വായിച്ചിട്ടും മതിവരാത്ത ഒരു ചെറിയ കഥ

കാലത്തിന് ചാർത്തിക്കൊടുക്കുന്ന കല്പനകളിലൊന്ന് ഭിഷഗ്വരൻ എന്നാണ്. ഏതു വ്യസനത്തേയും ശമിപ്പിക്കുന്ന, ഏതു ഭാരത്തേയും ലഘൂകരിക്കുന്ന ഒരു ദിവ്യ ഔഷധം അതിന്റെ പൊക്കണത്തിലുണ്ടെന്നാണ് സങ്കല്പം.
വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ഒരു ചെറിയ കഥ ബോർഹേസ് എഴുതിയിട്ടുണ്ട്- Legend. ഒരു ഇടവേളയ്ക്കു ശേഷം കായേനും ആബേലും ഏതോ ഒരു സമയ ബിന്ദുവിൽ മുഖാമുഖം വരികയാണ്. മരുഭൂമിയുടെ വരണ്ട ഏകാന്തതയിൽ അവർ ഒരുമിച്ചിരുന്ന് തീ പൂട്ടി ഭക്ഷണം കഴിക്കാനൊരുങ്ങുന്നു. ആബേലിന്റെ നെറ്റിയിൽ കല്ലു കൊണ്ടു നീലിച്ച പാടുണ്ട്.
താൻ ചെയ്ത പാതകം ക്ഷമിക്കാനായോ എന്ന് ഹൃദയഭാരത്തോടെ കായേൻ ചോദിക്കുന്നു.
ആബേൽ തലയുയർത്തി പറഞ്ഞു: “നീയെന്നെ കൊന്നോ? അതോ ഞാൻ നിന്നെയാണോ കൊന്നത്? എനിക്കറിയില്ല… ഞാനതു മറന്നുപോയി.”
കായേൻ പറഞ്ഞു: “ഇപ്പോൾ എനിക്കറിയാം നീയെന്നോടു ക്ഷമിച്ചെന്ന്; കാരണം, മറക്കുകയെന്നാൽ പൊറുക്കുകയാണ്. ഇനി ഞാനും മറക്കാൻ ശ്രമിക്കാം”

കാലം സൗഖ്യം തരാത്ത ഒരു പരിക്കുമില്ല. അവശേഷിക്കുന്നത് വടുക്കൾ മാത്രമാണ്. ആത്മീയസാഹിത്യത്തിൽ രക്ഷയുടെ വടുക്കളെന്നാണ് ഇതിനെ വിളിക്കുന്നത്- scar of redemption. ഒരിക്കൽ ചില വ്രണിതാനുഭവങ്ങൾ ഉണ്ടായിരുന്നു എന്നും ഏതോ മഹാകാരുണ്യത്തിന്റെ ഇടപെടൽ കൊണ്ട് അതിലിപ്പോൾ ചോര പൊടിയുന്നില്ല എന്നും ഉറപ്പുതരുന്ന, വേദനയില്ലാത്ത അടയാളങ്ങൾ. കണ്ണു നിറയാനും കടപ്പാടോടെ കരം കൂപ്പാനും പ്രേരണയാവുന്ന ചില പ്രകാശമുദ്രകൾ. ആപ്പിൾ ഇന്നു നമുക്ക് ഒരു പഴം മാത്രമല്ല, നിങ്ങൾ ഉപയോഗിക്കുന്ന ചില ഗാഡ്ജറ്റുകളുടെ പിന്നിലെ മുദ്രയാണത്. സ്റ്റീവ് ജോബ്സ് എന്ന ദുരിതം പിടിച്ച ബാല്യമുള്ളൊരു കുട്ടി. ഒരു യൂണിവേഴ്സിറ്റി അധ്യാപകന് തന്റെ വിദ്യാർത്ഥിനിയിൽ പൊടിച്ചതായിരുന്നു അയാൾ. കുട്ടിയെ പരസ്യം ചെയ്ത് ദത്തിന് ഏൽപ്പിക്കുകയായിരുന്നു മാതാപിതാക്കൾ. കാര്യമായ പഠനത്തിനുള്ള ഏകാഗ്രതയോ താല്പര്യമോ ഉണ്ടായിരുന്നില്ല. കൗമാരയൗവനങ്ങളിൽ വിശപ്പടക്കുവാൻ അയാളുടെ നാട്ടിൽ സർവസാധാരണമായിരുന്ന ആപ്പിൾ പഴങ്ങളായിരുന്നു കൂട്ട്. തന്റെ പട്ടിണിക്കാലത്തെ ഒരു ചെറുപുഞ്ചിരിയോടു കൂടെ അടയാളപ്പെടുത്താനായിരുന്നു ഒരു സംരംഭം ആരംഭിച്ചപ്പോൾ അതിനയാൾ ‘ആപ്പിൾ’ എന്നു പേരിട്ടത്.

ഏതൊരു ചികിത്സയ്ക്കും ആതുരന്റെ ആഭിമുഖ്യങ്ങൾ പ്രധാനപ്പെട്ടതാണെന്ന് ആർക്കാണറിയാത്തത്. കാലമെന്ന ഈ വൈദ്യനോട് നമ്മളെത്ര തുറവിയും അനുഭാവവും കാട്ടുന്നു എന്നുള്ളതാണ് സൗഖ്യത്തിന്റെ വേഗതയെ നിശ്ചയിക്കുന്നത്. അപരനു മാപ്പ് ഉറപ്പിക്കാനും അവനവന്റെ തന്നെ വിഷാദപൂർണമായ ഇന്നലെകളെ ഒരു സാക്ഷീഭാവത്തിൽ നോക്കിക്കാണാനും കെൽപ്പുള്ള ഒരാൾ എന്നിൽ നിന്നും നിശ്ചയമായും രൂപപ്പെടും. അങ്ങനെയാണ് ഇന്നലെയുടെ നീലിച്ച പാടുകൾ ഇന്ദ്രനീലം പോലെ തിളങ്ങുന്നത്.

തുടരെ തുടരെയുള്ള കൊട്ടു കേട്ട് വാതിൽ തുറന്നു അയാൾ. പുറത്തൊരു ഒച്ചാണ്.
“ഈ നേരത്ത് നിനക്ക് എന്തിന്റെ കേടാണ്?”
“പന്ത്രണ്ടു വർഷം മുൻപ് ഇതുകണക്കൊരു തണുത്ത സന്ധ്യയിൽ എന്നെ നീ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞത് എന്തിനാണ്?”
ഒരു വ്യാഴവട്ടമായി സഞ്ചരിക്കുകയായിരുന്നു അത്; എന്നെങ്കിലും ചോദിച്ചേ പറ്റൂ! 😃

Leave a comment