തിരുഹൃദയ ഭക്തി: ലോകത്തിൻ്റെ രക്ഷാ സങ്കേതം
ഈശോയുടെ തിരുഹൃദയത്തോട് സജീവഭക്തി കാത്തുസൂക്ഷിച്ച ദിവ്യകാരുണ്യ മിഷനറി സഭാ (MCBS)സ്ഥപകരരിൽ ഒരാളായ ബഹു. ആലക്കളം മത്തായി അച്ചന്റെ ദർശനം, ലോകത്തിന്റെ അവസാനകാലത്ത് അതിന്റെ രക്ഷാസങ്കേതമാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി എന്നതാണ്.
ഇന്ന് ജൂൺ മാസം ഇരുപത്തിഏഴാം തീയതി ഈശോയുടെ തിരുഹൃദയത്തിൻ്റെ തിരുനാൾ ദിനം . വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസവും, പന്തക്കുസ്താ ഞായർ കഴിഞ്ഞ് പത്തൊൻപതാം ദിനവും (പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ച) മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാളിനു തലേ ദിവസവുമാണ് സഭ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
ഈശോയുടെ തിരുഹൃദയത്തോടു സജീവ ഭക്തി കാത്തു സൂക്ഷിച്ച ആലക്കളത്തിൽ മത്തായി അച്ചൻ്റെ ദർശനം ലോകത്തിൻ്റെ അവസാന കാലത്തു അതിൻ്റെ രക്ഷാ സങ്കേതമാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി എന്നതാണ്. അതിനാൽ മത്തായി അച്ചൻ ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും മറിയത്തിൻ്റെ വിമലഹൃദയഭക്തിയുടെയും പ്രചാരത്തിനായി ചെറിയ പുസ്തകങ്ങളും പ്രാർത്ഥനകളും തയ്യാറാക്കിയിരുന്നു.
ഈശോയുടെ തിരുഹൃദയം ദിവ്യകാരുണ്യത്തിന്റെ നിലക്കാത്ത ശ്രോതസ്സാണന്നു മനസ്സിലാക്കിയ മത്തായി അച്ചൻ , ദിവ്യകാരുണ്യ സാഗരമായ ഈശോയുടെ ദിവ്യ ഹൃദയത്തിൽ നിന്നും ലോകം മുഴുവനിലേക്കും കൃപകൾ ഒഴുകുന്നുവെന്നും അതിൽ ശരണം പ്രാപിക്കുന്ന ഒരാത്മാവും ഒരിക്കലും നശിക്കുകയില്ലന്നും വിശ്വസിച്ചിരുന്നു
ആലക്കളം അച്ചൻ രചിച്ച ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാര ജപം ഇന്നേ ദിനത്തിലെ നമ്മുടെ പ്രാർത്ഥനയുടെ ഭാഗമാക്കാം.
സകല ആരാധനയ്ക്കും സ്നേഹത്തിനും പാത്രമായ ഈശോയുടെ സ്നേഹാഗ്നി എരിയുന്ന തിരുഹൃദയമേ നിന്നെ ഞങ്ങൾ ആരാധിക്കുന്നു. സകല മനുഷ്യരുടെയും നിരൂപണ, വചനം, പ്രവർത്തി എന്നിവകളാൽ അങ്ങുന്ന് അനുഭവിക്കുന്ന സകല ദുഷ്കൃത്യങ്ങൾക്കും നന്ദി ഹീനതയ്ക്കു പരിഹാരമായിട്ടു സ്വർഗ്ഗവാസികളുടെയും ഭൂവാസികളുടെയും സകല സൽകൃത്യങ്ങളുടെയും പ്രത്യേകമായി നിൻ്റെയും നിൻ്റെ പരിശുദ്ധ ജനനിയുടെയും സകല യോഗ്യതകളെയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ചവയ്ക്കുന്നു. എറ്റവും കൃപയും മാധുര്യവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ എളിയ കാഴ്ചയെ നിൻ്റെ കൃപയാൽ കൈകൊണ്ട് ഞങ്ങളുടെ നിയോഗങ്ങൾ സകലതും ആശീർവ്വദിച്ചു നിൻ്റെ തിരുഹൃദയ മഹിമയെ കണ്ട് ആനന്ദിക്കുന്നതു വരെ, കൃപ നിറത്ത ഈശോയെ ഞങ്ങൾ നിൻ്റെ ദിവ്യ ഹൃദയത്തിൽ നിന്നു ഒരു ക്ഷണനേരമെങ്കിലും അകലുന്നതിനു നീ അനുവദിക്കല്ലെ എന്നു എത്രയും സാദ്ധ്യപ്പെട്ടു നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേനീശോ
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment