‘Spes Non Confundit’ | ആഗോള മിഷൻ ഞായർ

‘Spes Non Confundit’

‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’.

പ്രത്യാശയുടെ തീർത്ഥാടകർക്ക് ജൂബിലി വർഷത്തിലെ World Mission Sunday യുടെ theme ആയി തന്നിരിക്കുന്നതിൽ, പ്രത്യാശയുടെ മിഷനറിമാരാകാനുള്ള ക്ഷണമാണ് ലഭിച്ചിരിക്കുന്നത്.

‘Missionaries of Hope Among all Peoples’.

ദൈവം നമ്മെ നിയോഗിക്കുന്നിടത്തെല്ലാം പ്രത്യാശവാഹകരാകേണ്ടവരാണ് നമ്മൾ എന്നോർക്കാം. ഈ സാർവ്വത്രികദൗത്യം ഓരോ ക്രിസ്ത്യാനിക്കുമുള്ളതാണല്ലോ. ക്രിസ്തുവിനെ നോക്കിക്കൊണ്ട് ഓടാൻ, അവന്റെ കാലടികൾ പിന്തുടർന്ന്, അവൻ നൽകുന്ന പ്രത്യാശയിലേക്ക് മറ്റുള്ളവരെ നയിക്കാനുള്ള നീയോഗം.

കഴിഞ്ഞ വർഷത്തേപോലെ, ആരെയും ഒഴിവാക്കാതെയുള്ള ഉൾപ്പെടുത്തലിന്റെയും ഐക്യത്തിന്റെയും സന്ദേശം. മതിലുകൾ തച്ചുടച്ചു ഐക്യത്തിന്റെ പാലങ്ങൾ പണിയാൻ.

കർത്താവിന്‍റെ വചനം ശ്രവിച്ച്, അതിന് പ്രത്യത്തരമായി രക്തബന്ധത്തിനും, സംസ്കാരങ്ങൾക്കും, പ്രദേശങ്ങൾക്കും, ഗോത്രങ്ങൾക്കുമപ്പുറമുള്ള ഒരു വലിയ കുടുംബത്തിലെ അംഗങ്ങളാണെന്ന തിരിച്ചറിവിൽ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ അവര്‍ അതുവരെ അറിയാതിരുന്ന കുടുംബാംഗങ്ങളെ തേടിയിറങ്ങിയവരാണ് ആദിമകാലം മുതൽ നമുക്ക് മുൻപേ പോയിട്ടുള്ളവർ.

‘ഒരു മിഷനറി, സകലർക്കുമായുള്ള യേശുവിന്‍റെ അനുരഞ്ജനത്തിന്‍റെ ദാനം സ്വീകരിക്കാന്‍ കഴിയാതെ പോകുന്ന സഹോദരീ സഹോദരരെയും അമ്മമാരേയും തേടുന്ന എളിയ ഭിക്ഷുവാണ്’ എന്നാണ് ഫ്രാൻസിസ് പാപ്പ പറഞ്ഞിട്ടുള്ളത്. വിരുന്നൊരുക്കി, തെരുവിൽ നിന്ന് എല്ലാവരേയും വിരുന്നിന് ക്ഷണിക്കുന്ന ക്രിസ്തു നമ്മുടെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങളുടെ ഉറവിടവും പ്രചോദനവുമാണ്.

കർത്താവിന്‍റെ കുടുംബത്തിലെ ജീവന്‍റെ ഭാഗമാകാൻ തീരുമാനിക്കുമ്പോൾ നമ്മളെല്ലാം പ്രേഷിത ശിഷ്യരായി, മിഷനറിമാരായി മാറും. സുവിശേഷവൽക്കരണം എന്നത് നമ്മെ ഒറ്റ കുടുംബമാക്കുന്ന ദൈവപിതാവിന്‍റെ കരുണയുടെയും സൗഖ്യത്തിന്‍റെയും ആലിംഗനത്തിന് വാതിൽ തുറന്നുകൊടുക്കയാണെന്ന് മിഷനറി ശിഷ്യർ തിരിച്ചറിയുക തന്നെ വേണം.

ലോക മിഷൻ ഞായർ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ലെയോ പതിനാലാമൻ പാപ്പ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടല്ലോ. സഭയുടെ, പ്രത്യേകിച്ച് മിഷനറിമാരുടെ അപ്പസ്തോലിക പ്രയത്നങ്ങളുടെ ഫലപ്രാപ്തിക്ക് വേണ്ടി പ്രാർത്ഥിക്കാനും കഴിയുന്ന വിധത്തിലെല്ലാം പിന്തുണക്കാനും ഭൂമിയുടെ അറ്റം വരേയ്ക്കും പ്രത്യാശ പകരാനും പാപ്പ അഭ്യർത്ഥിച്ചു.

മിഷൻ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്സ്യായുടെ തിരുന്നാൾ ആഘോഷിക്കുന്ന ഒക്ടോബറിൽ തന്നെയാണ് മിഷൻ ഞായറും സഭ ആചരിക്കുന്നത്. 1926 ൽ പീയൂസ് പതിനൊന്നാം പാപ്പയാണ് മിഷൻ ഞായർ ആചരണം തുടങ്ങിവെച്ചത്. സുവിശേഷവല്ക്കരണ പ്രവൃത്തികളെ ആത്മീയമായും സാമ്പത്തികമായും സഹായിക്കാനുള്ള മാർഗ്ഗമായാണ് മിഷൻ ഞായർ ആഘോഷിക്കുന്നത്.

വിശുദ്ധ ജെറോം ഒരിക്കൽ പറഞ്ഞു, സുവിശേഷകനായ യോഹന്നാനോട് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചോദിച്ചത്രേ എന്തുകൊണ്ടാണ് സഹോദരസ്നേഹത്തെക്കുറിച്ച് അപ്പസ്‌തോലൻ ഇത്രയധികം സംസാരിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു, “നമ്മുടെ കർത്താവിന്റെ കല്പനയാണത്. മാത്രമല്ല നിത്യരക്ഷക്ക് ഈ ഒരു കല്പനയുടെ പൂർത്തീകരണം മാത്രം മതിയാകും”.

ജെനോവയിലെ വിശുദ്ധ കാതറിനോട് ഈശോ പറഞ്ഞു, “എന്റെ മകളെ, എന്നെ സ്നേഹിക്കുന്നവരെല്ലാം ഞാൻ സ്നേഹിക്കുന്ന സകലതിനെയും സ്നേഹിക്കും”. പിന്നീട് വിശുദ്ധ കാതറിൻ ഇങ്ങനെ പറഞ്ഞു, “ഒരു വ്യക്തി ദൈവത്തെ എത്ര മാത്രം സ്നേഹിക്കുന്നെന്ന് അറിയാൻ അയാൾ തന്റെ അയൽക്കാരനെ (സഹായം ആവശ്യമുള്ളവനെ) എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് നോക്കിയാൽ മതി”.

ക്രിസ്തുവിന്റെ സഭയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കേണ്ടത് മറ്റുള്ളവരുടേത് പോലെ സ്ഥാപനങ്ങളുടെ ശക്തിയും സംഘടിത പ്രവർത്തനങ്ങളുടെ കാര്യക്ഷമതയുമല്ല, ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസവും ക്രിസ്തുവിനെ അനുകരിക്കുന്ന ജീവിതരീതികളുമാണ്. യേശുശിഷ്യനടക്കം പലരും കടൽകടന്ന് വന്ന് പകർന്നതാണ് നമുക്ക് കൈമുതലായുള്ള വിശ്വാസം. മറ്റുള്ളവർക്ക് ക്രിസ്തുവിന്റെ രക്ഷയുടെ, പ്രത്യാശയുടെ, ഉപകരണമാവാനുള്ള കടമ നമുക്കുമുണ്ട്. പ്രവൃത്തിയില്ലാത്ത വിശ്വാസം അതിൽ തന്നെ നിർജ്ജീവമല്ലേ.

മുഖ്യദൂതനായ റഫായേൽ മാലാഖ തോബിയാസിനോട് പറഞ്ഞു, ‘ദാനധർമ്മം മരണത്തിൽ നിന്ന് രക്ഷിക്കുന്നു. അത് സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവർത്തിക്കുന്നവർ ജീവിതത്തിന്റെ പൂർണ്ണത ആസ്വദിക്കും’. (തോബിത് 12:9) ‘ദരിദ്രരോട് ദയ കാണിക്കുന്നവർ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും’. (സുഭാ 19:7) നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ലെങ്കിൽ കൂടി ദൈവത്തോട് അവർക്ക് വേണ്ടി ശുപാർശ ചെയ്യാനെങ്കിലും പറ്റും. പ്രാർത്ഥനയും ഒരു ദാനധർമ്മമാണ്.

സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ ആളുവഴിയും ചെറിയ പരിത്യാഗങ്ങൾ വഴിയും സാമ്പത്തികസഹായം വഴിയും പ്രാർത്ഥന വഴിയുമൊക്കെ പിന്താങ്ങാനുള്ള കടമ നമുക്കുണ്ട്.

ഇന്ത്യക്കു പുറത്തു മാത്രമല്ല നോർത്ത് ഇന്ത്യയിലും മറ്റും പരിഷ്‌കാരം ഇനിയും അധികം കടന്നുചെല്ലാത്തിടത്തു സേവനമനുഷ്ഠിക്കുന്ന അനേകം പേരുണ്ട്. അവർക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് വഴി പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനും മാറ്റങ്ങൾ ഉണ്ടാക്കാനും കഴിയും. ആദിവാസികളുടെയും ഗോത്രവർഗ്ഗക്കാരുടെയും ദളിതരുടേയുമൊക്കെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സ്റ്റാൻ സാമിമാരും റാണി മരിയമാരും ഉണ്ട്‌. ബൈബിൾ അവരവരുടെ ഭാഷകളിൽ വായിക്കാൻ എല്ലാവരെയും സഹായിക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ഫിയാത് മിഷൻ പോലുള്ളവ ഉണ്ട്‌ – നമുക്ക് പുറത്തു പോയി സഹായിക്കാൻ പറ്റാത്തപ്പോൾ അവർക്കുള്ള ചെറിയ സാമ്പത്തിക സഹായങ്ങൾ വഴി എങ്കിലും സുവിശേഷവൽക്കരണത്തിൽ പങ്കാളികളാവാൻ സാധിക്കും.

വ്യത്യസ്തകളുടെ പേരിൽ ആരെയും അകറ്റി നിർത്താതെ, ഉൾക്കൊള്ളാനും ചേർത്തു നിർത്താനും ഈ വേൾഡ് മിഷൻ സൺ‌ഡേ നമ്മെ പ്രചോദിപ്പിക്കട്ടെ.

എല്ലാവർക്കും ആഗോള മിഷൻ ഞായറിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു .

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment