പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“ഇസ്രായേല്‍, നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും. (ഹോസിയാ 14:1-2)”
ഞങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കർത്താവേ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. നാഥാ, ഇന്നേ ദിനത്തിൽ ഞങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് കടന്നു വരണമേ. ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എത്ര അദ്ധ്വാനിച്ചിട്ടും ഫലരഹിതമായ ജീവിതങ്ങൾ ഉള്ളവർ ഞങ്ങളുടെ കൂടെ ഉണ്ട്. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുവാൻ തുടങ്ങിയിട്ട് ഏറെ നാളായവർ ഉണ്ട്. ഇനിയും മുന്നോട്ട് പോകുവാൻ ആകാത്ത വിധത്തിൽ കുടുംബബന്ധങ്ങളിൽ തകർച്ച നേരിടുന്ന ദമ്പതികൾ ഉണ്ട്. ദൈവമേ എല്ലാവരെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കുടുംബങ്ങളെ അങ്ങ് ആശീർവദിക്കണമേ. കുടുംബ ബന്ധത്തിന് വില കൊടുക്കുന്ന ഒരു തലമുറ വളർന്നു വരുവാൻ ഇടയാക്കണമേ. കുടുംബ ജീവിതത്തെ തകർക്കുവാൻ ശ്രമിക്കുന്ന എല്ലാ നാരകീയ ശക്തികളുടെയും തല അവിടുന്ന് തകർക്കണമേ. പരിശുദ്ധ ആത്മാവേ, അങ്ങയുടെ ചൈതന്യത്താൽ ഞങ്ങളുടെ കുടുംബങ്ങൾ നിറയപ്പെടട്ടെ. കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. അമ്മമാർ സംതൃപ്‍തരാകട്ടെ. പിതാക്കന്മാർക്ക് ആയുരാരോഗ്യവും, ഉത്തരവാദിത്തവും നിറവേറ്റുവാൻ സാധിക്കട്ടെ. കർത്താവെ, ഈ പ്രഭാതത്തിൽ മലയോര മേഖലകളിൽ അപകട ബാധിത മേഖലകളിൽ കഴിയുന്നവരെയും കടൽ ക്ഷോഭത്തിനു സാധ്യത ഉള്ള പ്രദേശങ്ങളിൽ കഴിയുന്നവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ സംരക്ഷിക്കണമേ. ഭയവും, ആകുലതയും കൂടാതെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ. കർത്താവെ, ഇന്നേ ദിനത്തിൽ യാത്രകൾ ചെയ്യുന്നവരെ ഓർക്കുന്നു. മഹാമാരിയിൽ നിന്നും അപകടങ്ങളിൽ നിന്നും അവരെ കാത്തു കൊള്ളണമേ. കോവിഡിന്റെ ഭീതിയിൽ കഴിയുന്നവരെ സഹായിക്കുവാനും, സുരക്ഷിതമായ മുൻ കരുതലുകൾ എടുക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. കൊറോണ ബാധിതരെ ശുശ്രുഷിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.നാഥാ, ഭൂമിയെ അവിടുന്ന് കരുണാ പൂർവം കടാക്ഷിക്കണമേ. ഈ മഹാമാരി കടന്നു പോകുവാൻ ഇടയാക്കണമേ. നന്മകളാൽ ഞങ്ങളെ നിറയ്ക്കണമേ. അനുഗ്രഹത്താൽ ഞങ്ങളെ ഫലമണിയ്ക്കണമേ. ആമേൻ

വിശുദ്ധ കൊച്ചു ത്രേസ്യ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Leave a comment