ടെലിവിഷനിലെ കുർബാന
———————————-
കൈ നീട്ടിയാൽ തൊടാവുന്നത്ര ദൂരെ… എന്നാൽ തൊടാൻ പോയിട്ട് എത്തിച്ചേരാനും കൂടി ആകാത്ത അത്ര അകലെയുള്ള ഒരു ബലിപീഠം. അതിനു മുമ്പിലാണ് ഇന്ന് വി.കുർബാനക്ക് നിന്നത്.
വീട്ടിലെ എല്ലാരും കൂടി ഒരുമിച്ച് നിന്ന് ഒരു കുർബാനയിൽ, അതും കുടുംബാംഗങ്ങൾ മാത്രമായി, പങ്കെടുക്കുന്നത് ഇന്നാദ്യമാണ്. പള്ളിയിൽ പോയാലും നിൽപ്പ് പല ദിക്കിലാണല്ലോ.
പ്രാരംഭ ഗാനം മുതൽ സമാപനാശീർവാദം വരെ ഒരേ സ്വരത്തിൽ, പ്രാർത്ഥനകൾ ഉറക്കെ ചൊല്ലി, പാട്ടുകൾ പാടി, വീട്ടിലെ ഏവരും പങ്കു ചേർന്നത് ഹൃദ്യമായ അനുഭവം.
വീട്ടിലെ കളോക്ക് കൺമുമ്പിൽ തന്നെയുണ്ടായിരുന്നെങ്കിലും ദേവാലയത്തിലെ ക്ലോക്കിൽ ഇടയ്ക്കിടെ പാളി നോക്കും പോലെ നോക്കിയതേയില്ല.
വചന സന്ദേശമാകട്ടെ, ഓരോ അക്ഷരവും വിടാതെ സൂക്ഷ്മ ശ്രദ്ധയോടെ കേട്ടു.
ഒന്ന് ഇരുന്നു കളയാം എന്ന പ്രലോഭനം ദേവാലയത്തിൽ കൂടുതലാണെങ്കിലും, വീടിനകത്ത് കസേരയും കൂടി ഉണ്ടായിരുന്നിട്ടും തോന്നിയില്ല.
ആദ്യമായിരിക്കണം കുടുംബാംഗങ്ങളെല്ലാം പരസ്പരം സമാധാനം ആശംസിക്കുന്നത്.
വി. ബലിക്ക് വൈദികൻ ആമുഖം പറഞ്ഞപ്പോഴും, വചനം വായിച്ചപ്പോഴും, സന്ദേശം പറഞ്ഞപ്പോഴും, കാഴ്ചവയ്പ്പിലുമൊക്കെ പലപ്പോഴും കണ്ണു നനഞ്ഞു. മക്കളുടെ പോലും മുഖത്തെ ഗൗരവം ആ ബലി ഹൃദയത്തെ എത്ര തൊട്ടു എന്ന് തെളിയിച്ചു.
ഗവൺമെൻ്റ് അധികാരികളെയും പോലീസുകാരെയും ഡോക്ടർമാരെയും നഴ്സുമാരെയും ഒരു വി.ബലിയിൽ പ്രത്യേകം ഓർത്തു പ്രാർത്ഥിച്ചത് ഇന്നായിരുന്നു.
ആശുപത്രി കിടക്കകളിലും, വീടുകളിലെ ഏകാന്തതകളിലും ശരണാലയങ്ങളിലും ഒന്നു പുറത്തു പോകാൻ ആകാത്തവർക്ക് ഒരു ടെലിവിഷൻ കുർബാന നൽകുന്ന ആശ്വാസം എത്ര വലുതാണെന്ന് ഇന്നു മനസിലായി.
വീട്ടിലിരുന്നു സ്മാർട്ട് സ്ക്രീനിൽ 5 ദിവസമായി മണിക്കൂറുകളോളം കണ്ട ട്രോളുകളും വീഡിയോകളും ഫലിതങ്ങളും സിനിമകളും നൽകിയ വിരസമായ “ടൈം പാസി”നെക്കാൾ എത്രയോ സജീവവും ആനന്ദഭരിതവുമായിരുന്നു ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ കുർബാന.
ഒരവകാശമെന്നതു പോലെ സ്വീകരിച്ചിരുന്ന തിരുശരീരം, ലഭിക്കാതെ വന്നപ്പോഴാണ് ലോകത്ത് ഏറ്റവും വിലയേറിയത് എന്തിന് എന്നു തിരിച്ചറിയുന്നത്. വി.ബലിക്ക് വന്നിട്ട് കുർബാന സ്വീകരിക്കാതെ മടങ്ങുന്നവൻ നീരുറവയുടെ സമീപം ദാഹിച്ച് മരിക്കുന്നവനെപ്പോലെ എന്ന് പറഞ്ഞത് വി.ജോൺ മരിയ വിയാനിയല്ലേ? ആ ദാഹം ഇന്നു തിരിച്ചറിഞ്ഞു.
പുരോഹിതരുടെ നൊമ്പരവും തിരിച്ചറിയുന്നു. ദൈവത്തിനും ദൈവജനത്തിനും മുമ്പിൽ വയ്ക്കപ്പെട്ടവർ, ശൂന്യമായ ഇരിപ്പിടങ്ങൾക്കു മുമ്പിൽ ബലിയർപ്പിക്കേണ്ടി വരുമ്പോൾ, വചനം പറയേണ്ടി വരുമ്പോൾ… നിങ്ങളെ മനസു കൊണ്ട് ഞാനീ ബലിവേദിയോട് ചേർത്തു വയ്ക്കുന്നു എന്ന് കാർമ്മികൻ പറഞ്ഞപ്പോൾ എന്റെ കണ്ണ് നനഞ്ഞു. എനിക്കറിയാം.. ഇന്ന് അനേക കാർമ്മികരുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാകുമെന്ന് …
ജോയ് എം പ്ലാത്തറ

Leave a comment