പ്രഭാത പ്രാർത്ഥന

➕➕➕ പ്രഭാത പ്രാർത്ഥന➕➕➕
➕➕➕➕➕➕➕➕➕➕➕➕➕

കുരിശിൽ സ്വയം ബലിയർപ്പിച്ചു കൊണ്ട് മാനവ കുലത്തെ പാപത്തിൽ നിന്നും മോചിപ്പിച്ച ദിവ്യ നാഥാ അവിടുത്തെ ഞങ്ങൾ കുമ്പിട്ടാരാധിച്ചു സ്തോത്രം ചെയ്യുന്നു. പീലാത്തോസിന്റെ പ്രത്തോറിയം മുതൽ ഗാഗുൽത്താ മല വരെ അവിടുന്ന് കടന്നു പോയ പീഡാനുഭവ യാത്ര അനുസ്മരിച്ചു ഞങ്ങൾ പ്രാർത്ഥിക്കുന്നു. നാഥാ, ബലിയുടെ പൂർത്തീകരണത്തിനായി അവിടുന്ന് കടന്നു പോയ വേദന എത്ര അഗാധമായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ ഈ ദിനം ഞങ്ങൾ ദേവാലയത്തിൽ പോയിരുന്നു. പുരോഹിതനൊപ്പം അവിടുത്തെ പീഡ സഹനങ്ങളെ അനുസ്മരിച്ചു പ്രാർത്ഥിച്ചിരുന്നു. ഇന്ന് ആ ദേവാലയം ഞങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നു. ഈശോയെ, ഞങ്ങളുടെ ഭവനങ്ങളെ ദേവാലയമാക്കി മാറ്റുവാനും ഇന്നേ ദിനത്തിൽ പ്രാർത്ഥയുടെ അരൂപിയിൽ ആയിരിക്കുവാനും അനുഗ്രഹം നൽകണമേ. ലോകമെങ്ങും നടക്കുന്ന ദുഃഖ വെള്ളി ശുശ്രുഷകളിൽ അരൂപിയിൽ പങ്കു ചേരുവാൻ അനുഗ്രഹിക്കണമേ. അവിടുത്തെ കുരിശു യാത്രയെ അനുസ്മരിച്ചു പ്രാർത്ഥിക്കുമ്പോൾ ലോകമെങ്ങും ഉള്ള കോവിഡ് അസുഖ ബാധിതരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ വിടുതൽ നൽകി അനുഗ്രഹിക്കണമേ. പീഡാനുഭവത്തിന്റെ നാളുകളിൽ ആയിരിക്കുന്ന ആ മക്കളുടെ കുടുംബങ്ങളേ അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ഞങ്ങളുടെ പാപങ്ങൾക്ക് പരിഹാര ബലിയായി നന്മകൾ ചെയ്യുവാൻ അനുഗ്രഹിക്കണമേ. സർക്കാർ നിർദേശങ്ങൾ സന്തോഷ പൂർവം അനുസരിച്ചു കൊണ്ട്, ദൈവഹിതത്തിനു കീഴ്വഴങ്ങി ജീവിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. മരണ ഭയത്തിൽ കൂടെ കടന്നു പോകുന്ന ഈ ദിനങ്ങളിൽ ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുവാൻ ഞങ്ങൾ പരിശ്രമിക്കട്ടെ. ഒരു പരിപൂർണ്ണമായ സ്വയം പരിശോധനയ്ക്കും, മനസാന്തരത്തിനും ഈ കാലം ഞങ്ങളെ സഹായിക്കട്ടെ. ദൈവമേ പരിപൂർണ്ണമായ ഒരു ജീവിത സമർപ്പണത്തിലൂടെ ക്രിസ്തീയ ജീവിതം പൂർണ്ണമാക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ
➕➕➕➕➕➕➕➕➕➕➕
ഈശോയുടെ തിരു രക്തമേ, ഞങ്ങളെ കഴുകണമേ.
➕➕➕➕➕➕➕➕➕➕➕


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment