ചെറുകഥ
വളരെ നീണ്ട ഒരു ഓപ്പറേഷന് ശേഷം സ്വന്തം മുറിയിലെ ചാരുകസേരയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു ഡോക്ടർ ഷീലാ സേവ്യർ.
കണ്ണുകൾ അടയ്ക്കാൻ അവർ ഭയപ്പെട്ടു. കാരണം അടുത്ത നിമിഷം നഴ്സ് സ്റ്റെല്ല ഏതെങ്കിലും ദുരന്ത വാർത്തയുമായി കടന്നു വരും എന്ന് അവർക്ക് തോന്നി. ആ തോന്നലുകൾ എപ്പോഴും ശരിയായിട്ടേയുള്ളൂ.
ചെറിയ കാര്യങ്ങൾ വരെ പൊലിപ്പിച്ച് പറയുന്നതിൽ സ്റ്റെല്ലയ്ക്കുള്ള കഴിവ് വിസ്മയാതീതമാണ്. കൈയിൽ ചെറിയ മുറിവുമായി ആശുപത്രിയിൽ എത്തിയ രോഗിയെ വരെ പറഞ്ഞു പേടിപ്പിച്ച് എല്ലാ പരിശോധനയ്ക്കും അയയ്ക്കുന്നതിനാൽ മാനേജുമെൻ്റിൻ്റെ പ്രിയങ്കരി.
അവരുടെ അഭിപ്രായത്തിൽ അടുത്ത നിമിഷം ഒരു സുനാമി സംഭവിക്കും. ഇല്ലെങ്കിൽ സംഭവിപ്പിക്കണം.
സ്റ്റെല്ല വരല്ലേ വരല്ലേ എന്ന് പ്രാർത്ഥിച്ച് ഇരുന്നപ്പോൾ സ്റ്റെല്ല ഒരു ചെറിയ ചിരിയോടെ പ്രത്യക്ഷപ്പെട്ടു. അതിനർത്ഥം നാളെ അവർക്ക് ലീവ് വേണമെന്നുള്ളതാണ് എന്ന് ഷീലയ്ക്ക് മനസിലായി. എന്തിന് ഒരു ദിവസം ആക്കണം ? സ്ഥിരമായിട്ട് എടുക്കൂ എന്ന ചിന്തയോടെ ഷീല അവരുടെ ആവശ്യം കേട്ട് അപ്പോൾത്തന്നെ സമ്മതിച്ചു.
മയക്കം കുറെ നീണ്ടപ്പോൾ ഫാർമസിയിൽ നിന്ന് വീണ്ടും ഒച്ച പൊന്തി. ഏതോ മരുന്നിൻ്റെ സ്റ്റോക്ക് തീർന്നു. അതിനു പകരം വേറെ കമ്പനിയുടെ മരുന്ന് കൊടുക്കാൻ പറ്റില്ല എന്ന വഴക്ക് അവിടെ നടക്കുകയാണ്.
ഷീലാ സേവ്യറിൻ്റെ സമീപം പ്രശ്നം എത്തി. ഷീലാ സേവ്യർ വേറെ മരുന്ന് കൊടുക്കാൻ നിർദേശിച്ചു. അത് ഇഷ്ടപ്പെടാതെ സ്റ്റെല്ല ഷീല ഡോക്ടറോട് ചൂടായി.
“ഇതിൻ്റെ ഭവിഷത്ത് ഡോക്ടർ അറിയാൻ പോകുന്നതേയുള്ളൂ. “
പെട്ടെന്ന് ഷീലാ ഡോക്ടർ സ്റ്റെല്ലയോട് ഇരിക്കാൻ പറഞ്ഞു. അവർ ഇരുന്നു.
“സ്റ്റെല്ല, ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. താൻ എല്ലാ കാര്യവും നന്നായി നോക്കിയും കണ്ടും ചെയ്യുന്നു.”
“അത് എനിക്ക് ആരും പറയാതെ തന്നെ അറിയാം.”
” അടുത്ത വർഷം ഞാൻ അറ്റാക്ക് വന്ന് മരിക്കും സ്റ്റെല്ല!”
“ങ്ങ് ഹേ… ഡോക്ടർ ഇ.സി.ജി എടുത്തോ ?”
“അതു മനസിലാക്കാൻ ഇ.സി.ജിയുടെ ആവശ്യം ഇല്ല. കാരണം ഓരോ നിമിഷവും എൻ്റെ കൊച്ചു ഹൃദയത്തിന് താങ്ങാൻ പറ്റാത്ത കാര്യങ്ങളാണ് നിങ്ങൾ എന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഓരോ വാർത്തയും കേൾക്കുമ്പോൾ എൻ്റെ ഹൃദയം പൊള്ളുന്നു. അതു കൊണ്ട് അല്പം സോഫ്റ്റായി ഒന്നു സംസാരിക്കാമോ?”
“അതു ശരി…. ഡോക്ടറിന് അറ്റാക്ക് വന്നാൽ ഞാൻ പ്രതിയാകുമോ ?”
“എനിക്ക് മാത്രമല്ല, നമ്മുടെ ഈ കൂട്ടായ്മയിൽ ആർക്കെങ്കിലും അസുഖം വന്നാലും തൻ്റെ സ്വാധീനം കാണും. കാരണം തനിക്ക് മുറിപ്പെടുത്താനുള്ള വരമാണ് ഉള്ളത്.”
പക്ഷേ ആ വാക്കുകൾ കേട്ടിട്ട് സ്റ്റെല്ലായ്ക്ക് ഒന്നും തോന്നിയില്ല. എങ്കിലും അവർ ചോദിച്ചു.
“ഞാൻ എന്തു ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത് ?”
“ഈ മുറിയിൽ വരുമ്പോഴെങ്കിലും ഒന്ന് സോഫ്റ്റായി പതുക്കെ സംസാരിക്കാമോ ? കുറച്ചു കാലം ജീവിക്കാനുള്ള മോഹം കൊണ്ട് ചോദിക്കുവാണ്.”
“ഒന്നും വിചാരിക്കരുത് ഡോക്ടർ. സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം കാര്യങ്ങൾ വെള്ളം ചേർക്കാതെ പറയണമെന്നാണ് എൻ്റെ അപ്പച്ചൻ പഠിപ്പിച്ചിട്ടുള്ളത്. അതു കൊണ്ട് സുഖിപ്പീര് ഒലിപ്പീര് വർത്തമാനം സ്റ്റെല്ല പറയില്ല. പിന്നെ ഒരു കാര്യം കൂടെ പറയാം. ഡോക്ടർ ഒത്തിരി ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. പക്ഷെ എന്തൊരു ലോല ഹൃദയമാ ഡോക്ടറിൻ്റേത്.
അതുകൊണ്ട് ഡോക്ടർ ഈ ജോലി ഉപേക്ഷിച്ച് വല്ല ലൈബ്രറിയിലും പോയി ജോലി നോക്കിയാൽ അനേക കാലം ജീവിക്കാം.”
“സ്റ്റെല്ലേ… അവിടെയും നിന്നെപ്പോലെ ഒരാൾ കൂട്ടിനുണ്ടെങ്കിൽ ഒരു ബുക്ക് കാണുന്നില്ല എന്നു പറഞ്ഞ് നരകം സൃഷ്ടിക്കും. പ്രശ്നം ജോലിയുടേതല്ല.”
“അതേ പ്രശ്നം ജോലിയുടെതല്ല… ഡോക്ടറിൻ്റെ തന്നെയാണ്.”
“സ്റ്റെല്ല!”
“ഇപ്പോഴെങ്കിലും ഡോക്ടറിന് ദേഷ്യം വന്നല്ലോ. അതു മതി. ഇതു പോലെയാണ് ഓരോ സാഹചര്യം വരുമ്പോൾ എനിക്ക് ദേഷ്യം വരുന്നത്. ഇപ്പോൾ ഞാൻ മനപ്പൂർവ്വം ഡോക്ടറെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചതാണ്. ക്ഷമിക്കണം.”
പെട്ടെന്ന് സ്റ്റെല്ല ഒരു ഫോൺ കോൾ വന്നു എന്നും പറഞ്ഞ് ഇറങ്ങിപ്പോയി. ഒരു മാറ്റവും സംഭവിച്ചില്ലെങ്കിലും സ്റ്റെല്ലയോട് പറയേണ്ട കാര്യങ്ങൾ പറയാൻ സാധിച്ചതിൽ ഡോക്ടറിന് സന്തോഷം തോന്നി. അവർ തൻ്റെ വാതിലിന് മുന്നിൽ താൻ നേരത്തെ തയ്യാറാക്കി വച്ച ബോർഡ് തൂക്കി.
“പതുക്കെ സംസാരിക്കുക. എൻ്റെ ഹൃദയം വളരെ സോഫ്റ്റാണ്.”
ജിൻസൺ ജോസഫ് മുകളേൽ CMF


Leave a comment