ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’
ഇതൊക്കെ കാണുമ്പോൾ ദേഷ്യം വന്നിട്ട് വയ്യ!!!

പ്രശ്ന കലുഷിതമായ ഒരു വീട്ടിലേക്ക് ഒരിക്കൽ “സമാധാനം” പറയാൻ കയറി പോയി !!
പല വീടുകളിലും പ്രശ്ന കലുഷിത അന്തരീക്ഷം ശാന്തമാക്കാൻ പോയിട്ടുള്ളത് കൊണ്ട് ആരെയും വ്യക്തിപരമായി പറഞ്ഞു എന്ന് വിചാരിക്കില്ല…
അതുമാത്രമല്ല ഒട്ടുമിക്ക വീടുകളിലും കേൾക്കുന്ന ഡയലോഗ് ഒന്നുതന്നെയാണ് !!!
എന്റെ അച്ചാ … ഒന്നും പറയണ്ട
എന്നെ അറിയാൻ മേലാഞ്ഞിട്ട… ദേഷ്യം വന്നാൽ എന്നെ പിടിച്ചാൽ കിട്ടില്ല!!
അതുകേട്ടപ്പോൾ “ഭൂലൻദേവി” ഒക്കെ പുള്ളിയേക്കാൾ എന്തൊരു പാവം ആണെന്ന് ഓർത്തു പോയി !!!
ദേഷ്യമാണ് !!! പെട്ടെന്ന് എനിക്ക് ദേഷ്യം വരും !!! എന്നൊക്കെ പറയുന്നവരോട് ഞാൻ ചോദിക്കാറുള്ള സ്ഥിരം ചോദ്യം ഉണ്ട് !!!
വഴിയിലൂടെ ഡ്രൈവ് ചെയ്തു പോകുമ്പോൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈകാണിച്ച് വണ്ടി നിർത്തിച്ച് അൽപ്പം പരുഷമായി സംസാരിക്കുമ്പോൾ ഈ “പൊട്ടിത്തെറി” ഉണ്ടാകാറുണ്ടോ ?
കമ്പനിയിലെ ബോസ്, ജോലി സ്ഥാപനത്തിലെ അധികാരപ്പെട്ടവർ, ശാസിക്കുമ്പോൾ ഈ “പൊട്ടിത്തെറി” ഉണ്ടാകാറുണ്ടോ?
അധികാരത്തിലും ശക്തിയിലും മുകളിൽ നിൽക്കുന്നവരോട് ഈ “പൊട്ടിത്തെറി” ഉണ്ടാകാറുണ്ടോ?
അവിടെയൊക്കെ ദിലീപിന്റെ ‘മൈ ബോസ്’ സിനിമയിലെ പോലെ വാഷ് റൂമിൽ കയറി ബക്കറ്റ് ഒക്കെ ചവിട്ടി പൊട്ടിച്ച് അഡ്ജസ്റ്റ് ചെയ്യും.!!
Means channelized!!!
പറഞ്ഞു വന്നത്
പറ്റും എന്ന് കരുതുന്നവരുടെ മേലാണ് ദേഷ്യം പ്രകടിപ്പിക്കുന്നത് … നമ്മളെക്കാൾ ബലഹീനരുടെ മേൽ ആണ് പൊട്ടി തെറിക്കുന്നത് !!! വീട്ടിൽ ഉള്ളവരൊക്കെ പാവങ്ങൾ!!
വീട്ടിലെ നമ്മുടെ മൃഗങ്ങൾക്ക് പ്രതികരണശേഷി ഉണ്ടായിരുന്നെങ്കിൽ അത് ആദ്യം നമ്മളെ തല്ലിയേനെ…
വേണമെങ്കിൽ നിയന്ത്രിക്കാൻ പറ്റും !!!
ഒരു ബാറിലെ കഥ ഓർമ്മവരുന്നു !!
അല്പം സേവിക്കാൻ പോയതാണ് !!!
ചേട്ടൻ നോക്കിയപ്പോൾ താൻ കഴിഞ്ഞ ദിവസം വാങ്ങിച്ച വെള്ള കാറിന്റെ ബോണറ്റിൽ ആരോ ചുവന്ന പെയിന്റ് അടിച്ചു വച്ചിരിക്കുന്നു!!! അകത്തു സ്പിരിറ്റ് ആയത് കൊണ്ടാണോ എന്നറിയില്ല !!! രോഷം ആളിക്കത്തി !!!!
ആരായാലും അവനിട്ട് രണ്ടെണ്ണം കൊടുക്കണം എന്ന ആവേശത്തോടെ ബാറിന്റെ പ്രധാന കവാടത്തിൽ നിന്ന് ഇങ്ങനെ അലറി ” ഏതവനാടാ എന്റെ പുതിയ കാറിന്റെ മേൽ പെയിന്റ് അടിച്ച് വൃത്തികേടാക്കിയത്?? ദിഗന്തങ്ങൾ നടുങ്ങി !!!
അപ്പോൾ അകത്തു നിന്ന് ഘനഗംഭീരമായ ശബ്ദത്തിൽ എന്നാല് അല്പം പരുക്കൻ രീതിയിൽ മറുപടി വന്നു ” ഞാനാടാ കാറിന്റെ മേൽ പെയിന്റ് അടിച്ചത് !!
ചേട്ടൻ നോക്കിയപ്പോൾ ആറര അടി ഉയരവും ഒത്ത വണ്ണവുമുള്ള ആജാനുബാഹുവായ ഒരു മനുഷ്യൻ ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്നു !!!
അയാളെ കണ്ടതും ചേട്ടൻന്റെ ‘കിളി പോയി’ .. സ്പിരിറ്റ് വേഗം കത്തി തീർന്നു..!!
ചേട്ടൻ പറഞ്ഞു !! എന്റെ പൊന്നു ചേട്ടായി ആരാണെന്ന് അറിയാൻ ചോദിച്ചതാ !! എന്തായാലും ആദ്യത്തെ കോട്ട് പെയിന്റ് ഉണങ്ങി. അടുത്തത് അടിക്കാൻ സമയമായി എന്ന് പറയാൻ വന്നതാ!!!
അല്ല പിന്നെ!!
അത്രയേ ഉള്ളൂ!!!
പറ്റും എന്ന് കരുതുന്നവരുടെ മേലാണ് പലരും ദേഷ്യം പ്രകടിപ്പിക്കുന്നത്!! തിരിച്ചു പ്രതികരിക്കില്ല.. പ്രതികരിക്കാൻ ശേഷി ഇല്ല എന്ന് കരുതുന്നവരോട് മാത്രം ആണ് നമുക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തത്!!
പല മാതാപിതാക്കളും മക്കളെ ‘ചപ്രം ചിപ്രം’ എടുത്തിട്ട് തല്ലുമ്പോൾ നിന്നു കൊള്ളുന്നത് ബഹുമാനം കൊണ്ട് ആണെന്ന് വിചാരിക്കരുത്!! ബലഹീനത കൊണ്ടാ !!! തല്ലുക എന്നത് INSULT ഒന്നുകൂടി വായിക്കണം.
ഭാര്യയെ തല്ലുന്ന ( insult) ചേട്ടന്മാർ ഉണ്ട് !! പാവങ്ങൾ നിന്നു കൊള്ളുന്നത് ബലഹീനത കൊണ്ട!!
ഒരടി പോലും പുറത്തു പോകാതെ
നിന്നു കൊള്ളുന്ന ഭർത്താക്കന്മാരും ഉണ്ട് കേട്ടോ.. ( ഉറക്കെ പറയുന്നില്ല)
പള്ളിയിൽ വരുമ്പോൾ ചേട്ടൻ പറയും ഞാൻ വരയ്ക്കുന്ന വരക്ക് അവൾ പുറത്തുപോകില്ല!! പക്ഷേ പുള്ളിക്കാരി തീരുമാനിക്കും എവിടെ വയ്ക്കണമെന്ന്!!😃 ഞങ്ങളുടെ നാട്ടിൽ “അവരാമാപ്പിള” എന്ന് പറയും!
ദേഹോപദ്രവം മാത്രം അല്ല തല്ല് എന്ന് ഉദ്ദേശിച്ചത് .. ആ കാലമൊക്കെ കഴിയാറയി .. ഇത് INSULT !!!
ബലഹീനതകളെ ചൂഷണം ചെയ്യുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ!!!
സഭയെ പറ്റി പറയുന്നത് കരുണയുടെ മുഖം ഒക്കെ കുറഞ്ഞു എന്നാണ്!! അച്ഛന്മാരും, സിസ്റ്റേഴ്സും, അൽമായരും കൂടുന്നത് ആണല്ലോ സഭ.
ക്രിസ്ത്യാനികൾക്ക് കരുണയുടെ മുഖം നഷ്ടപ്പെട്ടു പോകുന്നോ എന്നൊരു സംശയം ഇല്ലാതില്ല എന്ന് !!
ഇത് ഞാൻ പറഞ്ഞതല്ല !! എന്നോട് മുഖം ചുളിക്കേണ്ട !!
ശരിയാണ് അല്പം കൂടി കരുണ ഉള്ളവരാകണം എന്നു തോന്നുന്നു…
കരുണയുടെ മുഖമാണ് ക്രിസ്തുവിന്റെ മുഖം… ക്രിസ്ത്യാനിയുടെ മുഖം !!
കരുണ എന്നാൽ ദാനം കൊടുക്കുക എന്നുള്ളതല്ല !!!
ക്രിസ്തുവിനെ നോക്കി പഠിക്കാനാണ് അവിടുന്ന് പറയുന്നത് ..
ഒരു മനുഷ്യൻ എന്ന രീതിയിൽ ജീവിക്കണമെങ്കിൽ വേറെ ഒരു ഉദാഹരണവും എടുക്കേണ്ട !! സുവിശേഷങ്ങൾ ഒന്നു മനസ്സിരുത്തി വായിച്ചാൽ മതി!! ക്രിസ്തുവിന്റെ മനസ്സുണ്ടായാൽ ജീവിതത്തിന്ന് ഉണ്ടാകുന്ന സൗന്ദര്യം ഒന്ന് വേറെയാണ്.
പാപിനിയായ സ്ത്രീയെ കല്ലെറിയാൻ കൊണ്ടുവരുന്ന ഒരു രംഗം അനേക നാടക രചനകൾക്ക് വഴിതെളിച്ചതാണ്… കുമാരനാശാൻ ഉൾപ്പെടെ പല വിശ്വവിഖ്യാത സാഹിത്യകാരെയും പിടിച്ചുകുലുക്കിയ ബൈബിൾ ഭാഗം
യേശു പറഞ്ഞ ഹൃദയസ്പർശിയായ ആ ഡയലോഗ് ക്രൈസ്തവരെ മാത്രമല്ല ലോക മനസാക്ഷിയെ വരെ പിടിച്ചുകുലുക്കിയതാണ് ” നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”

John 8:7 But when they persisted in asking Him, He straightened up, and said to them, “He who is without sin among you, let him be the first to throw a stone at her.”
പാപിനിക്ക് പേരില്ല… മഗ്ദലനമറിയം ആയി പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സത്യത്തിൽ ഇത് അവളല്ല…
“The Stoning of Soraya M.” ഇതു ഒരു ഇറാനിയൻ സിനിമയാണ്. കണ്ടിട്ടില്ലാത്തവർ കാണണം !! ഈ സിനിമ കണ്ടപ്പോഴാണ് യോഹന്നാൻ 8 ന്റെ തീവ്രത ഹൃദയത്തെ സ്പർശിച്ചത്!
ഈ സിനിമയിൽ സോരയ്യയുടെ തിരുനെറ്റിക്ക് കല്ലേറു കൊള്ളുമ്പോൾ സിറിഞ്ച്ലൂടെ എന്നപോലെ രക്തം ചീറ്റി വരുന്ന ഒരു രംഗമുണ്ട്. കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ തീവ്രത വിവരിക്കുന്ന ഒരു രംഗം.!
പാപം ചെയ്യുന്നത് തെറ്റാണ്!
മരിച്ചു!! ഇനിയൊരു ജീവിതമില്ല എന്ന് മനസ്സിൽ കരുതി നീറിക്കാണും… പലരെയും കല്ലെറിഞ്ഞു കൊല്ലുന്നത് അവള് നേരിട്ട് കണ്ടിട്ടുണ്ടാവും.. അതുകൊണ്ടുതന്നെ പിടിക്കപ്പെട്ടപ്പോൾ കല്ലെറിയുന്ന രംഗം മനസ്സിനെ വല്ലാതെ കൊത്തി വലിച്ചിട്ടുണ്ടാകാം…
അവൾക്ക് യേശുവിനെ അറിയില്ല. ഒരു യഹൂദ റബ്ബി ആണെന്ന് മാത്രം അറിയാം…
പാപത്തിൽ പിടിക്കപ്പെട്ടവരെ കല്ലെറിയണം എന്നാണ് മോശ പറയുന്നത് നീ എന്തു പറയുന്നു?? കല്ലെറിയാൻ കൊണ്ടുവന്നവർ ചോദിച്ചു.
പല ആവർത്തി ചോദിച്ചിട്ടും യേശു മിണ്ടിയില്ല…
ഇനി ഇവന് മോശയുടെ നിയമം അറിയാൻ പാടില്ലഞ്ഞിട്ടായിരിക്കുമോ മിണ്ടാത്തത് എന്ന് എറിയാൻ വന്ന ചിലരെങ്കിലും ചിന്തിച്ചു കാണും.
അപ്പോഴാണ് അവൻ എല്ലാവരെയും ഒന്ന് നോക്കി മനുഷ്യന്റെ മാത്തമാറ്റിക്‌സിനേയും, അരിത്മെറ്റിക്സിനേയും വെല്ലുന്ന കണക്ക് കൂട്ടൽ നിരത്തിയത് …
അവർ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ തലയുയർത്തി യേശു പറഞ്ഞു !!!
ബലഹീനതകൾ ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ!!!

• 99 ആടിനെ വഴിയിൽ വിട്ട് 1 ന് വില കൊടുത്ത ദൈവത്തിന്റെ കണക്ക് കൂട്ടൽ…. 99=1 ഇതെന്ത് കണക്ക് 😲 ലൂക്കോസ് 15
• അവസാനത്തെ മണിക്കൂറിൽ ജോലിക്കു വന്നവനും ഒരേ വേതനം നൽകുന്ന ദൈവത്തിന്റെ കണക്ക് കൂട്ടൽ…, മത്തായി 20
• പത്തു നാണയത്തിൽ ഒന്നു പോയപ്പോൾ പൊയ്‌ക്കോട്ടെ എന്ന് കരുതാതെ വീട് അടിച്ചുവാരി രാത്രി മുഴുവൻ അന്വേഷിക്കുന്ന ദൈവത്തിന്റെ കണക്ക് കൂട്ടൽ.., ലൂക്കോസ് 15
• ധനികർ ദൈവാലയ ഭണ്ഡാരത്തിൽ ഇട്ട സ്വർണ്ണ നാണയത്തെകാൾ ദരിദ്രയായ വിധവയുടെ ചെമ്പു തുട്ടിന് വിലകൽപ്പിക്കുന്ന ദൈവത്തിന്റെ കണക്കുകൂട്ടൽ…. ലൂക്കോസ് 21
മനുഷ്യബുദ്ധിക്ക് തനി മണ്ടത്തരം ആണ് ഈ കണക്കുകൂട്ടൽ…
കാൽക്കുലേറ്ററിന് പകരം ക്രിസ്തു ഉപയോഗിക്കുന്നത് ഹൃദയം ആണ് !! ഹൃദയം കൊണ്ടോരു കണക്കുകൂട്ടൽ!
Can u? പറ്റുമോ? മണ്ടൻ ആകാൻ, മണ്ടി ആകാൻ പറ്റുമോ?
എന്തായാലും
എറിയാൻ കൊണ്ടുവന്നവർ ഞെട്ടി.
എല്ലാവർക്കും ഏതെങ്കിലും ഒരു മേഖലയിൽ ബലഹീനത ( weakness), കുറവുകൾ ഉണ്ട്.
എറിയാൻ വന്നവർ ജ്ഞാനം ഉള്ളവരായിരുന്നു… കല്ല് താഴെയിട്ട് വിട്ടുപോയി !!
ഇന്നാണെങ്കിൽ ഒരുപക്ഷേ എറിഞ്ഞേനെ എന്ന് എനിക്ക് തോന്നുന്നു!!!
പാപിനി നടുങ്ങിയത് അപ്പോഴല്ല…” ഞാൻ നിന്നെ വിധിക്കുന്നില്ല !! ഇനിമേൽ പാപം ചെയ്യരുത്.!! എന്നു പറഞ്ഞപ്പോൾ… ഗുരുവിൽ നിന്ന് ശാസന ആണ് അവള് പ്രതീക്ഷിച്ചത്..
നീ എത്ര പേരുടെ ജീവിതം നശിപ്പിച്ചു?? നീ നരകത്തിൽ പോകും !! നീ ഗതി പിടിക്കില്ല !! നിന്റെ മക്കൾ നശിച്ചുപോകും..
നിനക്ക് വേറെ പണിയൊന്നുമില്ലേ ? വളർത്തു ദോഷമാണ് !! ഇപ്രാവശ്യം ഞാൻ ക്ഷമിച്ചു.. ഇതേ അവൾ ഇന്നുവരെ കേട്ടിട്ടുള്ളൂ…
ദൈവത്തിന്റെ കണക്ക് കൂട്ടലിൽ അവൾ വീണു പോയി… നന്മയിലേക്ക്!!!
ഞാൻ വിചാരിക്കുന്നത് പത്താമത്തെ പ്രാവശ്യവും പാപിനിയെ പിടിച്ചുകൊണ്ടുവന്ന് യേശുവിന്റെ മുൻപിൽ നിർത്തിയാൽ യേശു ഇതു തന്നെ പറയൂ! കാരണം അവനു കരുണയുടെ മുഖമാണ് !!!
കുമ്പസാരത്തിൽ ഇത് തന്നെ അല്ലേ??
വീഴുന്നോ എന്നതല്ല എഴുന്നേൽക്കാൻ ഒരു മനസ്സുണ്ടോ എന്നാണ് ദൈവം നോക്കുന്നത്..
നമ്മൾ ആയിരുന്നെങ്കിൽ പറയും ” പല ആവർത്തി warning തന്നതല്ലേ? ഇത് ലാസ്റ്റ് warning ആണ് ഇനി ആവർത്തിച്ചാൽ …….!!
ഇനിമേൽ പാപം ചെയ്യരുത് !! യേശു പറഞ്ഞു. അതു പറയേണ്ട കാര്യമില്ല. കാരണം വിധിക്കുന്നില്ല എന്നു പറഞ്ഞപ്പോഴേ ഹൃദയത്തിൽ മാനസാന്തരം വന്നു കഴിഞ്ഞു!!
സ്നേഹം കൊണ്ടുമാത്രമേ ഒരാളെ കീഴടക്കാൻ കഴിയൂ!! ദേഷ്യം കൊണ്ടും കുറ്റപ്പെടുത്തൽ കൊണ്ടും ആരും ആരെയും ഇന്നുവരെ നേടിയിട്ടില്ല!!
പോട്ടെടാ സാരമില്ല എന്ന് പറഞ്ഞിട്ടുള്ളവരെ അല്ലേ നമ്മൾ ഇന്നും ഓർക്കുന്നത് !! നമ്മുടെ കുറവുകൾ കണ്ടിട്ട് നമ്മളെ ചേർത്തുപിടിച്ചവരെയല്ലേ നമ്മൾ ഓർമ്മിക്കുന്നത്… നമ്മളോട് കരുണ കാണിച്ചവരെയല്ലേ നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കുന്നത്.. A friend is the One who knows EVERYTHING ABOUT YOU STILL LOVES YOU ❤️
ഒരാളെ സ്നേഹിക്കുക എന്നാൽ അവരുടെ കുറവുകളെ കൂടി സ്നേഹിക്കുക എന്ന് അർത്ഥം
അല്പം കൂടി നമ്മൾ കരുണയുള്ളവർ ആയിരുന്നെങ്കിൽ പലരും ഇപ്പോൾ നമ്മുടെ കൂടെ കണ്ടേനെ….
തുടരും….
ചാക്കോച്ചി
- Fr Chackochi Meledom
- Email: chackochimcms@gmail.com


Leave a reply to Liya Jose Cancel reply