Uncategorized

Daily Saints in Malayalam – August 10 St. Lawrence

⚜️⚜️⚜️⚜️ August 10 ⚜️⚜️⚜️⚜️
വിശുദ്ധ ലോറന്‍സ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പുരാതന റോമന്‍ സഭയില്‍ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന വിശുദ്ധരില്‍ ഒരാളായിരുന്നു യുവ ഡീക്കണും ധീരരക്തസാക്ഷിയുമായിരുന്ന വിശുദ്ധ ലോറന്‍സ്‌. വിശുദ്ധരുടെ തിരുനാള്‍ ദിനങ്ങളുടെ റോമന്‍ ആവൃത്തി പട്ടികയില്‍ വിശുദ്ധന്മാരായ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാളുകള്‍ക്ക് ശേഷം ഉന്നത ശ്രേണിയില്‍ വരുന്നത്, വിശുദ്ധ ലോറന്‍സിന്റെ തിരുനാള്‍ ദിനമാണ്. വിശുദ്ധ ലോറന്‍സിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ആധികാരികമായ വിവരണങ്ങളൊന്നും തന്നെ ലഭ്യമല്ലെങ്കിലും വിശുദ്ധന്റെ സഹനങ്ങളെക്കുറിച്ചുള്ള കണക്കിലെടുക്കപ്പെടാവുന്ന തെളിവുകള്‍ ഉണ്ട്. ഐതീഹ്യപരമായ വിവരങ്ങളനുസരിച്ച്, സിക്സ്റ്റസ് രണ്ടാമന്‍ പാപ്പായുടെ ശിഷ്യനായിരുന്ന ലോറന്‍സിനെ അവന്റെ പ്രത്യേകമായ കഴിവുകളേക്കാള്‍ അധികമായി അവന്റെ നിഷ്കളങ്കത കാരണമാണ് പാപ്പാ കൂടുതലായി ഇഷ്ടപ്പെട്ടത്. അതിനാലാണ് പാപ്പാ അവനെ ഏഴ് ഡീക്കണ്‍മാരില്‍ ഒരാളാക്കിയതും, ആര്‍ച്ച് ഡീക്കണ്‍ പദവിയിലേക്കുയര്‍ത്തിയതും. ഇതിനാല്‍ തന്നെ ലോറന്‍സിന് അള്‍ത്താര ശുശ്രൂഷാ ദൗത്യവും, പാപ്പാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വശത്തായി സ്ഥാനം നൽകുകയും ചെയ്തിരുന്നു. കൂടാതെ ദേവാലയ വസ്തുവകകളുടെ നോക്കിനടത്തിപ്പും, ദരിദ്രരെ സഹായിക്കുവാനുള്ള ഉത്തരവാദിത്വവും ലോറന്‍സില്‍ നിക്ഷിപ്തമായിരുന്നു.

253-260 കാലയളവില്‍ വലേരിയൻ ചക്രവർത്തിയുടെ മതപീഡന കാലത്ത്‌ സിക്സ്റ്റസ് രണ്ടാമന്‍ പാപ്പായും, തടവിലായി. തന്റെ ആത്മീയ പിതാവിനൊപ്പം രക്തസാക്ഷിത്വം വരിക്കുവാനുള്ള അതിയായി ആഗ്രഹത്തിന്‍മേല്‍ ലോറന്‍സ്‌ പാപ്പായോട് ഇപ്രകാരം അപേക്ഷിക്കുകയുണ്ടായി: “പിതാവേ, അങ്ങയുടെ മകനെകൂടാതെ അങ്ങ് എവിടേക്ക് പോകുന്നു? അല്ലയോ പുരോഹിത ശ്രേഷ്ഠ, അങ്ങയുടെ ഡീക്കണെ കൂട്ടാതെ അങ്ങ് എവിടേക്കാണ് ധൃതിയില്‍ പോകുന്നത്? സഹായികള്‍ ഇല്ലാതെ അങ്ങ് ഒരിക്കലും വിശുദ്ധ കര്‍മ്മങ്ങള്‍ ചെയ്തിട്ടില്ലല്ലോ. ഞാന്‍ എങ്ങനെയാണ് അങ്ങയുടെ അപ്രീതിക്ക് പാത്രമായത്‌? എന്തു കാരണംകൊണ്ടാണ് എന്റെ ദൗത്യത്തില്‍ ഞാന്‍ വിശ്വസ്തനല്ലെന്ന് അങ്ങേക്ക്‌ തോന്നിയത്‌? ദേവാലയ ശുശ്രൂഷക്കായി അങ്ങ് തിരഞ്ഞെടുത്തത് ഒരു ഉപയോഗശൂന്യനായ ആളെയാണോ എന്ന് ഉറപ്പിക്കുന്നതിനായി എന്നെ ഒരിക്കല്‍ കൂടി പരീക്ഷിക്കുക. നമ്മുടെ കര്‍ത്താവിനാല്‍ ചിന്തപ്പെട്ട രക്തം വഴി അങ്ങെന്നെ ഇതുവരെ വിശ്വസിച്ചുവല്ലോ.”

ഈ വാക്കുകൾ കേട്ട പാപ്പാ ഇപ്രകാരം പ്രതിവചിച്ചു: “എന്റെ മകനേ, ഞാന്‍ നിന്നെ മറന്നതല്ല, ഇതിലും വലിയ ഒരു യാതന കര്‍ത്താവിലുള്ള നിന്റെ വിശ്വാസത്തെ കാത്തിരിക്കുന്നുണ്ട്, ഞാന്‍ ഒരു ദുര്‍ബ്ബലനായ വൃദ്ധനായതിനാല്‍ ദൈവം എനിക്കൊരു പരിഗണന തന്നതാണ്. പക്ഷെ, വളരെയേറെ മഹത്വപൂര്‍ണ്ണമായൊരു വിജയം നിന്നെ കാത്തിരിക്കുന്നു. നീ കരയാതിരിക്കൂ, കാരണം മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം നീയും എന്നെ അനുഗമിക്കും.” ആശ്വാസദായകമായ ഈ വാക്കുകള്‍ക്ക് ശേഷം അവശേഷിക്കുന്ന എല്ലാ ദേവാലയ സ്വത്തുക്കളും പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുക്കുവാന്‍ പാപ്പാ അവനോടു നിര്‍ദ്ദേശിച്ചു.

ഒരു റോമാക്കാരന്റെ ഭവനത്തില്‍ വെച്ച് ലോറന്‍സ്‌ തന്റെ ആത്മീയ പിതാവിന്റെ നിര്‍ദ്ദേശം നടപ്പിലാക്കി കൊണ്ടിരിക്കെ ക്രസന്റിയൂസ് എന്ന് പേരായ ഒരു അന്ധന്‍ തന്നെ സുഖപ്പെടുത്തണമെന്ന ആവശ്യവുമായി വിശുദ്ധനെ സമീപിച്ചു. ദിവ്യനായ ആ ഡീക്കണ്‍ അവന്റെ മേല്‍ ഒരു കുരിശടയാളം വരച്ചു കൊണ്ട് അവന്റെ കാഴ്ച അവന് തിരിച്ചു നല്‍കി. സിക്സ്റ്റസ് പാപ്പായുമായുള്ള ലോറന്‍സിന്റെ ബന്ധത്തില്‍ നിന്നും വിശുദ്ധൻ ദേവാലയ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായിരുന്നുവെന്നു മനസ്സിലാക്കിയ അധികാരികൾ വിശുദ്ധനെ ബന്ധനസ്ഥനാവുകയും ഹിപ്പോളിറ്റൂസിന്റെ നിരീക്ഷണത്തിന് കീഴിലാക്കുകയും ചെയ്തു.

ആ തടവറയില്‍ വെച്ച് വിശുദ്ധന്‍ ലൂസില്ലസ് എന്ന് പേരായ അന്ധനേയും, മറ്റ് നിരവധി അന്ധന്‍മാരേയും സുഖപ്പെടുത്തുകയുണ്ടായി. ഇതില്‍ ആകൃഷ്ടനായ ഹിപ്പോളിറ്റൂസ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ഒരു രക്തസാക്ഷിയാവുകയും ചെയ്തു. ദേവാലയ സ്വത്തുക്കള്‍ തങ്ങള്‍ക്ക് അടിയറ വെക്കണമെന്ന അധികാരികളുടെ ഉത്തരവിന്‍മേല്‍ വിശുദ്ധന്‍ അതിനായി രണ്ടു ദിവസത്തെ സമയം ചോദിച്ചു. വിശുദ്ധന്റെ ഈ അപേക്ഷ സ്വീകരിക്കപ്പെടുകയും ചെയ്തു. അതേതുടര്‍ന്ന് താന്‍ സഹായിച്ചിട്ടുള്ള സകല ദരിദ്രരേയും, രോഗികളേയും ഹിപ്പോളിറ്റൂസിന്റെ ഭവനത്തില്‍ വിശുദ്ധന്‍ ഒരുമിച്ച് കൂട്ടി.

അവരെ ന്യായാധിപന്റെ പക്കലേക്ക് കൂട്ടികൊണ്ട് പോയിട്ട് വിശുദ്ധന്‍ ഇപ്രകാരം പറഞ്ഞു. “ഇതാ ദേവാലയത്തിലെ സ്വത്തുക്കള്‍!” തുടര്‍ന്ന് വിശുദ്ധനെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനാക്കി. ചമ്മട്ടി കൊണ്ടുള്ള അടികളും, മൂര്‍ച്ചയുള്ള തകിടുകള്‍ കൊണ്ടുള്ള മുറിവേല്‍പ്പിക്കലും ഇതില്‍ ഉള്‍പ്പെടുന്നു. അതിനിടയിലും വിശുദ്ധന്‍ “കര്‍ത്താവായ യേശുവേ, ദൈവത്തില്‍ നിന്നുമുള്ള ദൈവമേ, നിന്റെ ദാസന്റെ മേല്‍ കരുണകാണിക്കക്കണമേ” എന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഇതിന് ദൃക്സാക്ഷികളായ പലരും ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയുണ്ടായെന്നും റൊമാനൂസ്‌ എന്ന പടയാളി, വിശുദ്ധന്റെ മുറിവുകള്‍ മൃദുലമായ വസ്ത്രം കൊണ്ട് ഒരു മാലാഖ ഒപ്പുന്നതായി കണ്ടുവെന്നും പറയപ്പെടുന്നു.

ആ രാത്രിയില്‍ വിശുദ്ധനെ വീണ്ടും ന്യായാധിപന്റെ മുന്‍പിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഒട്ടും തന്നെ ഭയം കൂടാതെ വിശുദ്ധന്‍ ഇപ്രകാരം പ്രതിവചിച്ചു: “ഞാന്‍ എന്റെ ദൈവത്തെ മാത്രമേ ആദരിക്കുകയും അവനെ മാത്രമേ സേവിക്കുകയും ചെയ്യുകയുള്ളൂ, അതിനാല്‍ ഞാന്‍ നിങ്ങളുടെ പീഡനങ്ങളെ ഒട്ടും തന്നെ ഭയപ്പെടുന്നില്ല; ഈ രാത്രി ഒട്ടും തന്നെ അന്ധകാരമില്ലാതെ പകല്‍പോലെ തിളക്കമുള്ളതായി തീരും.” തുടര്‍ന്ന് വിശുദ്ധനെ അവര്‍ ചുട്ടുപഴുത്ത ഇരുമ്പ് പലകയില്‍ കിടത്തി.

St. Lawrenceപകുതി ശരീരം വെന്ത വിശുദ്ധന്‍ തന്റെ പീഡകരോടു പരിഹാസരൂപേണ ഇപ്രകാരം പറഞ്ഞു: “എന്റെ ശരീരത്തിന്റെ ഈ വശം ശരിക്കും വെന്തു, ഇനി എന്നെ മറിച്ചു കിടത്തുക”. അവര്‍ അപ്രകാരം ചെയ്യുകയും ചെയ്തു. വീണ്ടും വിശുദ്ധന്‍ അവരോടു പറഞ്ഞു. “ഞാന്‍ പൂര്‍ണ്ണമായും വെന്തു പാകമായി ഇനി നിങ്ങള്‍ക്ക്‌ എന്നെ ഭക്ഷിക്കാം.” പിന്നീട് വിശുദ്ധന്‍ ദൈവത്തിനു ഇപ്രകാരം നന്ദി പ്രകാശിപ്പിച്ചു, “കര്‍ത്താവേ നിന്റെ അടുക്കല്‍ വരുവാന്‍ എന്നെ അനുവദിച്ചതിനാല്‍ ഞാന്‍ നിനക്ക് നന്ദി പറയുന്നു.” വിമിനല്‍ കുന്നില്‍ വെച്ചു കൊലപ്പെടുത്തിയ വിശുദ്ധന്റെ മൃതശരീരം ടിബുര്‍ത്തിനിയന്‍ പാതയില്‍ അടക്കം ചെയ്തു. പിന്നീട് കോണ്‍സ്റ്റന്റൈന്റെ കാലത്ത്‌ വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നിടത്ത് ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. കാര്‍ത്തേജിലെ ബാസാ, പൗള, അഗത്തോനിക്കാ

  2. ഫ്രാന്‍സിലെ അജില്‍ ബെര്‍ത്താ

  3. ലിയോണ്‍സ് ആര്‍ച്ചുബിഷപ്പായിരുന്ന അരേഡിയൂസ്

  4. ഇറ്റലിയിലെ അസ്റ്റേരാ
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Categories: Uncategorized

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s