പള്ളിപ്രസംഗങ്ങൾ പ്രത്യാശ പകരട്ടെ
സിസെറോയുടെ പ്രസംഗം കേട്ടിരുന്ന ആളുകൾ പ്രസംഗം കഴിയുമ്പോൾ നീണ്ട കരഘോഷം മുഴക്കി പ്രസംഗം വളരെ മനോഹരമായിരുന്നു എന്ന് അനുമോദിക്കാറുണ്ട്. എന്നാൽ ഡെമസ്തനീസിൻ്റെ പ്രസംഗം കേൾക്കുന്നവർ അനുമോദിക്കാൻ മറന്നുകൊണ്ട്, എന്താണോ ഡെമസ്തനീസ് പ്രസംഗത്തിൽ പറഞ്ഞത് അത് പ്രാവർത്തികമാക്കാനായി തിടുക്കപ്പെടുമായിരുന്നു’. – സാഗരഗർജ്ജനമായിരുന്ന അഴീക്കോടിൻ്റെ വാക്കുകളാണിവ.
അപ്പം മുറിക്കലും വചനം പ്രസംഗിക്കലും ആദിമകാലം മുതൽ ഇന്നുവരെ ക്രൈസ്തവആരാധനയുടെ അവിഭാജ്യമായ ഘടകങ്ങളായിരുന്നു. കാലാനുസൃതമായ ഭാവഭേദങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇവ രണ്ടും ഇന്നും മാറ്റമില്ലാതെ തുടരുന്നു. അപ്പം മുറിക്കലിന് നിയതമായ രീതിയും ക്രമവും എല്ലാ റീത്തുകളിലും ഉണ്ട്. എങ്കിലും വചന വേദിയിലെ കാര്യം വ്യത്യസ്തമാണ്. അപ്പം മുറിക്കലിലൂടെ ആത്മീയമായ ഊർജ്ജവും കൃപകളും ദൈവജനത്തിലേക്ക് പകർന്നുകിട്ടാൻ ഇടവരുന്നുവെങ്കിൽ വചനത്തിൻ്റെ പങ്കുവയ്പ് ആത്മീയ തലങ്ങളെ മാത്രമല്ല, ക്രൈസ്തവൻ്റെ സാമൂഹ്യ, മാനുഷീക, ധാർമ്മീക തലങ്ങളെക്കൂടി രൂപപ്പെടുത്താൻ സഹായിച്ചു. താരതമ്യേന വിദ്യാഭ്യാസവും ലോകപരിചയവും കുറവായിരുന്ന വിശ്വാസികൾക്ക് അവയിൽ അല്പം മുന്നിട്ടുനിന്നിരുന്ന പുരോഹിതർ വ്യക്തിത്വ, സമൂഹരൂപീകരണത്തിൽ അധ്യാപകരും നേതാക്കളും ആയതിൽ അത്ഭുതമില്ല.
എന്നാൽ ഇന്ന് നൂറ്റാണ്ടികൾക്കിപ്പുറം വചനവേദികളിലെ ശുശ്രൂഷകളിൽ ഉചിതമായ നവീകരണങ്ങളും പരിഷ്കാരങ്ങളും സംഭവിച്ചിട്ടുണ്ടോ എന്നത് സയുക്തികമായ ചോദ്യമാണ്. വചനവേദികളിൽ നിന്നുള്ള പ്രഘോഷങ്ങൾ വിശ്വാസികൾക്ക് അരോചകമാകുന്നതും അതിനെ അവധാനതയോടെ സമീപിക്കുന്നതും മടുപ്പോടെ പരാതി പറയുന്നതും കൂടുതലാവുകയാണ്. ഫ്രാൻസീസ് പാപ്പായുടെ സുവിശേഷത്തിൻ്റെ ആനന്ദം എന്ന ആദ്യ അപ്പസ്തോലിക ആഹ്വാനത്തിൻ്റെ മൂന്നാമത്തെ അദ്ധ്യായം പ്രതിപാദിക്കുക സുവിശേഷ പ്രഘോഷണത്തെക്കുറിച്ചാണ്. ഈ അധ്യായത്തിൻ്റെ പകുതിഭാഗം എങ്ങനെയാണ് പ്രസംഗം പറയേണ്ടതെന്നും എങ്ങനെയാണ് അതിന് ഒരുങ്ങേണ്ടതെന്നും പാപ്പാ നിർദ്ദേശിക്കുകയാണ്. ഈ വിഷയത്തിൻ്റെ പ്രാധാന്യവും ഗൗരവവും അതിനാൽ തന്നെ പ്രസ്താവ്യമാണ്.
ഓരോ പുരോഹിതനും പങ്കുവച്ചു നൽകുന്നത് സുവിശേഷമാണ്, അത് മറന്നുപോകരുത്. നല്ല വിശേഷങ്ങളുടെ പങ്കുവയ്‌പ്പ് പലപ്പോഴും കഠിനവും ദുർഗ്രഹവും കുറ്റപ്പെടുത്തുന്നതും ചിലപ്പോഴെങ്കിലും മുറിവേൽപ്പിക്കുന്നതും ആകുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. ‘സു’(നല്ല)വിശേഷം ശ്രവിച്ചവരുടെ സന്തോഷത്തോടും ശാന്തിയോടും കൂടിയല്ല വിശ്വാസികൾ ഭവനത്തിലേക്ക് മടങ്ങുന്നതെങ്കിൽ ആ വചനശുശ്രൂഷ വൃഥാവിലാവുകയാണ്.
ദേവാലയത്തിലെ ദൈവവചന ശുശ്രൂഷകൾ വിശ്വാസികളിൽ ജനിപ്പിക്കേണ്ടതും വളർത്തേണ്ടതും ഭയമോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയോ നിരാശയോ അല്ല. ജീവിതത്തിൻ്റെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ഒരു മരുപ്പച്ച തേടി ഓടിയണയുന്ന വിശ്വാസികളെ, ഒരമ്മ സ്വന്തം മക്കളെ ചേർത്തുപിടിച്ചു ആശ്വപ്പിക്കുന്നതുപോലെ ആശ്വസിപ്പിക്കാനും അവർക്ക് പ്രതീക്ഷയും ഉന്മേഷവും നൽകി തിരികെ ജീവിത സത്യങ്ങളിലേക്ക് തിരികെ പറഞ്ഞയക്കാനും സാധിക്കണം. തൊഴിലില്ലായ്മ, ദാരിദ്ര്യം, രോഗാവസ്ഥകൾ, തകർന്ന ദാമ്പത്യ ബന്ധങ്ങൾ എന്നിവയുമായി ദേവാലയത്തിലേക്ക് കടന്നു വരുന്നവർ മുൻപോട്ട് പോകുവാനുള്ള ഊർജ്ജം തേടിയാണ് ദേവാലയത്തിലെത്തുന്നത്. അവർക്കവിടെ അനുഭവപ്പെടേണ്ടത് സ്നേഹവും കരുണയുമായിരിക്കണം. ഏത് ജീവിതാവസ്ഥയിലായാലും ചേർത്തുപിടിക്കാനും ‘സാരമില്ല, എല്ലാം ശരിയാകും’ എന്ന് പറയുന്ന ഒരമ്മയാകുവാൻ വചനശുശ്രൂഷകർക്ക് കഴിയണം.
എങ്ങോട്ട് പോകണമെന്നും ആരെ സമീപിക്കണമെന്നും അറിയാതെ, ചകിതരായി ധ്യാനങ്ങൾക്കും ആത്മീയ ശുശ്രൂഷകൾക്കും അണയുന്നവരെ, ബാധകളുടെയും ബന്ധനങ്ങളുടെയും പേരിൽ അമിതമായി ഭയപ്പെടുത്തുന്നതും, പൂർവ്വീകരുടെ പാപങ്ങളുടെയും ശാപങ്ങളുടെയും പേരിലാണ് തകർച്ചയുണ്ടാകുന്നത് എന്ന് മുദ്രകുത്തുന്നതും ശരിയല്ല. ‘ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണെന്ന്’ (യോഹ 10:10) അരുൾചെയ്തവൻ കുരിശിലേറിയത് എനിക്ക് ജീവൻ്റെ സമൃദ്ധി സമ്മാനിക്കാനാണെന്നും ഞാൻ ഏതവസ്ഥയിലും ദൈവപിതാവിൻ്റെ പുത്രനും പുത്രിയുമാണെന്നും, അവനെന്നെ കാത്തിരിക്കുന്ന വാത്സല്യനിധിയായ പിതാവാണെന്നുമൊക്കെ പറഞ്ഞുകൊടുക്കാൻ വചനപീഠങ്ങൾ ഇടങ്ങളാകണം.
ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥകളും, സാമ്പത്തീക മാന്ദ്യങ്ങളും അശുഭകരമായ വാർത്തകളും മൂലം അസ്വസ്ഥത പെട്ട് വരുന്ന ദൈവമക്കളെ ദൈവാനുഭത്തിലേക്കും ആത്മീയ ജീവിതം നൽകുന്ന ചൈതന്യത്തിലേക്കും കൈപിടിച്ച് നടത്താൻ സുവിശേഷം പങ്കു വക്കുന്നവർക്ക് ബാധ്യതയുണ്ട്. ആഞ്ഞുറു പേരുള്ള ഒരു ദേവാലയത്തിലെ പത്ത് മിനുട്ട് പ്രസംഗത്തിന് 5000 മിനുട്ടിൻ്റെ വിലയുണ്ട്. അതായത് 84 മണിക്കൂർ സമയം. മൂന്നര ദിവസം! ആ ഗൗരവം പ്രാസംഗികന് ആവശ്യമുണ്ട്. പ്രാർത്ഥിച്ചോരുങ്ങാതെയും വേണ്ടതായ പഠനങ്ങൾ നടത്തി തയ്യാറാകാതെയും വചനവേദിയെ സമീപിക്കുന്നവർ ദൈവത്തെയും ദൈവജനത്തെയും അപമാനിക്കുകയാണ്.
പ്രാസംഗികൻ്റെ വാഗ്വിലാസവും പാണ്ഡിത്യവും തെളിയിക്കാനല്ല, തമ്പുരാൻ്റെ വചനം പങ്കുവയ്ക്കപ്പെടാനും ദൈവത്തിനു മഹത്വം നൽകാനുമാണ് ആ സമയം ഉപയോഗിക്കപ്പെടേണ്ടത്. രാഷ്ട്രീയവും, മതസ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന ചിന്തകളും നിർബന്ധമായും ഒഴിവാക്കപ്പെടണം. അത് വ്യക്തിഹത്യയുടേയോ, ആക്രോശത്തിൻ്റെയോ ഇടമല്ല. സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാനായി വചനത്തെ കൂട്ടുപിടിക്കുന്നവരും ആ പവിത്രമായ ഇടം ദുരുപയോഗിക്കുകയാണ്. വചനവേദിയിൽ നിന്ന് ശാപങ്ങളും ഭീഷണികളും ഉയരുന്നത് ആശാസ്യമല്ല. അത് വിശുദ്ധമായ ഇടമാണെന്ന ഓർമ്മ വിസ്മരിക്കപ്പെടരുത്. ആളുകളെ ചിരിപ്പിക്കാനായി പറയുന്ന നർമ്മങ്ങളും സ്വയം പ്രദർശനവസ്തുവാക്കാനുള്ള പ്രകടനങ്ങളും വിപരീത ഫലമാണ് ഉണ്ടാക്കുക. പ്രസംഗികന് ലഭിക്കുന്ന ആത്മസംതൃപ്‍തിയല്ല, ശ്രോതാവിന് ലഭിച്ച ബോധ്യങ്ങളാണ് പ്രധാനം.
ഒരു തലമുറ മുൻപ് ഇടവകവൈദീകനായിരുന്നു ഇടവകയിലെ കൂടുതൽ അറിവുള്ളവരിൽ ഒരാൾ. ഇന്ന് അതല്ല അവസ്ഥ. തത്വശാസ്ത്രവും ദൈവശാസ്ത്രവും മാറ്റിവച്ചാൽ മിക്കവാറും വൈദീകർക്ക് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദം മാത്രമാണുള്ളത്. എന്നാൽ ഇടവകയിലെ നല്ലൊരു ശതമാനം ചെറുപ്പക്കാർക്കും അതിലും കൂടുതൽ വിദ്യാഭ്യാസവും അറിവും ഉണ്ട്. പ്രസംഗിക്കാനായി നിൽക്കുമ്പോൾ ശ്രോതാക്കളിൽ ഡോക്ടറും വക്കീലും കോളേജ് അദ്ധ്യാപകരും ശാസ്ത്രജ്ഞരും എൻജിനീയർമാരും ഉണ്ടെന്നതും മറക്കാതിരിക്കാം. വീണ്ടുവിചാരമില്ലാതെയും വികാരഭരിതരായും സംസാരിച്ചാൽ അത് പ്രാസംഗികൻ നൽകുന്ന വചനത്തിന്റെ നന്മകൾ നഷ്ടപ്പെടുത്തും. കൃത്യവും വ്യക്തവുമല്ലാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് അഭികാമ്യം. എല്ലാവരുടെയും വിരൽ തുമ്പിൽ ഗൂഗിൾ ഇരിക്കുമ്പോൾ പറയുന്നതിലെ ആധികാരികത ഉറപ്പാക്കപ്പെടേണ്ടതാണ്.
പ്രസംഗം എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന പാപ്പായുടെ നിർദ്ദേശങ്ങളിൽ ഏറ്റവും അവസാനത്തേത് ഇങ്ങനെയാണ്. “ഒരു നല്ല പ്രസംഗത്തിൻ്റെ ഭാഷാ സകാരാത്മകം (positive) ആയിരിക്കണം. എന്തൊക്കെയാണ് ചെയ്യരുതാത്തത് എന്നുപറയുകയല്ല, കൂടുതൽ മനോഹരമാകാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. പ്രസംഗത്തിൽ എപ്പോഴെങ്കിലും ഒരു നകാരാത്മകമായ (negative) കാര്യം ചൂണ്ടിക്കാണിക്കേണ്ടിവന്നാൽ, വിമർശനങ്ങളിലും കുറ്റപ്പെടുത്തലുകളിലും ആണ്ടുപോകാതെ, പോസിറ്റീവും ആകർഷകവുമായ ഒരുകാര്യം കൂടി ചേർക്കാൻ ശ്രമിക്കണം. പോസിറ്റീവ് ആയ ഒരു പ്രസംഗം നമ്മെ തിന്മയുടെ തടവുകാരാക്കാതെ എപ്പോഴും പ്രത്യാശ നൽകുകയും ഭാവിയിലേക്ക് നയിക്കുകയും ചെയ്യും”.
Fr Sijo Kannampuzha OM

Leave a comment