കണക്ക് എന്ന മഹാ സാഗരം

കഴിഞ്ഞ ദിവസം ലിഫ്‌റ്റിൽ കയറാൻ കാത്തു നിന്നപ്പോൾ ലിഫ്‌റ്റിൽ ഇങ്ങനെ കാണിച്ചു …. 3, 2, 1. പെട്ടെന്ന് ചിന്തിച്ചത് അക്കങ്ങളുടെ മാജിക്കിനെക്കുറിച്ചാണ്. അക്കങ്ങൾ മനസിന് പ്രതീക്ഷ തരുന്നു. ഒരു ക്രിക്കറ്റ് മത്സരം ഇത്രയേറെ മനസിനെ സന്തോഷിപ്പിക്കുന്നത് അതിൽ നിരവധി അക്കങ്ങൾ ഉള്ളതു കൊണ്ടാണല്ലോ.
സ്‌കോറും ഗോളും പോയിൻ്റും ഇല്ലാതെ കളികൾക്ക് വല്ല രസവും ഉണ്ടോ ?

വിരഹത്തിലും കണക്ക് ആശ്വാസം തരുന്നുണ്ട്. കാലം ആശ്വസിപ്പിക്കും എന്ന വിശ്വാസത്തിലാണല്ലോ പ്രിയപ്പെട്ടവരുടെ വേർപാടിന് ശേഷം നമ്മൾ ഏഴും പതിനാറും നാല്പത്തിയൊന്നും ആചരിക്കുക. ഈ ദിവസങ്ങൾ പൂർത്തിയാകുമ്പോൾ മനുഷ്യർ ജീവിതത്തിലേക്ക് തിരികെ വരുന്ന മാന്ത്രികത സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

പ്രാർത്ഥനകളിലും കണക്കുണ്ട്. പത്ത് നൻമ നിറഞ്ഞ മറിയമേ ചൊല്ലുമ്പോൾ, നൂറ് സുകൃത ജപം ചൊല്ലുമ്പോൾ , 41 ദിവസം വ്രതം അനുഷ്ഠിക്കുമ്പോൾ നമ്മൾ പുണ്യവഴിയിലെത്തുന്നു. കുരിശിൻ്റെ വഴിയിൽ 14 സ്ഥലങ്ങൾ ഉണ്ട്. ആയിരം പൂർണ ചന്ദ്രനെ കാണാൻ ആളുകൾ കാത്തിരിക്കുന്നു.

ഓരോ നിമിഷവും കടന്നു പോകുന്നു. ആ നിമിഷം എന്നത് കണക്കാണ്. കുറെ നിമിഷങ്ങൾ കടന്നു പോകുമ്പോൾ തൊട്ടിലിൽ കിടന്ന കുഞ്ഞ് സ്‌കൂളിൽ പോകുന്നു. പിന്നെയത് ജോലിക്ക് പോകുന്നു. പിന്നെയും നിമിഷങ്ങൾ കടന്നു പോകുമ്പോൾ ആ വടിയും കുത്തിപ്പിടിച്ച് നടക്കുന്നു. കണക്ക് ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ജൻമദിനം ആഘോഷിച്ചാലും ഇല്ലെങ്കിലും സർവ ജീവജാലങ്ങളുടെയും പ്രായം കൂടിക്കൊണ്ടേയിരിക്കുന്നു.

ഏത് കലയിലും കണക്ക് കടന്നു വരുന്നുണ്ട്. കലയിൽ അഗ്രണ്യൻ ആകണമെങ്കിൽ നമ്മൾ വർഷങ്ങൾ ചെലവഴിക്കണം. മൈക്കിൾ ആഞ്ചലോ പറഞ്ഞതു പോലെ 30 വർഷം വേണം 30 സെക്കൻഡിനുള്ളിൽ ഉദാത്ത സൃഷ്ടികൾ രചിക്കാൻ. നൃത്തത്തിൽ സ്‌റ്റെപ്പുകൾ ഉണ്ട്. സിനിമയ്ക്ക് ഷോട്ടുകൾ ഉണ്ട്. ഒരു കഥയിൽ നായകൻ വില്ലനെ കണക്കിന് ശിക്ഷിക്കുമ്പോൾ വായനക്കാരന് സന്തോഷം. പാട്ടിന് വൃത്തമുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഈ വരികൾക്കു പോലും ഒരു കണക്കുണ്ട്.

അസുഖം വരുമ്പോൾ ആൻ്റിബയോട്ടിക് കഴിക്കാൻ നിശ്ചിത സമയവും ദിവസവും ഉണ്ട്. തിരികെ ആരോഗ്യം വീണ്ടെടുക്കാൻ, ഡിസ്ചാർജ് ആകാൻ ഒരു സമയം ഉണ്ട്. ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ കൊടുക്കുന്ന ബില്ല് മുഴുവൻ കണക്ക് ആണല്ലോ.

സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങൾ എല്ലാം നമ്മൾക്ക് അനുഭവിക്കാൻ ആണ് സാധിക്കുക. പക്ഷേ അവിടെ എവിടെയെങ്കിലും നമ്മൾ “കണക്ക് ” പറയാൻ തുടങ്ങിയാൽ മനസിലാക്കാൻ സാധിക്കും , ഈ പറഞ്ഞ സ്‌നേഹവും ദയയും ഇല്ലാതായെന്ന്. കണക്ക് പറയാൻ തുടങ്ങുമ്പോൾ നമ്മൾ കാണിച്ചതൊക്കെ സേവനം ആയി മാറുന്നു. ബ്രദർ ആയിരുന്ന സമയത്ത് മലയാറ്റൂർ പള്ളിയിൽ ശുശൂഷ ചെയ്യാൻ പോയി. അവസാനം പോകാൻ നേരത്ത് ഡയറക്ടർ അച്ചൻ കണക്ക് കൂട്ടി പറഞ്ഞു, ഒരു ദിവസം 250 രൂപ വെച്ചാണ് തരുക. അന്ന് ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മനസിലായി , ചില കണക്കു പറച്ചിലുകൾ നമുക്ക് വേദന ഉണ്ടാക്കുമെന്ന്. അല്ലെങ്കിൽത്തന്നെ ഈ ശുശ്രൂഷയ്ക്ക് എന്ത് വേതനം തന്നാൽ ആണ് മതിയാവുക ?

ഒരു ട്രെയിൻ കൃത്യസമയത്ത് പുറപ്പെടുമ്പോൾ, എത്തിച്ചേരുമ്പോൾ നമുക്ക് സന്തോഷം തരുന്നു. 5 മിനിറ്റ് കഴിഞ്ഞ് തിരികെ വിളിക്കാം എന്നു പറഞ്ഞയാൾ തിരികെ വിളിക്കുമ്പോൾ അതിലും സന്തോഷം. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യതയിൽ ചെയ്യുന്ന വ്യക്തികൾ നമ്മൾ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. എന്നാൽ
നമ്മളുടെ പ്രിയ ടീം ജയിക്കുമ്പോൾ, പ്രിയപ്പെട്ട ഒരാളുടെ വാക്കുകൾ കേൾക്കുമ്പോൾ, കുഞ്ഞുങ്ങളുടെ പുഞ്ചിരി കാണുമ്പോൾ നമ്മൾക്ക് അളവറ്റ സന്തോഷം തോന്നുന്നു. കണക്ക് സന്തോഷിപിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ കണക്കിനപ്പുറം സംഭവിക്കുമ്പോൾ ആനന്ദം അണപൊട്ടിയൊഴുകുന്നു. അതാണ്
SSLC പരീക്ഷയ്ക്ക് കണക്ക് എന്ന് ഉത്തരക്കടലാസിൽ രേഖപെടുത്തിയപ്പോൾ എനിക്ക് സംഭവിച്ചത്. കാരണം അത് എൻ്റെ ജീവിതത്തിലെ കണക്ക് പരീക്ഷയാണ് എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കാരണം കണക്ക് അത്രയ്ക്ക് ഇഷ്ടമായതു കൊണ്ട് കണക്കുമായുള്ള ഗുസ്‌തി അവസാനിപ്പിക്കുന്നത് കണക്കാകുമെന്ന് ഞാൻ കണക്ക് കൂട്ടി. എന്നാൽ പിന്നീട് എൻ്റെ പ്രിയപ്പെട്ട ഹിസ്‌റ്ററിയിൽ പോലും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വന്നത് എൻ്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. എന്നും ബുദ്ധിമുട്ടായി കീറാമുട്ടികൾ ഒരു കണക്കിന് ഉണ്ടാകും എന്ന അനശ്വര സത്യം പങ്കുവയ്ക്കട്ടെ. ആർക്കും കണക്കിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്ന് ഞാനറിയുന്നു. ഇപ്പോൾ പേപ്പറിൽ കുറിക്കുന്ന കണക്കിനെക്കാൾ ഒത്തിരി മനക്കണക്കുകൾ മനസിൽ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ബന്ധത്തിൽ കണക്കുണ്ട്. ഉത്തരവാദിത്വങ്ങളിൽ കണക്കുണ്ട്. എന്തിനധികം നമ്മൾക്ക് Al നൽകുന്ന ഉത്തരങ്ങളിൽ പോലും ഒരു കണക്കുണ്ട്.
ഭൂഗോളത്തിൻ്റെ സ്പന്ദനം അങ്ങനെ മിടിച്ചു കൊണ്ടേയിരിക്കുന്നു.

ജിൻസൺ ജോസഫ് മുകളേൽ CMF


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment