ചാക്കോച്ചി യുടെ സു’വിശേഷം’
സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന അല്ല…
“ദൈവസുതൻ താനുരുവിട്ടെകിയ പ്രാർത്ഥനയെത്ര
മോഹനമതിനെ ധ്യാനിച്ചിടുന്നവനായി ഭാഗ്യം ! മത്ത : 6 :12
നീതിക്കുള്ളൊരു പരിപൂർണതയിൻ സൗന്ദര്യമെല്ലാം
കണ്ടെത്തിടും മനസ്സായതിനെ പ്രാർത്ഥിക്കുന്നോൻ” ശ്‌ഹീമ്മോ നമസ്കാരം, വ്യാഴം സൂത്താറ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ …. ഇത് ഒരു പ്രാർത്ഥനയല്ല!!!!!!
സ്നാപകയോഹന്നാൻ തന്റെ ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് യേശുവിന്റെ ശിഷ്യന്മാർ ശഠിച്ചപ്പോൾ യേശു പറഞ്ഞു.!! നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ…
സത്യത്തിൽ ഇതൊരു പ്രാർത്ഥനയല്ല ക്രിസ്തു പഠിപ്പിച്ചത് … മറിച്ച് ഒരു ജീവിതരീതിയാണ് പഠിപ്പിച്ചത്. എന്നാൽ കാലം കടന്നപ്പോൾ ജീവിത രീതി മാറി “പ്രാർത്ഥനയായി” ചുരുങ്ങിയോ എന്നൊരു സംശയം
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ഒരു പ്രാർത്ഥനയല്ല ഒരു ജീവിത രീതിയാണ്.
ഓരോ ക്രൈസ്തവനും ജീവിതത്തിൽ പാലിക്കേണ്ട ചില അനുഷ്ഠാന ക്രമങ്ങൾ.
ഓരോ വരികളും കൃത്യമായി ഒന്ന് ഒന്ന് വിശകലനം ചെയ്താൽ മനസ്സിലാകും.
1: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ.
പിതാവും പുത്രനും പരിശുദ്ധ റൂഹാ യുമായ ഏക ദൈവത്തിൽ വിശ്വസിക്കുക.. ഏകദൈവത്തിലേ വിശ്വസിക്കാവൂ.. സർവ്വസ്തുതിയും ദൈവത്തിന്.
അതുകൊണ്ട് കൂടി ആയിരിക്കാം വിശുദ്ധ കുർബാനയിലെ വളരെ കുറച്ച് പ്രാർത്ഥനകൾ ഒഴിച്ച് ബാക്കി എല്ലാ പ്രാർത്ഥനകളും അവസാനിക്കുന്നത് പിതാവായ ദൈവത്തെ സംബോധന ചെയ്തുകൊണ്ടാണ്.
പറഞ്ഞു വന്നത് ദൈവത്തിലെ വിശ്വസിക്കാവൂ. അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനിയോടാണ്… എന്തിനും ഏതിനും വാസ്തു.
“നിൻറെ ഭാഗത്ത് ആയിരങ്ങളും നിൻറെ വലതു ഭാഗത്ത് പതിനായിരങ്ങളും വീഴും എങ്കിലും അവ നിങ്കലേക്ക് അടുക്കുക ഇല്ല നിന്റെ കണ്ണുകൾകൊണ്ട് നീ കാണുക മാത്രം ചെയ്യും.” ഇത് വിശ്വസിക്കാൻ പറ്റുന്നില്ല.
അയൽവക്കത്തെ വാസ്തുകാരൻ “ജോർജ്ജ്” പറയുന്നതാണ് വിശ്വാസം !!!
വാസ്തുവിന്റെ ശാസ്ത്രീയ വശങ്ങൾ അംഗീകരിക്കുന്നു.
എന്നാൽ “ജോർജ്” പറയുന്നതെല്ലാം ശാസ്ത്രീയം അല്ലല്ലോ.
2: അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നമുക്കു മനസ്സിലാക്കണം എന്ന് വാശി പിടിക്കരുത് .
ജീവിതവും ജീവിതത്തിൽ സംഭവിക്കുന്നതും ദൈവഹിതം ആണെന്ന് തിരിച്ചറിയുന്നവന് ആകുലതകളില്ലാതെ ജീവിക്കാം..
“എന്തിനെന്ന് ചോദിക്കില്ല ഞാൻ
എന്റെ നന്മയ്ക്കായെന്നറിയുന്നു ഞാൻ
എനിക്കായി കരുതുന്നവൻ
ഭാരങ്ങൾ വഹിക്കുന്നവൻ
എന്നെ കൈവിടാത്തവൻ
യേശുവിൻ കൂടെയുണ്ട് “
“പുള്ളി” അറിയാതെ ഒന്നും സംഭവിക്കില്ല..! ആ മനോഭാവം ക്രമപ്പെടുത്തണം.
3: അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ.!
നമ്മുടെ ഫ്രിഡ്ജിന്റെ കാര്യം ഓർക്കുന്നുണ്ടല്ലോ അല്ലേ? ഒരാഴ്ചയ്ക്ക് ഉള്ള സാധനങ്ങൾ ഫ്രിഡ്ജിൽ വെക്കുന്നതിനെ കുറിച്ചല്ല. അതല്ല ഉദ്ദേശിച്ചത് .
സർവ്വ ആശ്രയവും ദൈവത്തിൽ.
നമ്മുടെ ഉൽക്കണ്ഠകൾ ഒക്കെ അനുഗ്രഹത്തെ കുറിച്ചാണല്ലോ.!! ഓരോ തരത്തിലുള്ള “അപ്പ”ത്തിനു വേണ്ടിയുള്ള ശ്രമമാണ് നമ്മളൊക്കെ ചെയ്യുന്നത്.
സത്യത്തിൽ “അനുഗ്രഹം” എന്നത് മനസ്സിന്റെ ഒരു ഭാവമാണ് എന്ന് എനിക്ക് കഴിഞ്ഞ ഇടയ്ക്ക് ആണ് മനസ്സിലായത്.
“അനുഗ്രഹം” എന്നത് നമ്മുടെ ചിന്തയിൽ ഇരിക്കുന്ന കാര്യമാണ്. കുറേ വർഷം മുമ്പ് ചെറുപ്പത്തിൽ നമുക്ക് സ്കൂളിൽ പഠിക്കുമ്പോൾ കീറിയ നിക്കർ ഉടുപ്പ് ഇടാൻ നാണക്കേട് ആയിരുന്നു. അന്ന് അതു ശാപം ആയിരുന്നു.
എന്നാൽ ഇന്ന് പല പിള്ളേരുടെയും സ്വപ്നം നല്ലൊരു ജോലി കിട്ടിയിട്ട് വേണം കീറിയ ജീൻസ് വാങ്ങിക്കാൻ..
പണ്ട് നിക്കർ ഊരി പോകുന്നത് നാണക്കേട് ആയിരുന്നു. ഇന്ന് ഊരി പോകുന്ന പാൻസിനാണ് ഡിമാൻഡ്. (Low-waist)

പണ്ട് ഗ്യാസ് connection കിട്ടുന്നതിനു മുൻപ് വീട്ടിൽ എന്തുണ്ടാക്കിയാലും ഒരു പുകയുടെ ചുവയും മണവും ഉണ്ടായിരുന്നു. അന്നത് ശാപം ആയി ആണ് തോന്നിയത്.
ഇന്ന് ഷോപ്പിൽ വിലകൂടിയ ഭക്ഷണമാണ് smoky foods. ഒപ്പം Blue cheese അല്പം കനച്ചത് പോലിരിക്കും.
ഇനിയുമുണ്ട്….
പണ്ട് എന്ത് അനുഗ്രഹത്തിൽ ആയിരുന്നു എന്ന് ഇപ്പോഴാണ് പലർക്കും തോന്നുന്നത്.
ഞാൻ പറഞ്ഞു വന്നത് … അനുഗ്രഹം എന്നതൊക്കെ നമ്മുടെ ചിന്തയിൽ ഇരിക്കുന്ന ഒന്ന് ആണെന്ന് തോന്നുന്നു…
4: ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ.
ഒരു give and take പോളിസിയാണ് ..
ചെയ്താലേ കിട്ടു. ചെയ്യാതെ വാങ്ങാൻ വേണ്ടിയാണ് പലരുടേയും ശ്രമം.
ക്ഷമിക്കാതെ ക്ഷമ കിട്ടില്ല.
അതുകൊണ്ടാണ് ഇത്രയും ധ്യാനകേന്ദ്രങ്ങൾ ഉണ്ടായിട്ടും ധ്യാനിച്ചു വന്ന് ഒരു മാസം കഴിയുമ്പോൾ ” നായുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വീണ്ടും അത് വളഞ്ഞിരിക്കും” എന്ന അവസ്ഥയിൽ ഇരിക്കുന്നത് (നന്നാവുന്ന വരും ഉണ്ട് കേട്ടോ ഒരു ഇടവകവികാരി ആയതു കൊണ്ട് പറഞ്ഞതാ)
അല്പം കൂടി കരുണയോടെ മറ്റുള്ളവരെ കാണാൻ കഴിയുമ്പോഴാണ് ക്ഷമിക്കാൻ സാധിക്കുക. കരുണയിൽ റീസണിങ് ഇല്ല.
5: ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
എത്ര വലിയവൻ ആണെങ്കിലും പാപ സാഹചര്യങ്ങൾ ഒഴിവാക്കാതെ പാപത്തിൽ നിന്ന് ഒഴിഞ്ഞ് ഇരിക്കാൻ പറ്റില്ല. എത്ര കുമ്പസാരിച്ചാലും പാപ സാഹചര്യം ഒഴിവാക്കാതെ പ്രലോഭനത്തിൽ വീഴാതിരിക്കാൻ പറ്റില്ല.
അതുകൊണ്ടാണ് ആദ്യം പറഞ്ഞത് സ്വർഗ്ഗസ്ഥനായ പിതാവേ ഒരു പ്രാർത്ഥന അല്ല ജീവിതക്രമം ആണെന്ന് … പക്ഷേ ഈ ജീവിതക്രമം പാലിക്കുമ്പോൾ അത് തനിയെ പ്രാർഥനയായി രൂപാന്തപ്പെടും
-
-
-
-
-
-
-
-
- ചാക്കോച്ചി
- Email: chackochimcms@gmail.com
-
-
-
-
-
-
-


Leave a reply to John thomas Cancel reply