Uncategorized

Everything about Indulgence: Malayalam Article

ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Indulgenece

ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പാപത്തിന്‍റെ പൊറുതിയും പാപത്തിനുള്ള ശിക്ഷയും രണ്ടായി കാണണം. പാപം പൊറുക്കപ്പെടുമ്പോഴും പാപത്തിനുള്ള ശിക്ഷ അവശേഷിക്കുന്നു. അത് ഈ ലോകത്തിലോ വരും ലോകത്തിലോ വച്ച് അനുഭവിക്കണം. ശുദ്ധീകരണസ്ഥലവും ഈ ശിക്ഷയുടെ ഭാഗമാണ്. കാനന്‍ നിയമവും (992) മതബോധനഗ്രന്ഥവും (1471) ഇത് കൃത്യമായി പഠിപ്പിക്കുന്നുണ്ട്. കുമ്പസാരത്തിലൂടെ പാപം മോചിക്കപ്പെടുന്നു എന്ന് പറയുമ്പോഴും നാം ചെയ്ത പാപങ്ങളുടെ ഫലങ്ങള്‍ അതോടെ ഇല്ലാതായി എന്നു കരുതാന്‍ കഴിയുമോ? എന്‍റെ പാപങ്ങള്‍ മോചിക്കപ്പെടുന്നതിലൂടെ (കുമ്പസാരം വഴി) ഞാന്‍ വരപ്രസാദാവസ്ഥയിലേക്ക് എത്തുമ്പോഴും എന്‍റെ കൊള്ളരുതായ്മകള്‍ മൂലം നിലനില്‍ക്കുന്ന തിന്മയുടെ സാഹചര്യങ്ങള്‍, മറ്റുള്ളവര്‍ ഇപ്പോഴും അനുഭവിക്കുന്ന പീഡനങ്ങള്‍ (ഒരു കൊലപാതകം ഉദാഹരണം) എന്നിവ ആ പ്രവൃത്തിയെ ഇല്ലാതാക്കുന്നില്ല.

ഇക്കാരണങ്ങളാല്‍, ദൈവസന്നിധിയില്‍ പാപമോചനം നേടുമ്പോഴും നമ്മുടെ പാപജീവിതത്തിന്‍റെ പരിണിതഫലങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അതിനാല്‍ പരിഹാരത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും ഒരു ജീവിതം അനിവാര്യമാണ്. അത് പക്ഷേ നിരാശാബോധത്തോടെയല്ല, സന്തോഷത്തോടും പ്രത്യാശയോടും കൂടിയാണ്. നമ്മുടെ പാപങ്ങള്‍ മൂലം മുറിവേല്പിക്കപ്പെട്ട വ്യക്തികളെയും സാഹചര്യങ്ങളെയും പുനര്‍നിര്‍മ്മിച്ചു കൊണ്ടുള്ളതായിരിക്കണം. ഇപ്രകാരമുള്ള ഒരു ജീവിതത്തിന് തിരുസ്സഭ വാഗ്ദാനമായി നല്കുന്ന ഒരു ആശ്വാസമാണ് ദണ്ഡവിമോചനങ്ങള്‍.

എന്തുകൊണ്ട് ദണ്ഡവിമോചനം നല്കുന്നു, എങ്ങനെ നല്കുന്നു, സഭക്കിത് നല്കാനുള്ള അധികാരമെന്താണ്, മാര്‍ഗ്ഗങ്ങളേതൊക്കെയാണ് എന്നീ കാര്യങ്ങളറിയാന്‍ തുടര്‍ന്ന് വരുന്ന ലേഖനം വായിക്കാവുന്നതാണ്.

ദണ്ഡവിമോചനം
1. എന്താണ് ദണ്ഡവിമോചനം?: യേശുക്രിസ്തുവിന്‍റെയും അവിടുത്തെ വിശുദ്ധരുടെയും തിരുസഭയുടെയും യോഗ്യതകള്‍ മുഖേന പാപത്തിനും അതിനുള്ള ശിക്ഷയ്ക്കും മോചനം ലഭിച്ച ശേഷം ദൈവമുമ്പാകെയുള്ള താല്‍ക്കാലികശിക്ഷ പൂര്‍ണ്ണമായോ അഥവാ ഭാഗികമായോ ഇളച്ചുകൊടുക്കുന്നതിനാണ് ദണ്ഡവിമോചനം എന്നു പറയുന്നത്.

2. മതബോധനം: ദണ്ഡവിമോചനങ്ങളെ സംബന്ധിച്ചുള്ള സഭയുടെ വിശ്വാസപ്രബോധനവും അവയുടെ വിനിയോഗവും പ്രായശ്ചിത്തകൂദാശയുടെ ഫലങ്ങളോട് ഗാഢമായി ബന്ധപ്പെട്ടതാണ്. അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍ നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം. നിര്‍ദ്ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയവിശ്വാസി അത് നേടിയെടുക്കുന്നു.

വീണ്ടെടുപ്പിന്‍റെ ശുശ്രൂഷികള്‍ എന്ന നിലയില്‍ ക്രിസ്തുവിന്‍റെയും വിശുദ്ധരുടെയും പരിഹാരകര്‍മ്മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവുചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണമോ ആകാം. ഏതു വിശ്വാസിക്കും തനിക്കുവേണ്ടിത്തന്നെയോ മരിച്ചവര്‍ക്കുവേണ്ടിയോ ദണ്ഡവിമോചനങ്ങള്‍ നേടാവുന്നതാണ് (CCC 1471).

ദണ്ഡവിമോചന ചരിത്രം
ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പ റോമില്‍ തുടങ്ങിവച്ച വി. പത്രോസിന്‍റെ നാമത്തിലുള്ള ബൃഹത്തും മനോഹരവുമായ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലെയോ പത്താമന്‍ മാര്‍പാപ്പ തീരുമാനിച്ചു. ഈ നിയോഗത്തില്‍ പ്രസ്തുത ദേവാലയത്തിന്‍റെ പണിക്കുവേണ്ടി സ്വമനസ്സാലെ എന്തെങ്കിലും സംഭാവന നല്കുന്നവര്‍ക്ക് ദണ്ഡവിമോചനം നല്കുന്നതാണെന്നുള്ള ഒരു ബൂള പരിശുദ്ധ പിതാവ് പ്രസിദ്ധപ്പെടുത്തി. അതേസമയം തന്നെ, ദേവാലയനിര്‍മ്മാണത്തിന് യാതൊരു സംഭാവനയും നല്കിയില്ലെങ്കിലും, ദണ്ഡവിമോചനം ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിര്‍വ്വഹിക്കുന്ന ആര്‍ക്കും സഭയുടെ പുണ്യനിക്ഷേപത്തില്‍ നിന്നും തുല്യമായ ഓഹരി ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നിഷ്കപടമായ അനുതാപവും പാപസങ്കീര്‍ത്തനവും വ്യവസ്ഥകളായി നിശ്ചയിച്ചു. സംഭാവന എത്ര വലുതാണെങ്കിലും അനുതാപമില്ലെങ്കില്‍ അത് ഫലപ്രദമാവില്ലെന്ന് ദണ്ഡവിമോചനത്തിന് അപേക്ഷിച്ചവര്‍ക്കെല്ലാം ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍, ദണ്ഡവിമോചനം കച്ചവടമോ ക്രയവിക്രയമോ അല്ല. ഭക്തരായ ദൈവജനത്തിന് തിരുസഭ പ്രതിഫലമായി നല്കുന്ന ആദ്ധ്യാത്മികമായ ഒരു വാഗ്ദാനമാണിത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ്
സൂനഹദോസിന് ശേഷം ദണ്ഡവിമോചനത്തിന്‍റെ വ്യവസ്ഥകള്‍ കൃത്യമായി ഉള്‍പ്പെടുത്തി 1968 ജൂണ്‍ 29-ന് Manual of Indulgences സഭ പ്രസിദ്ധപ്പെടുത്തി. പാപമോചനം സ്വീകരിച്ച ശേഷം സഭയുടെ വ്യവസ്ഥയനുസരിച്ച് വിശ്വാസിക്ക് ലഭിക്കുന്ന താത്കാലികശിക്ഷയുടെ മോചനമാണ് ദണ്ഡവിമോചനം എന്നു നാം കണ്ടുകഴിഞ്ഞു. താത്കാലികശിക്ഷ ഈ ലോകത്തിലോ പരലോകത്തിലോ വച്ചാണ് പരിഹരിക്കപ്പെടേണ്ടത്. താത്കാലികശിക്ഷ ഇവിടെ വച്ച് പരിഹരിക്കാനുള്ള ഒരെളുപ്പമാര്‍ഗ്ഗമാണ് ദണ്ഡവിമോചനം. പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുന്നു, “പാപകടം നീക്കുക എന്നതിനേക്കാള്‍ നമ്മുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹവും പരസ്നേഹവും ഉജ്ജ്വലിപ്പിക്കുന്നതിനാണ് ദണ്ഡവിമോചനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.”

ദണ്ഡവിമോചനം പ്രാപിക്കാനുള്ള വ്യവസ്ഥകള്‍

1. തനിക്കു വേണ്ടിത്തന്നെയോ മരിച്ചവര്‍ക്കുവേണ്ടിയോ ദണ്ഡവിമോചനം നേടണമെന്ന നിയോഗം

2. മാമ്മോദീസ സ്വീകരിച്ച വ്യക്തിയായിരിക്കണം

3. പ്രസാദവരത്തിലായിരിക്കണം

4. മാര്‍പാപ്പയുടെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കണം (1 സ്വര്‍ഗ്ഗസ്ഥനായ പിതാവ്, 1 നന്മ നിറഞ്ഞ മറിയം, 1 ത്രിത്വസ്തുതി)

5. പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് കുമ്പസാരിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്തിരിക്കണം.

6. പൂര്‍ണം, ഭാഗികം: ദണ്ഡവിമോചനത്തെ പൂര്‍ണമെന്നും ഭാഗികമെന്നും രണ്ടായി തിരിക്കാം. പൂര്‍ണ്ണദണ്ഡവിമോചനം ഒരു ദിവസം ഒരെണ്ണം മാത്രമേ പ്രാപിക്കാന്‍ കഴിയൂ. ഭാഗികദണ്ഡ വിമോചനത്തിന് ദിവസം വര്‍ഷം എന്നിങ്ങനെ കണക്കുകളില്ല.

പൂര്‍ണ ദണ്ഡവിമോചനം ‍

1. നോമ്പുമായി ബന്ധപ്പെട്ടത്

– വി. കുരിശിന്‍റെ വഴി പ്രാര്‍ത്ഥന നടത്തുക

– അരമണിക്കൂറെങ്കിലും യേശുവിന്‍റെ പീഡാനുഭവത്തെപ്പറ്റി വായിക്കുക, ധ്യാനിക്കുക

– വലിയനോമ്പിലെ വെള്ളിയാഴ്ച കുരിശുരൂപത്തിന്‍റെ മുമ്പില്‍ ജപം ചൊല്ലുക

– പെസഹാവ്യാഴാഴ്ച ‘കൊല്ലന്‍ ദശ്നേ’ എന്ന ഗീതം ആലപിക്കുക. (വാഴ്വിന്‍റെ ഗാനം = സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം)

– ദുഃഖവെള്ളിയാഴ്ച ആരാധനാക്രമപ്രകാരം കുരിശിന്‍റെ ആരാധനയില്‍ പങ്കെടുത്ത് കുരിശ് ചുംബിക്കുക

– ദുഃഖശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ച് ജ്ഞാനസ്നാന വാഗ്ദാനം നവീകരിക്കുക.

2. ദേവാലയവുമായി ബന്ധപ്പെട്ടത്

– ഇടവകമദ്ധ്യസ്ഥന്‍റെ തിരുനാള്‍ദിനത്തില്‍ പള്ളി സന്ദര്‍ശിക്കുക, പ്രാര്‍ത്ഥിക്കുക.

– ആഗസ്റ്റ് 15-ന് (മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം) ഇടവകപള്ളി സന്ദര്‍ശിച്ച് ക്രമപ്രകാരം ആരാധന നടത്തുക.

– പള്ളിയോ അള്‍ത്താരയോ കൂദാശ ചെയ്യുന്ന ദിവസം പള്ളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക

– രൂപതയിലെ മെത്രാന്‍ ഔദ്യോഗിക ഇടവകസന്ദര്‍ശനം നടത്തുമ്പോള്‍ അദ്ദേഹം പ്രധാനകാര്‍മ്മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുക.

– സ്വന്തം ജ്ഞാനസ്നാനദിനത്തില്‍ വാഗ്ദാനം നവീകരിക്കുക.

3. പ്രത്യേകദിനവുമായി ബന്ധപ്പെട്ടത്

– ജനുവരി ഒന്നാം തിയതി ‘താലാഹ് റൂഹാ’ എന്ന ഗീതം പരസ്യമായി ആലപിക്കുക (പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന)

– വര്‍ഷാവസാനത്തില്‍ ‘ലഹ് ആലാഹാ’ എന്ന കൃതജ്ഞതാസ്തോത്രം പരസ്യമായി ആലപിക്കുക.

– ക്രിസ്തുവിന്‍റെ രാജ്യത്വതിരുനാളില്‍ മനുഷ്യകുലത്തെ മുഴുവന്‍ പ്രതിഷ്ഠിക്കുന്ന ‘പ്രതിഷ്ഠാജപം’ പരസ്യമായി ചൊല്ലുക.

– ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവകരുണയുടെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പള്ളിയില്‍ പങ്കെടുക്കുക.

– പന്തക്കുസ്താദിനം ‘താലാഹ് റൂഹാ’ ഗീതം പാടുക.

4. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ടത്

– വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ വിശ്വാസപ്രമാണം ചൊല്ലുക.

– ഈശോയുടെ തിരുഹൃദയതിരുനാള്‍ ദിവസം നിര്‍ദ്ദിഷ്ടപരിഹാരജപം പരസ്യമായി ചൊല്ലുക

– വി. കുര്‍ബാനയുടെ തിരുനാള്‍ദിവസം ‘കൊല്ലന്‍ ദശ്നെ’ എന്ന ഗീതം ആഘോഷമായി ആലപിക്കുക.

– പൂര്‍ണ്ണ ദിവസങ്ങളെങ്കിലും ധ്യാനം ശ്രവിച്ച്, ദൈവവചനം അനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കുക

– പള്ളിയിലോ പൊതു പ്രാര്‍ത്ഥനാലയങ്ങളിലോ കുടുംബത്തിലോ സന്യാസസമൂഹത്തിലോ ഭക്തസംഘടനയിലോ എല്ലാവരും കൊന്ത ചൊല്ലുക. 5 രഹസ്യം തുടര്‍ച്ചയായി ചൊല്ലി, ദിവ്യരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും വേണം. (വ്യക്തിപരമായി ചൊല്ലുന്ന കൊന്തയ്ക്ക് ഭാഗികദണ്ഡവിമോചനം ലഭിക്കുന്നതാണ്.)

5. ബൈബിളും ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ടത്

– ദിവ്യകാരുണ്യ സന്നിധിയില്‍ ഒറ്റയ്ക്കോ സമൂഹമായോ അരമണിക്കൂറെങ്കിലും ആരാധന നടത്തുക.

– പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്നയാള്‍ക്കും ആ കര്‍മ്മത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നവര്‍ക്കും

– അരമണിക്കൂറെങ്കിലും ദിവസവും വി. ഗ്രന്ഥം ഭക്തിയോടെ വായിച്ച് ധ്യാനിക്കുന്നവര്‍ക്ക് (അരമണിക്കൂറില്‍ താഴെ വായിക്കുന്നവര്‍ക്ക് ഭാഗികദണ്ഡവിമോചനം ലഭിക്കും).

6. മാര്‍പാപ്പയോടും മെത്രാനോടും സമര്‍പ്പിതരോടും ബന്ധപ്പെട്ടത്

– പൂര്‍ണ്ണ ദണ്ഡവിമോചനത്തോടു കൂടിയ മാര്‍പാപ്പയുടെ ആശീര്‍വ്വാദം സ്വീകരിക്കുക (മാര്‍പാപ്പ ഡൃയശ ലേ ഛൃയശെ ആശീര്‍വ്വാദം നല്കുമ്പോള്‍ റേഡിയോ, ടെലിവഷന്‍ പോലുള്ള മീഡിയയിലൂടെ ശ്രവിച്ചുകൊണ്ടും ദണ്ഡവിമോചനം പ്രാപിക്കാം)

– മാര്‍പാപ്പയോ ഏതെങ്കിലും മെത്രാനോ വെഞ്ചരിച്ച കുരിശുരൂപം, ജപമാല, കാശുരൂപം എന്നിവ ഉപയോഗിക്കുക.

– രൂപതയില്‍ മെത്രാന്‍ അനുവാദത്തോടെ നല്കുന്ന പേപ്പല്‍ ആശീര്‍വ്വാദങ്ങള്‍ സ്വീകരിക്കുക.

– പ്രഥമ ദിവ്യബലിയര്‍പ്പിക്കുന്ന വൈദികനും അതില്‍ ഭക്തിപൂര്‍വ്വം സംബന്ധിക്കുന്നവര്‍ക്കും.

– പൗരോഹിത്യം/ സന്യാസം സ്വീകരിച്ചതിന്‍റെ 25,50,60,75 എന്നീ വാര്‍ഷികദിനത്തില്‍, തന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ വിശ്വസ്തതയോടെ നിര്‍വ്വഹിക്കും എന്ന പ്രതിജ്ഞ നവീകരിക്കുക. ജൂബിലേറിയന്‍ അര്‍പ്പിക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ സംബന്ധിക്കുക.

– നവസന്യാസിനികള്‍ നൊവീഷ്യേറ്റില്‍ പ്രവേശിക്കുമ്പോഴും ആദ്യവ്രതം, നിത്യവ്രതം, വ്രതാനുഷ്ഠാനത്തിന്‍റെ 25,50,60,75 എന്നീ വര്‍ഷങ്ങളിലും ദണ്ഡവിമോചനം നേടാം.

– തിരുസഭയില്‍ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മാസാദ്യവ്യാഴാഴ്ചകളില്‍, കുര്‍ബാനയര്‍പ്പിച്ച് പുരോഹിതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലി, ഒരു പരോപകാര (നന്മ) പ്രവൃത്തിയെങ്കിലും ചെയ്ത് കാഴ്ചവയ്ക്കുന്ന വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം പ്രാപിക്കാം.

– പൂരോഹിതര്‍ക്ക് ദണ്ഡവിമോചനത്തിന് മുകളില്‍പ്പറഞ്ഞവയ്ക്കൊപ്പം കാനോനനമസ്കാര അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും സഭ ആവശ്യപ്പെടുന്നുണ്ട്.

7. പരേതരുടെ ദിനവുമായി ബന്ധപ്പെട്ടത്

– മരണസമയത്ത് അപ്പസ്തോലിക ആശീര്‍വ്വാദം സ്വീകരിക്കുക. അതിനുള്ള അവസരം ലഭ്യമല്ലെങ്കില്‍, മരണാസന്നന് അയാള്‍ ഏതെങ്കിലും സഭാത്മകപ്രാര്‍ത്ഥന (ഉദാ. വിശ്വാസപ്രമാണം) ജീവിതകാലത്ത് ചൊല്ലിയിട്ടുണ്ടെങ്കില്‍ ഈ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാന്‍ വേണ്ട സാധാരണ വ്യവസ്ഥകള്‍ ഈ അവസരത്തില്‍ ബാധകമല്ല. അന്നേ ദിവസം തന്നെ അദ്ദേഹം വേറെ ഏതെങ്കിലും വിധത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിച്ചിട്ടുണ്ടെങ്കിലും ഈ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.

– സകല മരിച്ചവരുടെയും ദിനത്തില്‍ പള്ളിയിലോ കപ്പേളയിലോ ഉള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുക. ദണ്ഡവിമോചനം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക. (ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ക്കു വേണ്ടി ഇതു നിയോഗിക്കാവുന്നതല്ല).

– നവംബര്‍ 1 മുതല്‍ 8 വരെ സെമിത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. ഓരോ ദിവസവും ഈ ദണ്ഡവിമോചനം ആത്മാക്കള്‍ക്കായ് കാഴ്ചവയ്ക്കുക.

ഭാഗികദണ്ഡവിമോചനം ‍

– ഉപവിപ്രവൃത്തികള്‍ ചെയ്യുക

– പാപപരിഹാരത്തിനായി ആശയടക്കം ചെയ്യുക

– രോഗികളെ സന്ദര്‍ശിക്കുക

– ക്ലേശിതരെ ആശ്വസിപ്പിക്കുക

– പണം കൊടുത്തോ മറ്റുവിധത്തിലോ പാവപ്പെട്ടവരെ സഹായിക്കുക

– മതപരമായ കാര്യങ്ങള്‍ പഠിക്കുക, പഠിപ്പിക്കുക

– വെഞ്ചരിച്ച കുരിശ്, കൊന്ത, മെഡല്‍ എന്നിവ ധരിക്കുക

– സുവിശേഷ പ്രസംഗങ്ങള്‍ കേള്‍ക്കുക

– കുരിശുവരയ്ക്കുക

– സെമിത്തേരി സന്ദര്‍ശനം നടത്തുക

– വിശുദ്ധ കുര്‍ബാനയുടെ വിസീത്ത കഴിക്കുക

– വിശ്വാസം, ശരണം, ഉപവി എന്നിവയുടെ പ്രകരണങ്ങളും വിശ്വാസപ്രമാണവും ചൊല്ലുക

– ത്രികാലജപം ചൊല്ലുക

– ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തുക

– മാര്‍പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക.

– എത്രയും ദയയുള്ള മാതാവേ, പരിശുദ്ധ രാജ്ഞി എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലുക

– സഭ അംഗീകരിച്ച ഔദ്യോഗിക ലുത്തിനിയകള്‍ ചൊല്ലുക

– ദണ്ഡവിമോചനമുള്ള സുകൃതജപം ഉരുവിടുക

– പ്രശംസയ്ക്കുവേണ്ടിയല്ലാതെ സാമൂഹ്യസേവനം ചെയ്യുക

– മെത്രാന്‍റെ ഇടയസന്ദര്‍ശനദിനത്തില്‍ പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുക.

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s