പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്ധിച്ചില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്‌സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും. (ഹെബ്രായര്‍ 8:10)”
കർത്താവെ ഞങ്ങളെ നോക്കി കാണണമേ, ഞങ്ങൾ കടന്നു പോകുന്ന വേദനകളെ അവിടുന്ന് പരിഹരിക്കണമേ. കോവിഡ് ഭീതിയിൽ നിന്നും ഈ ലോകത്തെ മോചിപ്പിക്കണമേ. ലോകം മഹാമാരിയിൽ കൂടി കടന്നു പോകുന്ന ഈ ദിനങ്ങളിൽ മാസ്ക് ധരിക്കുവാനും, കൈകൾ കഴുകുവാനും ഞങ്ങൾ മറന്നു പോകാതിരിക്കട്ടെ. കോവിഡ് ബാധിത മേഖലകളിൽ ശുശ്രുഷകളിൽ ജോലി ചെയ്യുന്നവരെയും, കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങളെയും ഒറ്റപ്പെടുത്തുന്ന അവസ്ഥകൾ സംജാതമാക്കാതെ സൂക്ഷിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ലോക്ക് ഡൗൺ കഴിയുമ്പോൾ ഞങ്ങളെ കൊണ്ട് ആകുന്ന വിധത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും ഭക്ഷ്യ സുരക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുവാനും കൃപ നൽകണമേ. സമ്പത്തു മൂടി കെട്ടി വയ്ക്കാതെ അത് ചലനാത്മകമായി ഉപയോഗിക്കുക വഴി സമൂഹത്തോടും ദൈവത്തോടും ഞങ്ങൾ നീതി പുലർത്തട്ടെ. നല്ല നാഥാ, ഈ ദിനങ്ങളിൽ ജോലി ഇല്ലാതെ കഴിയുന്ന മക്കളെ ഓർക്കുന്നു. അവർ കടന്നു പോകുന്ന പ്രതിസന്ധികളിൽ ആശ്വാസം ഏകണമേ. യാത്ര സൗകര്യങ്ങൾ തടസ്സപ്പെട്ടപ്പോൾ, വരുമാനം നഷ്ടപ്പെട്ടപ്പോൾ, ഭയം മൂടുമ്പോൾ ഉണ്ടാകുന്ന അസ്വാസ്ഥതകളെ തുടർന്ന് കുടുംബ കലഹങ്ങൾ സംഭവിക്കുന്ന ഭവനങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. പ്രതിസന്ധിയുടെ ഈ ദിനങ്ങളെ ഒറ്റകെട്ടായി നേരിടുവാൻ എല്ലാവര്ക്കും സാധിക്കട്ടെ. ലോക്ക് ഡൗൺ കാരണം വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നവരുണ്ട്. അവർക്ക് നന്മ വരുത്തണമേ. പ്രതീക്ഷയുടെ കാലം അധികം അകലെയല്ല എന്ന് ഞങ്ങൾ മറക്കാതെ ഇരിക്കട്ടെ. ദൈവമേ, ഞങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ പ്രാർത്ഥനയുടെ ചൈതന്യത്തിൽ ആയിരുന്നു കൊണ്ട് പ്രതീക്ഷയോടു കൂടി കാത്തിരിക്കുവാൻ സഹായിക്കണമേ. പരിശുദ്ധ ആത്മാവിന്റെ കൃപയാൽ ധൈര്യവും സന്തോഷവും ഇന്നേ ദിനത്തിൽ ഞങ്ങൾക്ക് ലഭിയ്ക്കട്ടെ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment