Saints

St. John Maria Vianney

വി. ജോണ്‍ മരിയ വിയാനി

ആഗസ്റ്റ്‌ 4, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ തിരുന്നാളായി ആചരിക്കുന്നു. കഴിവ് കുറഞ്ഞതിന്‍റെ പേരില്‍ പലകുറി പൗരോഹിത്യപദവിയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയും അവസാനം സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം മൂലം തിരുപ്പട്ടം ലഭിക്കുകയും ചെയ്ത വിനീതനായ ഫ്രഞ്ച് വൈദികനാണ് ഫാ. ജോണ്‍ മരിയ വിയാനി. വി. ജോണ്‍ മരിയ വിയാനിയുടെ ജീവിതം, എല്ലാ വൈദികര്‍ക്കും ഒരു മാതൃക ആകേണ്ടതാണ്.
.
ഫ്രാന്‍സിലെ ലിയോണ്‍സിന് സമീപമുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി 1786 ല്‍ ജോണ്‍ ജനിച്ചു.
അമ്മയുടെ മടിത്തട്ടിലിരുന്ന് വളരെ തീഷ്ണതയോടെ അദ്ദേഹം പഠിച്ചെടുത്ത ജപമാല പ്രാര്‍ഥനയാണ് അദ്ദേഹത്തെ വിശുദ്ധനാക്കിയത്. തടി കൊണ്ടുണ്ടാക്കിയ മാതാവിന്‍റെ ഒരു കൊച്ചു രൂപവും അവനു സ്വന്തമായുണ്ടായിരുന്നു.
.
സഭ വളരെ പ്രതിസന്ധികളിലൂടെ കടന്നു പോയൊരു കാലമായിരുന്നു അത്. ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിലങ്ങു വയ്ക്കപ്പെട്ടിരുന്നൊരു കാലം. അത്മായരുടെ വേഷത്തില്‍ ഒളിച്ചു നടന്നു വേണമായിരുന്നു വൈദികര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍.
.
പതിമൂന്നാമത്തെ വയസിലാണ് ആദ്യകുര്‍ബ്ബാനക്കൊരുക്കമായ പഠനങ്ങള്‍ പൂര്‍ത്തി യാക്കി അദ്ദേഹം ഈശോയെ സ്വീകരിക്കുന്നത്. വളര്‍ന്നു വലുതായപ്പോഴും ആ ദിവസങ്ങളെക്കുറിച്ച് കണ്ണുനീരോടെയാണ് വിയാനി സംസാരിച്ചിരുന്നത്. ഏറ്റവും വലിയ സമ്പത്ത് തന്‍റെ നാവില്‍ സ്വന്തമായത് പോലെ, സ്വര്‍ഗ്ഗത്തെ മുഴുവന്‍ സ്വന്തമാക്കുവാന്‍ അവിടുന്ന് ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതിനെയോര്‍ത്ത് നന്ദി പറയുന്നു എന്നായിരുന്നു വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന. പതിനാറാമാത്തെ വയസില്‍ അമ്മയോടും ആന്റിയോടും വിയാനി തന്‍റെ സ്വപ്നം വ്യക്തമാക്കി – “എനിക്കൊരു വൈദികനാവണം. അങ്ങനെ അനേകം ആത്മാക്കളെ ദൈവത്തിന്‍റെ അടുക്കലെത്തിക്കുവാന്‍ ഞാന്‍ പരിശ്രമിക്കും”. കുഗ്രാമത്തില്‍ വസിക്കുന്ന സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സ്വപ്നമായിരുന്നില്ല വിയാനി കണ്ടത്.
.
അങ്ങനെയിരിക്കെ, ഒരു ദിവസം ഫാ. ബാലിയെന്ന ഭക്തനായൊരു വൈദികന്‍ അവരുടെ ഗ്രാമത്തില്‍ ദൈവവിളിക്കായുള്ള തിരച്ചിലുമായെത്തി. ജോണിന്‍റെ അമ്മ അവന്‍റെ പിതാവിനോട് അനുവാദം വാങ്ങിയതിനു ശേഷം ഫാ. ബാലിയുമായി സംസാരിച്ചു. തന്‍റെ മകനെ സെമിനാരിയില്‍ ചേര്‍ക്കണമെന്നായിരുന്നു അവളുടെ ആവശ്യം. പരിമിതികള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് ആദ്യമൊന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കിലും ജോണ്‍ വിയാനിയെ കണ്ടതോട്‌ കൂടി അദ്ദേഹത്തിന്‍റെ എല്ലാ സംശയങ്ങളും നീങ്ങി. ലത്തീന്‍ വിഷയത്തിലെ ഭാഗങ്ങള്‍ മന:പാഠമാക്കുക ജോണിന് അതികഠിനമായിരുന്നു. കൂട്ടുകാരനായ പന്ത്രണ്ടു വയസുകാരന്‍ ഒരു മിടുക്കന്‍ കുട്ടിയാണ് അവര്‍ക്ക് ലത്തീന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നത്. ചെറിയ കാര്യങ്ങള്‍ പോലും മനസിലാകാതിരുന്ന ജോണിന്‍റെ മുഖത്ത് അവന്‍ അടിച്ചു. ഇരുപത് വയസുകാരന്‍ ജോണ്‍ വിയാനി പെട്ടെന്ന് മുട്ടിന്മേല്‍ നിന്ന് തന്നോട ക്ഷമിക്കണമെന്നും, തനിക്ക് വേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും യാചിച്ചു. അത്രമേല്‍ പഠനത്തില്‍ പിന്നോക്കവും, അത് പോലെ എളിമയുമുള്ള വ്യക്തിയായിരുന്നു ജോണ്‍ വിയാനി. 1809 ല്‍ പട്ടാളത്തില്‍ നിര്‍ബന്ധിത സേവനത്തിനു യുവാക്കളെല്ലാം നിയോഗിക്കപ്പെടുന്ന കാലമായിരുന്നു അത്. സെമിനാരിയില്‍ പഠിക്കുന്നവരെ അതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫാ. ബാളി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജോണിനും, സൈനിക സേവനത്തിനു പോകേണ്ടതായി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജോണ്‍ വിയാനി ആശുപത്രിയിലായി. തിരികെ വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും രോഗം ബാധിച്ച് കിടപ്പിലായി. ഒന്നരമാസം കഴിഞ്ഞപ്പോള്‍, സ്പെയിനിലുള്ള പട്ടാളത്തോട് ചേരുവാനായി അദ്ദേഹത്തെ വീണ്ടും അധികാരികള്‍ നിര്‍ബന്ധിച്ചു. വളരെ ദു:ഖത്തോടെ അദ്ദേഹം അവിടേയ്ക്ക് യാത്രയായി.
.
ഒരു ഗ്രാമത്തില്‍ താമസം ആരംഭിച്ച പട്ടാളക്കാരുടെ കൂടെ ജോണ്‍ വിയാനിയുമുണ്ടായിരുന്നു. ഗ്രാമവാസികള്‍ക്കെല്ലാം വിയാനിയെ നന്നേ ഇഷ്ടപ്പെട്ടു. ഫാ. ബാളി വിയാനിയുടെ അമ്മയെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. “വിയാനി യുദ്ധസ്ഥലത്ത് രോഗിയാകുമെന്നോ മുറിവേല്‍ക്കുമെന്നോ ഭയപ്പെടേണ്ട. അദ്ദേഹം ഒരിക്കലും ഒരു പട്ടാളക്കാരനാവില്ല. നല്ലൊരു വൈദികനാവുക തന്നെ ചെയ്യും”. പക്ഷെ, ഈ പ്രവചനം പൂര്‍ത്തീകരിച്ച് കാണുവാന്‍ വിയാനിയുടെ അമ്മ ജീവിച്ചിരുന്നില്ല. അവസാനം ദൈവത്തിന്‍റെ പ്രത്യേകമായ അനുഗ്രഹത്താല്‍ വീണ്ടും വിയാനി സെമിനാരിയിലെത്തി. ഒരു വര്‍ഷത്തെ തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയായിരുന്നു ലക്‌ഷ്യം. എല്ലാം പഠിക്കേണ്ടത് ലത്തീനിലും. ഇരുപത്താറു വയസുള്ള ജോണ്‍ വിയാനി ആയിരുന്നു ക്ലാസിലെ ഏറ്റവും മുതിര്‍ന്ന കുട്ടി. പഠനം വലിയൊരു കുരിശിന്‍റെ വഴി തന്നെയായിരുന്നു ജോണിന് സമ്മാനിച്ചത്. മേജര്‍ സെമിനാരിയിലെത്തിയപ്പോഴും ഇതേ പ്രതിസന്ധികളാണ് വിയാനിയെ കാത്തിരുന്നത്.
സഹപാഠികളുടെ വാക്കുകളില്‍ നിന്ന് വിയാനിയില്‍ പുണ്യങ്ങളായി നാം കാണുന്നത് ഈശോയോടും പരിശുദ്ധ അമ്മയോടുമുള്ള സ്നേഹമായിരുന്നു. ദൈവത്തിന്‍റെ ഹിതത്തിനു തന്നെത്തന്നെ സമര്‍പ്പിക്കുവാനുള്ള അതിയായ എളിമയുണ്ടായിരുന്നു വിയാനിയ്ക്ക്. അനേകം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും തന്‍റെ ദൈവ വിളിയെ ഉറപ്പിക്കുന്നതിനായി രാവും പകലും അദ്ദേഹം കഠിനമായി അധ്വാനിക്കുമായിരുന്നു. ഒരു വൈദികന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒന്നും അസാധാരണമായില്ലാത്ത സാധാരണ മനുഷ്യന്‍ എന്നാണ്.
.
ദൈവസ്നേഹത്താല്‍ ജ്വലിച്ച ഈ സാധാരണത്വമാണ് വിയാനിയെ വിശുദ്ധിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. മേജര്‍ സെമിനാരിയില്‍ നിന്ന് പരീക്ഷയില്‍ നിരന്തരമായ തോല്‍വികള്‍ ഏറ്റുവാങ്ങിയ വിയാനിയെ അധികാരികള്‍ സെമിനാരിയില്‍ നിന്ന് പറഞ്ഞു വിട്ടു. വൈദികനാകുവാനുള്ള യോഗ്യതയില്ലെന്നും, വേണമെങ്കില്‍ ഒരു സഹോദരനായി അവിടെ ജീവിക്കാമെന്നും അവര്‍ അറിയിച്ചു. കണ്ണുനീരോടെ സെമിനാരിയുടെ പടികളിറങ്ങി ജോണ്‍ വിയാനി ഫാ. ബാലിയുടെ പക്കലെത്തി. അദ്ദേഹം ജോണ്‍ വിയാനിയെ ആശ്വസിപ്പിച്ചു. എന്നിട്ട് പറഞ്ഞു. “നിനക്കൊരു വൈദികനാകാം. എന്‍റെ കൂടെ നിന്ന് അല്പം കൂടി നന്നായി പഠിക്കുക. അദ്ദേഹത്തോടൊപ്പം പഠിച്ചതിനു ശേഷം വീണ്ടും പരീക്ഷയ്ക്കെത്തി. എന്നാല്‍ അപ്പോഴും തോല്‍വിയായിരുന്നു ഫലം. എന്നാല്‍, മനസ് തകരാതെ, വീണ്ടും അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ഫാ. ബാളി നല്‍കിയ ആത്മ വിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ വീണ്ടും പരീക്ഷയെഴുതി വിയാനി അവസാനം വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ അതികഠിനമായ പരീക്ഷകള്‍ക്കൊടുവില്‍ ജോണ്‍ വിയാനി സബ് ഡീക്കനായി. അന്ന് അദ്ദേഹത്തിന്‍റെ അടുക്കല്‍ നിന്നൊരു വൈദികന്‍ സാക്ഷ്യപ്പെടുത്തിയതിങ്ങനെ – “വിശുദ്ധ ബലി മദ്ധ്യേ വിയാനിയുടെ കണ്ണുകളും മുഖവും അഭൌമികമായൊരു പ്രകാശത്താല്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു”. അറിവ് പരിമിതമാണെങ്കിലും ദൈവത്തെക്കുറിച്ചുള്ള അനുഭവത്തില്‍ വിയാനി എല്ലാവരുടെയും മുമ്പിലായിരുന്നു.
.
1815 ആഗസ്റ്റ്‌ മാസം പതിനെട്ടാം തിയതി ജോണ്‍ മരിയ വിയാനി, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒരു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. വിയാനിയുടെ മഹനീയമായ വാക്കുകള്‍ ഇപ്രകാരമാണ്. “ഒരു വൈദികന്‍ ആരാണെന്ന് മനസിലാവണമെങ്കില്‍ സ്വര്‍ഗ്ഗത്തിലെത്തണം. ഒരു വൈദികന്‍ യഥാര്‍ത്ഥ ത്തില്‍ ഈ ലോകത്തില്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹം സ്നേഹം കൊണ്ട് ഇവിടെ മരിച്ചു വീഴും”.

ഫാ. ബാളിയുടെ അസിസ്റ്റന്റ് വികാരിയായിട്ടാണ് വിയാനി ആദ്യം നിയമിതനായത്. സഭാ ചരിത്രവും, പഠനങ്ങളുമെല്ലാം കാര്യമായി വിയാനിയച്ചനു പഠിക്കേണ്ടതായുണ്ടായിരുന്നു. ശരീരത്തെയും ആഗ്രഹങ്ങളെയും അതികഠിനമായി നിലയ്ക്ക് നിര്‍ത്തിയ വൈദികന്‍. അദ്ദേഹത്തിന്‍റെ പ്രാശ്ചിത്ത പ്രവര്‍ത്തികള്‍ അതികഠിനമാണെന്നു ഇടവക ജനങ്ങള്‍ രൂപതയില്‍ പരാതിപ്പെടുകയുണ്ടായി. അപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു – ഇത്രമേല്‍ വിശുദ്ധിയും തീഷ്ണതയുമുള്ള ഒരു വൈദികനെ ലഭിച്ച നിങ്ങള്‍ ഭാഗ്യമുള്ളവരാണ്.
.
1817 ഡിസംബര്‍ മാസത്തില്‍ അദ്ദേഹത്തിന്‍റെ സംരക്ഷകനും, അധ്യാപകനും ആധ്യാത്മിക ജീവിതത്തില്‍ തുണയുമായിരുന്ന ഫാ. ബാളിയെ വിയാനിയ്ക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു. എക്കോളി ഇടവകയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെയും സ്ഥലം മാറ്റത്തിന്‍റെ ദിവസങ്ങളായിരുന്നു അത്. പുതിയ വികാരിയ്ക്ക് ഒരു സഹായിയുടെ ആവശ്യം ഇല്ലായിരുന്നു. രണ്ടു മാസങ്ങള്‍ക്ക് ശേഷം വിയാനിയ്ക്ക് പ്രഖ്യാപിതമായ ആര്‍സ് ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ദൈവസ്നേഹത്തിന്‍റെ അലയടികള്‍ അവിടെ ഉയര്‍ ത്തുകയാണ് വിയാനിയുടെ ലക്ഷ്യമെന്നാണ് അധികാരികള്‍ അദ്ദേഹത്തോട് പറഞ്ഞത്. മറ്റൊന്നും ചെയ്യാന്‍ വിയാനിക്കാവില്ലെന്നു അവര്‍ക്കറിയാമായിരുന്നു. ഒരു ഇടവക എന്നതിനേക്കാളുപരി, അതൊരു ദൌത്യമായിരുന്നു. ആത്മീയമായും, ധാര്‍മ്മികമായും അധ:പതിച്ചൊരു സ്ഥലമായിരുന്നു ആര്‍സ്. ഒരു അച്ചന്മാരും, അവിടേയ്ക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരു വൃദ്ധയായ സ്ത്രീ ഒഴികെ, ആരും ആര്‍സില്‍ ഒരു ദേവാലയമോ, വൈദികനോ വരണമെന്നു പോലും ആഗ്രഹിച്ചിരുന്നില്ല. അത്രമേല്‍ ശോചനീയമായിരുന്നു അവിടുത്തെ അവസ്ഥ.
.
വിയാനിയച്ചന്‍ സ്വന്തമെന്നു പറയാവുന്ന പരിമിതമായ വസ്തുക്കളുമെടുത്ത് ആര്‍സ് ലക്ഷ്യമാക്കി നടക്കുകയാണ്. അവിടേയ്ക്കുള്ള വഴി അറിയാതെ വലഞ്ഞപ്പോള്‍, ഒരു ആട്ടിടയനായ കുട്ടിയോട് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, “എനിക്ക് ആര്‍സിലേക്കുള്ള വഴി കാട്ടിത്തന്നാല്‍, സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഞാന്‍ നിനക്ക് കാട്ടിത്തരാം”. അതായിരുന്നു ഫാ. ജോണ്‍ വിയാനിയുടെ ജീവിത ലക്ഷ്യവും. അപ്പോള്‍ അദ്ദേഹത്തിനു മുപ്പത്തിരണ്ട് വയസായിരുന്നു.
ഇടവക ജനങ്ങളെ പരിചയപ്പെടുന്നതിനും, കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്നതിനും മുമ്പ് അദ്ദേഹം ദേവാലത്തിലെത്തി എല്ലാം വൃത്തിയാക്കി, സ്വയം ദിവ്യബലിയര്‍പ്പിച്ചു. മണിക്കൂറുകള്‍ ദേവാലയത്തില്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ഥിച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവാലയത്തില്‍ ദിവ്യബലിയില്‍ സംബന്ധിക്കുവാന്‍ കുറച്ചു പേര്‍ വന്നു. അവര്‍ പറഞ്ഞതറിഞ്ഞു മറ്റുള്ളവരും. അവരുടെ മുമ്പില്‍ ദൈവസ്നേഹത്തിന്‍റെ പ്രവാചകന്‍ ശബ്ദമുയര്‍ത്തി തുടങ്ങി. പകലന്തിയോളം കുമ്പസാരക്കൂട്ടില്‍ ചിലവഴിക്കുന്ന അദ്ദേഹം രാത്രിയില്‍ തന്‍റെ മുറിയിലേക്ക് പോകും – ഇടവക ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍. വിദ്യാഭ്യാസമോ, കഴിവോ, അറിവോ ഇല്ലാത്ത തനിക്കറിയാവുന്ന ഏക കാര്യം കുമ്പസാരിപ്പിക്കുകയും, പ്രായശ്ചിത്തം അനുഷ്ടിക്കുകയും ഭക്തിപൂര്‍വ്വം ദിവ്യബലിയര്‍പ്പിക്കുകയുമാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.
.
ഇടവകയില്‍ അത്ഭുതങ്ങള്‍ നടക്കുകയായിരുന്നു. വര്‍ഷങ്ങളായി ദേവാലയത്തില്‍ വരാതിരുന്നവര്‍ പോലും എത്തിച്ചേരാന്‍ തുടങ്ങി. കൊടും പാപികള്‍ പോലും മാനസാന്തരപ്പെട്ടു. എന്ത് പറയണം എന്നറിയാതെ, തിങ്ങിക്കൂടിയ ജനത്തെ നോക്കി വിയാനിയച്ചന്‍ പറയും, “എനിക്കെന്താണ് പറയേണ്ടതെന്നറിയില്ല. പക്ഷെ, ഇന്ന് ഈ അള്‍ത്താരയില്‍ നില്‍ക്കുമ്പോള്‍ ഒരു കാര്യം എനിക്ക് അനുഭവമുണ്ട് – ദൈവം സ്നേഹമാണ്. വീണ്ടും അത് തന്നെ അദ്ദേഹം ആവര്‍ത്തിക്കും – മക്കളെ, ദൈവം സ്നേഹമാണ്. ആ ദൈവത്തെ നിങ്ങള്‍ വേദനിപ്പിക്കരുത്”. കുമ്പസാരക്കൂട്ടില്‍ പിന്നീട് ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍, ഫാദര്‍ വിയാനിയുടെ ഇടറിയ ശബ്ദം ഹൃദയങ്ങളെ സ്പര്‍ശിക്കുന്നത്തിന്‍റെ അടയാളം ആയിരുന്നു.

നഗരത്തിലെ മദ്യഷാപ്പുകള്‍ക്ക് എതിരെയാണ് വിയാനി നിരന്തരമായ യുദ്ധം പ്രഖ്യാപിച്ചത്. മദ്യപാനികളെ മാനസാന്തരപ്പെടുത്തിക്കൊണ്ടായിരുന്നു യുദ്ധം. വിയാനിയച്ചന്‍ തന്‍റെ ഇടവക ജനത്തെ മദ്യപാനത്തിന്‍റെ ഭീകരതയെക്കുറിച്ചും പാപത്തിന്‍റെ അതി കഠോരമായ ഫലങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തി. ജനങ്ങള്‍ മദ്യത്തെ ഉപേക്ഷിച്ചു ദൈവത്തെ മുറുകെപ്പിടിച്ചു. അവസാനം മദ്യഷാപ്പുകളിലെക്ക് ആളുകള്‍ വരാതിരുന്നതിനാല്‍ ഷാപ്പുകള്‍ പൂട്ടേണ്ടതായി വന്നു. അത് അദ്ദേഹത്തിനു കൂടുതല്‍ ശത്രുക്കളെ സമ്പാദിച്ചു കൊടുത്തു.

ഇടവക ജനങ്ങളെ ആത്മീയമായി ഉയര്‍ത്താന്‍ വിയാനിയച്ചനു കഴിഞ്ഞു. ഈശോയുടെ തിരുശരീരത്തിന്‍റെ തിരുന്നാള്‍ ദിവസം ജനങ്ങളെ കൂട്ടി ദിവ്യകാരുണ്യ പ്രദിക്ഷിണം നടത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും, തീര്‍ഥാടകര്‍ ആര്‍സിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടില്‍, ഫ്രാന്‍സിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായി മാറിയത്, ഈ പാവപ്പെട്ട വൈദികന്‍റെ ഇടവകയായിരുന്നു. താന്‍ ഒന്നുമല്ലെന്നും, ദൈവം പ്രവര്‍ത്തിക്കുന്ന അത്ഭുതം ആണെന്നും അദ്ദേഹം എല്ലായ്പ്പോഴും വിശ്വാസികളെ ഉദ്ബോധിപ്പിക്കുമായിരുന്നു. നമ്മുടെ ആത്മാക്കള്‍ ദൈവത്തോടൊപ്പം ആയിരിക്കണം, ഈ ലോകത്തിലും, പരലോകത്തിലും – ഇതായിരുന്നു ജോണ്‍ വിയാനിയുടെ ജീവിത വിജയത്തിന്‍റെ രഹസ്യം. അടുത്തുള്ള ഇടവകകളിലെ വൈദികര്‍ക്ക് തങ്ങളുടെ ഇടവക ജനം ആര്‍സിലേക്ക് കുമ്പസാരത്തിനും കുര്‍ബ്ബാനയ്ക്കുമായി പോകുന്നത് സഹിക്കുവാന്‍ സാധിക്കുമായിരുന്നില്ല. പലരും, ഇതിനെതിരെ വളരെ കഠിനമായ നിയമങ്ങള്‍ ഉണ്ടാക്കുകയും, അള്‍ത്താരയില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ദിവസം 18 മണിക്കൂറിലധികം അദ്ദേഹം കുമ്പസാരക്കൂട്ടില്‍ ചിലവഴിച്ചിരുന്നു. അവസാനം, 73-ാമത്തെ വയസ്സില്‍ 1859 ഓഗസ്റ്റ് 4-നു ഫാദര്‍ ജോണ്‍ മരിയ വിയാനി മരിച്ചു. രൂപത വൈദികരുടെ മധ്യസ്ഥനായ വിയാനിയച്ചന്‍ 20 വര്‍ഷം കൊണ്ട് ഏകദേശം 20 ലക്ഷത്തോളം പാപികള്‍ക്ക് പാപമോചനം നല്‍കി മാനസാന്തരത്തിലേക്ക് നയിച്ചു.
.
ഒരു പുരോഹിതന്‍ തന്‍റെ പുരോഹിത ജീവിതം അവകാശങ്ങളും ബഹുമാനങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാനുള്ള ചവിട്ടു പടി ആക്കരുത്. മറിച്ച് ദൈവമുഖം ദർശിച്ച് ദൈവജനത്തിനു വേണ്ടി വിനീത ശുശ്രൂഷ ചെയ്യുവാനുള്ള കടമയും ഉത്തരവാദിത്വവുമാണ് പൌരോഹിത്യം. വി. ജോൺ മരിയ വിയാനി എന്ന എളിയ വൈദീകന്‍റെ ദർശനത്തിൽ വിശുദ്ധമായ പുരോഹിത ശുശ്രൂഷ തിരുസഭയെ നവീകരിക്കുന്നതിനായി നമുക്ക് പ്രാര്‍ഥിക്കാം. കൂടുതല്‍ വിശുദ്ധരായ വൈദികര്‍ സഭയില്‍ ഉണ്ടാകുവാനും, നമ്മുടെ ഇടവക വൈദീകർക്കുവേണ്ടിയും പ്രത്യേകമായി നമ്മുക്ക് പ്രാർത്ഥിക്കാം. എല്ലാ വൈദികര്‍ക്കും വി. ജോണ്‍ മരിയ വിയാനിയുടെ തിരുന്നാള്‍ മംഗളങ്ങള്‍ നേരുന്നു…

Advertisements

Categories: Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s