🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ശനി
Saturday of week 12 in Ordinary Time
or Saint Cyril of Alexandria, Bishop, Doctor
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 27: 8-9
കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയും
തന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.
കര്‍ത്താവേ, അങ്ങയുടെ ജനത്തെ സംരക്ഷിക്കണമേ.
അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കുകയും
അവരെ എന്നും നയിക്കു കയും ചെയ്യണമേ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍
അങ്ങ് പണിതുയര്‍ത്തിയവരെ
അങ്ങയുടെ സംരക്ഷണത്തില്‍ നിന്ന്
അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.
അങ്ങയുടെ നാമത്തോട് എപ്പോഴും ഞങ്ങള്‍
ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
വിലാ 2:2,10-14,18-19
സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക.
കര്‍ത്താവ് യാക്കോബിന്റെ കൂടാരങ്ങളെ നിഷ്‌കരുണം നശിപ്പിച്ചു. സീയോന്‍പുത്രിയുടെ ശ്രേഷ്ഠന്മാര്‍ മൂകരായി നിലത്തിരിക്കുന്നു. അവര്‍ തങ്ങളുടെ തലയില്‍ പൂഴി വിതറി; അവര്‍ ചാക്കുടുത്തു. ജറുസലെം കന്യകമാര്‍ നിലംപറ്റെ തലകുനിച്ചു. കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകള്‍ ക്ഷയിച്ചു. എന്റെ ആത്മാവ് അസ്വസ്ഥമാണ്. എന്റെ ഹൃദയം ഉരുകിപ്പോയി; എന്തെന്നാല്‍, എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും, നഗരവീഥികളില്‍ മയങ്ങിവീഴുന്നു. മുറിവേറ്റവരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നുവീഴുമ്പോള്‍, മാതാക്കളുടെ മടിയില്‍വച്ചു ജീവന്‍ വാര്‍ന്നുപോകുമ്പോള്‍ അവര്‍ തങ്ങളുടെ അമ്മമാരോടുകരഞ്ഞുകൊണ്ട് അപ്പവും വീഞ്ഞും എവിടെ എന്നു ചോദിക്കുന്നു. ജറുസലെംപുത്രീ, നിനക്കുവേണ്ടി ഞാന്‍ എന്തുപറയും? നിന്നെ ഞാന്‍ എന്തിനോടുപമിക്കും? കന്യകയായ സീയോന്‍പുത്രീ, നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ നിന്നെ എന്തിനോടു താരതമ്യപ്പെടുത്തും? നിന്റെ നാശം സമുദ്രംപോലെ വിശാലമാണ്. ആര്‍ക്ക് നിന്നെ പുനരുദ്ധരിക്കാനാവും? നിന്റെ പ്രവാചകന്മാര്‍ നിനക്കുവേണ്ടി കണ്ടത് വഞ്ചനാത്മകമായ വ്യാജദര്‍ശനങ്ങളാണ്. നിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കാന്‍വേണ്ടി നിന്റെ അകൃത്യങ്ങള്‍ അവര്‍ മറ നീക്കി കാണിച്ചില്ല. അവരുടെ ദര്‍ശനങ്ങള്‍ മിഥ്യയും വഞ്ചനാത്മകവുമായിരുന്നു.
സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹംപോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്കു വിശ്രമം നല്‍കരുത്. രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 74:1b-2,3-5,6-7,20-21
കര്‍ത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേക്കും മറക്കരുതേ!
ദൈവമേ, ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞതെന്തുകൊണ്ട്?
അങ്ങയുടെ മേച്ചില്‍പുറത്തെ ആടുകളുടെനേരേ
അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്?
അങ്ങു പണ്ടേ തിരഞ്ഞെടുത്ത ജനത്തെ,
അങ്ങു വീണ്ടെടുത്ത് അവകാശമാക്കിയ ഗോത്രത്തെ, ഓര്‍ക്കണമേ!
അവിടുന്നു വസിച്ചിരുന്ന സീയോന്‍ മലയെ സ്മരിക്കണമേ!
കര്‍ത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേക്കും മറക്കരുതേ!
അന്തമറ്റ നഷ്ടാവശിഷ്ടങ്ങളിലേക്ക് അങ്ങു പാദങ്ങള്‍ തിരിക്കണമേ!
ദേവാലയത്തിലുള്ളതെല്ലാം ശത്രു നശിപ്പിച്ചിരിക്കുന്നു!
അങ്ങയുടെ വൈരികള്‍ അങ്ങയുടെ വിശുദ്ധസ്ഥലത്തിന്റെ നടുവില്‍ അലറി;
അവിടെ അവര്‍ തങ്ങളുടെ വിജയക്കൊടി നാട്ടി.
കര്‍ത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേക്കും മറക്കരുതേ!
മരംവെട്ടുകാര്‍ മരം മുറിക്കുന്നതുപോലെ അവര്‍ ദേവാലയത്തിന്റെ കവാടത്തിലെ
കടഞ്ഞെടുത്ത അഴികള്‍ മഴുകൊണ്ടും കൂടംകൊണ്ടും തകര്‍ത്തു.
അങ്ങയുടെ ആലയത്തിന് അവര്‍ തീവച്ചു;
അങ്ങയുടെ നാമം വസിക്കുന്ന ശ്രീകോവില്‍ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
കര്‍ത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേക്കും മറക്കരുതേ!
അങ്ങയുടെ ഉടമ്പടിയെ പരിഗണിക്കണമേ!
ഭൂമിയുടെ ഇരുണ്ടയിടങ്ങളില്‍ അക്രമം കുടിയിരിക്കുന്നു.
മര്‍ദിതര്‍ ലജ്ജിതരാകാന്‍ സമ്മതിക്കരുതേ;
ദരിദ്രരും അഗതികളും അങ്ങയുടെ നാമം പ്രകീര്‍ത്തിക്കട്ടെ!
കര്‍ത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേക്കും മറക്കരുതേ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 8:5-17
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
അക്കാലത്ത്, യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന് യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു.
യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖംപ്രാപിച്ചു.
യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കൈയില്‍ സ്പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സായാഹ്നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്ധാത്മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, സംപ്രീതിയുടെയും സ്തുതിയുടെയും
ഈ ബലി സ്വീകരിക്കണമേ.
അതിന്റെ പ്രവര്‍ത്തനത്താല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേക്ക് പ്രീതികരമായ ഞങ്ങളുടെ മാനസങ്ങളുടെ
സ്‌നേഹാര്‍പ്പണം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 144: 15
കര്‍ത്താവേ, എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിച്ചിരിക്കുകയും
അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുകയും ചെയ്യുന്നു.
Or:
യോഹ 10: 11, 15
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, തിരുശരീരത്തിന്റെയും
അമൂല്യമായ രക്തത്തിന്റെയും പോഷണത്താല്‍ നവീകൃതരായി,
അങ്ങയുടെ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, നിരന്തരഭക്തിയാല്‍ അനുഷ്ഠിക്കുന്നത്
സുനിശ്ചിതമായ രക്ഷയിലൂടെ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment