കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ എങ്ങനെ രൂപപ്പെട്ടു: ഒരു ലഘു ചരിത്രം

യേശുക്രിസ്തു തന്റെ ശരീര രക്തങ്ങൾ തന്നെത്തന്നെ നമുക്കു നൽകുന്ന കൂദാശയാണ് വിശുദ്ധ കുർബാന അഥവാ ദിവ്യകാരുണ്യം (CCC 1322) .ക്രിസ്തുവിന്റെ തിരു ശരീരത്തിന്റെയും തിരു രക്തത്തിന്റെയും തിരുനാൾ അഥവാ കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ (Corpus Christi) കത്തോലിക്കാ സഭയിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച ഭക്ത്യാത്യാദരവോടെ ആഘോഷിക്കുന്നു. ചില സ്ഥലങ്ങളിൽ അജപാലന പരമായ കാരണങ്ങളാൽ ഞായറാഴ്ചയിലേക്ക് ഈ തിരുനാൾ മാറ്റിയിട്ടുണ്ട്. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെ ബഹുമാനിക്കുന്നതിനും അംഗീകരിക്കുന്നതിനു വേണ്ടിയാണ് സഭ ഈ തിരുനാൾ ആരംഭിച്ചത്. ഈ തിരുനാളിന്റെ ഒരു ചരിത്രത്തിലേക്ക് നമുക്കു ഒന്നു നോക്കാം.

കത്തോലിക്കാ സഭയിൽ ഈ തിരുനാൾ സ്ഥാപിക്കുന്നതിനു കരണമായ രണ്ടു അത്ഭുതങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്

കോർണിലോണിലെ വിശുദ്ധ ജൂലിയാനയ്ക്ക് ഉണ്ടായ ഒരു ദർശനവും ബോൾസെനയിലെ ദിവ്യകാരുണ്യ അത്ഭുതവുമാണ് അവ.

കോർണിലോണിലെ വിശുദ്ധ ജൂലിയാനക്കുണ്ടായ ദർശനം

കോർണിലോണിലെ വിശുദ്ധ ജൂലിയാന അഥവാ ലീജിലെ വിശുദ്ധ ജൂലിയാന 1191 നും 1192 നും ഇടയിൽ ബെൽജിയത്തിലെ ലീജിന് സമീപം ജനിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ലീജ് രൂപത “ദിവ്യകാരുണ്യത്തിൻ്റെ സെഹിയോൻ മാളിക” എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനു കാരണം അക്കാലത്തു ലീജിൽ, ദിവ്യകാരുണ്യ ആരാധനയ്ക്കു കൂട്ടായ്മയ്‌ക്കും തീക്ഷ്ണമായി സമർപ്പണം നടത്തിയിരുന്ന സ്‌ത്രീകളുടെ ഒരു കൂട്ടം ഉണ്ടായിരുന്നതിനാലാണ് . ദിവ്യകാരുണ്യ ഭക്തി നിറഞ്ഞ വൈദികരാൽ നയിക്കപ്പെട്ട ഈ സമൂഹം ഒരുമിച്ചുകൂടി പ്രാർത്ഥനയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.

വിശുദ്ധ ജൂലിയാനയ്ക്ക് ചെറുപ്പം മുതലേ വിശുദ്ധ കുർബാനയോട് വലിയ ഭക്തി ഉണ്ടായിരുന്നു, അതു കൂടാതെ തിരുവോസ്തിയിൽ നമ്മുടെ കർത്താവിൻ്റെ സാന്നിധ്യത്തോടുള്ള ഭക്തി ആഘോഷിക്കുന്നതിനായി ഒരു പ്രത്യേക തിരുനാൾ കൊണ്ടാടാനും അവൾ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ പൂർണ്ണ ചന്ദ്രൻ്റെ നടുവിൽ ഒരു കറുത്ത പാടുള്ള ഒരു ദർശനം ജൂലിയാനയ്ക്ക് ഉണ്ടായി. ചന്ദ്രൻ സഭയെ പ്രതിനിധീകരിക്കുന്നതായി ഒരു സ്വർഗ്ഗീയ സ്വരം അവൾ കേട്ടു. വിശുദ്ധ കുർബാനയോടുള്ള ബഹുമാനാർത്ഥം ഒരു തിരുനാൾ സഭയുടെ ആരാധനാക്രമ കലണ്ടറിൽ കാണുന്നില്ല എന്നതാണ് ഇരുണ്ട പുള്ളി സൂചിപ്പിക്കുന്നത്..

ജൂലിയാന, ലീജിലെ മെത്രാനായിരുന്ന ബിഷപ്പ് റോബർട്ട് ഡി തോറെറ്റിനോടും ജാക്വസ് പന്തേലിയോൻ എന്ന വൈദീകനോടും ഈ ദർശനത്തെപ്പറ്റി പറഞ്ഞു. ഈ ജാക്വസ് പന്തേലിയോനാണ് പിന്നീട് നാലാം ഉർബൻ എന്ന പേരിൽ മാർപാപ്പയായത്. ബിഷപ്പ് റോബർട്ട്, ജൂലിയാനയെ വിശ്വസിക്കുകയും 1246-ൽ ഒരു രൂപതാ സിനഡ് വിളിച്ചു തൊട്ടടുത്ത വർഷം തൻ്റെ രൂപതയിൽ കോർപ്പസ് ക്രിസ്റ്റിയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടാൻ നിർദേശം നൽകുകയും ചെയ്തു.

ബോൾസെനയിലെ ദിവ്യകാരുണ്യ അത്ഭുതം

ഫാ. പിയട്രോ ഡാ പ്രാഗ എന്ന വൈദീകന് വിശുദ്ധ കുർബാനയോടുള്ള സ്നേഹത്തിൽ തീക്ഷ്ണത കുറയുകയും തൽഫലമായി വിശുദ്ധ കുർബാനയിലെ നമ്മുടെ കർത്താവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെ സംശയിക്കുകയും ചെയ്തു. 1263-ൽ, ബോൾസെനയിലെ വിശുദ്ധ ക്രിസ്റ്റീനായുടെ നാമത്തിലുള്ള ദൈവാലയത്തിൽ വിശുദ്ധ കുർബാന ആഘോഷിക്കുമ്പോൾ തിരുവോസ്തിയിൽ നിന്നു രക്തം അൾത്താരയിലെ തുണിയിലേക്കും കുർബാന പീഠത്തിലേക്കും ഒഴുകി. സംഭവമറിഞ്ഞ നാലാം ഉർബൻ പാപ്പ ഈശോയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ഒർവിറ്റോയിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൈവാലയത്തിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ടു.

കോർപ്പസ് ക്രിസ്റ്റിയുടെ തിരുനാളിൻ്റെ പ്രഖ്യാപനം.

1264 ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി നാലാം ഉർബൻ മാർപാപ്പ “ട്രാൻസിറ്റുറസ് ഡി ഹോക് മുണ്ടോ” എന്ന തിരുവെഴുത്തു വഴി പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച വിശുദ്ധ കുർബാനയുടെ തിരുനാൾ ലത്തീൻ സഭയിൽ എല്ലായിടത്തും ആഘോഷിക്കാൻ കൽപ്പന പുറപ്പെടുവിച്ചു. ലത്തീൻ സഭയുടെ ചരിത്രത്തിൽ മാർപാപ്പയാൽ അംഗീകരിക്കപ്പെട്ട ആദ്യ സാർവ്വത്രിക തിരുനാൾ ആണ് കോർപ്പൂസ് ക്രിസ്റ്റി.

ഉർബൻ പാപ്പ ചരിത്രത്തിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായ വിശുദ്ധ തോമസ് അക്വിനാസിനോട് ക്രിസ്റ്റി തിരുനാളിനൊരുക്കമായി ആരാധനക്രമ പ്രാർത്ഥനങ്ങളും ഗീതങ്ങും രചിക്കാൻ ആവശ്യപ്പെട്ടു. അത് ഇന്നും സഭയിൽ ഉപയോഗത്തിലുണ്ട്

നാലാം ഉർബൻ പാപ്പയുടെ മരണശേഷം കോർപ്പൂസ്ക്രിസ്റ്റി തിരുനാൾ ആഘോഷം ഫ്രാൻസ്, ജർമ്മനി, ഹംഗറി, വടക്കൻ ഇറ്റലി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും, 1317-ൽ ജോൺ ഇരുപത്തി രണ്ടാം മാർപാപ്പ ഈ തിരുനാൾ സാർവത്രിക സഭയിൽ പുനഃസ്ഥാപിച്ചു.

ബനഡിക്ട് മാർപാപ്പയുടെ വിഷണത്തിൽ തിരുസഭയിൽ “വിശുദ്ധ കുർബാന വസന്തകാലം” നിലനിർത്താൻ കോർപ്പൂസ് ക്രിസ്റ്റി തിരുനാളിനു സാധിക്കുന്നു. 2020 ലെ കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞു.

പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ ഓർമ്മകളെ സുഖപ്പെടുത്തുന്ന സ്മാരകമായ വിശുദ്ധ കുർബാന അർപ്പണം നമുക്ക് തുടരാം: വിശുദ്ധ കുർബാന ഓർമ്മയെ സുഖപ്പെടുത്തുന്ന സ്മാരകമാണ്, ഹൃദയത്തിന്റെ ഓർമ്മയാണ് എന്നു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. സഭയിലും നമ്മുടെ ജീവിതത്തിലും ഏറ്റവും പ്രധാനമായിരിക്കേണ്ട നിധിയാണ് വിശുദ്ധ കുർബാന . വിശുദ്ധ കുർബാനയുടെ പ്രവർത്തനത്തിനു നമ്മളിൽ തുടർച്ച നൽകുന്ന ദിവ്യകാരുണ്യ ആരാധനയുടെ മഹത്വം വീണ്ടും നമുക്കു മനസ്സിലാക്കാം. ഇത് നമുക്ക് വളരെയധികം ഗുണം ചെയ്യും, കാരണം, പ്രത്യേകിച്ചു ഇപ്പോൾ നമ്മുടെ ആവശ്യം വളരെ വലുതായിരിക്കുമ്പോൾ. അതു നമ്മളെ ഉള്ളിൽ സുഖപ്പെടുത്തുന്നു. “

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment