2019 Novel Coronavirus – Malayalam Article

നോവല്‍ കൊറോണയും ആരോഗ്യ അടിയന്തരാവസ്ഥയും

ചൈനയിലെ വൂഹാനിൽനിന്ന് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ഇന്ത്യയടക്കം ഇരുപതിലധികം രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചിരിക്കുന്നു. മരണസംഖ്യ ഉയരുകയാണ്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ കൊറോണ വൈറസിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവുകൾ പങ്കുവെക്കുകയാണ് ലേഖകൻ. ഒപ്പം, ഈ വൈറസ് സൃഷ്ടിക്കുന്ന ഭീഷണികൾ എന്തെല്ലാമെന്നും അതേസമയം വൈദ്യശാസ്ത്ര ഗവേഷണത്തിൽ അത് തുറന്നിടുന്ന സാധ്യതകളെന്തെന്നും വിശദമാക്കുന്നു.

വൂഹാനിലെ വവ്വാലുകൾ കേരളത്തിലെത്തുേമ്പാൾ

ഡോ. ജയകൃഷ്ണന്‍ ടി.

2020 ജനുവരി രണ്ടാം വാരത്തോടെ ചൈനയില്‍ ഒരു പുതിയ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു എന്നറിഞ്ഞപ്പോള്‍, പതിനേഴ് വര്‍ഷം മുമ്പ് ആ രാജ്യത്തുതന്നെ പിറവിയെടുത്ത് ലോകം മുഴുവന്‍ പരന്ന സാർസ് (SARS)എന്ന രോഗത്തിെൻറ ഓര്‍മയാണ് മനസ്സിലേക്ക് വന്നത്. അന്ന് നവംബര്‍ മാസത്തില്‍ തന്നെ ഗുയാങ്ഗ്ദോങ് നഗരത്തില്‍ പുതിയ രോഗം മൂലം മരണങ്ങള്‍ ഉണ്ടായിട്ടും മൂന്നു മാസം കഴിഞ്ഞ് രോഗം ഹോങ്കോങ്ങില്‍ എത്തി ആളുകളില്‍ പടര്‍ന്ന് മരണം വിതച്ചപ്പോള്‍ മാത്രമാണ് ചൈന ലോകാരോഗ്യഗ്യ സംഘടനയെപ്പോലും അറിയിക്കുന്നത്. അപ്പോഴേക്കും രോഗാണു കടല്‍കടന്നു മറ്റ് രാജ്യങ്ങളിലും വ്യാപിച്ചിരുന്നു; 24 രാജ്യങ്ങളിലായി 8098 പേരെ ബാധിക്കുകയും 774 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍, അന്താരാഷ്ട്ര സഹകരണത്തോടെ മരുന്നോ വാക്‍സിനോ ഇല്ലാതെ തന്നെ യാത്ര നിയന്ത്രണവും രോഗലക്ഷണമുള്ളവരുടെ ഐസൊലേഷനിലൂടെയും (മാറ്റിപ്പാര്‍പ്പിക്കല്‍) സര്‍വൈലന്‍സിലൂടെയും സാര്‍സ് രോഗാണുവിനെ ലോകത്ത് നിന്നുതന്നെ നിര്‍മാര്‍ജനം ചെയ്തിട്ടുണ്ട്.
അതിനുശേഷം, 2012ല്‍ അറബ് രാജ്യങ്ങളില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം വൈറസ് (മെര്‍സ് – MERSCoV) ബാധ വിവിധ രാജ്യങ്ങളില്‍ 2494ലധികം പേരെ ബാധിച്ചു; 858 പേർ മരിക്കുകയും ചെയ്തു. ഇന്നും പല രാജ്യങ്ങളിലും ഒറ്റപ്പെട്ട് അവിടവിടെയായി അക്രമം തുടരുന്നുണ്ട്. ഇത് രണ്ടുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കൊറോണ വൈറസ് മൂലം ഭൂഖണ്ഡത്തില്‍ പുതുതായി ഉണ്ടായി വ്യാപിച്ച രണ്ടു പുതിയ രോഗങ്ങള്‍. ഇത് കൂടാതെ എച്ച്‌1 എന്‍1 വൈറസ് രോഗം 2009ൽ മെക്സികോയില്‍ ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെടുകയും മാസങ്ങള്‍ക്കുള്ളില്‍ വന്‍കരകള്‍ കടന്നു ലോകത്താകെ പടര്‍ന്ന് ഇപ്പോള്‍ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും സര്‍വവ്യാപിയായി സ്ഥിരമായി എല്ലാ കാലാവസ്ഥകളിലും സ്ഥായിയായി പടരുകയാണ് (Endemic). കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇടക്കിടെ പുതിയ രോഗാണുക്കള്‍/പഴയ രോഗാണുക്കള്‍ പുതിയ രൂപഭാവത്തില്‍ പിറവിയെടുക്കുകയും മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യരുടെ രാജ്യാന്തര യാത്രകൾ, സമ്പർക്കങ്ങൾ, നിയന്ത്രണമില്ലാതെ പ്രകൃതി കൈയേറിയുള്ള നിര്‍മാണ പ്രവൃത്തികൾ, വനം നശീകരണം, പക്ഷിമൃഗാദികളുമായിട്ടുള്ള അതിര് വിട്ട ഇടപെടലുകൾ, ആൻറി ബയോട്ടിക്കുകളുടെ വഴിവിട്ട ഉപയോഗങ്ങൾ, കാലാവസ്ഥ മാറ്റം തുടങ്ങി പലവിധ കാരണങ്ങളുണ്ട് ഇതിന്. പുതുതായി ഉണ്ടായിട്ടുള്ള രോഗങ്ങളില്‍ 70 ശതമാനവും മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്.
ഇപ്പോഴുണ്ടായിട്ടുള്ള നോവല്‍ കൊറോണ 2019 എന്ന് നാമകരണം ചെയ്തിട്ടുള്ള വൈറസും സ്വാഭാവികമായി മൃഗങ്ങളില്‍ ഉണ്ടാകുന്ന ഒരു വൈറസ് കൂട്ടത്തിലുള്ളതാണ്. കൊറോണ ഗ്രൂപ്പില്‍പ്പെട്ട ആർ.എൻ.എ വൈറസുകള്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെൽറ്റ ഇങ്ങനെ നാല് തരമുണ്ട്. പൊതുവേ ആല്‍ഫ ഗ്രൂപ്പില്‍ ഉള്ളവ വവ്വാലുകളിലും (Bats) ബീറ്റ ഗ്രൂപ്പിലുള്ളവ വവ്വാല്‍, വെരുക്, മനുഷ്യര്‍ തുടങ്ങിയ സസ്തനികളിലുമാണ് കാണുന്നത്. അതിനാല്‍ ഇവക്ക് ചില വിപരീത സാഹചര്യങ്ങളില്‍ പരസ്പരം ഉറവിടങ്ങള്‍ മാറാനുള്ള സാധ്യതയുണ്ട്. ഇതില്‍ ആല്‍ഫ, ബീറ്റ തരത്തില്‍ പെട്ട ആറെണ്ണം മാത്രമാണു മനുഷ്യരെ ബാധിക്കുന്നത് എന്നാണ് ഇതുവരെ അറിയപ്പെട്ടത്. ഇവയില്‍ നാലെണ്ണം എല്ലാവരിലും സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകള്‍ ആണ്. മറ്റ് രണ്ടെണ്ണം സാർസ്, മെർസ് വൈറസുമാണ്. ഇതില്‍ സാര്‍സ് വെരുകുകള്‍ വഴിയും മേർസ് ഒട്ടകങ്ങള്‍ വഴിയുമാണ് മനുഷ്യരില്‍ എത്തിയതെങ്കിലും ഇവയുടെ ശരിയായ ഉറവിടം വവ്വാലുകള്‍ ആണെന്ന് ജനിതക തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ എത്തപ്പെടുന്ന ഏഴാമത്തെ കൊറോണ വര്‍ഗത്തില്‍ വൈറസ് ആയിട്ടാണ് പുതിയ കൊറോണ 2019 വൈറസിനെ കണക്കാക്കുന്നത്. ഇതിെൻറയും പ്രകൃതിയിലുള്ള പൂര്‍വിക ഉറവിടം സസ്തനികളായ വവ്വാലുകള്‍ തന്നെയാവാമെന്നാണ് ജനിതകമായ പഠനങ്ങള്‍ തെളിവ് നല്‍കുന്നത്. ഇവയിലെ ജനിതകമായ കോഡുകള്‍ക്ക് ശതമാനത്തോളം സാമ്യത കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെയാണ് മനുഷ്യരില്‍ എത്തിയതെന്നതിനു കൂടുതല്‍ വിശദപഠനങ്ങള്‍ വേണ്ടിവരും.

നോവല്‍ കൊറോണയുടെ നാള്‍വഴികള്‍

ഡിസംബര്‍ അവസാനത്തോടുകൂടി ചൈനയിലെ ഹുബൈ സംസ്ഥാനത്തുള്ള വൂഹാന്‍ നഗരത്തില്‍ അസാധാരണമായ ന്യൂമോണിയ രോഗലക്ഷണങ്ങളുമായി ധാരാളം രോഗികള്‍ ആശുപത്രികളില്‍ എത്തിത്തുടങ്ങിയപ്പോള്‍, നടത്തിയ രോഗകാരണങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തിയപ്പോള്‍ ഇവയൊന്നും നിലവില്‍ അറിയപ്പെടുന്ന വൈറസുകളോ ബാക്ടീരിയകളോ അല്ല രോഗ കാരണം എന്നു മനസ്സിലായി. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് രോഗഹേതു പുതിയ ഒരു വൈറസ് ആണെന്നും ഇത് സാര്‍സ്, മെര്‍സ് ഇവയുടെ കൂട്ടത്തിലുള്ള ബീറ്റ കൊറോണ വര്‍ഗത്തിൽപെട്ടതാണെന്നും തിരിച്ചറിഞ്ഞു ‘നോവല്‍ കൊറോണ വൈറസ് 2019’ എന്നു നാമകരണം ചെയ്തത്. ആദ്യത്തെ ആഴ്ചകളില്‍ രോഗികള്‍ ആയി വന്നവരില്‍ ഭൂരിഭാഗവും (55 ശതമാനം) അവിടെയുള്ള ഹുനാൻ ഇറച്ചി മാര്‍ക്കറ്റില്‍ ജോലിയുള്ളവരോ, അവിടെ പോയവരോ ആയിരുന്നു എന്നതുകൊണ്ട് അവിടെനിന്നാണ് രോഗപ്രഭവ കേന്ദ്രം എന്നു കരുതി പുതുവര്‍ഷപ്പിറവി ദിവസത്തില്‍തന്നെ മാര്‍ക്കറ്റ് അടപ്പിച്ചു. തുടർന്ന്, രോഗികളുടെ പ്രവാഹം തുടരുകയും ജനുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി വൂഹാന്‍ നഗരത്തിനെ പുറത്തുള്ള ചൈനയിലെ മറ്റ് പ്രദേശങ്ങളില്‍നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഒന്നാംനിര രോഗികളില്‍ ആദ്യം ഏതെങ്കിലും മൃഗങ്ങളില്‍നിന്നോ മാംസ ആഹാരം വഴിയോ പകര്‍ന്നതാണെന്നു കരുതിയ രോഗം പിന്നീട് മനുഷ്യരില്‍നിന്നും മറ്റ് മനുഷ്യരിലേക്ക് രണ്ടും മൂന്നും രോഗാണു തലമുറ വഴി പകരുന്ന സ്ഥിതിയും രോഗികള്‍ മരണപ്പെടുന്ന സ്ഥിതിയും വന്നപ്പോള്‍ ശാസ്ത്രം ഇതിെൻറ വിനാശശക്തി തിരിച്ചറിഞ്ഞു ഒന്നു പകച്ചു പോയി, അന്വേഷണം തുടര്‍ന്നു.
മുമ്പ് ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കപ്പെട്ട ചൈനയുടെ സ്ഥിതി യോര്‍ത്ത്, സാര്‍സ് നൽകിയ പാഠം ഉള്‍ക്കൊണ്ടപോലെ ഇത്തവണ രോഗവിവരം മൂടിവെക്കാതെ ലോകാരോഗ്യ സംഘടനയെ ഡിസംബര്‍ 31നു തന്നെ അറിയിക്കുകയും ശാസ്ത്രീയമായി വളരെയധികം മുന്നോട്ട് പോവുകയും ചെയ്തത് ഇവിടെ പരാമര്‍ശിക്കുന്നത് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകരമാണ്. ഡിസംബര്‍ എട്ടു തൊട്ട് അസാധാരണ ന്യൂമോണിയ കേസുകള്‍ കണ്ടുതുടങ്ങിയ വൂഹാനിലെ ആരോഗ്യവകുപ്പ് അധികാരികള്‍ ആദ്യം ‘വിസില്‍ ബ്ലോവര്‍’മാരുടെ അപകട സൂചനകള്‍ അവഗണിച്ചെങ്കിലും ഡിസംബര്‍ അവസാനം ആകുമ്പോള്‍ താനെ ഉണര്‍ന്ന് ‘ഔട്ട് ബ്രേക്’ പ്രഖ്യാപിക്കുകയും ഇന്‍വെസ്റ്റിഗേഷൻ നടത്തി ദേശീയതലത്തില്‍ വിവരങ്ങള്‍ നൽകി ‘ചൈന സെൻറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവന്‍ഷന്‍’ (CDC ചൈന ) ഉചിതമായ നടപടികള്‍ എടുക്കുകയും ചെയ്തു. ചൈനയിലെ ദേശീയ ഏജന്‍സിയിലെ വിദഗ്ധര്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി ഒരാഴ്ചക്കകം (ജനു. ഏഴ്)പുതിയ രോഗത്തെ തിരിച്ചറിയുകയും രോഗികളുടെ ശ്വാസകോശ സ്രവത്തില്‍നിന്നും രോഗാണുവിനെ വേര്‍തിരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയെ അത് അറിയിക്കുകയും ഡബ്ല്യു‌.എച്ച്‌.ഒ അത് അംഗീകരിച്ച് ജനുവരി 12നു പുതിയ രോഗാണുവിനെ 2019 നോവല്‍ കൊറോണ വൈറസ് (Novel Corona virus 2019) എന്നു നാമകരണം ചെയ്യുകയും ചെയ്തു. വേഗത്തില്‍ രോഗനിയന്ത്രണ ഗവേഷണങ്ങള്‍ക്ക് സഹായങ്ങളും നൽകുകയും ചെയ്തു. ജനുവരി 10നു തന്നെ പുതിയ വൈറസിെൻറ ‘ജനിതക സീക്വന്‍സ്’ മാപ് ചെയ്യുകയും അടുത്ത ദിവസംതന്നെ രോഗനിര്‍ണയത്തിെൻറ റിയജൻറസും പി.‌സി.‌ആര്‍ അടക്കം ഡയഗ്നോസിസ് കിറ്റുകള്‍ തയാറാക്കി മറ്റു ലോകരാജ്യങ്ങള്‍ക്ക് നൽകുകയും ചെയ്തിട്ടുണ്ട്. രോഗത്തെക്കുറിച്ചുള്ള ഔഷധ, വാക്സിന്‍ തുടര്‍ ഗവേഷണങ്ങള്‍ക്ക് ഇവ എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്നതുമാണ്. പുതുതായി ഏത് മാരക പകർച്ചവ്യാധികള്‍ ഉണ്ടാകുമ്പോഴും നൈതികമായി പാലിക്കേണ്ട നടപടിയായി വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് അപ്പോളപ്പോള്‍ സമയാസമയം സുതാര്യമായി നൽകുന്നുമുണ്ട്.
രോഗനിയന്ത്രണത്തിനായി എടുക്കാവുന്ന എല്ലാ നടപടികളും ചൈനയിലെ അധികൃതര്‍ കൈക്കൊണ്ടിട്ടും രോഗം പടര്‍ന്നുകൊണ്ടിരുന്നു. ജനുവരി മൂന്നാം ആഴ്ചയിലേക്ക് കടക്കുേമ്പാഴേക്കും രോഗം ചൈനയിലെ 23 സംസ്ഥാനങ്ങളെയും 835 പേരെയും ബാധിച്ചു മരണങ്ങള്‍ വിതച്ച് കഴിഞ്ഞിരുന്നു. ജനുവരി 23ന് ചൈനയിലെ വൂഹാനിലെ സ്ഥിതി നിയന്ത്രണാതീതമായി കട കേമ്പാളങ്ങൾക്കുപുറമെ വിമാനത്താവളവും റെയില്‍വേ, റോഡ് ഗതാഗതങ്ങളും അടക്കാനുള്ള അന്താരാഷ്ട്ര അറിയിപ്പ് പുറപ്പെടുവിച്ചു. അതിനിടയില്‍ തന്നെ ചൈനയില്‍നിന്നും തിരിച്ചുപോയ യാത്രക്കാരിലൂടെ രോഗം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. ജനുവരി 13ന്, അയല്‍ രാജ്യമായ തായ്ലൻഡിലും 16ന് ജപ്പാനിലും 19ന് കൊറിയയിലും രോഗം റിപ്പോർട്ട് ചെയ്തു തുടങ്ങിയപ്പോള്‍തന്നെ ലോകരാജ്യങ്ങളിലെ പൊതുജനാരോഗ്യ വിദഗ്ധര്‍ ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു പുതിയ മഹാമാരിയുടെ (pandemic) കൊടി ഉയരുന്നത് മനസ്സില്‍ കണ്ടു മുന്നറിയിപ്പുകള്‍ നൽകിയിരുന്നു.
പുതിയ കൊറോണ രോഗാണുവിെൻറ ഉൽപത്തി, മനുഷ്യരിലേക്കുള്ള പ്രവേശനം, രോഗപ്പകര്‍ച്ച, ലക്ഷണങ്ങള്‍, തീവ്രത, മനുഷ്യരിലെ പ്രതിരോധം, ദീർഘകാല പ്രത്യാഘാതങ്ങള്‍ ഇവയില്‍ പലതിെൻറയും അറിവുകള്‍ അപൂര്‍ണവും അജ്ഞാതവുമാണ്. കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവന്ന അറിവുകളുടെ വെളിച്ചത്തിലാണ് ഈ ലേഖനം തയാറാക്കുന്നതു തന്നെ. ഇൗ കുറിപ്പെഴുതുേമ്പാൾ, ( ജനുവരി 31) ലോകത്താകെ 20 ലധികം രാജ്യങ്ങളില്‍നിന്നായി 9826 കൊറോണ വൈറസ് ബാധിതര്‍ക്ക് രോഗബാധ ഉറപ്പിച്ചിട്ടുണ്ട്;15,236ഓളം പേര്‍ക്ക് രോഗം സംശയിക്കുന്നുമുണ്ട്. 213 പേര്‍ മരണപ്പെട്ടിട്ടുണ്ട്. അഥവാ, മരണനിരക്ക് 2.1ശതമാനം. ഇതില്‍ 106 കേസുകള്‍ ഒഴികെ 9720 (98.9 ശതമാനം) എണ്ണവും ചൈനയില്‍ ഉണ്ടായതാണ്. ചൈനക്കു പുറത്തുള്ള രോഗികള്‍ ഭൂരിപക്ഷവും ചൈനയില്‍ യാത്രപോയി തിരിച്ചെത്തിയവരാണ്. ഇവരില്‍ സ്വദേശത്തെ മറ്റ് രോഗികളില്‍നിന്നു പകർന്നവര്‍ വെറും 10ല്‍ താഴെ മാത്രമേ ഉള്ളൂ. ഇന്ത്യയില്‍ ആദ്യമായി ജനുവരി 30ന് ചൈനയില്‍നിന്നും തിരിച്ചുവന്ന ഐസൊലേഷനില്‍ കഴിയുന്ന ഒരു മലയാളി വിദ്യാര്‍ഥിനിയിലൂടെ കൊറോണ സ്ഥിരീകരിക്കപ്പെട്ടു. അതിനുശേഷം രണ്ടാമത്തെ രോഗവും സ്ഥിരീകരിച്ചത് (ഫെബ്രുവരി 2ന്) കേരളത്തിലാണ്.

നോവല്‍ കൊറോണ രോഗം

വൂഹാന്‍ നഗരത്തിലാണ് ലോകത്തിലെ തന്നെ മികച്ച വൈറസ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇത് രോഗാണുവിനെ എളുപ്പം കണ്ടുപിടിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ലഭ്യമായ അറിവുകള്‍ വെച്ചു ഈ വൈറസ് 2019 ഒക്ടോബർ 30നും നവംബർ 30നും ഇടയിലും പിറവിയെടുത്തതാണെന്നും ഇതിന് 90 ശതമാനത്തോളം വവ്വാലുകളിലുള്ള കൊറോണ വൈറസുകളുമായി സാമ്യമുണ്ടെന്നും ഇത് മനുഷ്യരുടെ ശ്വാസകോശങ്ങളിലുള്ള എ‌.സി.‌ഇ -2 ( Angiotensin converting Enzyme -2 ) റിസെപ്റ്ററുകൾ വഴിയാണ് മനുഷ്യരില്‍ പ്രവേശിക്കുന്നതുമെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്.
ചൈനയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട 425 ഓളം രോഗികളില്‍ നടത്തപ്പെട്ട ഗവേഷണ പഠനം ജനുവരി 29ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗം പകരുന്നത് രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ‘സ്രവ കണികകള്‍’ (droplets) വഴിയാണ്. അറിയപ്പെട്ട മറ്റ് രണ്ടു (സാര്‍സ്, മെര്‍സ്) കൊറോണ വൈറസുകളും പകരുന്നത് വലിയ കണികകളും രോഗിയോ-സ്രവങ്ങളോ ആയിട്ടുള്ള സ്പര്‍ശനങ്ങള്‍ വഴിയാണ്. അകലത്തേക്ക് തെറിക്കുന്ന ചെറുകണികകള്‍ വഴിയോ, മറ്റ് വസ്തുക്കള്‍ വഴിയോ അവ പടരാന്‍ സാധ്യതയില്ല. ആശുപത്രികളില്‍നിന്നും ജീവനക്കാര്‍ക്കും, മറ്റ് കൂട്ടിരിപ്പുകാര്‍ക്കും രോഗം കിട്ടിയിട്ടുണ്ട്. ഒരു രോഗിയില്‍നിന്നു മാത്രം പതിനഞ്ചിലധികം ആശുപത്രി ജീവനക്കാരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ട് (നിപയുടെ കാര്യം ഓര്‍ക്കുക). മറ്റുള്ളവരെ അപേക്ഷിച്ച് ചില രോഗികളില്‍നിന്നും കൂടുതല്‍പേര്‍ക്ക് രോഗാണു ബാധ കിട്ടുന്നതിനാല്‍ അവരുടെ സ്രവങ്ങൾ വഴി കൂടുതലായി രോഗാണുവിനെ (Virus secretors) പുറത്തുവിടുന്നുണ്ടെന്ന് കരുതണം. ഇതുപ്രകാരം രോഗാണു ശരീരത്തില്‍ എത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട സമയം (രോഗത്തിെൻറ ഇൻകുബേഷന്‍ പീരീയഡ്) നാല് തൊട്ട് ഏഴ് ദിവസം വരെയാണ് (പരമാവധി 12.5 ദിവസം) . അതിനാലാണ് രോഗാണുബാധ സംശയിക്കുന്നവരെ 15 ദിവസത്തേക്ക് ക്വറൻറയിനില്‍ വെക്കാന്‍ നിര്‍ദേശിക്കുന്നത്. ഒരു രോഗിയില്‍നിന്നും മറ്റുള്ളവരിലേക്ക് പകരാനുള്ള രോഗാണുവിെൻറ പ്രസരണശേഷി (Basic Reproduction Rate, R0) 2.2 ആണ് ( 1.4 മുതല്‍ 3.9 വരെ). ഇത് ഒന്നിലും താഴെയാക്കാന്‍ പറ്റിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരില്ല. പനിയും വരണ്ട ചുമയും ശ്വാസതടസ്സവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. മരണപ്പെട്ടവര്‍ അധികവും പ്രായമുള്ളവരും പ്രമേഹം, വൃക്കരോഗങ്ങള്‍ തുടങ്ങിയ അനുബന്ധ രോഗമുള്ളവരുമാണ്.

കൊറോണ ഭീഷണികൾ; സാധ്യതകൾ

ഇരുപതാം നൂറ്റാണ്ടിലെയും, ‘സാര്‍സ്’ കാലത്തെയും ഇരുമ്പുമറക്കകത്തുള്ള കമ്യൂണിസ്റ്റ് ചൈന ഇന്ന് വളരെ മാറിയിട്ടുണ്ട്. ഇന്ന് ആഗോളീകരണത്തിെൻറ കാലത്ത് വിപണികള്‍ തുറന്നുവെച്ചു പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം സാമ്പത്തികമായി അമേരിക്കയുമായി കിടപിടിക്കുന്ന ഐ.ടി മേഖലയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഹബ്ബായ രാജ്യമായി മാറിയിട്ടുണ്ട്. അതിനാല്‍തന്നെ രോഗങ്ങളെ മൂടിവെക്കാനോ, ശാസ്ത്രത്തോടൊപ്പം മുന്നേറാതിരിക്കാനോ വയ്യ. അങ്ങനെ ചെയ്താല്‍ അവര്‍ സാമ്പത്തികമായി പിന്നോട്ടുപോകും ^അതിനവര്‍ സമ്മതിക്കില്ല. രോഗബാധ അറിഞ്ഞതിന് ശേഷം ചൈന ശരിയായ ദിശയില്‍ത്തന്നെയാണ് വൈദ്യശാസ്ത്രത്തിെൻറ വഴികളില്‍ മുന്നോട്ട് ചലിക്കുന്നത്.
രോഗാണു പോലെ തന്നെ അപകടകാരികളാണ് അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും, നുണപ്രചാരണങ്ങളും. ഇതിനിടയില്‍ കൊറോണ വൈറസ് ഒരു ജൈവായുധമാണെന്നും ആകസ്മികമായി ലബോറട്ടറിയില്‍നിന്നും രക്ഷപ്പെട്ടതാണെന്നുമുള്ള കിംവദന്തികള്‍ പ്രശ്നം വഷളാക്കാന്‍ കാരണമാണ്. നിപയുടെ കാലത്തും ആദ്യം രോഗികളായി മരിച്ചവര്‍ പ്രത്യേക മതത്തിൽപെട്ടവരായതിനാല്‍ ഈ ‘ഗൂഢാലോചന സിദ്ധാന്തം’ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോഴും ഈ വൈറസിന് എച്ച്.ഐ.വി വൈറസുമായി ചില ജനിതക സീക്വന്‍സുകളില്‍ വെറും നാല് ശതമാനം സാമ്യം കണ്ടെത്തിയതിനെ പറ്റി ഇന്ത്യയിലെ തന്നെ ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും വിദഗ്ധര്‍ ഇത് തള്ളിപ്പറഞ്ഞിട്ടുണ്ട്. ആകസ്മികമായി മൃഗങ്ങളിലുള്ള വൈറസുകള്‍ മനുഷ്യരിലേക്ക് ജനിതക വ്യതിയാനം വന്നു പകരുമ്പോള്‍ ഇങ്ങനെ സംഭവിക്കാവുന്നതാണെന്ന് ശാസ്ത്രത്തിന് അറിവുള്ളതാണ്.
ഒരു പകർച്ചവ്യാധിയുടെ ഭീഷണിയെപ്പറ്റി പ്രവചിക്കണമെങ്കില്‍ അതുണ്ടാക്കുന്ന രോഗാണുവിെൻറ പകരാനുള്ള കഴിവ് (പ്രസരണ ശേഷി), പകരുന്ന രീതി, രോഗാണുവിെൻറ തീവ്രത, ഇൻകുബേഷന്‍ പീരീയഡ്, ജനങ്ങളിലെ പ്രതിരോധശേഷി, ചികിത്സാ സാധ്യതകള്‍ ഇതൊക്കെ അറിഞ്ഞിരിക്കണം. ആദ്യമായി ഒരു രോഗാണു സമൂഹത്തില്‍ എത്തുേമ്പാൾ മനുഷ്യരില്‍ ആര്‍ക്കും ഇതിനെതിരെ ആര്‍ജിത രോഗപ്രതിരോധ ശക്തി ഉണ്ടായിരിക്കില്ല. അതിനാല്‍, രോഗാണുബാധ ഉണ്ടാകുന്ന മുഴുവന്‍ പേര്‍ക്കും രോഗലക്ഷണമുണ്ടാകും. അതിനാലാണ് കൊറോണ രോഗം കൂടുതല്‍ പേരെ ബാധിക്കുന്നത്. കൊറോണ വൈറസ് എല്ലാവരിലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുമോ, അതോ രോഗലക്ഷണമില്ലാതെയും മനുഷ്യരില്‍ ഉണ്ടാകുമോ, രോഗലക്ഷണമില്ലാതെ ഇത് പകര്‍ത്താന്‍ കഴിവുണ്ടോ തുടങ്ങിയ ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ വ്യക്തമായി ഇനിയും കിട്ടാനുണ്ട്. ചില രോഗങ്ങള്‍ അത്ര ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ /മാരകമല്ലെങ്കില്‍ രോഗബാധയുള്ളവര്‍ വിശ്രമിച്ചു/ ചികിത്സയെടുക്കാതെ യാത്ര ചെയ്യാനും, ജോലിക്കു പോകാനും സാധ്യതയുണ്ട്. സബ്ക്ലിനിക്കില്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചറിയാനും മാറ്റിപ്പാര്‍പ്പിക്കാനും പ്രയാസമാണ്. അതിനാല്‍ ഇത്തരം രോഗങ്ങള്‍ വളരെ വേഗത്തില്‍ അവരില്‍നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കാം. മറ്റ് ചിലത് രോഗലക്ഷണങ്ങള്‍ ഒന്നും പുറമെ കാണിക്കാതെ സബ്ക്ലിനിക്കലായി ബാധിച്ചവര്‍ക്ക് രോഗപ്രതിരോധം ഉണ്ടാക്കി സമൂഹത്തില്‍ സ്ഥിരമായി നിലനിൽക്കും. എച്ച് 1 എന്‍ 1 ഇങ്ങനെയാണ് ലോകമെമ്പാടും പടര്‍ന്ന് സ്ഥിരത /എൻഡമിക് ആയത്. മറുവശത്ത് രോഗം /ലക്ഷണങ്ങള്‍ ഗുരുതരമായതും കൂടുതല്‍ മരണകാരിയുമാകുമ്പോള്‍ രോഗം പിടിപെടുന്നവര്‍ മുഴുവനോ/ ഭൂരിഭാഗവും ചികിത്സക്കെത്തുന്നതിനാല്‍ തിരിച്ചറിയപ്പെടുന്നതിനാല്‍ രോഗിയെ മാറ്റിപ്പാര്‍പ്പിക്കാന്‍ പറ്റുന്നതിനാലും / രോഗി മരണപ്പെടുന്നതിനാലും രോഗാണുവിന് മറ്റുള്ളവരിലേക്ക് പകരാനുള്ള അവസരം കിട്ടാതെ വരുകയും ചെയ്യുന്നു. അതിനാല്‍ രോഗം പ്രാദേശികമായി അധികം പടരാതെ അടങ്ങുന്നു. അധികം മരണസാധ്യതയുള്ളതുകൊണ്ടും (> 70 ശതമാനം), പ്രസരണശേഷി 1ല്‍ (R0) താഴെയായതിനാലും ആണ് നിപ രോഗബാധ സാധാരണ അധികം വ്യാപിക്കാതെ പ്രാദേശികമായി ഒതുങ്ങിയത് (self limitting) ഇതുകൊണ്ടാണ്. കൊറോണയുടെ ഇത്തരം സ്വഭാവങ്ങള്‍ പഠിച്ചുവരുന്നതേ ഉള്ളൂ. കൊറോണയുടെ ഇപ്പോഴത്തെ പ്രസരണശേഷി 2 ആണ്. നിയന്ത്രണത്തിലൂടെ ഇത് ഒന്നില്‍ താഴെ എത്തിക്കാനാകണം. ഇതിെൻറ ഇപ്പോഴത്തെ മരണസാധ്യത ചൈനയില്‍ 2-3 ശതമാനവും മറ്റ് രാജ്യങ്ങളില്‍ 0.3 ശതമാനത്തില്‍ താഴെ മാത്രവുമാണ്. ഇത് ഇനി കുറഞ്ഞുവരാനാണ് സാധ്യത.
ബയോളജിക്കലായി ശ്വസനവ്യൂഹത്തിെൻറ മുകള്‍ഭാഗത്തുള്ള (മൂക്ക്, തൊണ്ട തുടങ്ങിയ) അവയവങ്ങളെ ബാധിക്കുന്ന രോഗാണുക്കള്‍ പെട്ടെന്നു പകരുകയും അത് സ്ഥായിയായി മാറുകയും ചെയ്യും ^എച്ച് 1 എന്‍ 1 അങ്ങനെയാണ്. മറിച്ചു ശ്വസനവ്യൂഹത്തിെൻറ താഴെ ഭാഗത്ത് ശ്വാസകോശത്തെ ബാധിക്കുന്ന രോഗാണുക്കള്‍ വൈകി മാത്രമേ പകരുകയുള്ളൂ. അത്തരം രോഗങ്ങള്‍ ചെറിയ ക്ലസ്റ്ററുകളായി മാത്രമേ പടരുകയുള്ളൂവെന്നാണ് എപ്പിഡിമിയോളജി ശാസ്ത്രം. എച്ച് 7 എന്‍ 9 പക്ഷിപ്പനി അതുകൊണ്ടാണ് അധികം വ്യാപിക്കാത്തത്. കൊറോണയുടെ ഇത്തരം കാര്യങ്ങൾ ശാസ്ത്രം അറിഞ്ഞുവരുന്നതേയുള്ളൂ.
കൊറോണ വൈറസ് ജനിതകവ്യതിയാനത്തിന് (mutation) സാധ്യതയുള്ള വൈറസ് ഗ്രൂപ്പാണ്. അതുകൊണ്ട് സ്വഭാവം പ്രവചിക്കാന്‍ സാധ്യമല്ല. നോവല്‍ കൊറോണയുടെ ഉൽപത്തി, പകര്‍ച്ച എവിടെ, എങ്ങനെയെന്ന് ഇതുവരെ വ്യക്തമല്ല -പക്ഷേ, മനുഷ്യരിലേക്ക് ആദ്യം എത്തിയത് ‘ഒരൊറ്റ വാതിലില്‍’ ( single introduction) കൂടിയാണെന്ന് ജനിതക സീക്വന്‍സുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ചൈനയില്‍നിന്നും ‘point source’ ആയി തുടങ്ങിയ എപ്പിഡെമിക് ഒരു ‘പാന്‍ഡെമിക് ’ ആയി വന്‍കരകളിലേക്ക് പടരുന്നുണ്ടെങ്കിലും (25 ലധികം രാജ്യങ്ങള്‍ ) മറ്റ് എവിടെ നിന്നും മറ്റൊരു പുതുതായി ഔട്ട് ബ്രേക് ഉണ്ടായിട്ടില്ല എന്നതും ചൈനയൊഴികെ മറ്റൊരു രാജ്യങ്ങളിലും മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കോ ഒരാളില്‍നിന്നും മറ്റൊരാളിലേക്കോ (secondary cases ) വ്യാപകമായി രോഗാണു പടര്‍ന്നിട്ടില്ല എന്നതും നിലവില്‍ ആശ്വാസകരമാണ്.
പുതുതായി പിറവിയെടുത്ത കൊറോണ വൈറസിനെതിരെ ഫലപ്രദമായ ഔഷധമോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. റിറ്റിനാവിര്‍, ലോപിനാവിര്‍ തുടങ്ങിയ മരുന്നുകള്‍ പരീക്ഷണത്തിെൻറ അടിസ്ഥാനത്തില്‍ കൊറോണ രോഗികളില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇൻഫക്ഷ്യസ് ഡിസീസ് കൊറോണക്കെതിരെ ന്യൂക്ലിക് ആസിഡ് വാക്സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇതിനിടയില്‍ കേന്ദ്രസർക്കാറിെൻറ കീഴിലുള്ള ‘ആയുഷ്’ വിഭാഗത്തിെൻറ പേരില്‍ കൊറോണക്കെതിരെ ആയുര്‍വേദത്തിലും ഹോമിയോയിലും യൂനാനിയിലും പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമാണെന്ന നിലയില്‍ സർക്കാര്‍ ഏജന്‍സിയായ പ്രസ് ഇൻഫർമേഷന്‍ ബ്യൂറോ വഴി പ്രസ് റിലീസുകള്‍ നൽകിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിനും അപമാനകരവുമായിപ്പോയി. ഇത് ലോകത്തിലെ വൈദ്യശാസ്ത്രജ്ഞര്‍ കൊറോണക്കെതിരെ ഔഷധങ്ങള്‍ കണ്ടെത്താനായി രാപ്പകല്‍ യത്നിക്കുബോള്‍ അവരെ കൊഞ്ഞനം കാട്ടുന്നതുപോലെ ആയിപ്പോയി.
ജനുവരി 30ന് ഉന്നതതല യോഗം ചേര്‍ന്ന് നോവല്‍ കൊറോണക്കെതിരെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്രതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ (GLOBAL HEALTH EMERGENCY) ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അദനോം പ്രസ്താവിച്ചത് ഇങ്ങനെയാണ്: ‘‘ചൈനയില്‍ കൊറോണ വൈറസ് ഉണ്ടാക്കിയ പ്രശ്നത്തെ തുടര്‍ന്നല്ല മറിച്ച് അത് മറ്റ് ലോകരാജ്യങ്ങളില്‍ ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വ്യക്തികൾക്ക് അത്ര ആരോഗ്യപരമായി മാരക/വലിയ ഭീഷണി അല്ലെങ്കിലും പടര്‍ന്ന് പിടിക്കുന്നതിനാല്‍ ആഗോള തലത്തില്‍ എണ്ണംകൊണ്ട് വലിയ ഭീഷണി യാണ്. അതിനാല്‍, ആഗോളതലത്തില്‍ യാത്രകള്‍ക്കും/വാണിജ്യങ്ങള്‍ക്കും സാമൂഹികമായി വലിയ disruptions ഉണ്ടാക്കും. അതിനാല്‍തന്നെ ശക്തമായ /aggressive ഇടപെടലുകള്‍/പ്രതികരണങ്ങള്‍ ആവശ്യമുണ്ട്. അപ്പോഴും ഡബ്ല്യു‌.എച്ച്‌. ഒ ഉറപ്പിച്ച് പറഞ്ഞത് അന്താരാഷ്ട്ര യാത്രാവിലക്കുകളോ വാണിജ്യ നിയന്ത്രണമോ ഇല്ലാതെ തന്നെ വൈറസിെൻറ വ്യാപനം തടയാന്‍ പറ്റുമെന്ന് തന്നെയാണ് വിശ്വാസം എന്നാണ്. ഇതിന് ചെയ്യേണ്ടത്: ഒന്ന്, രോഗം നേരത്തേ കണ്ടു പിടിക്കാനുള്ള ശക്തിയായ നടപടികള്‍. രണ്ട്, രോഗികളെ മാറ്റിപ്പാര്‍പ്പിക്കലും ഉചിത ചികിത്സയും. മൂന്ന്, സമ്പര്‍ക്കത്തില്‍പ്പെട്ടവരെ കോണ്‍ടാക്റ്റ് ട്രേസിങ് നടത്തുക. നാല്, പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍. ചൈനയില്‍തന്നെ ഉത്ഭവിച്ച മറ്റൊരു മൃഗജന്യ കൊറോണ വൈറസ് രോഗമായ സാര്‍സ് രോഗത്തെ ലോകം മരുന്നും വാക്സിനുമില്ലാതെ തന്നെ രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ചും രോഗമുള്ളവരെ മാറ്റി പ്പാര്‍പ്പിച്ചും സമ്പര്‍ക്കമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചും രോഗാണുവിനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉന്മൂലനംചെയ്ത ചരിത്രപാഠങ്ങള്‍ ലോകത്ത് ഈ നൂറ്റാണ്ടില്‍ അടുത്ത കാലത്തായിട്ടുണ്ടായതും നമ്മള്‍ ഓര്‍ക്കണം.

കൊറോണ വൈറസും കേരളവും

ഡോ. ജയകൃഷ്ണന്‍ ടി.

സമുദ്രതീരങ്ങളും കപ്പല്‍യാത്ര സൗകര്യങ്ങളുമാണ് 15ാം നൂറ്റാണ്ടില്‍ (1494ല്‍) വാസ്കോ ഡ ഗാമയെ ആദ്യമായി കേരളതീരത്തേക്ക് എത്തിച്ചത്. ഇതേതുടര്‍ന്ന് യൂറോപ്യന്‍ അധിനിവേശത്തിനും ആധിപത്യത്തിനും കാരണമായി. 21ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആദ്യമായി കൊറോണ എത്തിയതും കൊച്ചിയില്‍ വിമാനമിറങ്ങിയ ചൈനയില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടി വഴിയാണ്. വിദേശ വിമാനയാത്രകളും വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും തൊഴിലിനുമായി കേരളീയര്‍ കൂടുതലായി വിദേശയാത്രകള്‍ നടത്തുന്നതുകൊണ്ടാണ് ഇതുണ്ടായത്. രോഗം ആദ്യം എത്തിയ സ്ഥിതിയില്‍ കേരളത്തില്‍ ഇത് കൂടുതല്‍ പടരാന്‍ സാധ്യത ഉണ്ട്. ഇതിെൻറ സാധ്യത വിശകലനമാണ് ഇനി നടത്തുന്നത്.
കേരളത്തിന് നിപ രോഗത്തെ അനുഭവിച്ചും നിയന്ത്രിച്ചും പരിചയമുള്ളത് കൊറോണ ഇന്ത്യയില്‍ ആദ്യം എത്തിയ സംസ്ഥാനം എന്ന നിലയില്‍ ഒരു അവസരമായി എടുക്കണം (പക്ഷേ, രണ്ടും എപ്പിഡിമിയോളജിക്കലായി സ്വഭാവത്തില്‍ വ്യത്യസ്തമാണ്). ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രകള്‍ ( ചൈനയടക്കം) നടത്തുന്നവരാണ് കേരളീയര്‍. പോരാതെ സംസ്ഥാനത്തിനകത്തും പൊതുവാഹനങ്ങളിലും അല്ലാതെയും ഗതാഗതം /സഞ്ചാരങ്ങള്‍ കൂടുതലാണ്. അതുകൊണ്ടു തന്നെ ആളുകള്‍ തമ്മില്‍ അടുത്തിടപഴുകാനും രോഗപ്പകര്‍ച്ചക്കും സാധ്യത കൂടുതലുണ്ട്. ആഘോഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമായി ധാരാളം പേര്‍ ഒന്നിച്ചുകൂടുന്ന സ്ഥലവുമാണ്. 14 ജില്ലകളിലും ഒരു ചങ്ങലനഗരം പോലെ തുടര്‍ച്ചയായി വീടുകളുള്ളതും ആളുകള്‍ കൂടുതലായി ആശുപത്രികളില്‍ രോഗികളായും / സന്ദര്‍ശകരായി എത്തുന്നതും, രോഗമുള്ളവര്‍ ‘ചുമ ശുചിത്വം’ പാലിക്കാത്തതും ഇവിടെ രോഗപ്പകര്‍ച്ച കൂടുതലായി ഉണ്ടാകാന്‍ സാധ്യതകളാണ്.
രോഗം പൊട്ടിപ്പുറപ്പെട്ടെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രോഗനിയന്ത്രണത്തിനും ക്വാറൈൻറനും നടപടികള്‍ക്കും ഐസൊലേഷൻ നടപടികള്‍ക്കുമായി ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗൺസില്‍ ഓഫ് മെഡിക്കല്‍ സയന്‍സും (ICMR) ചേര്‍ന്ന് തയാറാക്കിയ ‘നിയന്ത്രണ സഹായി’ യുടെ സഹായത്തോടെ സംസ്ഥാനത്തിനു വേണ്ടി ആരോഗ്യവകുപ്പ് ഒരു ഗൈഡ്ലൈന്‍ കൊറോണ കേരളത്തില്‍ എത്തുന്നതിന് ഒരാഴ്ച മുേമ്പ തയാറാക്കിയിരുന്നു. ഇതില്‍ ചൈനയില്‍നിന്നും എത്തുന്നവര്‍ പാലിക്കേണ്ട ക്വാറൈൻറൻ (Qurantaine) നടപടികളെ കുറിച്ചും രോഗലക്ഷണമുള്ളവരും അല്ലാത്തവരും പാലിക്കേണ്ട നിർദേശങ്ങള്‍ നൽകുകയും ജില്ലകള്‍തോറും രണ്ടുവീതം ഡോക്ടര്‍മാരെ ഒാഫിസര്‍മാരായി നിയമിക്കുകയും നോഡല്‍ ആശുപത്രികളില്‍ കൊറോണ രോഗികള്‍ക്കായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുകയും ബന്ധപ്പെടേണ്ട ഫോണ്‍നമ്പറുകളടക്കം പ്രമുഖ മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ (രോഗം ഇവിടെ എത്തുന്നതിന് മുമ്പേ) സര്‍ക്കാറിെൻറ പരസ്യമായി നൽകുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും ഇതിന് വ്യാപകമായ പ്രചാരണം കിട്ടുന്നുണ്ട്. മറിച്ച്, വ്യാജ പ്രചാരണം നടത്തുന്നവരും വിശ്വസിക്കുന്നവരും ഇവിടെ കൂടുതലാണ്. ഇവര്‍ക്കെതിരെ സൈബര്‍ സെല്‍ കേസുകള്‍ എടുത്തു തുടങ്ങിയിട്ടുമുണ്ട്.
ആശുപത്രികളില്‍ കുറച്ചു കാലങ്ങളിലായി ‘ചുമ കോര്‍ണറുകള്‍’ തയാറാക്കി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതും ആശുപത്രിജന്യ രോഗങ്ങള്‍ പകരാതിരിക്കാനുള്ള ബാരിയര്‍ നഴ്സിങ്ങിനുള്ള ഗ്ലോവ്സുകള്‍ (Gloves), മാസ്കുകള്‍, അണുനാശിനികള്‍ എന്നിവ ആവശ്യത്തിന് ഒരുക്കിയിട്ടുമുണ്ട്. സംശയിക്കുന്ന രോഗികളുടെ സ്രവങ്ങള്‍ എടുത്തു പരിശോധനക്ക് പുെണയിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് സമയത്ത് അയക്കാന്‍ വാഹന, വിമാന സൗകര്യങ്ങൾ തയാറാക്കിവെച്ചിട്ടുമുണ്ട്. രോഗത്തിെൻറ ഇപ്പോഴുള്ള അവസ്ഥയില്‍, തിരിച്ചെത്തുന്ന ആളുകളും/ വീട്ടുകാരും ഇനി കൊറോണ ബാധിക്കുകയാണെങ്കില്‍ അവരും അവരുടെ ബന്ധുക്കളും ഇപ്പോള്‍ നല്‍കപ്പെട്ട നിർദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍, ഒരു പരിധിവരെ കൊറോണയെ നമ്മുടെ കൈപ്പിടിയില്‍ ഒതുക്കാം. ഇനി ക്വാറൈൻറൻ, കോണ്‍ടാക്റ്റ് ട്രേസിങ്, ഐസൊലേഷന്‍, കോംപ്ലിക്കേഷനുള്ള രോഗികൾക്കുള്ള വിദഗ്ധ ചികിത്സ, ഇതിനായിരിക്കണം മുന്‍ഗണനകള്‍. സർക്കാര്‍ ആശുപത്രികളിലെ പരിമിതികളും ഭൂരിപക്ഷം രോഗികള്‍ (75 ശതമാനം) ചികിത്സ തേടുന്ന സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പ് നൽകിയ ‘പ്രോട്ടോക്കോളുകള്‍’ ശരിക്ക് പാലിക്കാത്തതും പ്രശ്നമാകാന്‍ സാധ്യതയുണ്ട്.
കൊറോണ രോഗികളുടെ സ്രവങ്ങള്‍ വഴി പടരുന്നതിനാല്‍ ആശുപത്രികളില്‍നിന്നും രോഗം പടരാന്‍ സാധ്യതയുണ്ട്. ഐസൊലേഷൻ സൗകര്യങ്ങൾ/ ചികിത്സയില്‍ നടത്തപ്പെടുന്ന രീതികള്‍ -ഉദാ: തൊണ്ടയില്‍ ട്യൂബ് ഇടല്‍, /രോഗിയുടെ ലക്ഷണങ്ങള്‍ – ചുമ /രോഗികളുടെ ബാഹുല്യം / കട്ടിലുകളുടെ അടുപ്പം/ വ്യക്തിസുരക്ഷാ നടപടികള്‍/ ജീവനക്കാരുടെ മുൻകരുതലുകള്‍/ കൂട്ടിരിപ്പുകാരുടെയും / സന്ദര്‍ശകരുടെയും എണ്ണം ഇവയൊക്കെ ഇതിെൻറ നിർണായക ഘടകങ്ങളാണ്.
ഇപ്പോള്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ചൈനയില്‍ പോയി തിരിച്ചുവന്നവരാണ്. ചൈനയില്‍നിന്നും വിമാനത്തില്‍ ‘ഇവാക്കുവേറ്റ്’ ചെയ്തു വന്നവരെ രണ്ടാഴ്ച ഡല്‍ഹിയില്‍ ക്വാറൈൻറൻ ക്യാമ്പുകളില്‍ പാര്‍പ്പിച്ചത് ഉചിതമായി. പക്ഷേ, രോഗം ഇവിടെ എത്തി പ്രാദേശികമായി പടരാന്‍ തുടങ്ങിയാല്‍ പിടിവിട്ടുപോകാനും സാധ്യതയുണ്ട്. അങ്ങനെ ഒരു സാധ്യതയില്‍ രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍ തന്നെ എച്ച് 1 എന്‍ 1 പോലെ ക്രമേണ രോഗാണുവിെൻറ ശൗര്യം കുറയാനും സാധ്യതകള്‍ ഇല്ലാതില്ല. ഇപ്പോള്‍തന്നെ ഐസൊലേഷന്‍ വാർഡില്‍ സംശയിക്കുന്ന രോഗിയെ അഡ്മിറ്റ് ചെയ്തു എന്ന വാര്‍ത്ത എത്തിയപ്പോള്‍ തന്നെ മെഡിക്കല്‍ കോളജില്‍ രോഗികള്‍ വരാന്‍ മടിക്കുന്നതും രോഗികളുടെ സന്ദര്‍ശകര്‍ ഒഴിഞ്ഞതും ഇത്തരത്തില്‍ നല്ലതാണെങ്കിലും ഇതേ മലയാളികള്‍ തന്നെ മറ്റ് ആശുപത്രികളില്‍ പോയി സംശയത്തിെൻറ പേരില്‍ ‘കൊറോണ’ പരിശോധന ആവശ്യപ്പെടുന്നതായും കേള്‍ക്കുന്നുണ്ട്.
ഒപ്പം കേരളീയര്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും ശരിയായി പാലിക്കുകയും രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള ‘സിക്ക്നസ്’ ബിഹേവിയര്‍ പാലിക്കുകയും വേണം. ഉദാ: ചുമക്കുമ്പോള്‍ വായയും മൂക്കും പൊത്തുക, പനി ഉണ്ടാകുേമ്പാള്‍ വീട്ടില്‍ വിശ്രമിച്ചു പുറത്ത് /യാത്ര ചെയ്യാതിരിക്കണം. ഭാവിയില്‍ മൃഗജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ മാര്‍ക്കറ്റുകളിലും ഭക്ഷ്യശാലകളിലും ‘ഫുഡ് സേഫ്റ്റി’ കര്‍ശനമാക്കുകയും മൃഗങ്ങളോടും പ്രകൃതിയോടും പരിധികള്‍വെച്ച് ഇടപെടലുകള്‍ നടത്തുകയും വേണം.
ഗ്രാമങ്ങള്‍ മുഴുവന്‍ നഗരവത്കരിക്കപ്പെട്ട , മാര്‍ക്കറ്റുകളും മാളുകളും നിറഞ്ഞ, കേരളത്തിലെ ഏത് പട്ടണപ്രദേശങ്ങളില്‍നിന്നും ചൈനയിലെ വൂഹാന്‍ നഗരം അത്ര ദൂരത്തിലല്ല, വ്യത്യസ്തവുമല്ല. വൂഹാന്‍ കേരളത്തിലാണെന്ന സങ്കല്‍പ അനുമാനത്തില്‍ നമ്മുടെ ചിന്തകളില്‍ പുനര്‍വിചാരവും പ്രവൃത്തികളിൽ വിവേകവും വേണം.

(കോഴിക്കോട് മെഡിക്കൽ കോളജിൽ കമ്യൂണിറ്റി മെഡിസിൻ പ്രഫസറും മേഖല പകർച്ചവ്യാധി സെൽ കോഓഡിനേറ്ററുമാണ് ലേഖകൻ)

Prepared for madhyamam weekly.

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s