Thiruhrudaya Vanakkamasam, June 4

Thiruhrudaya Vanakkamasam Short – Day 4

ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം

ജൂണ്‍ നാലാം തീയതി

Sacred Heart of Jesus 04

വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയം

വി.കുര്‍ബാന വഴിയായി ഈശോയുടെ ദിവ്യഹൃദയം നമ്മോട് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്നേഹം അനന്തവും അവര്‍ണ്ണനീയവുമാണ്. സ്നേഹം നിറഞ്ഞ ഈ തിരുഹൃദയം അവിടുത്തെ ദൈവികശക്തിയെ മറച്ചുകൊണ്ടും അതിനെപ്പറ്റി ചിന്തിക്കാതെയും ഏറ്റം സ്വതന്ത്രമായും നമ്മോടു സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. അനേകലക്ഷം മാലാഖമാര്‍ അവിടുത്തെ ദൈവസന്നിധിയില്‍ ആരാധനാര്‍പ്പണങ്ങള്‍ ചെയ്യുന്നു. ദിവ്യകാരുണൃമെന്ന വിശുദ്ധ രഹസ്യത്തില്‍ ഈശോ നമുക്കു പിതാവും, നാഥനും, ഇടയനും, സ്നേഹിതനും, നേതാവും, വൈദ്യനും, വഴിയും, സത്യവും, പ്രകാശവും, ജീവനും സര്‍വ്വോപരി എല്ലാ അനുഗ്രഹങ്ങളുടെയും ഉറവയും ആകുന്നു.

ഈശോയുടെ ദിവ്യഹൃദയത്തെ ആരാധിക്കുന്നതിനും നമുക്കാവശ്യമുള്ളതും ഇഷ്ടമുള്ളതുമായ നന്മകളെ ചോദിക്കുന്നതിനും അവിടുത്തോട്‌ പൂര്‍ണ്ണസ്വാതന്ത്ര്യമായി സംഭാഷണം നടത്തുന്നതിനും നമ്മുടെ ആത്മാവിന്‍റെ ഭക്ഷണമായി തീരുന്നതിനും വിശുദ്ധ കുര്‍ബാന അനുവദിക്കുന്നു. ഈ ദിവ്യഹൃദയത്തിന്‍റെ അനന്തസ്നേഹത്തെപ്പറ്റി ക്ഷണനേരം നാം ധ്യാനിക്കുന്നുവെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ വലുതായ മാറ്റവും ദൈവസ്നേഹവും ജനിക്കാതിരിക്കയില്ല. എന്നാല്‍ നിസ്വാര്‍ത്ഥമായ ഈ സ്നേഹത്തിന് എന്തു ഫലമാണ് മനുഷ്യരില്‍ നിന്നു ലഭിക്കുന്നതെന്ന് കുറച്ചുസമയം ധ്യാനിക്കേണ്ടത് ആവശ്യമാണ്‌.

ഈശോ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു. എന്നാല്‍ മരിച്ചുപോയി. ഞാന്‍ നല്‍കുന്ന അപ്പം ലോകത്തിന്‍റെ ജീവനായി തരുന്ന എന്‍റെ ശരീരം തന്നെയാകുന്നു. എന്‍റെ ശരീരം സാക്ഷാല്‍ ഭോജനവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു. എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ നിത്യമായി ജീവിക്കും. അന്ത്യവിധി ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കുകയും ചെയ്യും.” ഈശോ അവിടുത്തെ പിതാവിന്‍റെ സന്നിധിയില്‍ എഴുന്നള്ളിയിരിക്കും വിധം ദിവ്യകാരുണ്യത്തിലും എഴുന്നള്ളിയിരിക്കുന്നുവെന്നുള്ളതു സത്യമാണ്. അതിനാല്‍ സഭാവിരുദ്ധരും നിരീശ്വരന്‍മാരും ഈ വിശുദ്ധ രഹസ്യത്തെ നിഷേധിക്കുമ്പോള്‍ ഈശോയുടെ സ്നേഹസമ്പൂര്‍ണ്ണമായ ഹൃദയം വേദനയും അപമാനവും സഹിക്കുന്നുണ്ട്.

സ്വസന്താനങ്ങളെന്നും സഹചാരികളെന്നും സ്നേഹിതരെന്നും വിളിക്കുന്നവരില്‍ കൂടെയും അനേകം പേര് ഈശോയുടെ സന്നിധിയില്‍ വണക്കക്കുറവും പ്രദര്‍ശിപ്പിക്കുകയും ഘോരപാപത്തോടെ അവിടുത്തെ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇതു കാണുമ്പോള്‍ സ്നേഹത്താല്‍ ഉജ്ജ്വലിക്കുന്ന അവിടുത്തെ ഹൃദയം വേദനിക്കാറുണ്ട്. ഇവയെപ്പറ്റി ധ്യാനിക്കുന്ന സഹോദരങ്ങളെ! നമ്മാല്‍ കഴിയുംവിധം ദയയും സ്നേഹവും നിറഞ്ഞ ഈ ഹൃദയത്തെ സ്നേഹിപ്പാനും മനുഷ്യരുടെ നന്ദികേടും ത്യാഗശൂന്യതയും നിമിത്തം ഈശോ അനുഭവിക്കുന്ന അപമാനങ്ങള്‍ക്ക് പരിഹാരം അനുഷ്ഠിക്കാനും ശ്രമിക്കാം.

ജപം

ദയയും സ്നേഹവും നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടുകൂടെ ഞാന്‍ സ്നേഹിക്കുന്നു. ഇത്രയധികമായി എന്നെ അങ്ങ് സ്നേഹിച്ചിരിക്കയാല്‍, ഇനിയെങ്കിലും അങ്ങയെ വേദനിപ്പിക്കാതിരിക്കേണ്ടത് എന്‍റെ കടമയായിരിക്കുന്നു. മാധുര്യപൂര്‍ണ്ണമായ ഈശോയേ! അങ്ങയോടു ഞാന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെട്ട് ക്ഷമ യാചിക്കുന്നു. അനന്തക്ഷമാനിധിയായ നാഥാ, വിശുദ്ധ കുര്‍ബാനയില്‍ അങ്ങയോടു ചെയ്യുന്ന പാപങ്ങള്‍ക്കു പരിഹാരമായി എന്ത് ത്യാഗപ്രവൃത്തിയും ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്. കൃപാനിധിയായ ഈശോ! അങ്ങ് എനിക്കു ചെയ്തു തരുന്ന അസംഖ്യങ്ങളായ അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി സകല മാലഖമാരുടെയും സ്വര്‍ഗ്ഗ വാസികളുടെയും ആരാധനാ സ്തുതി സ്തോസ്ത്രങ്ങളെ അങ്ങയ്ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ! എന്‍റെ ഹൃദയവും അങ്ങേ ദിവ്യഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

 

  • നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

ഞങ്ങളെ അനുഗ്രഹിക്കണമേ

  • സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • സകല ഹൃദയങ്ങൾക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും അടങ്ങിയിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ദൈവത്വത്തിൻ പൂർണ്ണതയൊക്കെയും വസിക്കുന്നതുമായ
    ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • നിത്യപിതാവിന് വളരെ പ്രസാദിച്ചതായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ഞങ്ങൾക്കെല്ലാവർക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂർണനിധിയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • നിത്യപർവ്വതങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ക്ഷമയും അതിദയയുള്ളതുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • അങ്ങേ കൃപ യാചിക്കുന്ന സകലരേയും ഐശ്വര്യപെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി പരിഹാരമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • നിന്ദകളാൽ പൂരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ഞങ്ങളുടെ അക്രമങ്ങൾ നിമിത്തം തകർന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • മരണത്തോളം കീഴ്‌വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • കുന്തത്താൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ഞങ്ങളുടെ ജീവനും ഉയിർപ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • ഞങ്ങളുടെ സമാധാനവും യോജിപ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • പാപങ്ങൾക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • അങ്ങിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

  • അങ്ങിൽ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 

  • ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

 

  • ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

 

  • ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

ഈശോയുടെ ദിവ്യഹൃദയമേ! അങ്ങയെ എല്ലാവരും അറിയുന്നതിനും സ്നേഹിക്കുന്നതിനും ഇടയാക്കണമേ.

സല്‍ക്രിയ

വിശുദ്ധ കുര്‍ബാനയില്‍ ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരമായി ഒരു വിസീത്ത കഴിക്കണം.

Advertisements
Advertisements
Advertisement

2 thoughts on “Thiruhrudaya Vanakkamasam, June 4

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s