Bro. Thomas Kumily – തോമസ് കുമളിയുടെ പ്രവാചക ശബ്ദം

Daily Saints in Malayalam – October 4 St Francis Assisi

🌸🌸🌸 October 0⃣4⃣🌸🌸🌸
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.

തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ ‘ഫ്രിയാർസ് മൈനർ’ (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി.

വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ ‘Poor Clares’ എന്ന് ഇന്നറിയപ്പെടുന്ന ‘പാവപ്പെട്ട മഹതികൾ’ എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് ‘അനുതാപത്തിന്റെ മൂന്നാം സഭ’ (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌ (പഞ്ചക്ഷതം). 224-ൽ ആയിരുന്നു ഇത്.

ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു ‘ഡീക്കൻ’ ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് ‘സഹോദരാ’, ‘സഹോദരീ’ എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം ‘സെറാഫിക്’ എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു.

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. എഫേസൂസിലെ അഡൌക്തൂസും മകള്‍ കല്ലിസ്റ്റേനയും

2. ഈജിപ്തിലെ മഹാനായ അമ്മോണ്‍

3. പാരീസിലെ ഔറേയ

4. അലക്സാണ്ട്രിയായിലെ കായൂസ്, ഫൗസ്തൂസ്, എവുസെബിയൂസ്, കെരെമോന്‍, ലൂസിയൂസ്

5. ക്രിസ്പൂസും കായൂസും
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 3

🌸🌸🌸 October 0⃣3⃣🌸🌸🌸
ബ്രോണിലെ വിശുദ്ധ ജെറാർഡ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര സന്തോഷവാന്മാർ”.

ജെറാർഡിന് വിശുദ്ധ പത്രോസിന്റെ ഒരു ദർശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകൾ ബൽജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വി. പത്രോസ് അവശ്യപ്പെട്ടത്. ആ കൃത്യം നിർവഹിച്ചശേഷം ജെറാർഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ വച്ച്, അദ്ദേഹം വൈദിക വൃത്തിയിലേക്ക് ഉയർത്തപ്പെട്ടു. ബ്രോണിലുള്ള സ്വന്തം എസ്റ്റേറ്റിൽ, ഒരു സന്യാസാശ്രമം സ്ഥാപിച്ച ശേഷം ഏകാന്തവാസത്തിനായി പള്ളിയോട് ചേര്‍ന്ന് അദ്ദേഹം സ്വന്തം ആവശ്യത്തിന് ഒരു നിലവറ പണികഴിപ്പിച്ചു.

എന്നാല്‍ അധികനാൾ ഈ ഏകാന്തവാസം തുടരാൻ ദൈവം അനുവദിച്ചില്ല. വി.ഗിസ്ലെയിൻ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാർഡിനുണ്ടായി. കാരണം, അവിടുത്തെ സന്യാസിമാർ പണം വാങ്ങിയതിനു ശേഷം വിശുദ്ധന്റെ കബറിടം തുറന്ന് ദർശനം അനുവദിക്കുമായിരുന്നു. ഈ തെറ്റായ പ്രവര്‍ത്തി വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്ലാണ്ടേഴ്സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു.

വിശുദ്ധ ബെനഡിക്ടിന്റെ നിയമപ്രകാരം, ഏകദേശം 20 വർഷം, അദ്ദേഹം നവീകരണ പരിഷ്ക്കാര ജോലികൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. അവസാനകാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന മുഴുവൻ ആശ്രമങ്ങളിലും ഒരു അവസാന സന്ദർശനം കൂടി നടത്തിയ ശേഷം, അന്ത്യവിശ്രമം കൊള്ളുവാൻ ബ്രോണിലെ തന്റെ നിലവറയിലേക്ക് വിശുദ്ധ ജെറാർഡ് മടങ്ങി.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ടുളോണ്‍ ബിഷപ്പായിരുന്ന സിപ്രിയന്‍

2. അലക്സാണ്ട്രിയായിലെ ഡയനീഷ്യസ്

3. വെളുത്ത എവാള്‍ഡും കറുത്ത എവാള്‍ഡും

4. ലയോണ്‍ ബിഷപ്പായിരുന്ന ഫ്രോയിലന്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 2

👼👼👼 October 0⃣2⃣👼👼👼
കാവൽ മാലാഖമാർ
👼👼👼👼👼👼👼👼👼👼👼👼

ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു; അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു.

ദൈവം അയക്കുന്ന വേലക്കാരും ദൂതന്മാരുമാണ് മാലാഖമാർ. ‘മാലാഖ’ എന്നാൽ ഗ്രീക്ക് ഭാഷയിൽ ‘ദൂത് വാഹകൻ’ എന്നാണർത്ഥം. കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുകയില്ലങ്കിലും, നമ്മുടെ ഇഹലോകയാത്രയിൽ അവർ നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും, പരീക്ഷണങ്ങളിൽ അകപ്പെടുമ്പോൾ തുണച്ചും, ശാരീരിക അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും അവര്‍ നമ്മുക്ക് ഒപ്പമുണ്ട്. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവൽമാലാഖയെ ഏർപ്പെടുത്തിയിട്ടുണ്ടന്ന ധാരണ സഭ പണ്ടു മുതലേ അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസസത്യമാണ്.

“ഈ ചെറിയവരിൽ ആരേയും നിന്ദിക്കാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ നിന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 18:10) എന്ന ഭാഗം ധ്യാനിക്കാം. ”വിശുദ്ധഗ്രന്ഥത്തിൽ സർവ്വസാധാരണമായി പറയുന്ന ‘മാലാഖമാര്‍’ ശരീരമില്ലാത്ത ആത്മീയ ജീവികളുടെ സാന്നിദ്ധ്യം ഒരു വിശ്വാസ സത്യമായിട്ട്‘ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

“ജനനം മുതൽ മരണം വരെ, മാലാഖമാരുടെ, പ്രത്യേകിച്ചും, കാവൽ മാലാഖയുടെ സംരക്ഷണത്തിന്റേയും മദ്ധ്യസ്ഥാപേക്ഷയുടേയും വലയത്തിനുള്ളിലാണ് മനുഷ്യർ ജീവിക്കുന്നത്” (328). “ജീവനിലേക്ക് നയിക്കുവാൻ, ഓരോ വിശ്വാസിയുടേയും സമീപത്ത്, ഇടയനായും രക്ഷകനായും ഒരു മാലാഖ നിലയുറപ്പിച്ചിട്ടുണ്ട്” (336). സഹായകരായ മാലാഖമാരെ നമുക്കായി അയച്ചതിന് സഭ ദൈവത്തിന് ഉപകാര സ്തോത്രം ചെയ്യുന്നു; പ്രത്യേകിച്ച് പ്രധാന ദൂതന്മാരായ വിശുദ്ധ മിഖായേലിന്റേയും വിശുദ്ധ ഗബ്രിയേലിന്റേയും, വിശുദ്ധ റാഫേലിന്റേയും തിരുന്നാളായ സെപ്റ്റംബർ 29-നും കാവല്‍ മാലാഖമാരുടെ തിരുന്നാളായ ഇന്നും. ഇന്നത്തെ ഈ തിരുന്നാൾ ആദ്യമായി ആഘോഷിച്ചത്, പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ മാത്രമായിരുന്നു. 1670-ലാണ് ഇത് ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചത്.

വിശുദ്ധ ബെർണാർഡ് ഇപ്രകാരമാണ് പറയുന്നത്, “നിന്റെ എല്ലാ വഴികളിലും മാലാഖമാർ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, ഓരോ പ്രവർത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാൻ നീ ജാഗരൂകനായിരിക്കുക; എന്തെന്നാൽ ആ ദൗത്യത്തിൽ അവർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും, നിന്റെ കാവൽ മാലാഖയെ ആദരവോടെ ഓർക്കുക. അവൻ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാൻ പറ്റുന്നില്ലല്ലോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനിൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുക”.

സഹോദരരെ, ഏറ്റവും ലാളനാപൂർണ്ണമായ സ്നേഹത്തോടെ നാം ദൈവത്തിന്റെ മാലാഖമാരെ സ്നേഹിക്കണം; കാരണം ഒരുനാൾ അവർ നമ്മുടെ സ്വർഗ്ഗീയ കൂട്ടവകാശികൾ ആകുന്നവരാണ്. പിതാവ് ഇപ്പോൾ അയച്ചിരിക്കുന്ന ഈ ആത്മാക്കൾ, വരും കാലം നമ്മുടെ സംരക്ഷകരും വഴികാട്ടികളും ആകാൻ പോകുന്നവരാണ്. ഇപ്രകാരമുള്ള അംഗരക്ഷകർ ഉള്ളപ്പോൾ, നാം എന്തിനെ ഭയക്കണം? അവരെ ആർക്കും തോൽപ്പിക്കാനോ, വഞ്ചിക്കാനോ സാദ്ധ്യമല്ല; എല്ലാ വഴികളിലും നമ്മെ കാത്തു രക്ഷിക്കുന്ന അവർക്ക് ഒരു വിധത്തിലും വഴിതെറ്റി പോകുകയുമില്ല. അവർ വിശ്വസ്തരാണ്, അവർ ബുദ്ധിശാലികളാണ്, അവർ ശക്തരാണ്. അപ്പോൾ, പിന്നെ നാം എന്തിന് പേടിച്ച് വിറക്കണം?

നാം അവരുടെ പിന്നാലെ നടന്നാൽ മാത്രം മതി, അവരോട് ചേർന്ന് നിന്നാൽ മാത്രം മതി, അപ്പോൾ നാം അത്യുന്നതന്റെ ആലയത്തിൽ സുഖമായി വസിക്കും. ആകയാൽ, അടിക്കടിയുള്ള അഗ്നിപരീക്ഷ നിന്നെ തൊടാൻ തുടങ്ങുംമ്പോഴും, ഹൃദയഭേദകമായ ദു:ഖം നിന്റെ മേൽ വീഴാൻ തുടങ്ങുമ്പോഴും, സഹായകനായ അവനെ പ്രാർത്ഥിച്ചുണർത്തുക! ഉച്ചത്തിൽ വിളിച്ച് കേണപേക്ഷിക്കുക.

ഇതര വിശുദ്ധര്‍
👼👼👼👼👼👼

1. ബറേജിയൂസ്

2. പ്രീമൂസ്, സിറില്‍, സെക്കന്താരിയൂസ്

3. നിക്കോമേഡിയായിലെ എലെവുത്തേരിയൂസ്

4. വി.ലെജെറിന്‍റെ സഹോദരനായ ജെറിനൂസ്

5. ഔട്ടൂണ്‍ ബിഷപ്പായിരുന്ന ലെജെര്‍

6. ലെവുടോമര്
👼👼👼👼👼👼👼👼👼👼👼👼

Daily Saints in Malayalam – October 1

🌸🌸🌸 October 0⃣1⃣🌸🌸🌸
ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓർമ്മതിരുന്നാളാണ് ഇന്ന്. അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിർമ്മാതാവും, മാതാവ് ഒരു തൂവാല തുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരിച്ചു പോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ, കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു.

1887-ൽ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 15-മത്തെ വയസ്സിൽ, കർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവള്‍ ഒരു സാധാരണ സഭാജീവിതം നയിച്ചു; ഈ കാലയളവില്‍ പ്രത്യേക അത്ഭുതപ്രവർത്തികളോ, തീവ്ര വൃതാനുഷ്ഠാനങ്ങളോ ഒന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.

സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി ഇക്കാലത്ത് അവള്‍ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി.

സഭയോട് ഏറെ സ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികർക്ക് വേണ്ടി അവർ പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു. ഇരുപത്തി നാലാം വയസ്സിൽ, 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗം മൂലം അവള്‍ നിര്യാതയായി. 1925-ൽ ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ‘ഭൂമിയിൽ നന്മചെയ്ത്, ഞാൻ എന്റെ സ്വർഗ്ഗം നേടും’ എന്ന അവളുടെ പ്രതിജ്ഞ, ജീവിതത്തില്‍ അവള്‍ പൂര്‍ത്തിയാക്കി.

പിൽക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓർമക്കുറിപ്പുകൾ വളരെയധികം ജനസമ്മതി ആർജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്കുയർത്തുന്നതിൽ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. ‘Story of a soul’ എന്ന ആത്മകഥ അവളുടെ ആന്തരിക ജീവിതത്തിലേക്ക് അനേകര്‍ക്ക് ഇന്ന്‍ വെളിച്ചം പകരുന്നു. 1997-ൽ പോപ്പ് ജോൺപോൾ രണ്ടാമൻ, വിശുദ്ധയ്ക്കു Doctor of the Church എന്ന ബഹുമതി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. അബിസീനിയന്‍ സഹോദരങ്ങളായ അയിസാസും സാസാനും

2.ടാവുല്‍ ബിഷപ്പായിരുന്ന അല്‍ബോഡ്

3. ഗന്‍റിലെ ബാവാ

4. അരെത്താസും കൂട്ടരും

5. ടോമിയിലെ പ്രിസ്തൂസ്, ക്രെഷന്‍സ്, എവാഗ്രിയൂസ്,

6. ലാവോണിലെ ഡോഡോ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸