ചാക്കോച്ചിയുടെ സു’ വിശേഷങ്ങൾ’
വെളിവുണ്ടോ?
സത്യത്തിൽ പട്ടിണി കേരളത്തിൽ ഉണ്ടോ???
ഉണ്ട്.. പട്ടിണി കേരളത്തിൽ ഉണ്ട്…
മുഴു പട്ടിണി….!!
എങ്ങനെയാണ് എനിക്ക് മനസ്സിലായത് എന്നല്ലേ ??
മനസ്സിലായി..!!!
പണ്ട് പണ്ട് … അതായത് മൂന്നു മാസം മുമ്പ്…
കല്യാണങ്ങൾ ഒക്കെ കെങ്കേമം ആയി നടക്കുന്ന കാലം …
20 പേരല്ല … 2000 പേർ …
ആ..
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു… ഭാവിയിൽ പിള്ളേരൊടോക്കെ പറഞ്ഞു കൊടുക്കാം….
ഇനി 50 പേർ….
വിവാഹം ആശീർവദിച്ച് കഴിഞ്ഞു ഓഡിറ്റോറിയത്തിൽ പ്രാർത്ഥിക്കാൻ പോവുക എന്നൊരു പാരമ്പര്യം മലങ്കരകാർക്ക് ഉണ്ടല്ലോ…
പ്രാർത്ഥിക്കാൻ പോകുന്നത് കൊണ്ട് അതിവിദഗ്ധമായി വേണ്ടപ്പെട്ടവർ സ്റ്റേജിൽ എത്തിക്കും….
അതുവേറൊരു ചടങ്ങ്!!
ഓഡിറ്റോറിയത്തിലെ ഷട്ടർ തുറക്കുമ്പോൾ ഇടുക്കി ഡാം തുറന്നു വിട്ട പോലെ ഒരു വരവുണ്ട്….. മാരത്തോൺ..
ഓഡിറ്റോറിയം തുറക്കുന്ന ഒരു ചടങ്ങ് ….
ആഹാ… ആസ്വാദന കല ഉള്ളവർക്ക് അത് കാണാൻ നല്ല രസമാണ്… അവസാനം കയറിയവൻ ഇരുന്നാലും ആദ്യം കയറിയ പട്ടിണിക്കാരൻ ഒരു സീറ്റിനായി ഓടി നടക്കും.!!!!
ആ പ്രതിഭാസം എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല..!!!
അവിടെയാണ് ആദ്യമായി തിരിച്ചറിഞ്ഞത് കേരളത്തിൽ പട്ടിണി ഉണ്ടെന്ന് !!!
ഭക്ഷണത്തിനു മുമ്പുള്ള പ്രാർത്ഥനയ്ക്ക് മൈക്ക് കിട്ടാൻ അല്പം താമസിച്ചാൽ പിന്നെ ഭക്ഷണത്തിനു ശേഷമുള്ള പ്രാർത്ഥന പ്രാർത്ഥിച്ചാൽ മതി…
പണ്ട് മാർത്തോമാ സഭയിലെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തന്റെ അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പ്രാർത്ഥിക്കാൻ പോയി….
മൈക്ക് കൈയിലെടുത്തപ്പോൾ ദേ…. മുമ്പിലിരിക്കുന്ന ആളുകൾ വെട്ടി അടിക്കുന്നു… (ആലങ്കാരികമായി പറഞ്ഞത)
പിതാവ് ഇങ്ങനെ പ്രാർത്ഥിച്ചത്രേ…” കർത്താവേ !!! ഭൂരിപക്ഷത്തിന്റെ വായിലും ….
ന്യൂനപക്ഷത്തിന്റെ മുൻപിലും ഇരിക്കുന്ന ഭക്ഷണത്തെ വാഴ്ത്തണമെ..”
ന്യൂനപക്ഷത്തിന് കറി കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു !!!
ഇല്ലെങ്കിൽ ഭക്ഷണത്തിനു ശേഷമുള്ള പ്രാർത്ഥന ചൊല്ലിയാൽ മതിയായിരുന്നു….
ഇതിന് ജാതി മത വ്യത്യാസം ഇല്ല.. ഓഡിറ്റോറിയം എവിടെ തുറന്നാലും ഇങ്ങനൊക്കെ തന്നെ…

അപ്പോൾ പറഞ്ഞത് പട്ടിണി ഉണ്ട്….
ഓഡിറ്റോറിയത്തിൽ അണപൊട്ടിയ പോലെ ഓടി കയറുന്നത് വിശന്നിട്ടല്ല … ആണോ?? തോന്നുന്നില്ല… ആദ്യം കഴിച്ചിട്ട് പോണം… സമയമില്ല !!
No space for others!!
മറ്റുള്ളവർക്ക് ജീവിതത്തിൽ SPACE കൊടുക്കുക എന്നത് വലിയ കാര്യമാണ്…
ആർക്കുവേണ്ടിയും സമയം ചിലവഴിക്കാൻ ഇല്ലാത്ത ഒരു കാലഘട്ടം ആണല്ലോ…. ആയിരുന്നു… കൊവിടൻ കുറെയൊക്കെ മാറ്റി..
വിവാഹം ക്ഷണിച്ച വീട്ടുകാർക്കു വേണ്ടി ഒരു ദിവസം മാറ്റിവെക്കാൻ സമയം ഇല്ലാത്തതു കൊണ്ട് പറ്റിയത… അല്ലാതെ സത്യത്തിൽ ഭക്ഷണത്തോടുള്ള ആർത്തി അല്ല !!
പറഞ്ഞിട്ടെന്ത് കാര്യം ഇനി ഷട്ടറയുർത്തുമ്പോൾ 50 പേര് വച്ച് എന്തെടുക്കാനാ…. ആ സീൻ പോയി !!!
മൂന്നുമാസം മുമ്പ് … എല്ലാവരും ജീവിച്ച ഒരു ജീവിതം…. സ്വർഗ്ഗം ആയിരുന്നു…. ഇപ്പോഴാണ് മനസിലാകുന്നത് …
അല്ലെങ്കിലും കയ്യിലിരിക്കുന്നത് പോകുമ്പോഴാണല്ലോ ഫിലോസഫി വരുന്നത്….
“വിശക്കുമ്പോൾ” വെളിവു വെയ്ക്കും… മറ്റുള്ളവരെ കൂടി കരുതാനുള്ള വെളിവ് !!!
റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കില്ലപട്ടിയെ കണ്ടിട്ടുണ്ടോ???
അയ്യോ സോറി !!! അങ്ങനെ വിളിക്കാൻ പാടില്ല.. കേസാകും …
” കില്ല ബ്രാൻഡ്” പട്ടി ..
എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും… കൂട്ടിലിട്ടു വളർത്തുന്ന വലിയ വിലകൊടുത്തു വാങ്ങുന്ന ബ്രാൻഡ്നെക്കാൾ ബോധം ഉണ്ടോ എന്നൊരു സംശയം…
ഉണ്ട് .. ബോധം ഉണ്ട്.. ബോധം വരും..!!!
റോഡ് ക്രോസ് ചെയ്യുന്നത് നോക്കിയാൽ മതി.. വലിയ ബ്രാൻഡുകൾക്ക് പരിശീലനം വേണം …. നമ്മുടെ “കില്ലാ ബ്രാൻഡിന്” പ്രത്യേകിച്ച് പരിശീലനം ഒന്നും വേണ്ട …
കാർ ഓടിച്ചു പോകുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളോരു കാര്യമാ…
റോഡിലൂടെ ഓടി വരും റോഡ് ക്രോസ് ചെയ്യാൻ …. കാർ ബ്രേക്കിടുന്നതിനു മുമ്പ് “കില്ല ബ്രാൻഡ്” ബ്രേക്കിടും…. കാരണം താങ്ങാൻ ആരുമില്ലേ ….
സ്വന്തം കാര്യം അതുതന്നെ നോക്കണേ ….
കാർ പോയിക്കഴിയുമ്പോൾ കാറിന്റെ റിയർ വ്യൂ മിററിലൂടെ കാണാം “കില്ല” റോഡിന്റെ രണ്ടു വശവും നോക്കും … എന്നിട്ടെ cross ചെയ്യൂ… (എന്തിനും എക്സപ്ഷൻ ഉണ്ട്) പിന്നെ നമ്മുടെ ടി.
വലിയ ബ്രാൻഡുകളെ അഴിച്ചുവിട്ടാൽ അത് വീടിന് നാലു വട്ടം ഒാടി … നേരെ റോഡിൽ ഏതെങ്കിലും വണ്ടിക്ക് വട്ടം ചാടും… കാരണം നാലുനേരവും നല്ല ഫുഡ് ആണെ.. പിന്നെ പരിചരിക്കാൻ ആൾക്കാരും… എന്നോ നോക്കനാ…
NB: exception ഉണ്ട്..
കൂട്ടിലിട്ട് 3 നേരവും ഭക്ഷണം കൊടുത്തു വളർത്തുന്ന ബ്രാൻഡിനേക്കാൾ മികച്ചതാണ് നമ്മുടെ “കില്ല ബ്രാൻഡ്”..
അല്പം ജന്മസിദ്ധമായ വെളിവ് കൂടുതലുണ്ട്… അതെനിക്കുറപ്പ..!!
ഒരു കൂട്ടർ : വെള്ളിയാഴ്ചകളിൽ മാംസ ആഹാരം ഒഴിവാക്കണം. ഇതൊക്കെ ഒരു ചടങ്ങല്ലേ??.. വെറുതെ ചടങ്ങ്…
ചോദ്യം ഞാൻ അല്ല!!
അടുത്ത കൂട്ടർ: ഹൊ !! വെള്ളിയാഴ്ചകളിൽ അറിയാതെ മാംസാഹാരം കഴിച്ചു ….
ചിലർക്ക് വലിയ മനസ്സാക്ഷിക്കുത്ത് ആണ്… ദൈവത്തിന് എന്തോ വലിയ വിഷമം ആയ പോലെ…
ദൈവത്തിന് എന്ത് വിഷമം???
ഒ.. പിന്നെ… തൃക്കാക്കരയിലെ ജോർജ്ജുകുട്ടി… തിരുവനന്തപുരത്തെ അന്നമ്മ …മാംസ ആഹാരം കഴിച്ചോ എന്ന് കോൺവെക്സ് ലെൻസുമായി നോക്കുകയല്ലേ ദൈവത്തിന്റെ പണി…!!!
അറിയാതെയല്ലേ സാരമില്ല!! …..
എന്തിനു ചെയ്യുന്നു എന്ന ബോധ്യം ഉണ്ടെങ്കിൽ മനസ്സാക്ഷിക്കുത്തിന്റെ കാര്യമില്ലല്ലോ…
നോമ്പ് ഉപവാസം സ്വയം നിയന്ത്രിക്കാനുള്ള ആയുധം കൂടിയാണ് … സെൽഫ് കൺട്രോൾ…
“ക്ഷമാശീലന് കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവന് നഗരംപിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്.
സുഭാഷിതങ്ങള് 16 : 32” എന്ന് ബൈബിൾ
മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശക്തനാണ്..
സ്വയം നിയന്ത്രിക്കാൻ പഠിക്കാനാണ് നോമ്പ് ഉപവാസം….
സ്വയം നിയന്ത്രിക്കാൻ ആണല്ലോ ഇന്ന് പാടുപെടുന്നത് മനുഷ്യർ!!!
ആത്മീയ വശങ്ങൾ വേറെയുമുണ്ട്…
മാലാഖമാർ ഇറങ്ങിവരും .. അതൊക്കെ വേറെ കാര്യം..
MAN IS A RATIONAL ANIMAL !
ANIMAL
പറഞ്ഞത് കേട്ടോ?? മൃഗം ആണെന്ന് ..
അതാണ് ഒരു ചിന്തകൻ പറഞ്ഞത് ” ഇരുട്ടിൽ നമ്മൾ എങ്ങനെയാണോ.. അതാണ് യഥാർത്ഥ നമ്മൾ”
ശരിയാ… അടിസ്ഥാനപരമായി നമ്മളെല്ലാം മൃഗങ്ങളാണ് … മൃഗത്തിന്റെ ചിന്തകളാണ് അടിസ്ഥാനപരമായി …
അതിനെ ആണല്ലോ വിദ്യാഭ്യാസം ചെയ്ത് നവീകരിക്കുന്നത്…
വിദ്യാഭ്യാസത്തെക്കുറിച്ച് ഒന്നും പറയുന്നില്ല…. പുസ്തകം പഠിച്ചാൽ “വിദ്യാഭ്യാസം” കിട്ടുമോ??? ഡോക്ടറേറ്റ് കൊണ്ടോ?? ആ … കിട്ടുമായിരിക്കും.!! നമ്മക്കറിയില്ലേ !! ഞാൻ കേസ് വിട്ടു!!
എന്തൊക്കെ മൃഗസ്നേഹികൾ പറഞ്ഞാലും മൃഗത്തിന് ഒരു സ്വഭാവമുണ്ട് .. തോന്നുന്ന തോന്നുന്ന പോലെ ചെയ്യുക.!!
പാമ്പിന്റെ മേൽ കയറി ചവിട്ടിയാൽ ” “അയ്യോ ചാക്കോച്ചി അച്ചൻ അല്ലേ !!! സുവിശേഷത്തിനു വേണ്ടി ഇറങ്ങിയവനല്ലേ…!! കടിക്കണ്ട” എന്ന് ഞങ്ങടെ നാട്ടിലെ ഒരു പാമ്പും ചിന്തിക്കാറില്ല…. ചവിട്ടി … കൊത്തി. !!
ചില മനുഷ്യരും മൃഗത്തെ പോലെയാണ് എന്ന് പറയാറുണ്ടല്ലോ… മനുഷ്യ മൃഗം!!
എന്നെ ദ്രോഹിച്ചു … ഞാനും ദ്രോഹിക്കും.!!!
എന്നെ വിളിച്ചില്ല!! ഞാനും വിളിക്കില്ല !!
5 കൊലപാതകം നടത്തിയവനും പത്രത്തിൽ ചിരിച്ചുകൊണ്ട് നിൽക്കും ..
കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നവളും ഒരു കൂസലുമില്ലാതെ നിൽക്കും !!
മനുഷ്യൻ മൃഗം ആണ്…
എല്ലാ മതങ്ങളിലെയും പിതാക്കന്മാർ മനുഷ്യർ കർശന നോമ്പനുഷ്ഠിക്കട്ടെ എന്ന് ശഠിക്കുന്നു… WHY?
സ്നാപകയോഹന്നാൻ ക്രിസ്ത്യാനിയായിരുന്നോ??
നോമ്പും ഉപവാസവും
ഹൈന്ദവ മതത്തിൽ ഉണ്ട് …
ഇസ്ലാം മതത്തിൽ ഉണ്ട്..
ക്രൈസ്തവ മതത്തിൽ ഉണ്ട്..
മതമില്ലാത്തവരും നോമ്പ് ഉപവാസം കർശനമായി അനുഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്…
വെളിവ് വയ്ക്കാൻ ആവശ്യമാണെന്ന് എല്ലാ പിതാക്കന്മാർക്കും അറിയാം….
ഏത് മതങ്ങളിൽ ആണ് നോമ്പും ഉപവാസവും ഇല്ലാത്തത്….
നമ്മുടെ പൂർവ പിതാക്കന്മാർ പഠിപ്പിച്ചതിന് പിന്നിൽ ഒരു നിഗൂഢ അർത്ഥമുണ്ട്… നമ്മിലെ മൃഗ സ്വഭാവത്തെ അതിജീവിക്കണമെങ്കിൽ പ്രാർത്ഥിച്ചു കൊണ്ട് മാത്രം പറ്റില്ല…
SELF CONTROL വേണമെങ്കിൽ നോമ്പും ഉപവാസവും എടുത്തു പ്രാർത്ഥിക്കണം …
മൃഗീയതയെ നിയന്ത്രിക്കണമെങ്കിൽ വേണം…. അല്പം കൂടി വെളിവ് വയ്ക്കണം എന്ന് തോന്നുന്നു….
അയ്യോ… പറയുമ്പോൾ തെറ്റിദ്ധരിക്കരുത് …. നമ്മളെല്ലാവരും ഉണ്ട്… ഞാനും നിങ്ങളും… നമുക്ക് അല്പം വെളിവു വയ്ക്കണം…
നോമ്പിൽ ഉപവാസം എടുക്കണമെന്നും, വെള്ളിയാഴ്ചകളിൽ ഉപവസിക്കണമെന്നും കർശനമായി സഭാപിതാക്കന്മാർ ശഠിക്കാൻ കാരണം വിശക്കുമ്പോൾ വെളിവുള്ള ചിന്തകൾ ഉണ്ടാകും …. വെള്ളിയാഴ്ച ഉപവാസം ആചാരം ആയി മാറിയോ ആവോ ..
ശരിയാണ് …
“വിശക്കുമ്പോൾ”
,ഞെരുങ്ങുന്ന സാഹചര്യങ്ങളിൽ, ചിന്തകളും തെളിയുമത്രേ ….
വേദന വരുമ്പോൾ കണ്ണു നിറയുമത്രേ !!
മനുഷ്യപ്പറ്റോടെ ചിന്തിക്കാൻ തുടങ്ങുന്നത് ചിന്തകൾ ശുദ്ധീകരിക്കപ്പെടുമ്പോഴാത്രേ..
ക്രിസ്തുവിന്റെ വെളിവുനിറഞ്ഞ ഒരു അമ്മയുണ്ടായിരുന്നു….
സ്ഥലം കൽക്കട്ട : തെരേസ എന്ന സന്യാസിനിയുടെ മുഖത്ത് ക്രിസ്തുവിന്റെ വെളിവ് തെളിഞ്ഞപ്പോൾ കിട്ടിയ പേരാണ് അമ്മ !! അമ്മ തെരേസ
( Mother Therassa!!! )
വ്രണങ്ങൾ നിറഞ്ഞ മനുഷ്യനെ കൈയിലെടുത്തപ്പോൾ കിട്ടിയ ചോദ്യമാണ് ” അമ്മേ!! അമ്മയുടെ ദൈവം ആരാണ്?”
പൂർണ മനുഷ്യൻ എന്ന നിലയിൽ നാല്പതു ദിവസത്തെ മരുഭൂമിയിലെ ഉപവാസം അതിനു കാരണമായോ എന്നു ഞാൻ സംശയിക്കുന്നു…!!
തന്നെ പരീക്ഷിക്കാൻ വന്നവനോട് സംസാരിക്കുന്ന രീതി ശെരിക്കും അത്ഭുതപ്പെടുത്തുന്നു. !! മത്തായി 4
പരീക്ഷിക്കാൻ വന്നതാണെന്നറിഞ്ഞിട്ടും …. ചോദിക്കുന്നതിനെല്ലാം ശാന്തമായ മറുപടി….
” ഒന്നു പോടാ കൂവെ … എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല. നീ കൊള്ളരുതാത്തവൻ ആണ് ” എന്നു മുഖം കറുപ്പിച്ച് ആദ്യം പറഞ്ഞാൽ മതിയായിരുന്നു….
സാത്താൻ ക്രിസ്തുവിന്റെ ശത്രുവല്ല…
എതിരിടുന്നവരോടും ബഹുമാനത്തോടെ നിലപാടുകളിൽ ഉറച്ച് നിന്ന് സംസാരിക്കാൻ ഉള്ള ക്രിസ്തുവിന്റെ വെളിവുണ്ടല്ലോ…
ഇഷ്ടമില്ലാത്തതിനെ ലക്ഷ്യം വച്ച് നശിപ്പിക്കുന്ന ലോകമായി ഇൗ കാലം മാറുന്നോ എന്നൊരു സംശയം..
വെളിവ് രൂപപ്പെടേണ്ടത് ചിന്തകളിൽ !! കാഴ്ചപ്പാടുകൾ രൂപപ്പെടേണ്ടത് ചിന്തകളിൽ!!
തുടരും…..
….ചാക്കോച്ചി
- Fr Chackochi Meledom
- Email: chackochimcms@gmail.com


Leave a comment