ക്രിസ്തുവിനെ പോലെ… ഒരു സ്ത്രീ.

ക്രിസ്തുവിനെ പോലെ… ഒരു സ്ത്രീ.

അവളുടെ പേര് നിങ്ങൾ അറിയേണ്ട.
അതാണ് നല്ലത്.
2 വയസുള്ള ഒരു മകളുണ്ടവൾക്ക്.
കൂടാതെ ഗർഭിണിയും.
ഭർത്താവിനോടൊപ്പം
നല്ല രീതിയിൽ തന്നെ ജീവിതം
മുന്നോട്ടു നീങ്ങുമ്പോഴാണത് സംഭവിച്ചത്.

ഒരു ദിവസം പണിക്ക് പോയ
ഭർത്താവ് വീടണഞ്ഞില്ല.
ഒരാഴ്ചയായി…..
ഒരുമാസം കഴിഞ്ഞു….
എന്നിട്ടും അയാൾ തിരിച്ചെത്തിയില്ല.

ഇതിനിടയിൽ അവൾ
നൊമ്പരപ്പെടുത്തുന്ന
ആ സത്യം അറിഞ്ഞു.
തൻ്റെ ഭർത്താവ്
മറ്റൊരു സ്ത്രീയുടെ കൂടെ
എവിടെയോ താമസം
തുടങ്ങിയെന്ന സത്യം.
അതിലും ഹൃദയഭേദകമായിരുന്നു ഭർത്താവിൻ്റെ കൂടെയുള്ള ആ സ്ത്രീയെക്കുറിച്ചുള്ള വിശേഷം,
അത് അവളുടെ അനുജത്തിയായിരുന്നു.

തൻ്റെ അനുജത്തിയുടെ കൂടെ
തൻ്റെ ഭർത്താവ് പൊറുതി തുടങ്ങി
എന്ന വാർത്തയറിഞ്ഞ
അവളുടെ മനോനില
നിങ്ങൾക്കൂഹിക്കാമല്ലോ?
ഉദരത്തിൽ അനക്കം വച്ചു തുടങ്ങിയ കുഞ്ഞിനെയും
മുറ്റത്ത് പിച്ചവച്ചു നടക്കുന്ന മകളെയും ഓർത്തപ്പോൾ ആത്മഹത്യ ചെയ്യാൻ അവൾക്ക് ധൈര്യം വന്നില്ല.

”നീ സ്നേഹിക്കാത്തതു കൊണ്ടാ
അവൻ നിൻ്റെ അനിയത്തിയെയും
കൊണ്ടു പോയത് ”
എന്ന അമ്മായിയമ്മയുടെ കുത്തുവാക്കുകളും സഹിച്ച് ഭർതൃഗൃഹത്തിൽ തന്നെ
അവൾ ജീവിതം തുടർന്നു.

ഒരു ദിവസം അതാ,
അപ്രതീക്ഷിതമായ സമയത്ത്
ഭർത്താവ് കയറി വരുന്നു,
കൂടെ ഗർഭിണിയായ
തൻ്റെ അനുജത്തിയും.
വല്ലാത്ത സങ്കടവും കോപവുമൊക്കെ മനസിൽ വന്നെങ്കിലും
ഗർഭിണിയായ തൻ്റെ അനിയത്തിയെ കണ്ടപ്പോൾ ക്ഷമിക്കാനുള്ള കൃപ ലഭിച്ചു.

അടുക്കളയിൽ ചെന്ന്
അവർക്കിരുവർക്കും കാപ്പിയുണ്ടാക്കി കൊടുത്തു.
താനും ഭർത്താവും
ഒരുനാൾ കിടന്നിരുന്ന മുറി
അവർക്കവൾ ഒഴിഞ്ഞു കൊടുത്തു….
ഏറെ താമസിയാതെ നിറവയറുമായി ഭർതൃഗൃഹത്തിൽ നിന്നവൾ പടിയിറങ്ങി…..
സ്വന്തം വീട്ടിലേയ്ക്ക്.

അവിടെ വച്ചവൾ തൻ്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി.
ആ കുഞ്ഞിൻ്റെ മാമ്മോദീസായ്ക്ക് തലതൊട്ടപ്പനാകാൻ ബന്ധുക്കൾ ആരും തയ്യാറായില്ല.
ഇടവകയിലെ പ്രാർത്ഥനാ കൂട്ടായ്മയിലെ ഒരു വ്യക്തിയാണ് പിന്നീടതിന് സന്മനസ് കാണിച്ചത്.

എല്ലാ സഹനങ്ങളേയും
അവൾ അതിജീവിച്ചു.
സ്വന്തമായ് അദ്ധ്വാനിച്ചൊരു വീടുണ്ടാക്കി.
രണ്ടു പെൺമക്കളുടെയും വിവാഹം നടത്തി.

ഇപ്പോൾ വല്ലപ്പോഴും
അനിയത്തിയും മക്കളും
അവളുടെ വീട്ടിൽവരാറുണ്ടത്രെ.
ഒന്നു രണ്ടു ദിവസം താമസിക്കാൻ…..!

ഞങ്ങളുടെ
ലാസലെറ്റ് ആശ്രമത്തിൽ
വച്ചു നടത്തിയ വിധവാ ധ്യാനത്തിൽ
ആ സ്ത്രീ ഈ അനുഭവം
പങ്കുവച്ചപ്പോൾ കരയാത്തവരായി
അവിടെ ആരുമില്ലായിരുന്നു.
മിഴികൾ തുടച്ചു കൊണ്ട്
ഞാനാ സ്ത്രീയോട് ചോദിച്ചു:
“ചേച്ചി, ഇത്രമാത്രം സഹിക്കാനും ക്ഷമിക്കാനും എങ്ങനെ സാധിച്ചു?”

അതിനവൾ ഇങ്ങനെ മറുപടി നൽകി:
“അച്ചാ, അതൊരു വല്ലാത്ത കൃപയാണ്.
ഈശോ യൂദാസിനെ കൂടെ കൊണ്ടു നടന്നില്ലേ….
അതുപോലൊരു കൃപ.
അല്ലാതെ എൻ്റെ കഴിവൊന്നുമല്ലച്ചാ…. °

ആ സ്ത്രീ പറഞ്ഞത്
എത്രയോ വലിയ സത്യമാണല്ലെ?

നമ്മുടെ കൂടെ നടന്ന്
നമ്മെ ചതിക്കുന്നവരോടും വേദനിപ്പിക്കുന്നവരോടുമൊക്കെ
ക്ഷമിച്ച് ജീവിക്കാൻ കഴിയുക
എന്നത് ഒരു കൃപയല്ലാതെ മറ്റെന്താണ്?
ആ കൃപ ക്രിസ്തുവിനുണ്ടായിരുന്നു.
അതു കൊണ്ടല്ലെ
ഒറ്റുകാരനായ യൂദാസിനെ,
അവനിൽ പിശാചുണ്ടെന്നു വരെ തിരിച്ചറിഞ്ഞിട്ടും (Ref യോഹ 6:70,71)
അവൻ്റെ
സകല കൊള്ളരുതായ്മകളും സഹിച്ച്
സ്നേഹത്തോടെ അവൻ കൂടെ കൊണ്ടു നടന്നത്.

വിധവയാക്കപ്പെട്ട ആ സ്ത്രീയിൽ നിന്ന്
ഞാൻ മനസിലാക്കിയ 2 സത്യങ്ങൾ ഉണ്ട്:

1. ഇന്നും നമുക്കിടയിലും
നമുക്കു ചുറ്റും ക്രിസ്തുവിനെ പോലെ ചിലരുണ്ടെന്ന സത്യം.
2. യൂദാസുമാർ ഏറുന്ന ഈ ലോകത്ത്
പലപ്പോഴും ക്രിസ്തുവിനെ പോലെ ആകാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന സത്യം.

Author Unknown

Leave a comment