വിശുദ്ധ ഫ്രാൻസീസ് അസീസി – അനുകമ്പയുടെ വിശുദ്ധൻ
അനുകമ്പ എന്നത് മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തിൽ അനുഭവിക്കുകയും അത് കുറയ്ക്കാൻ സ്നേഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന മനോഭാവമാണ്. വാക്കുകളിലൊതുങ്ങാതെ, സഹായം, ക്ഷമ, കരുതൽ, ത്യാഗം എന്നിവയായി മാറുന്ന മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ രൂപമാണ് അനുകമ്പ.
ഇറ്റലിയിലെ അസീസിയിൽ ജനിച്ച ഫ്രാൻസീസ് അസീസി ലോകചരിത്രത്തിൽ അനുകമ്പയുടെ ജീവിച്ച സാക്ഷ്യമായി മാറിയ വ്യക്തിയാണ്. സമ്പന്നനായ വ്യാപാരിയുടെ മകനായി ജനിച്ചെങ്കിലും, യേശുക്രിസ്തുവിനെ അടുത്തറിയാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം സമ്പത്തും സൗകര്യങ്ങളും ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു.
ആദ്യം ഭയവും വെറുപ്പും തോന്നിയ കുഷ്ഠരോഗിയെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്ത നിമിഷം ഫ്രാൻസീസിന്റെ ജീവിതത്തിൽ ദൈവകൃപയുടെ വലിയൊരു വേലിയേറ്റം ഉണ്ടായി. ആ അനുഭവം മുതൽ അവഗണിക്കപ്പെട്ടവരെയും വേദനിക്കുന്നവരെയും അദ്ദേഹം തന്റെ സഹോദരങ്ങളായി കണ്ടു. വിശപ്പുള്ളവർക്ക് ഭക്ഷണം കൊടുക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, വഴിയരികിൽ കിടക്കുന്നവരോടൊപ്പം ഇരിക്കുകയും ചെയ്തു.
ഫ്രാൻസീസിന്റെ അനുകമ്പ മനുഷ്യരിൽ മാത്രം ഒതുങ്ങിയില്ല. പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, സൂര്യൻ, ചന്ദ്രൻ – എല്ലാം അദ്ദേഹത്തിന് ദൈവത്തിന്റെ സൃഷ്ടികളായ സഹോദരങ്ങളും സഹോദരിമാരുമായിരുന്നു. സൃഷ്ടിയോടുള്ള ഈ സ്നേഹവും കരുണയും അദ്ദേഹത്തെ “സാർവ്വത്രിക സഹോദരത്വത്തിന്റെ” ദൂതനാക്കി.
ഫ്രാൻസീസ് പഠിപ്പിച്ചത് വാക്കുകളിലൂടെക്കാൾ പ്രവൃത്തികളിലൂടെയാണ്. “സ്നേഹം വാക്കുകളിൽ അല്ല, ജീവിതത്തിലാണ് തെളിയേണ്ടത്” എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ ആഴം. സ്വന്തം ദുഃഖം മറന്ന് മറ്റുള്ളവരുടെ കണ്ണീരിൽ ദൈവത്തിന്റെ മുഖം കണ്ട ഫ്രാൻസീസ്, കരുണ ക്രൈസ്തവജീവിതത്തിന്റെ ആത്മാവാണെന്ന് ലോകത്തെ പഠിപ്പിച്ചു.
ഇന്നും ഫ്രാൻസീസിൻ്റെ ജീവിതം നമുക്കുളള വെല്ലുവിളിയാണ് – വേദനിക്കുന്നവരോട് ഹൃദയം തുറക്കാൻ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കാൻ, അനുകമ്പയുടെ വഴിയിലൂടെ ക്രിസ്തുവിനെ അനുകരിക്കുവാൻ…. ഹൃദയം തുറക്കുന്നിടത്താണ് അനുകമ്പ ജനിക്കുന്നത് ഫ്രാൻസീസ് പുണ്യവാനെപ്പോലെ മറ്റുള്ളവർക്കായി ഹൃദയം തുറന്ന് ജീവിതം ധന്യമാക്കാം
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment