🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ
Monday of the 6th week of Eastertide
or Saint John I, Pope, Martyr
Liturgical Colour: White.
പ്രവേശകപ്രഭണിതം
റോമാ 6:9
മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തു
ഇനിയൊരിക്കലും മരിക്കുകയില്ല, എന്നു നമുക്കറിയാം.
മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ,
പെസഹാചരണത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്
എല്ലാക്കാലത്തും ഫലപ്രദമായി അനുഭവിക്കാന്‍
ഞങ്ങള്‍ക്ക് വരമരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 16:11-15
പൗലോസ് പറഞ്ഞ കാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു.
ത്രോവാസില്‍ നിന്നു ഞങ്ങള്‍ കപ്പല്‍കയറി നേരിട്ട് സമോത്രാക്കേയിലേക്കു യാത്രചെയ്തു; അടുത്ത ദിവസം നെയാപോളിസിലേക്കും, അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അതു മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാന നഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥലവുമായിരുന്നു. കുറെ ദിവസം ഞങ്ങള്‍ ആ നഗരത്തില്‍ താമസിച്ചു. നഗരകവാടത്തിനു പുറത്ത് നദീതീരത്ത് ഒരു പ്രാര്ഥനാകേന്ദ്രമുണ്ടെന്നു തോന്നിയതിനാല്‍ അവിടേക്കു ഞങ്ങള്‍ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോടു ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു. ഞങ്ങളുടെ വാക്കുകള്‍ കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ പട്ടണത്തില്‍ നിന്നു വന്ന പട്ടുവില്പനക്കാരിയും ദൈവഭക്തയുമായ ലീദിയാ എന്ന സ്ത്രീയുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞ കാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു. കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ച അവള് ഞങ്ങളോടു പറഞ്ഞു: കര്‍ത്താവില്‍ വിശ്വസിക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന് എന്റെ ഭവനത്തില്‍ വന്നു താമസിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങള്‍ അവള്‍ക്കു വഴങ്ങി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 149:1b-2,3-4,5-6a,9b
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍
തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
നൃത്തം ചെയ്തുകൊണ്ട് അവര്‍
അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍
ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍
ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 15:26-16:4
സത്യാത്മാവ് എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും.
യേശു തന്റെ ശിഷ്യരോട് പറഞ്ഞു: ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്, പിതാവില്‍ നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന് എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും. ആരംഭം മുതല്‍ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നല്‍കും. നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്. അവര്‍ നിങ്ങളെ സിനഗോഗുകളില്‍ നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും. അവരുടെ സമയം വരുമ്പോള്‍, ഇതു ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മിക്കാന്‍വേണ്ടി ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ആഹ്ളാദത്തിലാറാടുന്ന
സഭയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
ഇത്രയേറെ സന്തോഷം അനുഭവിക്കാന്‍ അങ്ങ് ഇടയാക്കിയ സഭയ്ക്ക്
നിത്യാനന്ദത്തിന്റെ ഫലം പ്രദാനംചെയ്യുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 20:19
യേശു വന്ന് തന്റെ ശിഷ്യന്മാരുടെ മധ്യേനിന്ന് അവരോടു പറഞ്ഞു:
നിങ്ങള്‍ക്കു സമാധാനം, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ ജനത്തെ കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ അക്ഷയമായ ഉത്ഥാനത്തിലേക്ക്
എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment