ഇടവക ദൈവാലയത്തിൽ ഇരുന്നു പരിശുദ്ധ കുർബാന കഴിഞ്ഞു അൾത്താരയുടെ വശത്തുള്ള ഇരിപ്പിടത്തിൽ ഇരുന്ന് കുറച്ചു നേരം പ്രാർത്ഥിക്കാം എന്നോർത്തു.
അങ്ങോട്ട് നടന്നു ചെന്നപ്പോൾ ഞാൻ ഇരിക്കാൻ ഉദ്ദേശിച്ച ബെഞ്ചിന്റെ രണ്ടു നിര പുറകിലായി ഒരിക്കലും നേരത്തെ കണ്ടിട്ടില്ല എങ്കിലും ഉള്ളിൽ അതി പരിചയം തോന്നിയ, മുടിയും താടിയും നീട്ടി വളർത്തി, സാധാരണ ഐറിഷുകാർ ധരിക്കുന്നത് പോലെയല്ലാതെ, അയഞ്ഞ കോട്ടൺ വസ്ത്രം ധരിച്ച,വെളുത്തു മെലിഞ്ഞു പൊക്കമുള്ള ഒരാൾ ഇരിക്കുന്നത് കണ്ടു. ഒരു സന്യാസിയെ പോലെയിരിക്കുന്നല്ലോ എന്ന് എനിക്ക് ഉള്ളിൽ തോന്നി. ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചു. കുറച്ചു നേരം ഇരുന്നു കഴിഞ്ഞു ബാഗിൽ കരുതിയിരുന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി തുറന്നു വായിച്ചു.
അയർലൻഡിലെ ദൈവകരുണയുടെ കൂട്ടായ്മയിൽ വീണ്ടും പ്രാർത്ഥന സജീവമാകാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായിരുന്നു.
വായിച്ചു കൊണ്ടിരുന്ന സമയത്ത് പുറകിൽ ഇരുന്ന ആൾ പോകാനായി എഴുനേറ്റു എന്റെ മുന്നിലൂടെ നടന്നു. എന്നിട്ട് ഒരു നിമിഷം നിന്നിട്ട് ഫൗസ്റ്റീനാ… എന്ന് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ പതിയെ എഴുനേറ്റു ഡയറി കാണിച്ചിട്ട് പറഞ്ഞു. ഇതു എന്റെ ഭാഷയിൽ ഉള്ളതാണ് എന്ന്. അദ്ദേഹം ചിരിച്ചു കൊണ്ട് ഒരു നിമിഷം നിന്ന് അത് നോക്കി.
ഡയറിയിൽ കരുണയുടെ ഈശോയുടെ പടം ഉണ്ടായിരുന്നു. ഞാൻ അത് കൊടുക്കാൻ നോക്കിയപ്പോൾ വീണ്ടും അദ്ദേഹം പുഞ്ചിരിച്ചു…
നെഞ്ചിൽ കൈ വച്ചിട്ട്… Its there എന്നാണോ അതോ its me എന്നാണോ പറഞ്ഞത് എന്ന് മനസിലായില്ല…
എന്നാൽ എനിക്ക് ഉള്ളിൽ വലിയ സന്തോഷം അനുഭവപ്പെട്ടു.
ഈശോ തന്നെ ഞാൻ സിസ്റ്റർ ഫൗസ്റ്റീനയുടെ ഡയറി വായിക്കുന്നത് കണ്ടു അതിനെ കുറിച്ചു സംസാരിച്ചത് പോലെ ഒരു സ്നേഹാനുഭവം…
“അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കുകൊടുത്തു.
അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍നിന്ന് അപ്രത്യക്‌ഷനായി.
അവര്‍ പരസ്‌പരം പറഞ്ഞു: വഴിയില്‍വച്ച് അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?”
(ലൂക്കാ 24 : 30-32)
ഈ വചനത്തിലെ എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാർക്ക് അനുഭവപ്പെട്ടത് പോലെയുള്ള ഒരു ഹൃദയം ജ്വലിക്കുന്ന അനുഭവം…
ഇന്ന് വലിയ വെയിലായിരുന്നു.
28 ഡിഗ്രി…
പുറത്തിറങ്ങിയാൽ തളർന്നു പോകുന്ന ചൂട്. വൈകുന്നേരത്തെ പരിശുദ്ധ കുർബാനയ്ക്ക് ബുദ്ധിമുട്ടിയാണ് വന്നത്.
എന്നാൽ കുർബാനയുടെ ഇടയിൽ ഞാൻ ഓർത്തു കൊണ്ടിരുന്നത്…
ഈശോയെ അങ്ങെന്നെ ആദ്യം സ്നേഹിച്ചു അത് കൊണ്ട് ഞാനും സ്നേഹിക്കുന്നു എന്നാണ്.
എന്നോടുള്ള ഈശോയുടെ സ്നേഹത്തിന്റെ തുടക്കം എവിടെയായിരുന്നു…
ഞാനുരുവാകുന്നതിനു എത്രയോ മുൻപേ അത് തുടങ്ങി..
എന്നോടുള്ള ഈശോയുടെ സ്നേഹം എത്ര നാൾ കാണും!
അനന്തമായ സമയത്തോളം…..
പരിശുദ്ധ കുർബാന സ്വീകരിക്കും മുൻപേ ഒന്ന് കൂടി ഉത്തമ മനസ്താപ പ്രകരണം ചൊല്ലി ഒരുങ്ങി…
എന്റെ പുണ്യത്തിന്റെ യോഗ്യതയാലോ ചൊല്ലിയ പ്രാർത്ഥനയുടെ യോഗ്യതയാലോ പരിശുദ്ധ കുർബാന സ്വീകരിക്കാൻ എനിക്ക് ആവില്ല എന്നും ഈശോയുടെ അനന്തകരുണ ഒന്നുകൊണ്ടു മാത്രമേ എനിക്കതിനു പറ്റുകയുള്ളൂ എന്നും ഹൃദയത്തിൽ മുഴങ്ങി കൊണ്ടിരുന്നു…
പരിശുദ്ധ കുർബാന സ്വീകരിക്കാൻ എല്ലാവരുടെയും പുറകിലായി നടന്നു ചെന്നു ഒടുവിൽ മുന്നിൽ എത്തിയപ്പോൾ എനിക്ക് നേരെ നീട്ടപ്പെട്ട തിരുവോസ്തി കണ്ടു എന്റെ കണ്ണു നിറഞ്ഞു. അസാധാരണ വലുപ്പമുള്ള ഒരു തിരുവോസ്തി. മറ്റ് തിരുവോസ്തികളെല്ലാം താരതമ്യേന ചെറുതാണെന്ന് എനിക്ക് കാണാമായിരുന്നു.
ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞു.
ഞാൻ എത്ര പാപി ആണെങ്കിലും എത്ര ചെറുതാണെങ്കിലും എന്റെ ഹൃദയത്തിൽ വിശ്വാസത്തിന്റെ തീക്ഷ്‌ണജ്വലനം എപ്പോഴും അനുഭവപ്പെടുന്നില്ല എങ്കിലും ഈശോ അന്നും ഇന്നും എന്നും ഒരേ പോലെ വ്യക്തിപരമായി നമ്മുടെ ഓരോരുത്തരുടെയും ബാലിശമായ ചെറിയ കാര്യങ്ങൾ പരിഗണിക്കുകയും ഇഷ്ടങ്ങൾ നോക്കുകയും ചെയ്യുന്ന ഒരാളാണ്.
ചില സമയങ്ങളിൽ, ജീവിതസാഹചര്യങ്ങളിൽ നാം ഈശോയുടെ നിരന്തര സാന്നിധ്യം മറന്നു പോകുന്നു. എങ്കിലും ഈശോ നമ്മെ മറക്കുകയോ നമ്മുടെ അടുത്തു നിന്നും മാറുകയോ ചെയ്യുന്നില്ല.
ചെറിയ കുഞ്ഞുങ്ങൾ പുതിയ കളിപ്പാട്ടങ്ങൾ കിട്ടുമ്പോൾ അമ്മയുടെ സാന്നിധ്യം മറന്നു കളികളിൽ പൂർണമായും മുഴുകുന്നത് പോലെ ചിലപ്പോൾ നമ്മളും ഓരോരോ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ ഈശോയെ മറന്ന് പോകും.
പെട്ടെന്നൊരു നിമിഷം കുഞ്ഞു അമ്മയെ ഓർത്തു ചുറ്റും നോക്കുമ്പോൾ അതിനെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അമ്മ അതിന്റെ ചാരെ നിൽക്കുന്നത് കാണുമ്പോൾ കുഞ്ഞിന്റെ മുഖത്തും പുഞ്ചിരി വിരിയും.
ഇതു പോലെ ചെറുതും വലുതുമായ ഓരോരോ പ്രശ്നങ്ങളിൽ നാം ഇടപെടുമ്പോൾ, ചില ആകുല ചിന്തകൾ നമ്മിൽ ആഴത്തിൽ വേരുറപ്പിക്കുമ്പോൾ, ചില രോഗാവസ്ഥകൾ അലട്ടുമ്പോൾ, ചില സാമ്പത്തിക പ്രയാസങ്ങളിലൂടെ പോകുമ്പോൾ, മാനുഷിക ബന്ധങ്ങളിൽ അകൽച്ച ഏറുന്നത് പോലെ തോന്നുമ്പോൾ, ആത്മീയ കാര്യങ്ങളിൽ മന്ദതയും ഉത്സാഹക്കുറവും തോന്നുമ്പോൾ ഒരു നിമിഷം ചെയ്യുന്ന കാര്യം / അലട്ടുന്ന ചിന്ത/ ആയിരിക്കുന്ന അവസ്ഥ ഒക്കെയും മറന്നു ഹൃദയത്തിൽ വാഴുന്ന ഈശോയെ നോക്കാം. അവിടുന്ന് നമ്മെ തന്നെ നോക്കി ഇരിപ്പുണ്ടാകും.
ഈശോയെ നാം നോക്കുമ്പോൾ/ ഈശോയെ കുറിച്ച് ധ്യാനിക്കുമ്പോൾ ബത്‌ലഹേമിലെ പുൽതൊട്ടിയിലും ജീവിതത്തിലും ഒറ്റികൊടുക്കപ്പെട്ടപ്പോഴും പീഡാസഹനങ്ങളുടെ നേരത്തും കുരിശിൽ കിടക്കുന്ന സമയത്തും ജീവൻ പിരിയുന്ന വേളയിലും ഉയിർത്തെഴുന്നേറ്റ നേരത്തും പരിശുദ്ധ കുർബാനയായി അൾത്താരയിൽ നിന്നും എഴുന്നള്ളി നമ്മിലേയ്ക്ക് വരുമ്പോഴും ദൈവവചനമായി നമ്മുടെ മുൻപിൽ തുറക്കപ്പെടുമ്പോഴും എപ്പോഴും നമ്മെ തന്നെ അമ്മ കുഞ്ഞിനെ എന്നത് പോലെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണെന്നു കാണാം
ചെറിയ കുഞ്ഞു കളിക്കുന്നത് അമ്മയുടെ നേരെ ഇരിക്കാതെ പുറം തിരിഞ്ഞാണെങ്കിൽ പെട്ടെന്ന് അമ്മയെ ഓർക്കുമ്പോൾ തിരിഞ്ഞു വരാൻ സമയം എടുക്കും. അമ്മ എവിടെ എന്നോർത്ത് ഒരു നിമിഷം പേടിക്കും. കരയും. ആ നിമിഷം തന്നെ ഇളം ചൂടുള്ള മൃദുലമായ അമ്മയുടെ കരതലം കുഞ്ഞിനെ വാരിയെടുത്തു മാറോടണയ്ക്കും
ഇതു പോലെ നമ്മുടെ പ്രശ്നങ്ങളുമായി ഈശോയ്ക്ക് പുറം തിരിഞ്ഞാണ് നാം ഇരിക്കുന്നത് എങ്കിൽ പെട്ടെന്ന് സഹായിക്കാൻ ആരുമില്ലല്ലോ എന്നുള്ള മാനുഷിക വേവലാതി ഉള്ളിൽ കടന്നു വന്നു എന്ന് വന്നേക്കാം.
ഒരു നിമിഷത്തെ പരിഭ്രമത്തിൽ കണ്ണു നിറഞ്ഞു ഈശോയെ എന്ന് വിളിക്കുമ്പോൾ അധികാരമുള്ള ആ തിരുനാമത്തിന്റെ മാധുര്യം നമ്മുടെ ഹൃദയത്തിൽ നിറയും. ഈശോയുടെ നേരെ നാം ആത്മനാ തിരിയുമ്പോൾ അവിടുന്ന് പ്രകാശമാകയാൽ നാം പ്രകാശിപ്പിക്കപ്പെടും. നമുക്കുള്ളതും പ്രകാശിപ്പിക്കപ്പെടും.
എത്ര വലിയ ബുദ്ധിമുട്ടിലൂടെയാണ് നാം കടന്നു പോകുന്നതെങ്കിലും ആ അവസ്ഥയെ ഇന്നും ജീവിക്കുന്ന ഈശോയുടെ മുൻപിൽ സമർപ്പിച്ചു അവിടുത്തെ സഹായത്തിനും ഇടപെടലിനുമായി കാത്തിരുന്നാൽ തക്ക സമയത്ത് എല്ലാ കാര്യങ്ങളും വിസ്മയകരമായി ദൈവപരിപാലനയിൻ കീഴിൽ ക്രമീകരിക്കപ്പെടും.
ഈശോ…
എത്രയോ സ്നേഹിക്കപ്പെടേണ്ടവനാണ്
നമ്മൾ അവിടുത്തെ എത്രയേറെ വിശ്വസിക്കേണ്ടതാണ്
നിത്യതയോളമുള്ള നമ്മുടെ ഓരോ കാര്യത്തിലും അവിടുന്ന് എത്രയോ ശ്രദ്ധാലുവാണ്!
ഒരു മാതാ പിതാക്കൾക്കും തങ്ങളുടെ കുഞ്ഞുങ്ങളെ ഇത്ര സ്നേഹിക്കാനാവില്ല, കുറവില്ലാതെ പരിപാലിക്കാനാവില്ല. മാതാ പിതാക്കൾ എത്ര സമ്പന്നർ ആയാലും ദൈവപിതാവിൽ നിന്നുള്ള അനന്തസമ്പത്തായ പരിശുദ്ധാത്മാവിനെ ഈശോ നമ്മിലേയ്ക്ക് അയയ്ക്കുന്നത് പോലെ ആവില്ല.
“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.”
(1 യോഹന്നാന്‍ 3 : 1)
വൈകുന്നേരം പരിശുദ്ധ കുർബാനയുടെ മുന്നിൽ അനുവദിക്കപ്പെട്ട സമയം കഴിയാറായപ്പോൾ അൾത്താരയുടെ സമീപത്തേയ്ക്ക് പ്രായമുള്ള ഒരു വൈദികൻ കടന്നു വന്നു…ഈശോയെ ആരാധിച്ചു… പരിശുദ്ധ അമ്മയുടെ ചാരെ ഇത്തിരി നേരം നിന്നു..
അപ്പോഴും എന്റെ കയ്യിൽ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി ഉണ്ടായിരുന്നു…
അത് കണ്ടു എന്റെ കയ്യിൽ നിന്നും അത് വാങ്ങി നോക്കി. എന്നിട്ട് പറഞ്ഞു.
Oh! Divine Mercy!
എന്നെ നോക്കിയിട്ട്
Pray for us sinners എന്ന് പറഞ്ഞു ചിരിച്ചു.
Pray for me too എന്ന് ഞാനും പറഞ്ഞു
അദ്ദേഹം കടന്നു പോയപ്പോൾ ഞാൻ ചിന്തിച്ചു. സാധാരണ മനുഷ്യരേക്കാളും എത്രയോ ആഴത്തിൽ ജീവിതം മുഴുവനും ഈശോയ്ക്ക് സമർപ്പിച്ച ഒരു ധന്യമായ പുണ്യജീവിതം.
ഈശോയുടെ ചാരെ ആയിരിക്കും തോറും അവിടുത്തെ പരിശുദ്ധിയുടെ മുന്നിൽ ആയിരിക്കും തോറും അദ്ദേഹത്തെ പോലെ ജീവിതത്തിന്റെ ഏതവസ്ഥയിലും മരണനിമിഷം വരെ
Pray for us sinners…
എന്നത് ഓരോ മനുഷ്യനും സ്വയം എളിമയോടെയും പരസ്പരവും പറയാൻ പറ്റുന്ന വാക്യമാണെന്ന് എനിക്ക് തോന്നി.
വീട്ടിലേക്കു നടക്കും വഴി…
എന്റെ ഹൃദയവും ഉരുവിട്ട് കൊണ്ടിരുന്നു…
Hail, Mary, full of grace,
the Lord is with thee.
Blessed art thou amongst women
and blessed is the fruit of thy womb, Jesus.
Holy Mary, Mother of God,
pray for us sinners,
now and at the hour of our death.
Amen.
ദൈവത്തിന്റെ കരുണാർദ്രസ്നേഹമായ വചനം ഈശോയായി മാറി പരിശുദ്ധ അമ്മയുടെ ഹൃദയത്തിലും ഉദരത്തിലും വസിച്ചപ്പോൾ മനുഷ്യ മനസിന് അളക്കാനാവാത്ത വിധത്തിൽ ആനന്ദവും ആശ്വാസവും അനുഭവിച്ച പരിശുദ്ധ അമ്മയുടെ വിമല ഹൃദയം അമ്മയുടെ മക്കളായ നമുക്കും ഈശോയുടെ ഉന്നതമായ കരുണ ലഭിയ്ക്കുന്നതിനു വേണ്ടി അനുനിമിഷം ദൈവസന്നിധേ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണല്ലോ!
✍ Leena Elizabeth George


Leave a comment