Prayer of Exorcism | ബഹിഷ്കരണ പ്രാർത്ഥന

(പൈശാചിക ശക്തിയെ ചോർത്തി കളഞ്ഞ് മനുഷ്യന് ഉപദ്രവം ചെയ്യുന്നതിൽ നിന്നും അവനെ തടയുന്ന ഒരു ബഹിഷ്കരണ പ്രാർത്ഥനയാണ് ഇത്. ഭാഗ്യ സ്മരണാർഹനായ ലെയോ പതിമൂന്നാമൻ മാർപാപ്പ, ഈ പ്രാർത്ഥന പതിവായി ഉപയോഗിക്കുവാൻ വിശ്വാസികളോട് പ്രത്യേകിച്ച് വൈദികരോട് ആവശ്യപ്പെട്ടിരുന്നു. പൈശാചിക പ്രവർത്തനം സംശയിക്കത്തക്ക സാഹചര്യങ്ങൾ, കീഴടക്കാൻ അസാദ്ധ്യമെന്നു തോന്നുന്ന പ്രലോഭനങ്ങൾ, വിട്ടുമാറാത്ത ദുശ്ശീലങ്ങൾ, നിയന്ത്രണാതീതമായി അനുഭവപ്പെടുന്ന വൈകാരിക ക്ഷോഭങ്ങൾ, മാറാത്ത കലഹങ്ങൾ, മരുന്നുകൾ ഒന്നും ഫലിക്കാതെ തുടരുന്ന ചില രോഗങ്ങൾ, ക്ഷുദ്ര പ്രയോഗങ്ങൾ മുതലായവയിൽ നിന്നും ഈ പ്രാർത്ഥന വിശ്വാസപൂർവ്വം ഉപയോഗിക്കുന്നവർക്ക് ആശ്വാസവും ശക്തിയും ലഭിക്കും. ഉപവസിച്ചു പ്രാർത്ഥിക്കുന്നതാണ് ഏറ്റവും നല്ലത് (മാർക്കോസ് 9, 29) പശ്ചാത്തപിക്കുവാൻ തയ്യാറാകാതെ ബോധപൂർവ്വം പാപ അവസ്ഥയിൽ കഴിയുന്നവർ ഈ പ്രാർത്ഥന ഉപയോഗിക്കുന്നത് അപകടകരമാണ്.)

വിശുദ്ധ കുരിശിന്റെ അടയാളത്താൽ + ഞങ്ങളുടെ ശത്രുക്കളിൽ നിന്നും + ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ, ഞങ്ങളുടെ തമ്പുരാനെ + പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

മുഖ്യ ദൈവദൂതനായ വിശുദ്ധ മിഖായേലേ, സ്വർഗീയ സൈന്യങ്ങളുടെ ഏറ്റവും മഹത്വപൂർണ്ണനായ സൈന്യാധിപനേ, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാർക്കും, സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കും എതിരായുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങൾക്ക് തുണയായിരിക്കേണമേ. ദൈവം തന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ച്, വലിയ വില കൊടുത്ത് പിശാചിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച മനുഷ്യവർഗ്ഗത്തിന്റെ സഹായത്തിന് എത്തണമേ. തിരുസ്സഭ അങ്ങയെ അവളുടെ സംരക്ഷകനായി വണങ്ങുന്നു. രക്ഷിക്കപ്പെട്ട ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുവാനുള്ള ഉത്തരവാദിത്വം നമ്മുടെ കർത്താവ് അങ്ങയെ ആണല്ലോ ഭരമേൽപ്പിച്ചിരിക്കുന്നത്. അതിനാൽ വിശുദ്ധ മിഖായേലേ, സാത്താൻ ഇനി ഒരിക്കലും മനുഷ്യമക്കളെ ബന്ധനത്തിലാക്കി സഭയെ പീഡിപ്പിക്കുവാൻ ഇടയാകാതിരിക്കുന്നതിന് അവനെ അവിടുത്തെ തൃപ്പാദത്തിൻ കീഴിൽ ഞെരുക്കുന്നതിനായി സമാധാന ത്തിന്റെ ദൈവത്തോട് പ്രാർത്ഥിക്കണമേ. ഞങ്ങൾ ജപിക്കുന്ന ഈ പ്രാർത്ഥന അത്യുന്നത ദൈവസന്നിധിയിൽ അങ്ങ് തന്നെ സമർപ്പിക്കണമേ. അതുവഴി, ദൈവത്തിന്റെ കാരുണ്യം എത്രയും വേഗം ഞങ്ങളുടെ മേൽ ചൊരിയുവാൻ ഇടയാകട്ടെ. സാത്താനും പിശാചുമായ ആ പുരാതന സർപ്പത്തെ പിടിച്ചടക്കി ബന്ധിച്ച് അവൻ ഇനിയും ജനതകളെ വഞ്ചിക്കാതിരിക്കുവാനായി പാതാളത്തിലേക്ക് എറിയണമേ. (വെളിപാട് 20, 2) ആമ്മേൻ.

ഞങ്ങളുടെ കർത്താവും ദൈവവുമായ ഈശോമിശിഹായുടെ നാമത്തിൽ, ദൈവമാതാവായ അമലോത്ഭവ കന്യകാമറിയത്തിന്റെയും, മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മധ്യസ്ഥതയിൽ അഭയം ഗമിച്ച് (വൈദികരെങ്കിൽ – എൻറെ ശുശ്രൂഷ പൗരോഹിത്യത്തിന്റെ പരിശുദ്ധ ശക്തിയാലും) പിശാചിൻറെ ആക്രമണങ്ങളെയും വഞ്ചനകളെയും പരാജയപ്പെടുത്താൻ ഞങ്ങൾ പ്രത്യാശാപൂർവ്വം ഒരുമ്പെടുന്നു.

ദൈവം എഴുന്നള്ളി വരുമ്പോൾ അവിടുത്തെ ശത്രുക്കൾ ചിതറിക്കപ്പെടുന്നു. അവിടുത്തെ ദ്വേഷിക്കുന്നവർ പലായനം ചെയ്യുന്നു.

പുക മറഞ്ഞു പോകുന്നതുപോലെ അവർ അപ്രത്യക്ഷരാകുന്നു. തീയിൽ മെഴുക് എന്നതുപോലെ അവിടുത്തെ ശത്രുക്കൾ നശിക്കുന്നു. (സങ്കീർത്തനം 67)

കർത്താവിൻറെ കുരിശു കാണുമ്പോൾ ശത്രുക്കൾ ഭയപ്പെട്ട് ഓടുന്നു.

യൂദാ വംശത്തിന്റെ സിംഹം, ദാവീദിന്റെ സന്തതി; അവിടുന്ന് ശത്രുക്കളെ എല്ലാം കീഴടക്കി. (വെളിപാട് 5, 5)

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേൽ വർഷിക്കണമേ.

ഞങ്ങൾക്ക് അങ്ങയിലുള്ള വലുതായ പ്രത്യാശ പോലെ.

അശുദ്ധാത്മാക്കളേ പൈശാചിക ശക്തികളേ നാരകീയ ശത്രുക്കളേ എല്ലാ വഞ്ചക സമൂഹങ്ങളേ സാത്താന്റെ സംഘങ്ങളേ ഗണങ്ങളേ നിങ്ങൾ ആരായിരുന്നാലും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ നാമത്തിലും അവിടുത്തെ അധികാരത്തിലും ഞങ്ങൾ നിങ്ങളെ ബന്ധിച്ച്‌ ശാസിച്ച്‌ ബഹിഷ്കരിക്കുന്നു. ദൈവത്തിന്റെ തിരുസഭയിൽ നിന്നും ദൈവസദൃശ്യത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടതും ദിവ്യ ചെമ്മരിയാടിന്റെ അമൂല്യ രക്തത്താൽ പരിത്രാണം ചെയ്യപ്പെട്ടതുമായ മനുഷ്യാത്മാക്കളിൽ നിന്നും ബഹിഷ്കൃതനായി പലായനം ചെയ്യുക. ഏറ്റവും സൂത്രശാലയായ നാരകീയ സർപ്പമേ, ഇനി ഒരിക്കലും മാനവകുലത്തെ വഞ്ചിക്കുവാനും, സഭയെ പീഡിപ്പിക്കുവാനും, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ മർദ്ദിക്കുവാനും, അവരെ ഗോതമ്പ് പോലെ കൊഴിക്കുവാനും നീ വ്യാമോഹിക്കേണ്ട. നിന്റെ അതിരറ്റ അഹന്തയിൽ ആരോട് തുല്യനാണെന്ന് നീ അവകാശപ്പെടുന്നുവോ, ആ അത്യുന്നത ദൈവം നിന്നോട് കൽപ്പിക്കുന്നു. ആ ദൈവം എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണം എന്നും സത്യം ഗ്രഹിക്കണമെന്നും ആഗ്രഹിക്കുന്നു. (1 തിമോത്തി 2, 4) പിതാവായ ദൈവം നിന്നോട് കൽപ്പിക്കുന്നു. പുത്രനായ ദൈവം നിന്നോട് കൽപ്പിക്കുന്നു. പരിശുദ്ധാത്മാവായ ദൈവം നിന്നോട് കൽപ്പിക്കുന്നു. നിന്റെ അസൂയ നിമിത്തം നീ മനുഷ്യവംശത്തിന് ചെയ്ത നാശത്തെ അതിലംഘിക്കുവാൻ ദൈവവചനമായ ക്രിസ്തു മനുഷ്യനായി അവതരിച്ച് മരണംവരെ അനുസരണം ഉള്ളവനായി ഞങ്ങളുടെ വംശത്തെ രക്ഷിച്ചു. (ഫിലിപ്പി 2, 8) തന്റെ സഭയെ ഉറപ്പുള്ള പാറമേൽ സ്ഥാപിക്കുകയും ലോകാവസാനം വരെ എല്ലാ നാളുകളിലും അവളോട് കൂടെ വസിക്കുന്നതിനാൽ (മത്തായി 28, 20) നരക വാതിലുകൾ അവൾക്കെതിരായി പ്രബലപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മിശിഹാ നിന്നോട് കൽപ്പിക്കുന്നു; പരിശുദ്ധ കുരിശിന്റെ അടയാളം നിന്നോടു കൽപ്പിക്കുന്നു; അപ്രകാരം തന്നെ ക്രിസ്തീയ വിശ്വാസങ്ങളുടെ ശക്തിയും നിന്നോട് കൽപ്പിക്കുന്നു.

മഹത്വപൂർണ്ണയും ദൈവമാതാവും തന്റെ എളിമയിൽ ഉത്ഭവത്തിന്റെ പ്രതിമക്ഷണത്തിൽ തന്നെ അമലോത്ഭവയും നിന്റെ ഗർവിഷ്ടമായ തലയെ തകർത്ത സ്വർഗ്ഗ രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയം നിന്നോട് കൽപ്പിക്കുന്നു. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും മറ്റ് അപ്പസ്തോലന്മാരുടെയും വിശ്വാസം നിന്നോട് കൽപ്പിക്കുന്നു; വേദസാക്ഷികളുടെയും എല്ലാ വിശുദ്ധരുടെയും പ്രത്യേകിച്ച് ….. ന്റെയും ഭക്തിപൂർവ്വമായ മാദ്ധ്യസ്ഥതയും നിന്നോട് കൽപ്പിക്കുന്നു.

ഇപ്രകാരം ശപിക്കപ്പെട്ട ഭീകര സർപ്പമേ പൈശാചിക സമൂഹങ്ങളേ സജീവ ദൈവനാമത്തിൽ സത്യദൈവനാമത്തിൽ പരിശുദ്ധമായ ദൈവനാമത്തിൽ തന്റെ ഏക പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ അവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് അവിടത്തെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവനാമത്തിൽ (യോഹന്നാൻ 3, 16) ഞങ്ങൾ നിങ്ങളെ ശപിക്കുന്നു. മനുഷ്യരെ വഞ്ചിക്കുകയും, അവരിൽ നിത്യനാശത്തിന്റെ വിഷം വർഷിക്കുകയും, സഭയെ ഉപദ്രവിക്കുകയും, അവളുടെ സ്വാതന്ത്ര്യത്തെ നിഹനിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുവാൻ നിങ്ങളോട് ഞങ്ങൾ കൽപ്പിക്കുന്നു. സകല വഞ്ചനയുടെയും ഉപജ്ഞാതാവും ഉടമയും മനുഷ്യരക്ഷയുടെ ശത്രുവുമായ സാത്താനെ നീ പോവുക. നിന്റെ പ്രവർത്തനങ്ങൾ യാതൊന്നും മിശിഹായിൽ ഇല്ല. അവിടുത്തേക്ക് നീ ആധിപത്യം നൽകുക. അവിടുത്തെ തിരുരക്തത്തിന്റെ വിലയാൽ വീണ്ടെടുത്ത ഏകവും, പരിശുദ്ധവും, കത്തോലികവും, അപ്പസ്തോലികവുമായ തിരുസഭയുടെ മുമ്പാകെ നീ മാറി കൊടുക്കുക. ദൈവത്തിന്റെ സർവ്വശക്തമായ കരങ്ങളിൽ നീ അമരുക. ഞങ്ങൾ ഈശോമിശിഹായുടെ പരിപാവനവും ഭയഭക്തിജനകവുമായ തിരുനാമം വിളിച്ചപേക്ഷിക്കുന്നത് കേട്ട് നീ ഭയന്ന് വിറച്ച് നീ പലായനം ചെയ്യുക. സ്വർഗ്ഗ ദൂതഗണങ്ങളായ ബലവത്തുകളും, നാഥകൃത്യന്മാരും, ഭദ്രാസനന്മാരും സവിനയം ഈ തിരുനാമത്തോട് വിധേയത്വയമുള്ളവരാണ്. ക്രോവേന്മാരും സ്രാപ്പേൻമാരും ഈ തിരുനാമത്തെ പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധൻ എന്ന് നിരന്തരം പാടി സ്തുതിക്കുന്നു.

കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ.

എന്റെ നിലവിളി അങ്ങേ പക്കലെത്തട്ടെ.

കർത്താവ് നിങ്ങളോട് കൂടി ഉണ്ടായിരിക്കട്ടെ.

അങ്ങയുടെ (നിങ്ങളുടെ) ആത്മാവോടും കൂടി ഉണ്ടായിരിക്കട്ടെ.

നമുക്ക് പ്രാർത്ഥിക്കാം

സ്വർഗ്ഗസ്ഥനായ ദൈവമേ, ഭൂമിയെ പരിപാലിക്കുന്ന കർത്താവേ, മാലാഖമാരുടെയും, മുഖ്യ ദൂതന്മാരുടെയും, പൂർവ്വ പിതാക്കന്മാരുടെയും, പ്രവാചകന്മാരുടെയും, അപ്പസ്തോലന്മാരുടെയും, വേദസാക്ഷികളുടെയും ദൈവമേ, മരണാനന്തര ജീവനും ജോലിക്ക് ശേഷം വിശ്രമവും നൽകുവാൻ ശക്തനുമായ ദൈവമേ, അങ്ങല്ലാതെ വേറെ ദൈവമില്ല; ഉണ്ടാകുവാനും സാധ്യമല്ല. എന്തെന്നാൽ അങ്ങ് ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സൃഷ്ടാവാണ്. അങ്ങയുടെ ഭരണത്തിന് അവസാനമില്ല. ഞങ്ങൾ അങ്ങയുടെ മഹത്വപൂർണ്ണമായ തിരുസന്നിധിയിൽ വിനയപൂർവ്വം സാഷ്ടാംഗ പ്രണാമം ചെയ്യുന്നു. അങ്ങയുടെ ശക്തിയാൽ നാരകീയ അരൂപികളുടെ ആധിപത്യത്തിൽ നിന്നും തന്ത്രങ്ങളിൽ നിന്നും വ്യാജങ്ങളിലും ക്രൂരമായ വഞ്ചനകളിലും നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമ്മേൻ.

കർത്താവേ, പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. അങ്ങയുടെ സമാധാനത്തിലും സ്വാതന്ത്ര്യത്തിലും അങ്ങേക്ക് സേവനമനുഷ്ഠിക്കുവാൻ തിരുസഭയെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

അങ്ങയുടെ സഭയുടെ എല്ലാ ശത്രുക്കളെയും തകർക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

(വെഞ്ചരിച്ച പനിനീർ തളിക്കുന്നു.)

മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തല തകർക്കാനുള്ള ശക്തി അങ്ങേക്കുണ്ട്. ദൈവത്തിൽ നിന്ന് അതിനുള്ള കൽപ്പനയും അങ്ങേക്കുണ്ടല്ലോ. ആകയാൽ അങ്ങയുടെ സ്വർഗീയ ദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിന് അയക്കണമേ എന്ന് ഞങ്ങൾ വിനയപൂർവ്വം അപേക്ഷിക്കുന്നു. അവർ അങ്ങയുടെ കല്പന അനുസരിച്ചും അങ്ങയുടെ ശക്തിയാലും നാരകീയ ശക്തികളെ പിന്തുടർന്ന് തോൽപ്പിച്ച് നരകാഗ്നിയിൽ തള്ളട്ടെ. ദൈവത്തെപ്പോലെ ആരുണ്ട്? മാലാഖമാരെ, മുഖ്യ ദൂതന്മാരെ ഞങ്ങളെ കാത്തു രക്ഷിക്കണമേ. കരുണയുള്ള നല്ല അമ്മേ, അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ദൈവമാതാവേ, അങ്ങയുടെ മാലാഖമാരെ അയച്ച്‌ ഞങ്ങളെ ദുഷ്ടാരൂപികളിൽ നിന്നും കാത്തുകൊള്ളേണമേ. ആമ്മേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment