നോമ്പിൽ 35
ദാവീദ് പുത്രാ എന്നോട് കരുണതോന്നണേ എന്ന് അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു (മർക്കോസ് 10: 43)
യേശു തന്റെ യേരുശലേം ജൈത്രയാത്ര തുടങ്ങി കഴിഞ്ഞിരുന്നു. അതിപുരാതന നഗരമായ യെരിഹോം വഴിയാണ് യേശുവിൻെറ യാത്ര. യേശു യേരിഹോ വിലെത്തിയത് കുരുടന്മാർക്ക് കാഴ്ച നൽകാനും ചുങ്കക്കാരനും പാപിയുമായ സക്കായിയുടെ മാനസാന്തരത്തിനും കാരണമായി.
വഴിയരികിൽ ഇരുന്ന സാധുവായ അന്ധൻ നിലവിളിച്ചു കേണു, ‘ദാവീദ് പുത്രാ എന്നോട് കരുണതോന്നണേ’. അയാളുടെ പേരു പോലും ഓർത്തെടുക്കാൻ വയ്യാത്തതു കൊണ്ട് തീമായിയുടെ മകൻ എന്നേ പറയാൻ കഴിയൂ. സുവിശേഷകൻ വി.മത്തായി ഈ സംഭവം എഴുതുമ്പോൾ കുറെക്കൂടി ലളിതമാക്കി. വഴിയരികിൽ ഇരുന്ന രണ്ട് കുരുടന്മാർ നിലവിളിച്ചു, യേശു മനസ്സലിഞ്ഞു തൊട്ടു സൗഖ്യമാക്കി എന്ന് മാത്രം. വി. ലൂക്കോസ് അല്പം കൂടി വിശദമാക്കുന്നുണ്ടെങ്കിലും അവൻെറ മേൽവിലാസം പറയുന്നില്ല. ശീമോൻെറ അമ്മാവിയമ്മ, യായിറോസിൻെറ മകൾ എന്നിങ്ങനെ സൗഖ്യം ലഭിച്ച ആളിൻെറ പേര് വെളിപ്പെടുത്താതെ സംഭവം വിവരിക്കുന്നുണ്ട്. അന്ധനായ ഒരുവന് (രണ്ടു പേർ?), കാഴ്ച നൽകിയ യെരിഹോ സംഭവമാണ് പ്രധാനം.
തിമായിയുടെ മകൻ ആ തെരുവിലെ ഒരു ഭിക്ഷക്കാരൻ ആയിരുന്നു. അവൻ തൻെറ നിത്യവൃത്തിക്കായുള്ള ജോലി നടത്തുകയായിരുന്നു. അവൻെറ അപേക്ഷ കേട്ട് യേശു നിന്നു, അവനെ വിളിച്ചു. യേശു ഗലീല കടൽപ്പുറത്ത് നടക്കുമ്പോൾ വല നന്നാക്കുന്ന ജോലിയിലായിരുന്ന സെബദി പുത്രന്മാരായ യാക്കോബിനെയും യോഹന്നാനേയും വിളിച്ച അതേ ശബ്ദത്തിൽ(മർക്കോസ്1:20) തിമായിയുടെ മകനെയും വിളിക്കുന്നു. തന്നെ അനുഗമിക്കാൻ ശിഷ്യരെ വിളിച്ച വിളി പോലെ പ്രാധാന്യമുള്ളതാണ് ഈ വിളിയും. ആയതിനാൽ ഈ സംഭവം കേവലം സൗഖ്യദായക ശുശ്രൂഷയെക്കാൽ ഗൗരവമായി കാണേണ്ടതുണ്ട്.
യേശുവിനു ചുറ്റും ഒരു പുരുഷാരം ഉണ്ടായിരുന്നു. ജനം യേശുവിന് അമിതപ്രാധാന്യവും ഭിക്ഷക്കാരനായ സാധുവിന് അവഗണനയും കല്പിക്കുന്നവരാണ്. എന്നാൽ ഈ സംഭവത്തിനു ശേഷം ശിഷ്യന്മാരുടെ മനോഭാവത്തിൽ വന്ന മാറ്റം ശ്രദ്ധിക്കുക. സുന്ദരം എന്ന ദേവലയ ഗോപുരവാതിൽ വഴി അകത്തേക്ക് കടക്കാൻ ചെന്ന പത്രോസ് അവിടെ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന മുടന്തനെക്കണ്ട് അവനെ കൈപിടിച്ച് എഴുന്നൽപ്പിച്ച് അവനുമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു (അ.പ്ര. 3: 1-10). യേശുവിന്റെ ശുശ്രൂഷയിലൂടെ ഗുണഭോക്താവിനു മാത്രമല്ല, അനുഗമിക്കുന്നവർക്കും മാറ്റമുണ്ടാകുന്നു.
വഴിത്തലയ്ക്കലേക്ക് നീണ്ടു പോകുന്ന സഞ്ചാരപഥങ്ങൾ യേശുവിനുണ്ടെന്ന് വിസ്മരിക്കുന്നവരാണ് അവൻെറ അടുപ്പക്കാരെന്ന അഭിമാനത്തോടെ കൂടെനടക്കുന്നവർ. യേശു നിലവിളി കേട്ട് നിന്നപ്പോൾ കൂടെയുണ്ടായിരുന്നവർ പെട്ടെന്ന് പ്രതികരിച്ചു. യേശു ഇടപെടുമെന്ന് ഏറെക്കുറെ ഉറപ്പാകുന്നതുവരെ തണുത്ത തായിരിക്കും നമ്മുടെ പ്രതികരണങ്ങൾ.
കാഴ്ച ലഭിച്ച ഭിക്ഷക്കാരൻ തൻെറ പുതപ്പ് വലിച്ചെറിഞ്ഞ് യേശുവിനെ അനുഗമിച്ചു. രക്ഷകനായ ക്രിസ്തുവിനെയും ചുറ്റും നിൽക്കുന്ന സമൂഹത്തെയും കണ്ട അവൻെറ മനസ്സിലേക്ക് ഇരച്ചു കയറിയ വികാരങ്ങൾ എന്തായിരിക്കും? അന്ധകാരം നിറഞ്ഞ ലോകം മാത്രം പരിചയപ്പെട്ടിരുന്നവൻ ജീവൻെറ സൂര്യ തേജസ് കണ്ടു.
‘രാവന്തരിച്ചു, സുഖമേ മേലിൽ
പാവങ്ങൾ നാമിനി മരിക്ക നല്ലൂ’
(വള്ളത്തോൾ)
എന്ന് പാടി സന്തോഷിച്ചു കാണുമോ?
യേശു നടന്ന വഴി കുരിശിലേക്കുള്ളതായിരുന്നു. വഴിയരികിലിരുന്നിരുന്ന അയാൾ മനുഷ്യരുടെ നിരർത്ഥകമായ പ്രയാണങ്ങൾ എത്രയോ ഇതിനകം ശ്രദ്ധിച്ചിരിക്കാം. യെരിഹോ നഗരത്തിലെ അശുദ്ധമായ വഴികളും, രഹസ്യം സൂക്ഷിക്കുന്ന മതിലുകളും, ചതിക്കാൻ തക്കം പാർത്തിരിക്കുന്ന കമ്പോളങ്ങളും അവന് നൽകിയ നരകയാതനയിൽ നിന്നുള്ള മോചനം അവന് അപ്രതീക്ഷിതമായിരുന്നു. എന്നാൽ യേശുവിൻെറ യേരിഹോ യാത്രയിൽ അതുൾപ്പെട്ടിരുന്നു.
യേശു യാത്രചെയ്യുന്നത് ജീവൻെറ വഴിയിലൂടെയെന്ന ബോധ്യം അയാൾക്ക് ലഭിച്ചു. അതറിഞ്ഞ അയാൾ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. യേശു നിന്നെ വിളിക്കുന്നു എന്ന് ശിഷ്യന്മാർ അറിയിച്ചമാത്രയിൽ തന്നെ അയാൾ തീരുമാനം എടുത്തു കാണും. കുരിശിൻ മാർഗത്തിൽ ക്രിസ്തുവിനെ അനുഗമിച്ചുള്ള യാത്രയിൽ നമുക്കും പങ്കുചേരാം.
അന്ധനു കാഴ്ച നൽകുവാൻ
വചനം മാർഗമാം
സത്യത്തിൽ അതു കാക്കുവാൻ
സ്വർഗത്തിൻ ദാനമാം
ഒഴിയുവാൻ നിത്യ നാശം
കാലിനൊരു പ്രകാശം (ക്രി.കീ 201)

Leave a comment