Fr. Philipose Thomas Kochukallil

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

മനുഷ്യസ്നേഹിയായിരുന്ന വൈദീകൻ…

Fr Philipose Thomas Kochukallil

Fr. Philipose Thomas Kochukallil
ഫാ. ഫിലിപ്പോസ് തോമസ് കൊച്ചുകല്ലിൽ

പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലെ അതിപുരാതനമായ കൊച്ചുകല്ലിൽ ഭവനത്തിൽ 1941 മാർച്ച് 21ന് തോമസ്-തങ്കമ്മ ദമ്പതികളുടെ ആറ് മക്കളിലൊരുവനായി കുഞ്ഞുമോൻ ജനിച്ചു. പിന്നീട് ഈ കുടുംബം നെടുമൺകാവ് അങ്ങാടിക്കൽ ഭാഗത്തേക്ക്‌ താമസം മാറുകയും നെടുമൺകാവ് സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഇടവകാംഗങ്ങളാകുകയും ചെയ്തു. നെടുമൺകാവ് വെസ്റ്റ് LPS, അങ്ങാടിക്കൽ എസ് എൻ വി എച്ച് എസ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ തന്നെ ഇലന്തൂർ ഭാഗത്ത് മാർത്തോമ സഭയിൽനിന്നും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട വൈദികനാണ് ഫാദർ ഫിലിപ്പോസ്. അദ്ദേഹത്തിന്റെ കൊച്ചുമകനാണ് ഫിലിപ്പോസ് തോമസച്ചൻ. ബാല്യകാലത്തിൽ അഭിവന്ദ്യ മാർ ഇവാനിയോസ് പിതാവ് ഇലന്തൂരിലെ ഭവനം സന്ദർശിക്കാൻ ഇടയായി. വല്യപ്പച്ചൻ ബാലനായ ഫിലിപ്പോസിനെ പിതാവിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയും വൈദീകനാകാനുള്ള പൈതലിന്റെ ആഗ്രഹം അറിയിക്കുകയും തന്റെ പേര് സ്വീകരിച്ചിരിക്കുന്ന കൊച്ചു മോൻ ഒരു അച്ചനായി കുടുംബത്തിന്റെ ആത്മീയപാരമ്പര്യം നിലനിർത്താൻ പിതാവ് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വൈദീകനാകാനുള്ള ആഗ്രഹത്താൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു.
1967 മാർച്ച് 14ന് തിരുവനന്തപുരത്ത് വച്ച് അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്നും പട്ടം സ്വീകരിച്ചു. നെടുമൺകാവ് സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു.
കാലംചെയ്ത അഭിവന്ദ്യ ലോറൻസ് മാർ അപ്രേം തിരുമേനി ആയിരുന്നു ഫിലിപ്പോസ് അച്ചന്റെ മൈനർ സെമിനാരിയിലെ റെക്ടർ.

പാറശാല, ചെറുവാരക്കോണം, പുഷ്പഗിരി, തോട്ടമൺ, വയലത്തല, മൈലപ്ര തുടങ്ങി നിരവധി ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തു. വയലത്തല ദേവാലയം പണികഴിപ്പിച്ചത് അച്ചനാണ്.

തിരുവനന്തപുരം അതിരൂപത പ്രീസ്റ്റ് വെൽഫെയർ ബോർഡിന്റെ പ്രസിഡന്റായി ക്ലർജി ഹോമിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടറായി നിരവധിയായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗവൺമെന്റ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനും അത് രൂപതയുടെ ഗുണകരമായ വളർച്ചക്കായി മാറ്റാനും അതിലൂടെ പാവങ്ങളെ സഹായിക്കാനും അച്ചന് സവിശേഷമായ കഴിവുണ്ടായിരുന്നു. കെൽട്രോണിന്റെ നിരവധി പ്രൊജക്ടുകളിൽ സാമൂഹ്യക്ഷേമവിഭാഗം പങ്കാളിയായി അതിലൂടെ പരിശീലനങ്ങൾ നൽകി സ്ഥിരവരുമാനമാർഗ്ഗം ലഭിക്കാൻ അനേകരെ സഹായിച്ചു. Food For Work പദ്ധതിയിലൂടെ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളെ അതിൽ നിന്ന് കരകയറ്റാനായി. മൈലപ്രയിൽ പള്ളിയോട് ചേർന്ന് തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ച് അനേകർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള പ്രചോദനം നൽകി.

രൂപതയുടെ അതിഥികളായി വരുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ സ്വീകരിക്കുന്നതിനുള്ള ചുമതല പലതവണയും അച്ചന് ലഭിച്ചിരുന്നു.

1985ൽ തിരുവനന്തപുരം അതിരൂപത MCYM ഡയറക്ടറായി. അന്നത്തെ യുവജനങ്ങളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിച്ച അച്ചൻ അവരെയെല്ലാം സഭയോട് ചേർത്ത് നിർത്തുന്നതിന് പരിശ്രമിച്ചിരുന്നു. മാർ ഇവാനിയോസ് പിതാവിന്റെ കബറിങ്കലേക്ക് എം. സി. വൈ. എം. നേതൃത്വത്തിൽ നടത്തുന്ന പദയാത്രക്ക് വ്യക്തികളിൽ നിന്ന് സംഭാവന സ്വീകരിക്കുന്ന രീതി ആരംഭിച്ചതും ക്രമീകൃതമായ ഒരു രൂപവും ഭാവവും നൽകിയതും അച്ചന്റെ കാലത്താണ്. ദേവാലയത്തിൽ യുവജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനായി കളികൾ ആരംഭിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അതിൽ പങ്കാളിയാകുകയും ചെയ്തിരുന്നു.

മൈലപ്ര പള്ളിയുടെ വികാരിയായിരിക്കുമ്പോൾ LP സ്കൂൾ, SH ഹൈസ്കൂൾ, ടി. ടി. ഐ. എന്നിവയുടെ ലോക്കൽ മാനേജർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1987 നവംബർ 7ന് വൈദിക ജീവിതത്തിന്റെ ഇരുപതാം വർഷത്തിൽ ഹാർട്ട് അറ്റാക്ക് മൂലം നാല്പത്തിയാറാം വയസ്സിൽ അച്ചൻ ലോകത്തോട് വിടപറഞ്ഞു. നെടുമൺകാവ് പള്ളിയിൽ സംസ്കരിച്ചു.

കടപ്പാട്: ഫാ. പോൾ നിലയ്ക്കൽതെക്കേതിൽ
കുഞ്ഞുമോൾ ടീച്ചർ, കുറ്റിയിൽ, നെടുമൺകാവ്

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s