
ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധം സൗഹൃദമാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. സൗഹൃദമെന്ന ബന്ധം തുറന്നുവയ്ക്കുന്ന ആകാശം വിശാലമായ സ്വാതന്ത്ര്യത്തിൻ്റേതാണ്. തെറിവാക്കുകൾ പോലും ഇഴയടുപ്പത്തിൻ്റെ സ്നേഹവിളികളാകുന്നത് അതുമൂലമാണ്. പ്രണയം, ദാമ്പത്യം, കുടുംബം എന്നിവയിൽ നിന്നെല്ലാം സൗഹൃദം മൈനസു ചെയ്താൽ അവയുടെ ഭംഗി എത്ര കണ്ടു കുറയുമെന്ന് തിരിച്ചറിയാൻ വെറുതെ ഒന്നു കണ്ണടച്ചു ചിന്തിച്ചാൽ മതി. ഒന്നോർത്താൽ എല്ലാ ബന്ധങ്ങളിലും നാം തേടുന്നത് സൗഹൃദം തന്നെയാണ്.
എന്താണ് സൗഹൃദത്തെ ഇത്ര വ്യത്യസ്തമാക്കുന്നത്?
സമയ കാലങ്ങൾ സൗഹൃദത്തിൽ പങ്കു വഹിക്കുന്നില്ല എന്നുള്ളതാവാം ഒരു കാരണം. തൊട്ടപ്പുറത്തിരുന്ന് യാത്ര ചെയ്ത അപരിചിതൻ വഴിമദ്ധ്യേ ഇറങ്ങിപ്പോകുമ്പോൾ നിങ്ങളെ നോക്കി പുഞ്ചിരിച്ചത് അതുകൊണ്ടാണ്. മനോഹരമായ സൗഹൃദസംഭാഷണത്തിനു വർഷങ്ങളുടെ പരിചയം വേണ്ട കുറച്ചു നിമിഷങ്ങൾ ധാരാളമെന്ന് ആ ചിരി ഓർമ്മപ്പെടുത്തുന്നുണ്ട്.
സൗഹൃദത്തിനു കീഴെ സകല ചരാചരങ്ങളെയും ഉൾക്കൊള്ളിക്കാം എന്നുള്ളത് മറ്റൊരു കാരണം. പട്ടിയോടും, പൂച്ചയോടും, പ്രാവിനോടും, പല്ലിയോടും, പുല്ലിനോടും നിനക്കു സൗഹൃദത്തിലാകാം. ഒന്നിനെയും സൗഹൃദം അകറ്റിനിർത്തുന്നില്ല. എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതുകൊണ്ടുകൂടിയാകണം സൗഹൃദത്തിനു നാമിത്ര പ്രാധാന്യം കൽപിക്കുന്നത്. അതെ, അത്രയ്ക്കും വിലപ്പെട്ടതാണ് സൗഹൃദം.
JmJ
ckjoice@gmail.com

Leave a reply to Seethal Antony Cancel reply