പ്രഭാത പ്രാർത്ഥന
“തിന്മയല്ല, നന്മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.തിന്മയെ വെറുക്കുവിന്‍, നന്മയെ സ്നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ജോസഫിന്റെ സന്തതികളില്‍ അവശേഷിക്കുന്നവരോടു കരുണ കാട്ടാന്‍ കനിഞ്ഞേക്കും.(ആമോസ് 5:14-15)” സ്നേഹ സ്വരൂപനായ ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും അവിടുത്തെ സന്നിധിയിലേയ്ക്ക് സമർപ്പിക്കുകയാണ്. അങ്ങയുടെ സ്നേഹം അനുഭവിക്കുവാൻ അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെ അനുഭവം ഈ ലോകത്തിനു പകർന്നു നൽകുവാൻ പിതാവേ ഞങ്ങളെ ഒരുക്കണമേ. ഇന്നേ ദിനത്തിൽ ഞങ്ങൾ കണ്ടു മുട്ടുന്ന ഒരാളൊട് എങ്കിലും ദൈവ സ്നേഹം പങ്കുവയ്ക്കുവാൻ സാധിക്കട്ടെ. പിതാവായ ദൈവമേ അവിടുത്തെ സന്നിധിയിൽ ഒരായിരം പ്രതീക്ഷകളോട് കൂടി ആയിരിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ പാപ സാഹചര്യത്തിൽ ആയിരിക്കുകയോ പാപ ചിന്തകളിൽ മുഴുകി കഴിയുകയോ ചെയ്യുന്ന ഏവർക്കും മാനസാന്തരം നല്കണമേ. കോവിഡ് പത്തൊൻപത് എന്ന അസുഖത്തിന് മരുന്ന് കണ്ടു പിടിക്കുവാൻ പരിശ്രമിക്കുന്ന എല്ലാ ശാസ്ത്രജ്ഞരെയും സമർപ്പിക്കുന്നു. അവർക്ക് ആവശ്യമായ വഴി തെളിച്ചു നൽകി ഞങ്ങളെ സഹായിക്കണമേ. അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന ഞങ്ങളുടെ രാജ്യത്തെ സമർപ്പിക്കുന്നു. നാഥാ, ഞങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ. ഭയവും, പ്രതിസന്ധികളും ഇല്ലാതെ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു സമൂഹം രൂപപ്പെടുത്തുവാൻ ഞങ്ങളുടെ ഭരണാധികാരികൾക്ക് കഴിയട്ടെ. ജന്മനാട്ടിലേക്ക് കടന്നു വരുവാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ദൈവമേ വഴി തുറന്നു നൽകണമേ. മുടങ്ങി പോയ വിവാഹങ്ങളും മറ്റു ആഘോഷങ്ങളും ക്രമീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. എത്രയും പെട്ടന്ന് കൊറോണ ഞങ്ങളെ വിട്ടു പോകുവാൻ ദൈവമേ അവിടുന്ന് കൃപ നല്കണമേ. ദാരിദ്ര്യത്തിലേയ്ക്കും, ഭക്ഷ്യഷാമത്തിലേയ്ക്കും പോകുവാൻ ഇടയ്ക്കാതെ ഞങ്ങളുടെ ദേശത്തെ കാത്തു കൊള്ളണമേ. ആമേൻ

Leave a comment