വെൻഡൽസ്റ്റൈൻ പള്ളി: ജർമ്മനിയിലെ ഏറ്റവും ഉയരമുള്ള ദൈവാലയം
ബവേറിയയിലെ റോസെൻഹൈം ജില്ലയിലെ വെൻഡൽസ്റ്റൈൻ മലമുകളിൽ സമുദ്രനിരപ്പിൽ നിന്ന് 1,790 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്കാ ദൈവാലയമാണ് ബവേറിയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പട്രോണ ബവേറിയയുടെ നാമത്തിലുള്ള ഈ മരിയൻ ദൈവാലയം അഥവാ വെൻഡൽസ്റ്റൈൻ പള്ളി.
മ്യൂണിക്കില കലാധ്യാപകനായിരുന്ന പ്രൊഫസർ മാക്സ് ക്ലീബർ ആണ് ആൽപൈൻ പർവ്വത നിരകളുടെ ഭാഗമായ വെൻഡൽസ്റ്റൈൻ മലയിൽ ഒരു ദൈവാലയം നിർമ്മിക്കാം എന്ന ആശയം മുന്നോട്ടു വച്ചത്. 1889 ജൂലൈ ഒന്നാം തീയതി ദൈവാലയ നിർമ്മിതിക്കു തറക്കല്ലിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷം ദീർഘിച്ചു. 1890 ഓഗസ്റ്റ് ഇരുപതാം തീയതി അന്നത്തെ
മ്യൂണിക്- ഫ്രൈസിംഗ് അതിരൂപതയിലെ മെത്രാപ്പോലീത്താ ആയിരുന്ന ആർച്ച് ബിഷപ്പ് അന്റോണിയസ് വോൺ തോമ ഈ ദൈവാലയം
പാട്രോണ ബവേറിയയ്ക്ക് ( പരിശുദ്ധ കന്യാകാ മറിയം) സമർപ്പിച്ചു കൂദാശ ചെയ്തു. ഇന്ന് ഈ ദൈവാലയം മ്യൂണിക്കിലെയും ഫ്രീസിംഗിലെയും അതിരൂപതയുടെ കീഴിലുള്ള ബ്രണ്ണൻബർഗിലെ സ്വർഗ്ഗാരോപിത മാതാവിൻ്റെ നാമധേയത്തിലുള്ള ഇടവകയുടെ ഒരു അനുബന്ധ പള്ളിയായി ഈ ആരാധനാലയം നിലകൊള്ളുന്നു. 2016- 2017 വർഷങ്ങളിൽ സമഗ്രമായ നവീകരണത്തിന് ഈ ദൈവാലയം വിധേയമായി.

യഥാർത്ഥ പള്ളിയോ കപ്പേളയോ?
1981-ൽ ഗാർമിഷ് പാറ്റൻകിർഷിലെ സുഗ്സ്പിറ്റ്സെ (Zugspitze)ൽ കൂദാശ ചെയ്യപ്പെട്ട കപ്പേളയാണ് ജർമ്മനിയിലെ ഏറ്റവും ഉയർന്നസ്ഥലത്തു സ്ഥിതിചെയ്യുന്ന ആരാധനാലയം. എന്നാൽ സഭയുടെ കാനൻ നിയമമനുസരിച്ച് വെൻഡൽസ്റ്റൈൻ പള്ളി ഒരു യഥാർത്ഥ പള്ളിയാണ് അതിന്റെതായ അതുല്യമായ പദവികൾ ഈ ആരാധനാലയത്തിനുണ്ട് . സഭാ നിയമനുസരിച്ച് കപ്പേളയെക്കാൾ പ്രാധാന്യവും അവകാശങ്ങളും പള്ളിക്കുണ്ട്.
വെൻഡൽസ്റ്റൈനിൽ മലയുടെ ഏറ്റവും മുകളിൽ ഒരു ചെറിയ ചാപ്പലുണ്ട്. 1718 ൽ ബൈറിഷ് സെല്ലിൽ നിന്നുള്ള ഒരു കർഷകൻ തൻ്റെ മൂടൽമഞ്ഞിൽ നഷ്ടപ്പെട്ട തന്റെ കുതിരകളെ കണ്ടെത്തിയതിൻ്റെ നന്ദി സൂചകമായി നിർമ്മിച്ചതാണ് ഈ കൊച്ചു ചാപ്പൽ . പ്രധാന പള്ളിയേക്കാൾ 170 വർഷത്തിലേറെ പഴക്കമുണ്ട് ഈ ആരാധനാലയത്തിന്.
മലമുകളില കുരിശ് (Gipfelkreuz)
1876ൽ ബൈറിഷ് സെല്ല് ഗ്രാമത്തിൽ നിന്നുള്ള 65 കർഷകരാണ് ആദ്യമായി വെൻഡൽസ്റ്റൈനിലെ മലമുകളിൽ കുരിശ് സ്ഥാപിച്ചത്. ആ കുരിശിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“മനോഹരമായ ഈ പ്രകൃതി ദൈവാലയത്തിൽ, നിങ്ങൾക്ക് മഹാനായ ദൈവത്തിന്റെ അടയാളം കാണാൻ കഴിയും, എന്നാൽ നിങ്ങൾക്ക് അവനെ അതിലും വലുതായി കാണണമെങ്കിൽ അവന്റെ കുരിശിനടുത്ത് നിൽക്കുക.”(Im schönen Tempel der Natur , siehst du die Spur des großen Gottes, doch willst du ihn noch größer sehen, so bleib bei seinem Kreuz stehen.)

ലോകമെമ്പാടുമുള്ള ആളുകളുടെ സംഭാവന
വെൻഡൽസ്റ്റൈൻ പള്ളിയുടെ നിർമ്മാണത്തിനു ധനം സമാഹരിക്കാൻ മാക്സ് ക്ലീബർ കഠിനമായി പരിശ്രമിച്ചു. അമേരിക്ക ഉൾപ്പെടയുള്ള പല രാജ്യങ്ങളിലും നിന്നും ഉദാരമതികളായവരെ ദൈവാലയ നിർമ്മിതിക്കായി കണ്ടെത്തി. ഈ ഉദാരമതികളുടെയെല്ലാം പേരുകൾ പള്ളിക്കുള്ളിലെ ഒരു ചുവരിൽ എഴുതിയിട്ടുണ്ട്. പണം നൽകിയ എല്ലാ സ്ഥലങ്ങളുടെയും ചിഹ്നം മനോഹരമായ നിറമുള്ള ഗ്ലാസ് ജനാലകളിൽ നമുക്കു കാണാൻ കഴിയും.
മ്യൂണിക്കിൽ നിന്നുള്ള കലാകാരന്മാർ പള്ളിക്കുള്ളിൽ മനോഹരമായ അലങ്കാരങ്ങൾ ഉണ്ടാക്കി. പള്ളി ഗോപുരത്തിന്റെ മുകളിലുള്ള സ്വർണ്ണ കുരിശ് ലുഡ്വിഗ് ബെക്ക് എന്ന ബിസിനസുകാരന്റെ സമ്മാനമായി നൽകിയതാണ്
ആൽപ്സിലെ ജീവനുള ആരാധനാലയം
മെയ് മുതൽ ഒക്ടോബർ വരെ, ഞായറാഴ്ച രാവിലെ 11:00 മണിക്ക് പ്രധാന പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നു. വേനൽക്കാല മാസങ്ങളിൽ വിവാഹിതരാകാൻ നിരവധി ദമ്പതികൾ ഈ സ്ഥലം തിരഞ്ഞെടുക്കുന്നു. എല്ലാ വർഷവും ആഗസ്റ്റിലെ അവസാന ഞായറാഴ്ചയാണ് പള്ളിയുടെ പ്രധാന തിരുനാൾ. ഇത് ബവേറിയയുടെ കൊടുമുടികളിൽ ആചരിക്കുന്ന വിശ്വാസത്തിന്റെ മറ്റൊരു പ്രധാന ആഘോഷമാണ്.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment