***എന്റെ കോറോണേ…***
A Quarantine Poem in Malayalam
– by Vinod Kottayil
ദൈവകോപമെന്ന് വിശ്വാസി
ദൈവമില്ലെന്നുറപ്പായെന്ന്
അവിശ്വാസി
മർത്യരക്ഷയ്ക്കായ് –
പ്രാർത്ഥിക്കുന്നുണ്ടെന്ന് മതം
ദൈവത്തെയാദ്യം രക്ഷിക്കൂവെന്ന്
യുക്തിവാദി
മുമ്പേ അറിഞ്ഞിരുന്നെന്ന് പ്രവാചകർ,
മുമ്പേ പറയാഞ്ഞതെന്തെന്ന് നിഷേധികൾ
ശനിയുടെ അപഹാരമെന്ന് ജ്യോതിഷി
പൂജചെയ്ത് കുടത്തിലാക്കാമെന്ന്
മന്ത്രവാദി
കൊന്നുതിന്നതിന്റെ ശാപമെന്ന്
സസ്യഭോജി
ശാപമില്ലാത്തോർക്കും വന്നില്ലേയെന്ന്
മാംസഭോജി
ഓർമയിലേയില്ലെന്നു പഴമക്കാർ
ഓർക്കാനേ വയ്യെന്ന് ഭീരു
മരണമാണ് ഭേദമെന്ന് മനോരോഗി
ഇതും കടന്നുപോകുമെന്ന്
തത്വജ്ഞാനി
എന്തും നേരിടുമെന്ന് ധീരൻ
ഒരു ചുക്കും ചെയ്യുന്നില്ലെന്ന്,
പ്രതിപക്ഷം
നിങ്ങളാണെങ്കിൽ
നാടു ചുക്കായേനെയെന്ന്,
ഭരണപക്ഷം
പരിസ്ഥിതിക്ക് ഉപകാരമെന്ന് നീരീക്ഷകർ
പ്രകൃതിയിലേക്കു മടങ്ങാറായെന്ന്
പ്രകൃതിസ്നേഹി
ആത്മീയത മാത്രമാണഭയമെന്ന്
ആത്മാന്വേഷകൻ
വിർച്വൽ ലോകമാണ്
യാഥാർഥ്യമെന്ന് ടെക്കി
ചികിത്സയില്ലെന്ന് വൈദ്യം
ലേശം കഴിച്ചാൽ വരില്ലെന്ന്,
മദ്യശാസ്ത്രത്തിലുണ്ടെന്ന് മുക്കുടിയൻ
ചൂടിൽ പെരുകില്ലെന്ന് ഉച്ചവട്ടൻ
‘മഹാഭാരത’ത്തിൽ പണ്ടേ
മരുന്നുണ്ടെന്ന് ഒരു മരത്തലയൻ
ചെലവ് കൂടുമെങ്കിലും,
വാക്‌സിൻ ഉടനെന്ന് ശാസ്ത്രം
വെറും പത്തുരൂപയുടെ
സോപ്പിൽ തീർക്കാമെന്ന് ട്രോളൻ
പറയാത്ത ചെടിയുടെ അറിയാത്ത വേര്
സമൂലംവെച്ച് കഴിച്ചാൽ മതിയെന്ന്,
പ്രശസ്ത യൂട്യൂബ് വൈദ്യൻ,
മഠയോധാരൻ
അന്തിചർച്ചയിൽ കൊഞ്ഞനംകുത്തി കൊന്നുകാണിക്കാമെന്ന്
മാധ്യമങ്ങൾ
മുറിയടിച്ചിരുന്ന് നേരിടാമെന്ന് സ്റ്റേറ്റ്
അതിർത്തികൾ അടച്ച് തുരത്തുമെന്ന്
രാജ്യങ്ങൾ
ചൈനയുടെ കെണിയെന്ന് ട്രംപ്
ഞങ്ങടെ വൈറസ് ഇങ്ങനല്ലെന്ന് ചൈന
ട്രംപിന് ഭ്രാന്തെന്ന് ലോകം
നടുവിൽ നട്ടം തിരിഞ്ഞ് മനുഷ്യർ
എങ്കിലും എന്റെ കോറോണേ,
ഇത്തിരി കുഞ്ഞൻ നീ
മറഞ്ഞിരുന്നു കാണിക്കുന്ന
മായാജാലമൊന്നും
കാണിച്ചിട്ടില്ല,
ഒരു മാന്ത്രികനും
ഭൂമിയിലിന്നോളം.
Source: https://m.facebook.com/story.php?story_fbid=3824529244255019&id=100000939436009

Leave a reply to Vinod Kottayil Cancel reply