എറണാകുളം വികാരിയാത്തിനെ 1896 മുതൽ 1919 വരെ നയിച്ച പുളിങ്കുന്ന് ഇടവക്കാരനായ മാർ ളൂയിസ് പഴയ പറമ്പിൽ പിതാവ് ![]()
![]()
![]()
![]()
![]()
![]()
ഒരുകാലത്ത് കുട്ടനാടിന്റെ വെനീസ് ആയിരുന്ന പ്രദേശമായിരുന്നു പുളിങ്കുന്ന്. നിരവധി മഹാന്മാർക്ക് ജന്മം നൽകിയ നാടാണ് പുളിങ്കുന്ന്.
1847 മാർച്ച് 25-ന് കുട്ടനാട്ടിലെ പുളിങ്കുന്ന് ദേശത്ത് പഴേപറമ്പിൽ തറവാട്ടിൽ മാത്തൻ മാമ്മൻ്റെയും ത്രേസ്യായുടെയും ആദ്യ സന്താനമായി മാർ ളൂയിസ് ജനിച്ചു
കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോൾ പഴയ പറമ്പിൽ തറവാട്ടിലെ മുഴുവൻ സ്വത്തുക്കളുടെയും ഉടമയായിരുന്ന കൊച്ചു മാത്തൻ അതെല്ലാം ഉപേക്ഷിച്ച് മാന്നാനത്ത് സ്ഥാപിതമായ കർമ്മലീത്താ മൂന്നാം സഭയിൽ അംഗമാകാൻ ആഗ്രഹിക്കുകയും മാതാപിതാക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ
1861 ഒക്ടേബർ മാസത്തിൽ മാന്നനത്തെ സെമിനാരിയിൽ ചേരുകയും 24 മത്തെ വയസ്സിൽ 1870 ഡിസംബർ 4 -ന് വൈദികനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.
1887 ൽ സുറിയാനി ക്രിസ്ത്യാനികൾക്ക് വേണ്ടി സ്ഥാപിതമായ കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായ ചാൾസ് ലെവീഞ്ഞ് മെത്രാന്റെ സെക്രട്ടറിയായി നിയമതനായ ളൂയിസ് പഴയ പറമ്പിൽ 1896 ൽ സ്ഥാപിതമായ എറണാകുളം വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിതനാകുകയും 23 വർഷത്തോളം ഈ വികാരിയാത്തിനെ ഭരിക്കുകയും ചെയ്തു.
1919 ഡിസംബർ 9-ാം തീയതി രാവിലെ 7 മണിക്ക് ശേഷം സുറിയാനി സഭയുടെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ഈ മഹാപുരുഷൻ തൻ്റെ സൃഷ്ടാവിന്റെ സന്നിധിയിലേക്ക് യാത്രയായി. ശവസംസ്കാരം ബുധനാഴ്ച നിർവഹിക്കപ്പെടുകയും ഈ കർമ്മത്തിൽ നിരവധി ആളുകൾ പങ്കെടുക്കുകയും ചെയ്തു.
മാർ ളൂയിസ് മെത്രാൻ്റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിൻ്റെ സഹായമെത്രാനായ മാർ അഗസ്റ്റിനോസ് കണ്ടത്തിൽ പ്രസിദ്ധീകരിച്ച ഇടയ ലേഖനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു
” സ്വന്തം റീത്തിൽ മെത്രാന്മാരെ ലഭിപ്പാൻ വ്യവസ്ഥാപിതവും ന്യായാനുസൃതവുമായ മാറ്റങ്ങളിലൂടെ നിരന്തരപരിശ്രമങ്ങൾ ചെയ്തുകൊണ്ടിരുന്ന നമ്മുടെ മഹാന്മാരിൽ ഈ വന്ദ്യപിതാവ് അഗ്രഗണ്യനായിരുന്നു
പക്ഷികൾക്ക് അവയുടെ കൂടുകളും നരികൾക്ക് അവയുടെ മാളങ്ങളുമുണ്ട് മനുഷ്യപുത്രനാകട്ടെ തൻ്റെ തലചായ്പാൻ സ്ഥലമില്ല എന്നു തൻ്റെ ദിവ്യയജമാനനെക്കുറിച്ചുള്ള
സുവിശേഷവാക്യം മെത്രാനായിവന്ന ഈ പിതാവിനു എത്രയും യോജിച്ചിരുന്നു. പുതിയതായി ഏർപ്പെടുത്തപ്പെട്ട് അത്യാവശ്യകങ്ങളായ വകകളും സ്ഥാപനങ്ങളും പോലുമില്ലാതെ കേവലം നാമമാത്രമായ ഈ വികാരിയാത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം ഈ പിതാവിനെ ഏല്പിച്ചതിൽനിന്നു പരിശുദ്ധസിംഹാസനം അവിടുത്തെനേരെ കാണിച്ച മതിപ്പും വിശ്വാസവും അനല്പമായിരുന്നെന്നു ഗ്രഹിക്കാം………….
1937 -ൽ പ്രസിദ്ധീകരിച്ച മാർ ളൂയിസ് പഴയ പറമ്പിൽ ജീവിതവും കാലവും എന്ന പുസ്തകത്തിൽ ഐസി ചാക്കോ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു
” മാർ ളൂയിസിന്റെ ശരീരം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിൻ്റെ സിംഹാസനപ്പള്ളിയായ എറണാകുളം സുറിയാനിപ്പള്ളിയുടെ മധുബഹായുടെ മദ്ധ്യത്തിലാണ്. പഴേ പറമ്പിലെ ചെലവിൽ പണിചെയ്യപ്പെട്ട ഒരു ചെമ്പുപെട്ടിയിൽവെച്ചാണ് ശരീരം സംസ്കരിക്കപ്പെട്ടിരിക്കുന്നത്. തൻ്റെ ശരീരം പുളിങ്കുന്നിൽ തൻ്റെ മാതാപിതാക്കന്മാരുടെ ശരീരങ്ങൾ അടക്കപ്പെട്ടിരിക്കുന്നിടത്ത് നിക്ഷേപിക്കപ്പെടണമെന്ന് മാർ ളൂയിസിനു താല്പര്യമുണ്ടായിരുന്നു. എന്നാൽ എറണാകുളം മിസ്സത്തിലെ ആളുകൾ അദ്ദേഹത്തിൻ്റെ ശരീരം പുളിങ്കുന്നിലേക്കു കൊണ്ടുപോകുവാൻ സമ്മതിക്കാതെ വന്നേക്കാമെന്നും ആയതു കൊണ്ട് തൻ്റെ അസ്ഥിയെങ്കിലും പിന്നെയൊരുകാലത്തു മാതാപിതാക്കന്മാരുടെ കുഴിമാടത്തിൽ നിക്ഷേപിക്കണമെന്നും അദ്ദേഹം തൻറ അവകാശികളോടു പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് ശരീരം പ്രത്യേകം ചെമ്പുപെട്ടിയിൽവെച്ച് അടക്കിയിരിക്കുന്നത്.”
മാർ ളൂയിസ് പഴയ പറമ്പിൽ പിതാവിനെ കബറടക്കിയ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലുള്ള സ്മാരകശിലയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“പരിശുദ്ധ കന്യകാമറിയത്തിന് സവിശേഷമാവിധം സമർപ്പിക്കപ്പെട്ട മേലധ്യക്ഷൻ, ലളിതമായ ജീവിതശൈലിയും മിതത്വത്തിൻ്റെ രീതികളോടുമൊപ്പം സ്വന്തം റീത്തിൻ്റെ അവകാശങ്ങൾക്കും രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും വേണ്ടി നിലകൊണ്ട മഹാനായ ഈ ഭാരതീയൻ വിവേകിയായ കർമ്മയോഗിയും പണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും ചരിത്രകാരനും നയതന്ത്രജ്ഞനും ആയിരുന്നു.”
മാർ ളൂയിസ് മെത്രാൻ്റെ മരണത്തെത്തുടർന്ന് 19/12/1919 ൽ നസ്രാണിദീപികയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഐസി ചാക്കോ എഴുതിയ മാർ ളൂയിസ് പഴയ പറമ്പിൽ ജീവിതവും കാലവും എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് അതിപ്രകാരമാണ്
” കാലം ചെയ്ത പഴേപറമ്പിൽ മാർ ളൂയിസ് മെത്രാനച്ചൻ തിരുമനസ്സുകൊണ്ട്
എറണാകുളം വികാരി അപ്പോസ്തോലിക്കാ നി. വ. ദിവ്യ ശ്രീ മാർ ളൂയിസ് മെത്രാനച്ചൻ തിരുമനസ്സുകൊണ്ട് ഇന്നു രാവിലെ 8 മണിക്ക് പരലോകപ്രാപ്തനായെന്നു കമ്പികിട്ടിയിരിക്കുന്ന വിവരം അപാരമായ വ്യസനത്തോടു കൂടി വായനക്കാരെ അറിയിച്ചുകൊള്ളുന്നു. മരണകാരണമായ ആന്ത്രരോഗം ഇദ്ദേഹത്തെ ബാധിച്ചിട്ട് അനേക കൊല്ലങ്ങളായിട്ടുണ്ടെങ്കിലും, ദിനചര്യയിലുള്ള നിഷ്ഠയും. നിരന്തരമായ ചികിത്സയും നിമിത്തം മന്ദീഭവിച്ചുകിടന്നിരുന്ന ആ രോഗം രണ്ടാഴ്ചകൾക്കുമുമ്പു് അസാധാരണമായ വിധത്തിൽ വർദ്ധിക്കുകയുണ്ടായി. ഡോക്ടർ കൂംബ്‌സിൻ്റെ പ്രത്യേക ചികിത്സയിൽ രോഗത്തിനും ഏറെക്കുറെ ശമനം കണ്ടിരുന്നു എങ്കിലും ദൈവനിശ്ചയം അലംഘ്യമാണെന്നുള്ളതിനെ തെളിയിക്കുവാനോ എന്നു തോന്നുമാറ്, പെട്ടെന്നു” ഇങ്ങനെ പര്യവസാനിക്കയാണ് ഉണ്ടായതെന്നു പറഞ്ഞാൽ കഴിഞ്ഞുവല്ലൊ. മെത്രാനച്ചനു രോഗം കലശലായിരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞതുമുതൽ നി. വ. ദിവ്യശ്രീമാന്മാരായ ചങ്ങനാശേരി, കോട്ടയം മിസ്സങ്ങളുടെ മെത്രാനച്ചന്മാർ മുതലായി അനേകായിരം ആളുകൾ തിരുമനസ്സിലെ ചെന്നു കാണുകയും, അവിടത്തെ ദീനസ്ഥിതി എവ്വിധം ഇരിക്കുന്നു എന്നന്വേഷിച്ചറിയുകയും ചെയ്തുകൊണ്ടാണിരുന്നത്. തിരുമനസ്സിലെ ശീലായ്മക്കു വളരെ ശമനം ഉണ്ടെന്നു കേട്ട സമാശ്വസിച്ചിരുന്ന അനേകലക്ഷം ജനങ്ങൾക്കും, ആകസ്മികമായ ഈ ചരമോദന്തം എത്ര മർമ്മഭേദകമായിരിക്കുമെന്ന പ്രത്യേകം പറയേണ്ടതായിട്ടില്ല. പുളിങ്കുന്നിൽ സമ്പൽസമൃദ്ധികൊണ്ടും കുലീനത്വം കൊണ്ടും സുപ്രസിദ്ധമായ പഴേപറമ്പിൽ കടുംബത്തിൽ മാമ്മൻ ത്രേസ്യാ എന്നീ മാതാപിതാക്കന്മാരുടെ ഏകപുത്ര സന്താനമായിരുന്നു ഇദ്ദേഹം. ജനിച്ചത് 1847 മാർച്ച് 25-ാം തീയതി ആകയാൽ മരിക്കുമ്പോൾ പ്രായം 73 വയസ്സിനോടു സമീപിച്ചിരുന്നുവെന്നു സ്പഷ്ടമാണല്ലൊ. സന്യാസ ജീവിതത്തിൽ പ്രവേശിക്കണമെന്നു ബാല്യം മുതൽക്കേ അവിടത്തേയ്ക്കുണ്ടായിരുന്ന മോഹത്തിന് മാതാപിതാക്കന്മാരിൽനിന്ന് പലേ പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും, അതുകൊണ്ടൊന്നും സ്വനിശ്ചയം വ്യതിചലിക്കാതിരുന്നതിനാൽ അവർ ഒടുവിൽ സമ്മതിക്കയും അങ്ങനെ ക. നി. മൂ. സഭയിൽ പ്രവേശിക്കയും ചെയ്തു. മാതാപിതാക്കന്മാരുടെ പ്രതിബന്ധങ്ങൾ തീർക്കുന്നതിനും അവരുടെ സന്തോഷപൂർവമായ അനുമതി, സിദ്ധിക്കുന്നതിനും വേണ്ടി സുപ്രസിദ്ധനായ ലെപ്പോൾദ് ബക്കാറോ എന്ന കർമ്മലീത്താ മിഷ്യനറിയുടെ പ്രത്യേക സഹായങ്ങൾ ഉണ്ടായിട്ടുണ്ടെന്നുള്ളതും സ്മരണീയമാണ് വൈദികപഠനങ്ങളെല്ലാം കൂനമ്മാവ് കൊവേന്തയിൽവച്ചു പൂർത്തിയായി ഗുരുപ്പട്ടമേറ്റശേഷം അവിടുന്നു മാന്നാനം എൽത്തുരുത്ത്. എന്നീ സെമ്മനാരികളിൽ ഏതാനും കൊല്ലങ്ങളോളം റക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട്. അക്കാലത്ത് സുറിയാനിക്കാർക്കും സ്വന്തമായി
മെത്രാനെ കിട്ടേണ്ടതിനുള്ള ശ്രമങ്ങൾ നടന്നിരുന്നതിനാൽ അതിൽ ഇദ്ദേഹവും ചേർന്നു ഊർജ്ജസ്വലതയോടെ പ്രവർത്തിക്കയുണ്ടായി. തൽഫലമായി സഭയിൽ നിന്നും ബഹിഷ്കൃതരായ ഏഴു വൈദികരിൽ ഇദ്ദേഹവും ഒരാളായിരുന്നു എന്നുള്ളത് പ്രസ്താവയോഗ്യമാണ്. സഭയിൽനിന്നു ബഹിഷ്‌കൃതനായെങ്കിലും തന്മൂലം അധൈര്യപ്പെടാതെ റോമയിലേക്കുള്ള ഹർജികൾ മുറയ്ക്ക് അയച്ചുകൊണ്ടു തന്നെ ഇരിക്കയും ഒടുവിൽ കാര്യം സാധിക്കയുമുണ്ടായി. ഇദ്ദേഹം 1888-ൽ ഡോക്ടർ ലെവീഞ്ഞു മെത്രാനച്ചൻറെ സെക്രട്ടറി സ്ഥാനത്തിൽ നിയമിതനാകയും അദ്ദേഹത്തിൻ്റെ ശീമയ്ക്കുള്ള യാത്രയിൽ ഒന്നിച്ചുപോവുകയും അവിടെവെച്ച ഇദ്ദേഹം 1896 ആഗസ്റ്റ്‌മാസം 11-ാം തീയതി എറണാകുളം മെത്രാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആയാണ്ട് ഒക്ടോബർ 25-ാം തീയതി കാണ്ടിയിൽ വച്ച് ദെലഗാദപ്പൊസ്തോലിക്കാ മോൺസിഞ്ഞോർ സേലസ്ക്കി തിരുമേനിയാൽ അവിടുന്നു മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1905- ൽ മെത്രാനച്ചൻ രണ്ടാമതും റോമയ്ക്കു പോയി പത്താം പീയൂസ് മാർപാപ്പാ തിരുമനസ്സിലെ സന്ദർശിക്കുകയും സ്വന്തമിസ്സത്തിൻറെ നന്മക്കും സുറിയാനിപ്പള്ളികളുടെ പൊതുഗുണത്തിനും വേണ്ടി പല യത്നങ്ങൾ ചെയ്കയുമുണ്ടായി. സുറിയാനി ”തക്സാ”യിൽ പുതിയ തിരുനാളകൾ ചേർക്കുന്നതിനുള്ള അനുമതി സിദ്ധിച്ചത് ഈ യത്നങ്ങളിൽ ഒന്നിൻെറ ഫലമായിട്ടാണ്. ഇററാലിയൻ ഭാഷയിൽനിന്ന് ലെപ്പോൾദ്ബക്കാറോ മിഷ്യനറിയാൽ ഭാഷാന്തരീകൃതമായ വൈദികരുടെ ആത്മീയധ്യാനപ്രബന്ധം ഇദ്ദേഹം നന്നാക്കി പ്രസിദ്ധീകരിക്കയും അതു വൈദികർക്കു വളരെ ഉപകാരകാരകമായി പരിണമിക്കയും ചെയ്തിട്ടുണ്ട്. എറണാകുളം മിസ്സം നാം ഇപ്പോൾ കാണുന്ന പ്രശസ്തതരമായ സ്ഥിതിയിൽ ആയിട്ടുള്ളത് ളൂയിസ് മെത്രാനച്ചൻ്റെ നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമഫലമായിട്ടാണെന്നുള്ളത് കൃതജ്ഞതാപൂർവം സ്മരിക്കേണ്ടതാകുന്നു. മേലാലുള്ള മിസ്സത്തിൻറ സുസ്ഥിരവും ശ്രേയസ്ക്കരവുമായ നടത്തിപ്പിനായി വലിയൊരു സംഖ്യ മൂലധനവും ഇദ്ദേഹം സഞ്ചയിച്ചുവച്ചിട്ടുണ്ട്. എറണാകുളത്ത് ഇപ്പോൾ കാണുന്ന ഗംഭീരവും വിശാലവുമായ അരമനയും, ആലുവായിലെ മനോഹരമായ ഇംഗ്ളീഷ് ഹൈസ്കൂളും, മിസ്സത്തിൽ പലേടത്തായുള്ള കന്യകാമഠങ്ങളും മറ്റും മെത്രാനച്ചൻറ സ്മാരകമായി പരിലസിക്കുന്നതാണ്. മലയാളത്തിലെ സുറിയാനിസഭയെപ്പറ്റി സാമാന്യാതീതമായ ചരിത്രജ്ഞാനം ഇദ്ദേഹത്തിനുണ്ടായിരുന്നു. പ്രത്യേകം കടശികാലങ്ങളിൽ സുറിയാനിമെത്രാനെ കിട്ടുന്നതിനായി നടത്തപ്പെട്ട എഴുത്തു കുത്തുകൾ, സംബന്ധിച്ചുള്ള സകല റിക്കാർട്ടുകളും ഇദ്ദേഹം സംഗ്രഹിച്ചുവയ്ക്കയും അതിൽ ആദ്യഭാഗം പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ട്. അന്തിമഭാഗം യഥോപിതം പ്രസിദ്ധീകരിക്കുന്നതിനായി ചരിത്രകാരനായ ക. നി. മു. സ. ബ. ബർ ണാർദച്ചൻ അവർകളെ ഇപ്പോഴത്തെ രോഗശയ്യയിൽവച്ചു ഭരമേല്പിക്കയുണ്ടായെന്നുള്ളതും പ്രസ്താവനീയമാകുന്നു. പലതുകൊണ്ട് ആലോചിച്ചാലും ളൂയിസ് മെത്രാനച്ചൻ ഒരു യഥാത്ഥ മഹാനായിരുന്നു എന്നു തെളിയുന്നതാണ്. അദ്ദേഹത്തിൻ്റെ കുശാഗ്രബുദ്ധിയും അവലോകനാശക്തിയും ഭരണനൈപുണ്യവും മതാഭിമാനവും അന്യാദൃശങ്ങളും സുപ്രസിദ്ധങ്ങളുമാകുന്നു. എറണാകുളത്തുവച്ച് നടത്തപ്പെട്ട ഇക്കഴിഞ്ഞ കേരളീയ കത്തോലിക്കാ കോൺഗ്രസ്സിൽ അവിടുന്നു” അദ്ധ്യക്ഷം വഹിച്ചു ചെയ്ത എത്രയും വിജ്ഞാനപ്രദമായ ആ പ്രസംഗം, അവിടത്തേയ്ക്കു മതകാര്യങ്ങളിലെന്നപോലെ തന്നെ ലൌകിക കാര്യങ്ങളിലുള്ള വിസ്മയ നീയമായ പരിജ്ഞാനത്തേയും സ്‌പഷ്‌ടമായി വിളിച്ചുപറയുന്നുണ്ട്. സ്വാധിപത്യത്തിലുള്ള ജനങ്ങളുടെ വാസ്തവമായ ഉന്നമനത്തിൽ, നിഷ്കളങ്കമായ പരായണതയും ശ്രദ്ധയും അവിടുത്തെ ഓരോ പ്രവൃത്തിയിലും വ്യഞ്ജിച്ചിരുന്നു. കേരളത്തിലുള്ള കത്തോലിക്കാ മെത്രാന്മാരിൽ പ്രായാധിക്യം കൊണ്ടും ഇവിടുന്നു പ്രഥമഗണനീയനായിരുന്നു. ഇങ്ങനെ നാനാപ്രകാരേണ യോഗ്യനായിരുന്ന ളൂയിസ് മെത്രാനച്ചൻ്റെ നിര്യാണം കേരളീയകത്തോലിക്കർക്കു പൊതുവെയും എറണാകുളം മിസ്സത്തിനു പ്രത്യേകിച്ചും വലിയൊരു നഷ്ടമാണ്. ഇദ്ദേഹത്തിൻ്റെ സംസ്കാരകർമ്മം നാളെ യഥാവിധി നടത്തപ്പെടുമെന്നറിയുന്നു. ളൂയിസ് മെത്രാനച്ചൻ തിരുമനസ്സിലേക്ക് സർവ്വശക്തൻ നിത്യസമാധാനം നൾകുമാറാകട്ടെ.


Leave a comment