ജനുവരി ഒന്ന്, പൗരസ്ത്യ സുറിയാനി സഭ ഈശോയുടെ ഛേദനാചാര തിരുനാളും, ഈശോയുടെ നാമകരണ തിരുനാളും ആഘോഷിക്കുന്നു.
❤️”ഈശോ മ്ശീഹാ”❤️
ഈശോനാമത്തിൽ പുതുവത്സരത്തിലേക്ക്
✍ ഫാ. ജോസ് കൊച്ചുപറമ്പിൽ
നമ്മുടെ പൗരസ്ത്യസുറിയാനി പാരമ്പര്യത്തിൻ ജനുവരി ഒന്നാം തീയതി നമ്മുടെ കർത്താവിന്റെ നാമകരണത്തിരുനാൾ (ഛേദനാചാരത്തിരുനാൾ) ആചരിച്ചുകൊണ്ട് ഈശോനാമത്തിലാണ് നാം പുതുവത്സരത്തിലേക്ക് പ്രവേശിച്ചിക്കുന്നത്.
എന്നേക്കും ജീവിക്കുന്നവനായ ഈശോയുടെ നാമം ഈ ലോകത്തിലെ ഏറ്റവും ശക്തമായ നാമമാണ്. ആകാശത്തിൻകീഴിൽ രക്ഷയ്ക്കായി വേറൊരു നാമവും നൽകപ്പെട്ടിട്ടില്ല (നട 4:12). ബൈബിളിൽ ദൈവത്തിന്റെ നാമം എന്നത് വ്യക്തിയെ സൂചിപ്പിക്കുന്നു. അത് അവിടത്തെ അന്തര്യാമിത്വത്തെ (immanence), അഥവാ ഉള്ളിൽ കുടികൊണ്ടു വസിക്കുന്ന ശക്തമായ സാന്നിധ്യത്തെയാണ്, സൂചിപ്പിക്കുന്നത്. “നസ്രായനായ ഈശോയുടെ നാമത്തിൽ നീ എഴുന്നേറ്റു നടക്കുക” എന്ന് ശെമയോൻ കേപ്പാ മുടന്തനോട് പറഞ്ഞപ്പോൾ അവന് സൗഖ്യം ലഭിച്ചു, അവൻ എഴുന്നേറ്റു നടന്നു (നട 3:6). “എനെയാസേ, ഈശോ നിന്നെ സുഖപ്പെടുത്തുന്നു” എന്ന് പറഞ്ഞപ്പോൾ അവൻ എഴുന്നേറ്റു (നട 9:34). കാരാഗൃഹവാതിൽ അത്ഭുതകരമായി തുറന്ന സംഭവത്തിനുശേഷം കാവൽക്കാരൻ പൗലോസിനോടും സീലാസിനോടും ചോദിച്ചു, “യജമാനന്മാരേ, രക്ഷ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം? അവർ പറഞ്ഞു, കർത്താവായ ഈശോയിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (നട 16:30-31). ഈശോമിശിഹാ ഇന്നലെയും ഇന്നും എന്നും ഒരേ ആൾതന്നെ ആകുന്നു (ഹെബ്രാ 13:8). അവൻ ജീവിക്കുന്ന കർത്താവാണ്. “കർത്താവായ ഈശോയേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ,” എന്നു പ്രാർത്ഥിച്ചാണല്ലോ എസ്തപ്പാനോസ് പ്രാണൻ വെടിയുന്നത് (നട 7:59). “നീ പീഡിപ്പിക്കുന്ന നസ്രായനായ ഈശോ ആണ് ഞാൻ” എന്ന് അവൻ പൗലോസിന് വെളിപ്പെടുത്തി, അവനെ മാനസാന്തരത്തിലേക്കു നയിച്ചു (നട 9:5).
ഈശോനാമം ഏറ്റവും ശ്രേഷ്ഠമാണ്: “ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു. ഇത്, ഈശോയുടെ നാമത്തിനുമുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, ഈശോമിശിഹാ കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്”
(ഫിലി 2:9-11).
സഭയുടെ എക്കാലത്തെയും അടിസ്ഥാന വിശ്വാസസൂത്രവാക്യം പൗലോസ് ഇങ്ങനെ കുറിച്ചുവച്ചു: “ആകയാൽ ഈശോ കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കയും ചെയ്താൽ നീ രക്ഷപ്രാപിക്കും (റോമാ 10:9).
ഈശോനാമം മലയാളഭാഷയിൽ
വാക്കും പ്രവൃത്തിയും ചേർന്നുപോകുന്ന ഒന്നാണല്ലോ ഈശോനാമം. ഈ നാമത്തിന്റെ അർത്ഥം “യാഹ്‌വെ രക്ഷിക്കുന്നു” എന്നാണ്. ‘യോഷുആ’ എന്ന വാക്കാണ് സ്വരാക്ഷരങ്ങളുടെ വ്യത്യാസങ്ങളോടെ ഈശോ, യേസുസ്, യേശു എന്നിങ്ങനെ വിവിധ സഭാപാരമ്പര്യങ്ങളിൽ പ്രചരിച്ചത്. ഗ്രീക്ക്-ലാറ്റിൻ പാരമ്പര്യങ്ങളിലും അവയുടെ സ്വാധീനത്തിൽപ്പെട്ട സഭകളിലും ‘യേശുക്രിസ്തു’ എന്ന് ഉപയോഗിച്ചപ്പോൾ പൗരസ്ത്യസുറിയാനിപാരമ്പര്യത്തിൽ ‘ഈശോമിശിഹാ’ എന്ന് ഉപയോഗിച്ചുവന്നു. ഭാരതക്രൈസ്തവർ പോർച്ചുഗീസ്മിഷനറിമാരുടെ ആഗമനത്തോടെ യേസുസ്, ക്രിസ്തുസ് എന്നീ നാമങ്ങൾ പരിചയിച്ചുവെങ്കിലും പത്തൊമ്പതാംനൂറ്റാണ്ടുവരെ ഈശോമിശിഹാ എന്ന നാമമാണ് ഇവിടെ പ്രചുരപ്രചാരത്തിലിരുന്നത്.
ഒരു കുഞ്ഞു ജനിക്കുമ്പോൾ ഉടൻതന്നെ അതിന്റെ കാതിൽ “മാറൻ ഈശോമിശിഹാ” എന്ന് ചൊല്ലിക്കൊടുക്കുന്ന ഒരു പാരമ്പര്യം സുറിയാനിക്രൈസ്തവരുടെയി ടയിൽ ഉണ്ടായിരുന്നു. കുടുംബപ്രാർത്ഥനകൾക്കുശേഷം “ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്ന സ്തുതിചെല്ലുന്ന രീതി ഇപ്പോഴുമുണ്ടല്ലോ. വൈദികരെയും മുതിർന്നവരെയും കാണുമ്പോഴും ഇപ്രകാരം അഭിവാദ്യം ചെയ്യുന്ന പതിവും ഉണ്ട്.
1665 ൽ രംഗപ്രവേശം ചെയ്ത്, 1751 ഉപയോഗത്തിലാകുകയും 1836 ൽ മാവേലിക്കര സൂനഹദോസോടുകൂടി അന്തിമഅംഗീകാരം സിദ്ധിക്കുകയും ചെയ്ത പാശ്ചാത്യസുറിയാനി ആരാധനക്രമത്തിന്റെ ഉപയോഗംവഴി പുത്തൻകൂറ്റുകാരുടെയിടയിൽ, പശ്ചാത്യസുറിയാനി പെശീത്താ ബൈബിളിനെ അടിസ്ഥാനപ്പെടുത്തി “യേശു മിശിഹാ” എന്ന സംജ്ഞ പ്രചരിച്ചുതുടങ്ങി. എങ്കിലും ബൈബിളും ആരാധനക്രമവും സുറിയാനിയിലാകയാൽ അതുവരെ ഉപയോഗിച്ചിരുന്ന ‘ഈശോ’ എന്ന സംജ്ഞയാണ് സാധാരണവ്യവഹാരത്തിൽ എല്ലാവരുംതന്നെ ഉപയോഗിച്ചിരുന്നത്.
ഈശോനാമം ബൈബിളുകളിൽ
മലയാളത്തിൽ ആദ്യമായി അച്ചടിച്ച ബൈബിളിൽ സാമാന്യജനങ്ങളുടെ ഇടയിൽ പ്രചാരത്തിലിരുന്ന ഈശോ എന്ന നാമമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ക്ലൗഡിയുസ് ബുക്കാനന്റെ നേതൃത്വത്തിൽ പുലിക്കോട്ടിൽ ജോസഫ് ഇട്ടൂപ്പ്, കായംകുളം പീലിപ്പോസ് റമ്പാൻ എന്നിവർചേർന്ന് 1807 ൽ പരിഭാഷപ്പെടുത്തി തിമ്മപ്പാപിള്ള എന്നയാളിന്റെ സഹായത്താൽ 1811 ൽ ബോംബെയിൽ അച്ചടിപ്പിച്ച ‘റമ്പാൻബൈബിളിൽ’ “യിശോ തമ്പുരാൻ” എന്നാണ് ചേർത്തിരിക്കുന്നത്. സിറിയൻസമൂഹത്തിന് മനസ്സിലാകുന്ന ഭാഷയിലും പദാവലിയിലും ബൈബിൾ വിവർത്തനം ചെയ്യണം എന്ന ചിന്തയിൽനിന്നായിരിക്കണം ഇംഗ്ലീഷ് മിഷനറിമാരുടെ നേതൃത്വത്തിൽ ഇപ്രകാരം പരിഭാഷപ്പെടുത്തിയത്!
യേശുക്രിസ്തു എന്ന സംജ്ഞ
1829 ൽ ബെഞ്ചമിൻ ബെയിലി നടത്തിയ പുതിയനിയമ ബൈബിൾ വിവർത്തനത്തിലാണ് ഗ്രീക്ക്-ലാറ്റിൻ പാരമ്പര്യങ്ങളിലുള്ള ‘യേശുക്രിസ്തു’ എന്ന നാമം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1910 ൽ ആർച്ചുഡീക്കൻ കോശി ‘സത്യവേദപുസ്തകം’ എന്ന പേരിൽ പഴയ വിവർത്തനങ്ങൾ പരിഷ്കരിച്ച് ബൈബിൾ പുറത്തിറക്കിയതോടകൂടി പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലും അവരുടെ പ്രാർത്ഥനകളിലും ഭക്തിഗാനങ്ങളും, തുടർന്ന് മലയാളസാഹിത്യത്തിൽ പൊതുവെയും യേശുക്രിസ്തു എന്ന സംജ്ഞയ്ക്ക് പ്രചുരപ്രചാരം സിദ്ധിക്കുകയും ചെയ്തു.
കർമ്മലീത്താമിഷനറിമാരുടെ നേതൃത്വത്തിൽ കേരളത്തിലെ ലത്തീൻവിഭാഗത്തിന്റെ ഉപയോഗത്തിനുവേണ്ടി 1881 മുതൽ 1926 വരെ പ്രസിദ്ധീകരിച്ച മലയാളം ബൈബിളുകൾ ലാറ്റിൻ വുൾഗാത്തായിലെ ‘യേശുക്രിസ്തു’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് (‘യേസുക്രിസ്തു’ എന്ന് ടെക്സ്റ്റിൽ).
“ഈശോനാമം അഭികാമ്യം”
എന്നാൽ സുറിയാനി പെശീത്താ ബൈബിൾ വിവർത്തനം ചെയ്ത ക.നി.മൂ.സ. മാണിക്കത്തനാർ മലയാളനാട്ടിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവന്നിരുന്ന ‘ഈശോമിശിഹാ’ എന്ന സംജ്ഞയാണ് കൊടുത്തിരിക്കുന്നത്. “യേശു എന്ന ശബ്ദത്തേക്കാൾ സാമാന്യകത്തോലിക്കർക്ക് ഈശോ എന്ന ശബ്ദമാണ് ശ്രുതിമധുരവും ഭക്തിദ്യോതകവുമായി അനുഭവപ്പെടുന്നത്” എന്ന് മാണിക്കത്തനാർ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മാന്നാനം ബൈബിളിനു (1983) നൽകിയ ആശംസയിൽ മാർ ജോസഫ് പാറേക്കാട്ടിൽ രേഖപ്പെടുത്തുന്നത് ഇവിടെ ശ്രദ്ധേയമാണ്.
എന്നാൽ, എല്ലാ കത്തോലിക്കാവിഭാഗങ്ങൾക്കും വേണ്ടി 1981 ൽ പ്രസിദ്ധീകരിച്ച പി.ഒ.സി. ബൈബിളിൽ ‘യേശുക്രിസ്തു’ എന്ന സംജ്ഞയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ സ്വാധീനത്തിലും അത് ഉപയോഗിച്ചുള്ള ബൈബിൾ കൺവെൻഷനുകൾ, പ്രാർത്ഥനാശുശ്രൂഷകൾ ധ്യാനങ്ങൾ, പഠനങ്ങൾ, ബൈബിൾ ക്വിസ്, ഭക്തിഗാനങ്ങൾ തുടങ്ങിയവവഴിയെല്ലാം സുറിയാനികത്തോലിക്കാസമൂഹത്തിലും ഈശോ എന്ന നാമത്തിനുള്ള അനന്യമായ സ്ഥാനത്തിന് മാറ്റംവന്നുതുടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത!
ബൈബിൾ പഠനത്തിന് ആധുനിക വിവർത്തനങ്ങൾ ലഭ്യമാക്കുകയും ഉപയോഗിക്കുകയും ചെയ്യാമെങ്കിലും ഓരോ സഭയും അവരുടെ തനതായ വേദപുസ്തകപാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആരാധനക്രമം നിർവഹിക്കേണ്ടത് എന്നാണ് സഭയുടെ പ്രബോധനം. ഉദാഹരണമായി, ലാറ്റിൻ ലിറ്റർജിയിൽ വുൾഗാത്താ ബൈബിൾ അടിസ്ഥാനമാക്കിയാണ് പ്രാർത്ഥനകളും വായനകളും ക്രമീകരിക്കേണ്ടത് എന്ന് 2001 ൽ റോമിൽനിന്നും പ്രസിദ്ധീകരിച്ച Liturgiam Authenticam എന്ന് മാർഗ്ഗനിർദേശകരേഖ പ്രസ്താവിക്കുന്നു (no 24). ഈ അടിസ്ഥാനത്തിലാണ് സീറോ മലബാർ സഭ പുറത്തിറക്കിയ പ്രഘോഷണഗ്രന്ഥങ്ങളിൽ ആരാധനക്രമ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരിക്കുന്ന ഈശോ, മിശിഹാ എന്നീ നാമങ്ങൾതന്നെ നിലനിർത്തിയിരിക്കുന്നത്.
ഇത്തരുണത്തിൽ തലമുറകളായി നാം ഉപയോഗിച്ചുവന്ന ഈശോ എന്ന നാമത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും ഭക്തിഗാനങ്ങളിലും സ്വകാര്യ-സമൂഹപ്രാർത്ഥനകളിലുമെല്ലാം ഈശോ എന്ന മധുരിതനാമം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
യുഗങ്ങളുടെ രാജാവും ചരിത്രത്തിന്റെ വിധാതാവുമായ നമ്മുടെ കർത്താവീശോമിശിഹാ ഈ പുതുവത്സരത്തിൽ നമ്മെയെല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!


Leave a comment