Wednesday of the 1st week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

🔵 ബുധൻ, 4/3/2020

Wednesday of the 1st week of Lent 
(optional commemoration of Saint Casimir)

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 24:6,2,22

കര്‍ത്താവേ, അങ്ങയുടെ അനുകമ്പയും
യുഗങ്ങള്‍ക്കുമുമ്പേയുള്ള കാരുണ്യവും ഓര്‍ക്കണമേ.
ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍
ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ.
ഇസ്രായേലിന്റെ ദൈവമേ,
ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലുംനിന്ന് ഞങ്ങളെ മോചിപ്പിക്കണമേ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ ജനത്തിന്റെ ഭക്തി
കരുണയോടെ വീക്ഷിക്കണമേ.
അങ്ങനെ, തപശ്ചര്യവഴി ശരീരം നിയന്ത്രിക്കുന്നതിനും
നന്മപ്രവൃത്തികളുടെ ഫലത്താല്‍
മനസ്സിനെ പരിപോഷിപ്പിക്കുന്നതിനും
ഇടയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യോനാ 3:1-10
തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നുകണ്ട് ദൈവം മനസ്സുമാറ്റി.

യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു.
അതു കടക്കാന്‍ മൂന്നുദിവസത്തെ യാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചുപറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേ നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
ഈ വാര്‍ത്ത നിനെവേരാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു. അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും കല്‍പനയാണിത്: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍ നിന്നും പിന്‍തിരിയട്ടെ! ദൈവം മനസ്സു മാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം. തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നുകണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 51:3-4, 12-13, 18-19

ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.

ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
എന്നോടു ദയ തോന്നണമേ!
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.

ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;
ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍
അങ്ങു സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.

ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:29-32
യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല.

അക്കാലത്ത്, ജനക്കൂട്ടം വര്‍ധിച്ചുവന്നപ്പോള്‍ യേശു അരുളിച്ചെയ്തു: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിന ത്തില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍! നിനെവേ നിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗംകേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ നാമത്തിനു പ്രതിഷ്ഠിക്കാന്‍
അങ്ങു നല്കിയവ അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
അങ്ങനെ, ഇവ ഞങ്ങള്‍ക്കുവേണ്ടി
അങ്ങ് കൂദാശയായി മാറ്റുന്നതുപോലെ,
ഞങ്ങള്‍ക്ക് നിത്യൗഷധമായിത്തീരാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 5:12

കര്‍ത്താവേ, അങ്ങില്‍ പ്രത്യാശ വയ്ക്കുന്നവര്‍ സന്തോഷിക്കും;
അവര്‍ എന്നേക്കും ആഹ്ളാദിക്കുകയും
അങ്ങ് അവരില്‍ വസിക്കുകയും ചെയ്യും.

ദിവ്യഭോജനപ്രാര്‍ത്ഥന

അങ്ങയുടെ കൂദാശകളാല്‍ ഞങ്ങളെ പരിപാലിക്കുന്നതില്‍ നിന്ന്
ഒരിക്കലും വിരമിക്കാത്ത ദൈവമേ,
ഇവയിലൂടെ അങ്ങു ഞങ്ങള്‍ക്കു നല്കിയ പോഷണം,
നിത്യജീവന്‍ പ്രദാനംചെയ്യാന്‍ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാർത്ഥന

കര്‍ത്താവേ, അങ്ങയുടെ ജനത്തെ സംരക്ഷിക്കുകയും
സര്‍വപാപങ്ങളിലുംനിന്ന് കാരുണ്യപൂര്‍വം
ശുദ്ധീകരിക്കുകയും ചെയ്യണമേ.
എന്തെന്നാല്‍, ഒരു തിന്മയും അവരെ കീഴ്‌പ്പെടുത്താത്തപക്ഷം,
ഒരു വിപത്തും അവരെ ബാധിക്കയില്ലല്ലോ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.
ആമേൻ.
🔵

Leave a comment