ദിവ്യബലി വായനകൾ Tuesday of week 17 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ

Tuesday of week 17 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം
cf. സങ്കീ 67: 6-7,36

ദൈവം തന്റെ വിശുദ്ധസ്ഥലത്തു വസിക്കുന്നു.
ഒരുമയുള്ളവര്‍ തന്റെ ഭവനത്തില്‍
വസിക്കാന്‍ ഇടയാക്കുന്ന ദൈവംതന്നെ
തന്റെ ജനത്തിന് ശക്തിയും ധൈര്യവും നല്കുന്നു.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,
അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.
അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.
അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴി
ഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,
അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 14:17-22
ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്മരിക്കണമേ; അതു ലംഘിക്കരുതേ.

എന്റെ കണ്ണുകളില്‍ നിന്നു രാപകല്‍ കണ്ണീരൊഴുകട്ടെ; കണ്ണീര്‍പ്രവാഹം നിലയ്ക്കാതിരിക്കട്ടെ. എന്തെന്നാല്‍, എന്റെ ജനത്തിനു മാരകമായി മുറിവേറ്റിരിക്കുന്നു. അവര്‍ കഠിന മര്‍ദനത്തിനിരയായി. നാട്ടിന്‍പുറത്തു ചെന്നാല്‍ അവിടെ വാളാല്‍ വെട്ടിവീഴ്ത്തപ്പെട്ടവര്‍! നഗരത്തില്‍ പ്രവേശിച്ചാല്‍ അവിടെ പട്ടിണികൊണ്ടു രോഗം ബാധിച്ചവര്‍! പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു; ഒന്നും മനസ്സിലാകുന്നില്ല.
അവിടുന്ന് യൂദായെ നിശ്ശേഷം പരിത്യജിച്ചുവോ? ഉള്ളുകൊണ്ടു സീയോനെ വെറുക്കുന്നുവോ? സുഖംപ്രാപിക്കാനാവാത്തവിധം എന്തിനാണു ഞങ്ങളെ അങ്ങ് പ്രഹരിച്ചത്? ഞങ്ങള്‍ സമാധാനം അന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; എന്നാല്‍ പരിഭ്രാന്തിമാത്രം. കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ തെറ്റുകളും ഞങ്ങള്‍ ഏറ്റുപറയുന്നു. അങ്ങേക്കെതിരേ ഞങ്ങള്‍ പാപം ചെയ്തു. അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ നിരാകരിക്കരുതേ; അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തെ അവമാനിക്കരുതേ. ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്മരിക്കണമേ; അതു ലംഘിക്കരുതേ. ജനതകളുടെ ദേവന്മാര്‍ക്കിടയില്‍ മഴപെയ്യിക്കാന്‍ ശക്തിയുള്ള ആരെങ്കിലും ഉണ്ടോ? ആകാശത്തിനു മാരിവര്‍ഷിക്കാന്‍ കഴിയുമോ? ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അതു ചെയ്യുന്നവന്‍ അങ്ങു മാത്രമാണല്ലോ. അങ്ങില്‍ ഞങ്ങള്‍ പ്രത്യാശവയ്ക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നവന്‍ അവിടുന്നാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 79:8,9,11,13

കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!

ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍
ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ!
അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ!
ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.

കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!

ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!

കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!

ബന്ധിതരുടെ ഞരക്കം അങ്ങയുടെ സന്നിധിയില്‍ എത്തട്ടെ!
വിധിക്കപ്പെട്ടവരെ അങ്ങയുടെ ശക്തി രക്ഷിക്കട്ടെ!
അപ്പോള്‍, അങ്ങയുടെ ജനമായ ഞങ്ങള്‍,
അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍,
എന്നേക്കും അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കും.
തലമുറകളോളം ഞങ്ങള്‍ അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ .

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 13:36-43
കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും.

അക്കാലത്ത്, ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് യേശു വീട്ടിലേക്കു വന്നു. ശിഷ്യന്മാര്‍ അവന്റെ അടുത്തുവന്ന് അപേക്ഷിച്ചു: വയലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും! അവന്‍ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല്‍ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകള്‍ ദുഷ്ടന്റെ പുത്രന്മാരുമാണ്. അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്മാരും. കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്ത ത്തിലും സംഭവിക്കും. മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ സമൃദ്ധിയില്‍നിന്ന്
ഞങ്ങള്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
സ്വീകരിക്കണമേ.
അങ്ങയുടെ കൃപയുടെ ശക്തമായ പ്രവര്‍ത്തനങ്ങളാല്‍,
ഈ പരമപരിശുദ്ധരഹസ്യങ്ങള്‍
ഞങ്ങളുടെ ഇഹലോകജീവിതരീതികള്‍ വിശുദ്ധീകരിക്കുകയും
നിത്യാനന്ദത്തിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 102: 2

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
Or:
മത്താ 5: 7-8

കരുണയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ക്ക് കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ പീഡാസഹനത്തിന്റെ
നിത്യസ്മാരകമായ ദിവ്യകൂദാശ ഞങ്ങള്‍ സ്വീകരിച്ചു.
അവര്‍ണനീയമായ സ്‌നേഹത്താല്‍
അവിടന്നുതന്നെ ഞങ്ങള്‍ക്കു നല്കിയ ഈ ദാനം
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment