Daily Saints in Malayalam – August 2

⚜️⚜️⚜️⚜️ August 02 ⚜️⚜️⚜️⚜️
വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്‍മാര്‍ക്കിടയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്.

കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പ്രതിഫലനമായിരുന്നു ഈ പൗരോഹിത്യ നിയമങ്ങള്‍. അദ്ദേഹത്തിന്റെ മാതൃക പാശ്ചാത്യ ലോകത്ത് മുഴുവന്‍ അനുകരിക്കപ്പെടുകയും അത് പൗരോഹിത്യ വൃന്ദങ്ങളില്‍ നവോത്ഥാനത്തിനു കാരണമാവുകയും ചെയ്തു. 344-ല്‍ യൂസേബിയൂസ് വെര്‍സെല്ലി രൂപതയിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്‍ തന്റെ പുരോഹിതരെ കൂട്ടായ്മയുള്ള ഒരൊറ്റ സമൂഹമാക്കി ഐക്യപ്പെടുത്തി. ടൂറിന്‍, എംബ്രുന്‍ എന്നീ രൂപതകള്‍ സ്ഥാപിച്ചത് വിശുദ്ധനാണ്.

355-ല്‍ ലിബേരിയൂസ് പാപ്പായുടെ പ്രതിനിധി എന്ന നിലയില്‍ വിശുദ്ധന്‍, മിലാന്‍ സുനഹദോസില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സുനഹദോസാണ് ചക്രവര്‍ത്തിയുടെ ഭീഷണിക്ക് വിധേയനായ വിശുദ്ധ അത്തനാസിയൂസിനെ സംരക്ഷിക്കുവാനുള്ള തീരുമാനമെടുത്തത്. വിശുദ്ധ യൂസേബിയൂസിനോടും മറ്റുള്ള മെത്രാന്‍മാരോടും അത്തനാസിയൂസിനെ നിന്ദിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടപ്പോള്‍, വിശുദ്ധന്‍ ആ ഉത്തരവ് നിരസിച്ചു. അതിന് പകരമായി നിസിനെ വിശ്വാസ പ്രമാണ ഉടമ്പടിയില്‍ ഒപ്പിടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചക്രവര്‍ത്തി വിശുദ്ധനെ ഭീഷണിപ്പെടുത്തി. എന്നാല്‍ വിശുദ്ധന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും, സഭയുടെ കാര്യങ്ങളില്‍ താന്‍ ഇടപെടുകയില്ലെന്ന് ധൈര്യസമേതം അറിയിക്കുകയും ചെയ്തു.

ഇതില്‍ കുപിതനായ ചക്രവര്‍ത്തി യൂസേബിയൂസിനെ പലസ്തീനായിലേക്ക്‌ നാടുകടത്തി, അവിടെവെച്ച് അരിയന്‍ മതവിരുദ്ധവാദികള്‍ വിശുദ്ധനെ പല രീതിയിലും പീഡിപ്പിച്ചു. പലസ്ഥലങ്ങളിലും മാറി മാറി താമസിച്ച വിശുദ്ധനെ ജൂലിയന്‍ ചക്രവര്‍ത്തി മോചിതനാക്കുകയാണ് ഉണ്ടായത്‌. പിന്നീട് ഇറ്റലിയില്‍ മടങ്ങിയെത്തിയ വിശുദ്ധന്‍, പോയിട്ടിയേഴ്സിലെ വിശുദ്ധ ഹിലരിയുമായി ചേര്‍ന്ന് മിലാനിലെ അരിയന്‍ സിദ്ധാന്തവാദിയായ മെത്രാനെ എതിര്‍ത്തു. തന്റെ ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ വിശുദ്ധന്‍ വെര്‍സെല്ലിയില്‍ മടങ്ങി എത്തി. അത്തനാസിയാന്‍ പ്രമാണങ്ങളുടെ രചയിതാവ്‌ വിശുദ്ധ യൂസേബിയൂസ് ആണെന്ന് നിരവധി പേര്‍ വിശ്വസിച്ച്‌ വരുന്നു.

371 ഓഗസ്റ്റ്‌ 1-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധന്‍ തന്റെ കൈകൊണ്ട് എഴുതിയ സുവിശേഷത്തിന്റെ ഒരു പകര്‍പ്പ് വെര്‍സെല്ലിയിലെ കത്ത്രീഡലില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അരിയന്‍ മതവിരുദ്ധതയെ എതിര്‍ക്കുന്നതില്‍ വിശുദ്ധന്‍ കാണിച്ച ധൈര്യം അനേകര്‍ക്ക് വിശ്വാസവിരുദ്ധ നിലപാടുകളെ എതിര്‍ക്കുവാനുള്ള പ്രചോദനമാണ് നല്‍കിയത്

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. മെഴ്സിയായിലെ ആല്‍ഫ്രെഡാ

  2. ആപ്റ്റിലെ ആദ്യത്തെ ബിഷപ്പായിരുന്ന ഔസ്പീഷ്യസ്

  3. ചാര്‍ട്ടേഴ്സ് ബിഷപ്പായിരുന്ന ബെത്താരിയൂസ്

  4. പാദുവായിലെ മാക്സിമൂസ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “Daily Saints in Malayalam – August 2”

  1. Congratulations Nelson Acha….. for this great attempt. May God bless you Abundantaly on great effort.

    Liked by 2 people

Leave a reply to Fr Sinoy MCBS Cancel reply