ചിന്തിക്കാം.. ധ്യാനിക്കാം..
പ്രാർത്ഥിക്കാം..
ഈശോയിൽ പ്രിയപ്പെട്ടവരേ,
ആത്മീയജീവിതത്തിൽ, വിശ്വാസജീവിതത്തിൽ നമ്മുക്ക് ഉണ്ടായിരിക്കേണ്ട രണ്ടു മനോഭാവങ്ങൾ ഇന്നത്തെ സുവിശേഷത്തിൽയേശു (Mk 13/32-37) നമ്മെ പഠിപ്പിക്കുന്നു.
ഒന്ന്, ഉണർന്നിരിക്കുക. രണ്ട്, ജാഗരൂകരായിരിക്കുക – ഈ രണ്ടു ആത്മീയഗുണങ്ങൾക്കും യേശുവിന്റെ പ്രബോധനത്തിൽ വലിയ സ്ഥാനമുണ്ട്. സ്വർഗോന്മുഖമായി ജീവിക്കുന്ന, യേശുവിനായി കാത്തിരിക്കുന്ന വിശ്വാസസമൂഹത്തിനു വേണ്ടത് ഈ രണ്ടു ഗുണങ്ങളാണ്. യേശു പറയുന്നു : “ശ്രദ്ധാപൂർവം ഉണർന്നിരിക്കുവിൻ.
(Mk 13/33). വിശ്വാസത്തോടെ, ആഗ്രഹത്തോടെ, പ്രതീക്ഷയോടെ സ്വർഗീയ കൃപകൾക്കും അനുഗ്രഹങ്ങൾക്കും വേണ്ടിയുള്ള ഉണർന്നിരിപ്പാണിത്. ദൈവിക ദാനങ്ങളുടെയും കൃപകളുടെയും വില അറിയുന്നവർക്ക് മാത്രമേ അതിനായി കാത്തിരിക്കാനും വിലകൊടുക്കാനും സാധിക്കൂ. നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും ഉപമകളിലൂടെ യേശു ഇതു പഠിപ്പിച്ചു. (Mt 13/44-52) വചനം പറയുന്നു: ” തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേൽ അവിടുന്ന് തന്റെ സമ്പത്തു വാർഷിക്കുന്നു.”
(റോമ 10/12) സുവിശേഷത്തിൽ യേശു ഓർമപ്പെടുത്തുന്നു : “സമയം എപ്പോഴാണെന്ന് നിങ്ങക്കറിവില്ലല്ലോ” ദൈവത്തിന്റെ അനുഗ്രഹം നമ്മിൽ വർഷിക്കപ്പെടുന്ന നിമിഷങ്ങൾ, ദൈവം നമ്മെ സന്ദർശിക്കുന്ന സമയം നമുക്കറിയില്ല. അത് പിതാവിന്റെ ഹിതമാണ്. ആകയാൽ, നാം ഉണർന്നിരിക്കണം. വീണ്ടും യേശു പറയുന്നു: “ആകയാൽ, ജാഗരൂകരായിരിക്കുവിൻ.” (Mk 13/35) നമ്മിലേക്ക് തന്ത്രപ്പൂർവം കടന്നുവരാൻ വഴി നോക്കുന്ന തിന്മകൾക്കെതിരെ നമ്മൾ ജാഗരൂകരായിരിക്കണം. ദൈവ അനുഗ്രഹങ്ങളെ തടസപ്പെടുത്തുന്ന തിന്മക്കെതിരെ നമ്മൾ ജാഗരൂകരാകണം. “പാപം ചെയ്യാൻ കഴിവുണ്ടായിട്ടും അത് ചെയ്യാത്തവനും തിന്മ പ്രവർത്തിക്കാൻ സാധ്യതയുണ്ടായിട്ടും അത് ചെയ്യാത്തവനും ആരുണ്ട്? അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും.” ( പ്രഭാഷകൻ 31/10-11)
യേശുവിനും യേശുവിന്റെ അനുഗ്രഹത്തിനും വേണ്ടി കാത്തിരിക്കുന്നതോടൊപ്പം, തിന്മക്കെതിരെ പടപൊരുതുകയും വേണം. അങ്ങനെ നമ്മുക്ക് കരുത്തുള്ളവരാകാംഎല്ലാ ആയുധങ്ങളും നമ്മുക്ക് ധരിക്കാം.
നല്ല ദിവസം! ദൈവം അനുഗ്രഹിക്കട്ടെ!
റോയ് പുലിയുറുമ്പിൽ mcbs

Leave a comment