അമ്മയുടെ വിമലഹൃദയത്തിന് ഒരു Tribute

പരിശുദ്ധ കന്യാമറിയത്തെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് തനിക്ക് പറഞ്ഞു തരാൻ പറഞ്ഞ വിശുദ്ധ മെക്റ്റിൽഡയോട്, തന്റെ അമ്മയുടെ വിമലഹൃദയത്തെ വാഴ്ത്താൻ ആണ് ഈശോ പറഞ്ഞത്. അമ്മയുടെ വിമലഹൃദയത്തിന് ഹൃദയസ്പർശിയായ ഒരു Tribute തന്നെ ഈശോ കൊടുത്തു.

“എന്റെ അമ്മയെ നിനക്ക് സന്തോഷിപ്പിക്കണമെങ്കിൽ, മനുഷ്യർക്ക് അഗാധമാം വിധം എല്ലാ നന്മകളും അതിന്റെ സമൃദ്ധിയിലുള്ള വിമല ഹൃദയത്തെ വാഴ്ത്തുക… ഇത്രക്കും അഭൂതപൂർവ്വമായ നിത്യകന്യാവ്രതത്തിന് അവളെ പ്രേരിപ്പിച്ചത്രയും പരിശുദ്ധിയുള്ള അവളുടെ ആ ഹൃദയത്തെ വാഴ്ത്തുക.. മറ്റെല്ലാവർക്കും ഉപരിയായി ദൈവസന്നിധിയിൽ കൃപ കണ്ടെത്താനും പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കാനും അവളെ യോഗ്യയാക്കുമാറ് എളിമയുള്ള ഹൃദയത്തെ വാഴ്ത്തുക …എന്നെ അവളുടെ ഗർഭപാത്രത്തിലേക്ക് വലിച്ചെടുക്കാൻ തക്കവിധം തീക്ഷ്ണമായ ആഗ്രഹമുണ്ടായിരുന്ന ആ ഹൃദയത്തെ വാഴ്ത്തുക… ദൈവത്തോടും മനുഷ്യരോടും അത്രമാത്രം ഉപവിയുള്ള ഹൃദയത്തെ വാഴ്ത്തുക….കൃപയെ കാത്തുപാലിക്കാനും എന്റെ ചെറുപ്രായത്തിലും ഭൂമിയിലെ ജീവിതം മുഴുവനിലും ഞാൻ പറഞ്ഞിട്ടുള്ളതും ചെയ്തിട്ടുള്ളതുമായ എല്ലാം ഓർത്തുവെക്കാനും മാത്രം ഉന്നതമായ വിശ്വസ്തതയുള്ള ആ ഹൃദയത്തെ വാഴ്ത്തുക ..ക്രൂരമായി അവളുടെ ആത്മാവിൽ കുത്തിക്കയറിയെങ്കിലും, കീറിമുറിച്ചെങ്കിലും, എന്റെ എല്ലാ പീഡകളിലും പങ്കുചേർന്ന ആ ദയയുള്ള ഹൃദയത്തെ വാഴ്ത്തുക… ലോകരക്ഷക്കായി, തന്റെ ഒരേയൊരു വത്സലപുത്രനെ ബലിയായി നൽകാൻ പിതാവിന് അനുവാദം കൊടുത്ത ആ സമർപ്പണം ; അത്രമാത്രം ദൈവഹിതത്തിനു കീഴടങ്ങിയ ആ ഹൃദയത്തെ വാഴ്ത്തുക .. ഒരു മാതാവിന്റെ ഉത്കണ്ഠയോടു കൂടി ശൈശവാവസ്ഥയിലുള്ള സഭക്ക് വേണ്ടി ഇടതടവില്ലാതെ പ്രാർത്ഥിച്ച ആ ഹൃദയത്തെ വാഴ്ത്തുക… അവസാനമായി, തന്റെ യോഗ്യതകൾ വഴി മനുഷ്യർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ കൃപകളും നേടിക്കൊടുക്കുന്ന, ഇടതടവില്ലാതെ പ്രാർത്ഥിക്കുന്ന അവളുടെ ഹൃദയത്തെ വാഴ്ത്തുക”…

സാത്താന്റെ കെണിയിൽ അകപ്പെടാതെ സുരക്ഷിതമായി ഇരിക്കാൻ ഈ യുഗാന്തസഭക്ക്‌ അമലോത്ഭവമാതാവിന്റെ വിമലഹൃദയത്തിൽ അഭയം തേടുന്നതാണ് ഏറ്റവും നല്ലത്.

“എന്റെ വിമലഹൃദയം നിങ്ങളുടെ സങ്കേതമായിരിക്കും. അത് നിങ്ങളെ ദൈവത്തിലേക്കാനയിക്കും”, എന്ന് പരിശുദ്ധ അമ്മ പറഞ്ഞ നിമിഷം ഫാത്തിമയിൽ ആ കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് അഭൗമമായ പ്രകാശം കടന്നു വന്നു. സാത്താനെതിരെ പട നയിക്കുന്ന പരിശുദ്ധ അമ്മ സൈന്യാധിപയായുള്ള ആത്മീയ യുദ്ധത്തിൽ നമുക്കും പങ്കുചേരാം. പ്രാർത്ഥന, പരിഹാരം, പ്രായശ്ചിത്തം എന്നിവയാണല്ലോ ഈ യുദ്ധക്കളത്തിലെ പ്രധാന ആയുധങ്ങൾ. ഫാത്തിമയിൽ നൽകിയ വാഗ്ദാനം പോലെ അന്ത്യത്തിൽ അമ്മയുടെ വിമലഹൃദയം വിജയം നേടുക തന്നെ ചെയ്യും. അത് സുനിശ്ചിതമാണ്.

എപ്പോഴും കന്യകയും അമലോത്ഭവയുമായ പരിശുദ്ധ അമ്മയുടെ വിമലഹൃദയമേ, ഈശോമിശിഹായുടെ തിരുഹൃദയം കഴിഞ്ഞാൽ സർവ്വശക്തനായ ദൈവം സൃഷ്‌ടിച്ച ഏറ്റവും നിർമ്മലവും പുണ്യപ്പെട്ടതും മഹിമയുള്ളതുമായ ഹൃദയമേ, എത്രയും സ്നേഹമുള്ളതും അലിവാൽ നിറയപ്പെട്ടതുമായ ഹൃദയമേ, നിന്നെ ഞങ്ങൾ വാഴ്ത്തുന്നു. നിന്റെ കനിവാൽ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു. അങ്ങയുടെ അപേക്ഷകളെ ഒരിക്കലും തള്ളിക്കളയാത്ത ഈശോയുടെ അടുക്കലേക്ക് ഞങ്ങളെ കൈപിടിച്ചു നയിക്കുന്ന നക്ഷത്രമായി എന്നും കൂടെയുണ്ടാകേണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും സങ്കേതവും, ദിവ്യഗുരുവിന്റെ പാഠങ്ങളെ ഞങ്ങൾ പഠിക്കുന്നതിനുള്ള പള്ളിക്കൂടവും നീയാകേണമേ. ഉപവിയുടെയും സമാധാനത്തിന്റെയും സിംഹാസനമേ, ഞങ്ങളുടെ ഹൃദയം ക്രമമല്ലാത്ത ആഗ്രഹങ്ങളാൽ വിരൂപമായതിനാൽ നിനക്ക് കാഴ്ച വെക്കുന്നതിന് യോഗ്യമല്ല, എങ്കിലും അതിനെ ശുദ്ധമാക്കി, പുണ്യപ്പെടുത്തി, ഈശോയോടുള്ള സ്നേഹത്താൽ നിറക്കണമേ.

വ്യാകുല വാളാൽ പിളർക്കപ്പെട്ട പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയമേ, എന്റെ ഹൃദയത്തിൽ സ്നേഹാഗ്നി കത്തിച്ചെരിയിക്കണമേ.

എന്റെ പൂർവ്വപാപങ്ങളുടെ ഓർമ്മ എന്നെ ഉപദ്രവിക്കുമ്പോൾ, ദയയുള്ള വിമലഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ. പരീക്ഷകൾ എല്ലാ ഭാഗത്തുനിന്നും എന്നെ ചുറ്റിവളഞ്ഞു ഭയപ്പെടുത്തുമ്പോൾ ദയയുള്ള വിമലഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ, ദുഃഖസങ്കടത്താൽ ഭാരപ്പെട്ട് അതിന്റെ കയ്പ്പ് എന്നിൽ നിറയുമ്പോൾ, ദയയുള്ള വിമലഹൃദയമേ എന്റെ രക്ഷയായിരിക്കണമേ.എന്റെ മരണസമയത്ത്, ദയയുള്ള വിമലഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ.

പരിശുദ്ധാത്മാവിന്റെ സ്നേഹമണവാട്ടിയെ, ഈ അപേക്ഷകളെല്ലാം നിന്റെ പ്രാർത്ഥനകളെ നിരാകരിക്കാത്ത ഈശോമിശിഹായുടെ തിരുമുഖത്തെ പ്രതി ഞങ്ങൾക്ക് തന്നരുളാൻ പിതാവിനോട് അപേക്ഷിക്കണമേ. ആമ്മേൻ.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment