ദിവ്യബലി വായനകൾ Friday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി

Friday of week 14 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 47: 10-11

ദൈവമേ, അങ്ങയുടെ ആലയത്തില്‍
അങ്ങയുടെ കാരുണ്യം ഞങ്ങള്‍ സ്വീകരിച്ചു.
ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ
അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു.
അങ്ങയുടെ വലത്തുകൈ നീതികൊണ്ട് നിറഞ്ഞിരിക്കുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അധഃപതിച്ച ലോകത്തെ
അങ്ങയുടെ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.
അങ്ങയുടെ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.
അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്
അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍
ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹോസി 14:2-10

കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേല്‍, നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും. അസ്സീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാന്‍ ഞങ്ങള്‍ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നു.
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെമേല്‍ സ്‌നേഹം ചൊരിയും. കാരണം, അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാന്‍ തുഷാരബിന്ദുപോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും. അവന്റെ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന് ഒലിവിന്റെ മനോഹാരിതയും ലബനോന്റെ പരിമളവും ഉണ്ടായിരിക്കും. അവര്‍ തിരിച്ചുവന്ന് എന്റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരംപോലെയാണ് ഞാന്‍. നിനക്കു ഫലം തരുന്നത് ഞാനാണ്. ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്റെ വഴികള്‍ ഋജുവാണ്. നീതിമാന്മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 51:3-4,8-9,12-13,14,17

കര്‍ത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
എന്നോടു ദയതോന്നണമേ!
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

കര്‍ത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

ഹൃദയപരമാര്‍ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്;
ആകയാല്‍, എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ!
ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ!
ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ!
ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും.

കര്‍ത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

കര്‍ത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

കര്‍ത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 10:16-23
നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.
സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും. ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ നാമത്തിന്
പ്രതിഷ്ഠിതമായിരിക്കുന്ന ഈ അര്‍പ്പണം
ഞങ്ങളെ ശുദ്ധീകരിക്കുകയും
അനുദിനം സ്വര്‍ഗീയ ജീവിതതലത്തിലേക്ക്
ഞങ്ങളെ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 33: 9

കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.
അവിടത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
Or:
മത്താ 11: 28

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍,
ഞാന്‍ നിങ്ങള്‍ക്കു വിശ്രമം നല്കാം.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇത്ര മഹത്തായ ബലിവസ്തുക്കളാല്‍
സംപൂരിതരായ ഞങ്ങള്‍,
രക്ഷാകരമായ ദാനങ്ങള്‍ സ്വീകരിക്കാനും
അങ്ങയുടെ സ്തുതികളില്‍നിന്ന്
ഒരിക്കലും വിരമിക്കാതിരിക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ദിവ്യബലി വായനകൾ Friday of week 14 in Ordinary Time ”

Leave a reply to Elsa Mary Joseph Cancel reply