തീർന്നു പോകും.

“നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്‌മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ്‌ ദൈവഹിതമനുസരിച്ചാണ്‌ വിശുദ്‌ധര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്‌.
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.”
(റോമാ 8 : 26-28)

പരിശുദ്ധാരൂപിയുടെ സഹായത്താൽ നമ്മെ സ്നേഹിച്ചു കൊതിതീരാത്ത പിതാവായ ദൈവത്തെ ഓർക്കാം.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)

നാം ഇപ്പോൾ ഈ നിമിഷം ദൈവഹിതപ്രകാരം ആയിരിക്കുന്ന നിസാരമായതോ ഉന്നതനായതോ ആയ ഏതവസ്ഥയിലും ഈശോ വഴി യഥാർത്ഥത്തിൽ നാം അത്യുന്നതനായ ദൈവത്തിന്റെ യഥാർത്ഥ മക്കൾ ആണ് എന്നുള്ള ചിന്ത പോലും നമ്മുടെ ഹൃദയത്തെ ദൈവികസ്നേഹവുമായി ഞൊടിയിടയിൽ ബന്ധിപ്പിക്കും.

നമുക്ക് ദൈവത്തോടു തോന്നുന്ന മക്കൾക്കടുത്ത സ്നേഹമാണ് ഏറ്റവും എളിയ വിധത്തിൽ പറഞ്ഞാൽ നമ്മിലെ ദൈവസ്തുതിയുടെ ആരംഭം.

വൈദ്യുതി പോകുന്ന ഒരു ലൈനിൽ നാം അറിയാതെ സ്പർശിച്ചാൽ നാമും വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകമായി മാറി നമ്മെ തൊടുന്നവരുടെ മേലും ഷോക്ക് അടിക്കുന്നത് പോലെ ദൈവപിതാവിന്റെ സ്നേഹം വിവരിക്കുന്ന ദൈവവചനങ്ങളിൽ അറിയാതെ കണ്ണോടിച്ചാൽ പോലും ഞൊടിയിടയിൽ നമ്മുടെ ഹൃദയത്തിൽ ദൈവവചനത്തിലൂടെ ദൈവസ്നേഹം നിറഞ്ഞു കവിയും.

കാരണം…

“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.”
(ഹെബ്രായര്‍ 4 : 12)

ദൈവമക്കൾ എന്നുള്ള വാക്കിന്റെ അർത്ഥം ഏറ്റവും ലളിതമായി പറഞ്ഞാൽ ദൈവപിതാവിന്റെ മക്കൾ എന്നാണ്.

അതായത് നമ്മുടെ ഒക്കെ വീട്ടിൽ സാധാരണ രീതിയിൽ അപ്പൻ മക്കളുടെ എല്ലാക്കാര്യങ്ങളും അതാത് സമയങ്ങളിൽ നടത്തികൊടുക്കുന്നത് പോലെ നമ്മുടെ നല്ല പിതാവായ ദൈവം അതീവശ്രദ്ധയോടും കരുതലോടും കൂടെ നമ്മോടൊപ്പം ഓരോ നിമിഷവും ആയിരുന്നു കൊണ്ട് തന്റെ തിരുഹിതപ്രകാരമുള്ള നമ്മെക്കുറിച്ചുള്ള പദ്ധതിയനുസരിച്ചു ചെറുതും വലുതുമായ കാര്യങ്ങളിലൂടെ നമ്മെ ഓരോ നിമിഷവും നയിക്കുന്നു.

പിതാവായ ദൈവത്തെ കുറിച്ചുള്ള ഓർമ നമ്മിൽ നിറയുമ്പോൾ തന്റെ ഏകജാതനായ ഈശോയെ പോലും നമുക്കായി തന്ന അവിടുത്തെ സ്നേഹത്തിന്റെ ആഴം നമ്മുടെ ആത്മാവിനെ സ്പർശിക്കുകയും ആ ചിന്തകൾ ഇന്നു നാം ആയിരിക്കുന്ന ഏതൊരവസ്ഥയിലും പൂർണമായ ആന്തരികസമാധാനത്തോടെ ഇരിക്കുവാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഒരു പക്ഷെ, ഇപ്പോൾ ഈ നിമിഷം ഞാൻ ആത്മീയമായും മാനസികമായും ശാരീരികമായും വളരെ നിസഹായവും ദയനീയവുമായ അവസ്ഥയിൽ ആയിരിക്കാം. എന്നാൽ അത്യുന്നതനായ ദൈവത്തെ കുറിച്ചുള്ള ഓർമയിലേയ്ക്ക് നാം തിരിഞ്ഞു കഴിയുമ്പോൾ നാം ആ അവസ്ഥയിൽ പ്രകാശിതരാകുന്നു.

കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ് അമ്മയെ കാണുന്ന മാത്രയിൽ കരച്ചിൽ നിറുത്തി സമാധാനത്തോടെ ഇരിക്കുന്നത് പോലെയുള്ള ഒരു ആന്തരികമായ അവസ്ഥ, എല്ലാത്തിനും എനിക്കെന്റെ നല്ല ഈശോയുണ്ടല്ലോ എന്നുള്ള അവബോധം നമ്മിൽ സംജാതമാകുന്നു.

“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”
(യോഹന്നാന്‍ 8 : 32)

സത്യം ഈശോ ആണല്ലോ. ഈശോയെ അറിയാം. അവിടുന്ന് നമുക്കായി മനുഷ്യനായി അവതരിച്ചു പീഡകൾ സഹിച്ചു മരിച്ചുയർത്തു നമ്മുടെ പാപകടങ്ങൾ എന്നേക്കുമായി വീട്ടി നമ്മെ നിത്യജീവനിലേയ്ക്കും ദൈവപുത്രസ്ഥാനത്തേയ്ക്കും ഉയർത്തി എന്നറിയാം. ആ ഈശോ ദിവ്യകാരുണ്യമായി നമ്മിൽ വസിക്കുന്നു എന്നറിയാം. അവിടുത്തെ ദൈവവചനമായി നാം വായിക്കുന്നു, ശ്രവിക്കുന്നു, ഗ്രഹിക്കുന്നു എന്നറിയാം. ഈശോയെക്കുറിച്ചുള്ള അറിവ് നമ്മെ സർവബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരാക്കും.

നാം വസിക്കുന്ന ലോകത്തിൽ പലകാര്യങ്ങളും ഉണ്ട്. നമുക്ക് വേണമെന്ന് നാം വിചാരിക്കുന്ന പല കാര്യങ്ങളും നമുക്കുമുണ്ട്. എന്നാൽ ഈ നിമിഷത്തിന്റെ ദൂരക്കാഴ്ചയെ നമുക്കുള്ളൂ. പിതാവായ ദൈവത്തിനു നമ്മെക്കുറിച്ചുള്ളത് നിത്യതയോളമുള്ള അറിവും. അതിനാൽ നമ്മെക്കുറിച്ചുള്ള അവിടുത്തെ ഹിതത്തിനു നാം വിധേയപ്പെടുമ്പോൾ അത് നമ്മെ നിത്യതയിൽ സുരക്ഷിതമായി എത്തിക്കുകയും ദൈവമഹത്വത്തിന് ഇടയാകുകയും ചെയ്യും.

നമുക്ക് ഇന്നു ഒത്തിരി വചന പ്രഭാഷണങ്ങൾ നേരിട്ടും ഓൺലൈൻ ആയും ലഭ്യമാണ്. എന്നാൽ ഈശോ എന്നൊരു ആളെ വ്യക്തിപരമായി നാം അറിയില്ലെങ്കിൽ കേൾക്കുന്ന ഓരോ കാര്യവും നമുക്ക് അപരിചിതമായിരിക്കും. എന്നാൽ നമ്മെ കാത്തിരിക്കുന്ന ഈശോയെ ഒന്ന് ചെറിയ രീതിയിൽ എങ്കിലും ഒന്ന് അടുത്തു ചെന്നു പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഈശോയെ കുറിച്ച് കേൾക്കുന്ന കാര്യങ്ങൾ ഒക്കെയും വ്യക്തിപരമായും ആഴമുള്ളതായും തോന്നും.

ഈശോയ്ക്ക് നമ്മെ എപ്പോഴും അറിയാം. നമ്മോടു കൂടുതൽ സ്നേഹത്തിൽ ആകാൻ അവിടുന്ന് കാത്തിരിക്കുകയും ചെയ്യുന്നു.

നാളെയാകട്ടെ എന്ന് ഓർത്താൽ നടക്കുകയില്ല. ഇപ്പോൾ തന്നെ പറയാം. ഈശോയെ അങ്ങെന്നെ സ്നേഹിക്കുന്നു എന്ന് എനിക്കറിയാം. ഞാനും എന്റേതായ വിധത്തിൽ അങ്ങയെ സ്നേഹിക്കാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ

കുറച്ചു നേരം നമുക്കറിയാവുന്ന ദൈവവചനങ്ങളെ കുറിച്ചോർക്കാം. ഒത്തിരി ഒന്നും അറിയില്ലെങ്കിലും കേട്ടു മറന്ന ഒരെണ്ണമെങ്കിലും ഓർമ വരും. കാരണം ഈശോയെ സ്നേഹിക്കാൻ ആരൊക്കെ ആഗ്രഹിക്കുന്നുവോ അവരെയൊക്കെ പരിശുദ്ധാത്മാവ് ഞൊടിയിടയിൽ സഹായിക്കും. വരദാനഫലങ്ങളാൽ നിറയ്ക്കും

പതിയെ പതിയെ നമ്മുടെ നിസ്സഹായമായ എളിയ ആന്തരികമായ അവസ്ഥയിൽ മാറ്റം വന്നു തുടങ്ങും. ഏറ്റവും അത്യുന്നതനായ സൃഷ്ടാവായ ദൈവത്തിനു നമ്മോടു സ്നേഹം ഉണ്ടെന്ന ഒരു അറിവിൽ നമ്മുടെ ആത്മാവ് സന്തോഷഭരിതമാകും.

ഏറ്റവും നികൃഷ്ടമായി സ്വയം കണ്ടുകൊണ്ടിരുന്ന ഭയചകിതയും സ്വയം മതിപ്പില്ലാത്തതുമായ ഒരു പാപിയായ ആത്മാവിന് മകളിലേയ്ക്കുള്ള രൂപാന്തരീകരണം വളരെ സാവകാശമേ നടക്കൂ എങ്കിലും എപ്പോഴും സ്നേഹിക്കുന്ന പിതാവായ ദൈവത്തിന്റെ നിരന്തര സാന്നിധ്യം പതിയെ പതിയെ ധൈര്യം പകരും.

ഒന്നനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ ആത്മാവിനെ കെട്ടിവരിഞ്ഞിരുന്ന പാപങ്ങളും നീ എന്റേതാണ്, നിന്നെ ആർക്കുമിഷ്‌ടമില്ല, നിന്നെ വേറേ എന്തിനു കൊള്ളാം എന്നൊക്കെയുള്ള എന്ന പിശാചിന്റെ നിരന്തര നുണകളും ദൈവസാന്നിധ്യത്തിന്റെ പ്രകാശത്തിൽ നാം പതിയെ പ്രവേശിക്കുമ്പോൾ പരിശുദ്ധാത്മാവ് സഹായിക്കുന്നതിനനുസരിച്ചു അനുതാപത്തോടെ കുമ്പസാരിച്ചു പാപമോചനം സ്വീകരിക്കുന്നതിലൂടെ ഈശോയുടെ തിരുരക്തത്താൽ ശുദ്ധീകരിക്കപ്പെട്ടു എന്നേക്കുമായി മാഞ്ഞു പോകും.

“ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന്‌ ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.
നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.”
(യോഹന്നാന്‍ 15 : 15-16)

ഈശോയുടെ ആശ്വാസവചനങ്ങൾ ഹൃദയത്തിൽ മുഴങ്ങുമ്പോൾ പതിയെ പതിയെ ഈശോയിലേയ്ക്ക് കണ്ണുയർത്തി നോക്കാൻ ആത്മാവ് ധൈര്യപ്പെടും

എന്നാൽ കണ്ണുയർത്തി നോക്കുന്ന നിമിഷം ഈശോ നമ്മെ അത്രയും നാളുകളായി നോക്കിയിരിക്കുകയായിരുന്നു എന്ന കാര്യം ആഴമായി ആത്മാവിൽ പതിയും.

എത്ര നാളുകൾ ജീവിച്ചോ അത്രയും നാളുകളും ഈ നല്ല ഈശോ ഇത് പോലെ കൂടെയുണ്ടായിരുന്നു എന്നും ഇപ്പോഴും കൂടെയുണ്ടെന്നും ഇനിയും കൂടെയുണ്ടാകുമെന്നും ഹൃദയത്തിൽ മനസിലാകും.

നമ്മുടെ രീതികളും കുറവുകളും ഈശോയുടെ സ്നേഹത്തിനു മാറ്റമൊന്നും വരുത്തുന്നില്ല എന്നുള്ള കാര്യം നമ്മെ അത്ഭുതപ്പെടുത്തും, മറിച്ചു തനതായ വിധത്തിൽ നാം കുറവുകൾ എന്ന് കരുതുന്ന കാര്യങ്ങളും സ്വഭാവപ്രത്യേകതകളും ഉൾപ്പെടുത്തി നമ്മെ നാം ആയി ഇപ്പോൾ ആയിരിക്കുന്നത് പോലെ സൃഷ്ടിച്ചത് ഈശോയ്ക്ക് നമ്മെക്കൊണ്ട് ദൈവരാജ്യത്തിനായി അനേകം കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ആയിരുന്നു എന്ന് മനസിലാകും.

“സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകിക മാനദണ്ഡമനുസരിച്ച്‌ നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല.
എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്‌ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്‌തമായവയെ ലജ്‌ജിപ്പിക്കാന്‍ ലോകദൃഷ്‌ടിയില്‍ അശക്തമായവയെയും.
നിലവിലുള്ളവയെ നശിപ്പിക്കുവാന്‍വേണ്ടി ലോകദൃഷ്‌ട്യാ നിസ്‌സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്‌മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു.
ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ്‌ അവിടുന്ന്‌ ഇങ്ങനെ ചെയ്‌തത്‌.
യേശുക്രിസ്‌തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്‌. ദൈവം അവനെ നമുക്കു ജ്‌ഞാനവും നീതിയും വിശുദ്‌ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു.
അതുകൊണ്ട്‌, എഴുതപ്പെട്ടിരിക്കുന്നതു പോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.”
(1 കോറിന്തോസ്‌ 1 : 26-31)

ഈശോയെ പരിചയപ്പെട്ടു കഴിഞ്ഞാലും നമുക്ക് കുറവുകൾ ഉണ്ടാകുകയില്ല എന്നല്ല, അശ്രദ്ധമായി നടന്നു പാപത്തിൽ വീഴില്ല എന്നല്ല, കുറവുകൾ ഉണ്ടായേക്കാം, പാപത്തിൽ വീണേക്കാം. എന്നാലും അറിയുന്ന നിമിഷത്തിൽ എഴുനേറ്റു ഈശോയുടെ അടുത്തേയ്ക്ക് വീണ്ടും ചെല്ലാനുള്ള ആത്മബന്ധമുണ്ടാകും. പാപത്തിൽ വീഴാതെ ഇരിക്കാൻ പാപ സാഹചര്യങ്ങളിൽ നിന്നും മാറി ഈശോയുടെ സാന്നിധ്യത്തിൽ ആയിരിക്കാനുള്ള ആഗ്രഹം ഉണ്ടാകും.

നമുക്ക് ചുറ്റുമുള്ള വായുവിൽ നിന്നും ഓക്സിജൻ സ്വീകരിച്ചു ശ്വസിച്ചു അതിനെക്കുറിച്ചു ബോധവാന്മാരല്ലാതെ നാം സാധാരണ നടക്കുന്നത് പോലെ, ആത്മാവിന് അവ്യക്തമായ ദൈവസാന്നിധ്യത്തിൽ നാം നിരന്തരം നടക്കുമ്പോൾ നമ്മിലെ വിശ്വാസം എന്ന ദൈവിക പുണ്യം പരിശുദ്ധാത്മാവ് രൂപാന്തരപ്പെടുത്തി കൊണ്ടിരിക്കും

ആ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നാം പിന്നീട് നോക്കുമ്പോൾ ഓരോ ദൈവവചനവും നമ്മോടു ഈശോ വ്യക്തിപരമായി പറയുന്നതായും നമ്മുടെ നിസാര ജീവിതം ആന്തരികമായി പ്രകാശിതമാക്കപ്പെട്ടതായും നമുക്ക് തോന്നും.

ഈശോയുടേതെല്ലാം നമ്മുടേതും നമ്മുടേത് ഈശോയുടേതും എന്നുള്ള ശിശുതുല്യമായ സ്വർഗീയ സൗഹൃദത്തിലേയ്ക്ക് അത് നമ്മെ നയിക്കും. ഈശോയോട് ഭയമില്ലാതെ സംസാരിക്കുവാനും എന്ത്‌ തന്നെ സംഭവിച്ചാലും അപ്പോഴപ്പോൾ അവിടുത്തെ അറിയിക്കുവാനും ദൈവാരൂപി പരിശീലിപ്പിക്കും.

ചുറ്റുമുള്ള ആളുകളെ നോക്കുമ്പോൾ അവരൊക്കെ മണിക്കൂറുകൾ പ്രാർത്ഥിക്കുന്നുണ്ടാകാം. ദിവസങ്ങളോളം ഉപവാസം എടുക്കുന്നുണ്ടാകാം. ദൈവവചനം നിരന്തരം വായിക്കുന്നുണ്ടാകാം. ജപമാല മണികളിൽ നിന്നും കൈവിടാതെ ആയിരിക്കണക്കിന് ജപമാലകൾ ഏറ്റവും യോഗ്യതയോടെ ചൊല്ലുന്നുണ്ടാകാം. പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ നിറഞ്ഞു ജ്വലിച്ചു അനേകം ആളുകളോട് സുവിശേഷം പ്രസംഗിക്കുന്നുണ്ടാകാം.

എന്നാൽ ഈശോ നമ്മെ ഇത്രയും സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും ഒരു പക്ഷെ നമുക്ക് ഒത്തിരി കാര്യങ്ങൾ ഒന്നും ഒരു പക്ഷെ ചെയ്യാൻ കഴിഞ്ഞു എന്ന് വരികയില്ല.

അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ പറ്റും!

നമ്മൾ കാണുന്ന കാര്യങ്ങളെ ഓർത്തു ദൈവത്തെ സ്തുതിക്കാം.

നന്നായി പ്രാർത്ഥിക്കുന്നവരെ ഓർത്തു ഈശോയുടെ ശരീരത്തിലെ അംഗങ്ങൾ എന്നു ഈശോയിൽ അഭിമാനിക്കാം

നന്നായി പ്രവർത്തിക്കുന്നവരെ ഓർത്തു ഇനിയും അവർക്ക് ആത്മീയ ബലം കിട്ടാനും ഈശോയുടെ വചനം അവരിലൂടെ പ്രഘോഷിക്കപ്പെടാനും വേണ്ടി ആഗ്രഹിക്കാം.

വലിയ പ്രാർത്ഥനകൾ പറ്റിയില്ലെങ്കിൽ ഈശോയെ എന്നുള്ള നാമം നിരന്തരം സ്നേഹത്തോടെ ഏറ്റു ചൊല്ലാം. ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഈശോയെ നന്ദി, ഈശോയെ സ്തുതി എന്നൊക്കെ ഇടയ്ക്കൊക്കെ സ്നേഹത്തോടെ പറയാം.

തീരെ ചെറു പൂക്കൾ ഒറ്റയ്ക്ക് കാണാൻ നിസാരമെങ്കിലും അവ പൂക്കുലയിൽ നിൽക്കുമ്പോൾ എത്രയോ മനോഹരവും ആകർഷകവുമാണ്. തൊടിയിൽ അങ്ങിങ്ങായി നിൽക്കുന്ന ചെറു മുല്ലകളിലെ നറുമുല്ലപ്പൂക്കൾ നൂലിൽ കൊരുത്തു മെയ്‌മാസത്തിൽ പരിശുദ്ധ അമ്മയുടെ അൾത്താര അലങ്കരിക്കുമ്പോൾ എന്ത്‌ സുഗന്ധമാണ്.

കൂടാതെ പ്രഭാതത്തിൽ പതിയെ കണ്ണു തുറക്കുമ്പോൾ നമ്മിൽ കണ്ണു നട്ടിരിക്കുന്ന ഈശോയെ നോക്കി ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അവിടുന്ന് എന്നെ അവിടുത്തെ ഹിതം പോലെ നയിക്കേണമേ എന്ന് പറയാം.

ഒരു റൂം മേറ്റ് ഉള്ളപ്പോൾ ആ വ്യക്തിയുടെ അഭിപ്രായങ്ങളും നാം പരിഗണിക്കുന്നത് പോലെ, ഒരുമിച്ചു കാര്യങ്ങൾ ചെയ്തു, ഒരുമിച്ചു ഭക്ഷണം തയ്യാറാക്കി ഒന്നിച്ചിരുന്നു സംസാരിച്ചു ഭക്ഷണം കഴിച്ചു സ്നേഹത്തിൽ കഴിയുന്നത് പോലെ ഈശോയോടും പെരുമാറാം. പരിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് അവിടുത്തെ ഉൾക്കൊണ്ടു ഈശോയിൽ വസിക്കാം.

ഓരോരുത്തർക്കും ഈശോയെ സ്വന്തമാക്കാനുള്ള ക്ഷണമുണ്ട്. നമ്മുടെ ബോധപൂർവമായ ശ്രമവും അതോടൊപ്പം പരിശുദ്ധാത്മാവിന്റെ സഹായവും അതിനു ആവശ്യമാണ്.

ചെറിയ ചെറിയ കാര്യങ്ങളിൽ നമുക്ക് വിശ്വസ്തരാകാം. ചെറിയ ചെറിയ വാക്കുകളിൽ, കൊച്ചു പ്രവൃത്തികളിൽ വിശ്വസ്തരാകാം. ഈശോ കൂടെയുണ്ട് എപ്പോഴും.

അൾത്താരയിലെ അരുളിക്കയിൽ ദിവ്യകാരുണ്യ നാഥനായി പ്രതാപത്തോടെ എഴുന്നള്ളി ഇരിക്കുന്നത് പോലെ തന്നെ നമ്മുടെ ഹൃദയത്തിൽ എപ്പോഴും ഈശോ ഉണ്ട്.

ഓർക്കുമ്പോൾ എല്ലാം അവിടുത്തെ സ്തുതിക്കാം. ഇടയ്ക്കിടയ്ക്ക് നന്ദി പറയാം. സഹായത്തിനായി എപ്പോഴും നമ്മുടെ കൂടെയുള്ള പരിശുദ്ധാത്മാവിനോടൊപ്പം ഓരോ കാര്യങ്ങളും ചെയ്യാം.

ഉറങ്ങാൻ കിടക്കുമ്പോഴും നമ്മുടെ ആത്മാവിനെ ഈശോയ്ക്ക് സമർപ്പിച്ചു കൊണ്ട് കഴിഞ്ഞു പോയ ദിനത്തെ പ്രതി ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ട്, അവിടുത്തെ സ്നേഹപരിപാലനയ്ക്കായി അവിടുത്തെ സ്തുതിച്ചു കൊണ്ട് സന്തോഷത്തോടും സുരക്ഷിതമായും ഉറങ്ങാം.

ജീവിതത്തിലെ ചില ദിവസങ്ങൾ പ്രതിസന്ധികളും കണ്ണുനീരുകളും നിസ്സഹായതയും നിറഞ്ഞതായിരിക്കും.

ചില ദിവസങ്ങൾ വിശ്വാസം കൊണ്ട് ശക്തിപ്പെട്ടു ഈശോയുടെ സ്‌നേഹം ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന ദിവസങ്ങൾ ആയിരിക്കും.

ചില ദിവസങ്ങൾ ഹൃദയത്തിൽ ഒരാശ്വാസവുമില്ലാതെ, ഉള്ളിൽ കയ്പ് നിറഞ്ഞ ഏകാന്തമായതായിരിക്കും.

പകലുകളിൽ കാലാവസ്ഥയനുസരിച്ചു അന്തരീക്ഷം മാറിമറിഞ്ഞാലും സൂര്യൻ എപ്പോഴും ആകാശത്തിൽ ഉള്ളത് പോലെ നമ്മിൽ ഈശോയുടെ സജീവസാന്നിധ്യം എപ്പോഴുമുണ്ട്. ഭൂമിയിൽ അന്തരീക്ഷവായു പോലെ അവിടുത്തെ സ്നേഹം നമ്മെ വലയം ചെയ്തിട്ടുണ്ട്.

സാധാരണ ഗതിയിൽ നമ്മുടെ ചുറ്റും ബന്ധുക്കളും സ്നേഹിതരുമായി ആളുകൾ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ നാം പലപ്പോഴും ഒറ്റയ്ക്കാണ്. നമ്മുടേതായ വ്യക്തിപരമായ കാര്യങ്ങൾ, പ്രശ്നങ്ങൾ, പ്രതിസന്ധികൾ തുടങ്ങിയവ ആർക്കും മനസിലാകണം എന്നില്ല. നമ്മുടെ ഹൃദയത്തിൽ പല കാരണം കൊണ്ടും സമാധാനം നഷ്‌ടപ്പെടുമ്പോൾ ദൈവം തരുന്ന ആശ്വാസത്തിനു മാത്രമേ ഹൃദയത്തിൽ സമാധാനം നിറയ്ക്കാൻ പറ്റുകയുള്ളൂ.

ഇനി എന്ത്‌ ചെയ്യുമെന്നറിയാത്ത നിസ്സഹായാവസ്ഥയിലും രോഗിയായി കിടക്കുമ്പോഴും ദാരിദ്ര്യാവസ്ഥയിലും കഠിനമായ ഏകാന്തതയിലും പാപങ്ങളെ ഓർത്തു അനുതപിക്കുന്ന അവസ്ഥയിലും അടുത്ത നിമിഷം മരിച്ചു പോകും എന്നുള്ള സ്ഥിതിയിൽ പോലും ഹൃദയത്തിൽ സമാധാനം നിറയണമെങ്കിൽ ജീവിതത്തിലും മരണത്തിനപ്പുറവും നമ്മോടൊപ്പമുള്ള രക്ഷകനായ ഈശോ നമുക്ക് ചിര പരിചിതൻ ആകണം.

നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം പരിഹാരം ഈശോയാണ്. നാം ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഈശോയാണ്. നമുക്ക് നിത്യജീവൻ നൽകുന്ന, നമ്മുടെ ആത്മാവിന് പോഷണവും പൂർവശോഭയും നൽകുന്ന സ്വർഗീയഭോജ്യമായ ദിവ്യകാരുണ്യം ഈശോയാണ്. നാം വായിക്കുന്ന വചനം ഈശോയാണ്. നമ്മുടെ പൂർണനായ സഹോദരൻ ഈശോയാണ്. നാം നാളുകളായി കാത്തിരുന്ന സ്നേഹിതൻ ഈശോയാണ്. നാം അറിയേണ്ട സത്യം ഈശോയാണ്. നാം നടക്കേണ്ട വഴി ഈശോയാണ്. നാം നേടേണ്ട ജീവൻ ഈശോയാണ്. നമ്മുടെ ഏകരക്ഷകൻ ഈശോയാണ്. നമ്മെ സൃഷ്ടിച്ചവനും നമ്മെ വിധിക്കേണ്ടവനും ഈശോയാണ്. നിത്യതയിൽ നാം വസിക്കേണ്ടതും ഈശോയിലാണ്. നമ്മുടെ ദൈവം ഈശോയാണ്.

എന്നാൽ നമുക്ക് ഈശോയെക്കുറിച്ച് വളരെ കുറച്ചു കാര്യങ്ങളെ അറിയുകയുള്ളൂ എങ്കിലും ഈശോയ്ക്ക് നമ്മെ മുഴുവനായും അറിയാം. നമുക്ക് ഈശോയെ കുറച്ചേ സ്നേഹിക്കാൻ പറ്റുന്നുള്ളൂ എങ്കിലും ഈശോ മുഴുവനും സ്നേഹം തന്നെയാണ്. ഈശോയ കുറിച്ച് നമുക്ക് അറിയേണ്ടതെല്ലാം പറഞ്ഞു തരാൻ പരിശുദ്ധാരൂപിയുണ്ട്. അവിടുത്തോട് എളിമയോടെ ചോദിക്കുമ്പോൾ നമ്മുടെ ആത്മാവ് ജ്ഞാനത്താൽ നിറയും.

നമുക്ക് അറിയാവുന്നതു പോലെ, പരിശുദ്ധാത്മാവു നമ്മെ നയിക്കുന്നത് പോലെ ഈശോയോടൊത്തു ജീവിക്കാം.

ഓരോ ദിവസവും കൂടുതൽ വ്യക്തിപരമായി സംസാരിച്ചു തുടങ്ങാം, ഇടപെട്ടു തുടങ്ങാം. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ അവിടുത്തെ നമ്മുടെ ജീവിതത്തിൽ ഉടനീളം കാണാം. ഹൃദയത്തിൽ ഈശോ സംസാരിക്കുന്നത് ശ്രവിക്കാം. ദൈവവചനം സാധിക്കുന്നത് പോലെ വായിക്കാം. അതിനെക്കുറിച്ചു ഓർക്കാം. ദൈവവചനത്തെ പറ്റി സംസാരിക്കാം.

ഓരോ ദൈവവചനവും നമ്മുടെ ജീവിതത്തോട് ബന്ധിപ്പിച്ചു ഓർക്കാം.

ഉദാഹരണത്തിന് ഒരു വഴിയ്ക്കിറങ്ങുമ്പോൾ…

“ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.”
(ജോഷ്വ 1 : 9)

ഓർക്കാം.

ജീവിതത്തിന്റെ ഒരിടത്തുമെത്താത്ത നിസ്സഹായ അവസ്ഥയിൽ….

“നിരന്തരം അധ്വാനിക്കുകയും ക്ലേശിക്കുകയും ചെയ്‌തിട്ടും ദാരിദ്ര്യം ഒഴിയാത്തവരുണ്ട്‌.
വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്‌;
എന്നാല്‍, കര്‍ത്താവ്‌ അവരെ കടാക്‌ഷിച്ച്‌ ദയനീയാവസ്‌ഥയില്‍ നിന്ന്‌ ഉയര്‍ത്തുന്നു.
അനേകരെ വിസ്‌മയിപ്പിക്കുമാറ്‌ അവിടുന്ന്‌ അവര്‍ക്കു മാന്യസ്‌ഥാനം നല്‍കുന്നു.”
(പ്രഭാഷകന്‍ 11 : 11-13)

ഓർക്കാം…

ജീവിതത്തിൽ ഓരോന്ന് ചെയ്യാൻ ഏറെ വൈകി പുറകിൽ ആയി പോയി എന്ന് തോന്നുന്നുവെങ്കിൽ…

“ഒടുവിലാണ്‌ ഞാന്‍ ഉണര്‍ന്നത്‌;
കാലാ പെറുക്കുന്നവനെപ്പോലെ ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി;
എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി;
മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കു നിറച്ചു.”
(പ്രഭാഷകന്‍ 33 : 16-17)

ഓർക്കാം…

കാത്തിരുന്നു കാത്തിരുന്നു പ്രതീക്ഷ മങ്ങിയെങ്കിൽ….

“ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.”
(1 പത്രോസ് 5 : 6)

ഓർക്കാം.

അധ്വാനഭാരത്താൽ തളർന്നു എങ്കിൽ….

“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌.”
(മത്തായി 11 : 28-30)

ഓർക്കാം.

അങ്ങനെ അങ്ങനെ നമ്മുടെ ആത്മാവിന് നവ ജീവനും ഉന്മേഷവും നൽകാൻ ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും നമ്മോടു സംസാരിക്കുന്ന ദൈവത്തിന്റെ സ്നേഹവചനങ്ങൾ നമുക്ക് വിശന്നിരിക്കുമ്പോൾ ഭക്ഷണം പോലെ, തളർന്നിരിക്കുമ്പോൾ തലോടൽ പോലെ, ഭയന്നിരിക്കുമ്പോൾ സമാധാനം പോലെ അതാതു സമയങ്ങളിൽ ആത്മീയ നിറവ് തരും.

അതിനാൽ ഇന്നു ഈ നിമിഷം നമ്മളുടെ തടവറകളിൽ നിന്ന് കൊണ്ട് നമ്മെ ബന്ധിപ്പിച്ചിരിക്കുന്ന ചെറുതും വലുതുമായ ചങ്ങലകൾ ഉയർത്തി ഹൃദയസക്രാരിയിൽ വാഴുന്ന ദിവ്യകാരുണ്യ നാഥന് നേരെ തിരിഞ്ഞു അവിടുത്തെ സ്തുതിക്കാം. സ്തുതികളിൽ വസിക്കുന്നവനായ അവിടുത്തേയ്ക്ക് മാലാഖവൃന്ദങ്ങളോടൊപ്പം സങ്കീർത്തനങ്ങൾ പാടാം.

“മഹത്വവും തേജസ്‌സും അവിടുത്തെ സന്നിധിയിലുണ്ട്‌; ബലവും സൗന്‌ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും.
ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്‌തിയും കര്‍ത്താവിന്റേതെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്ന വിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;
കാഴ്‌ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.
വിശുദ്ധവസ്‌ത്രങ്ങളണിഞ്ഞ്‌ അവിടുത്തെ ആരാധിക്കുവിന്‍;
ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നുവിറയ്‌ക്കട്ടെ!
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്‌ഥാപിതമായിരിക്കുന്നു; അതിന്‌ ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
ആകാശം ആഹ്ലാദിക്കട്ടെ;
ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആര്‍പ്പു വിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ!
അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.”
(സങ്കീര്‍ത്തനങ്ങള്‍ 96 : 6-13)

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment