ദിവ്യബലി വായനകൾ Friday of week 20 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 വെള്ളി

Saint Pius X, Pope 
on Friday of week 20 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

കര്‍ത്താവ് അവനെ തനിക്കുവേണ്ടി
മഹാപുരോഹിതനായി തിരഞ്ഞെടുക്കുകയും
തന്റെ നിക്ഷേപം തുറന്നുകൊണ്ട്,
എല്ലാ നന്മകളും കൊണ്ട്
അവനെ സമ്പന്നനാക്കുകയും ചെയ്തു.

Or:
cf. പ്രഭാ 50:1; 44:16,22

ഇതാ, തന്റെ ദിനങ്ങളില്‍
ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;
ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,
തന്റെ ജനത്തിനു വേണ്ടി,
അവന്‍ വളരാന്‍ കര്‍ത്താവ് ഇടയാക്കി.

സമിതിപ്രാര്‍ത്ഥന

ദൈവമേ, കത്തോലിക്കാവിശ്വാസം സംരക്ഷിക്കുന്നതിനും
ക്രിസ്തുവില്‍ സര്‍വവും പുനരുദ്ധരിക്കുന്നതിനും വേണ്ടി
വിശുദ്ധ പീയൂസ് പാപ്പായെ സ്വര്‍ഗീയജ്ഞാനവും
അപ്പസ്‌തോലിക സ്ഥൈര്യവും കൊണ്ട് അങ്ങ് നിറച്ചുവല്ലോ.
അദ്ദേഹത്തിന്റെ പ്രബോധനങ്ങളും മാതൃകയും പിഞ്ചെന്ന്,
നിത്യസമ്മാനം പ്രാപിക്കാന്‍
കാരുണ്യപൂര്‍വം ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തെസ 2:2b-8
ദൈവത്തിന്റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി.

നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍വച്ച് അവമാനിക്കപ്പെടുകയും ചെയ്തു. എങ്കിലും, കഠോരമായ ക്ലേശങ്ങളുടെ മധ്യേ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രഘോഷിക്കാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു പ്രദാനം ചെയ്തു. ഞങ്ങളുടെ ഉപദേശം അബദ്ധത്തില്‍ നിന്നോ അശുദ്ധിയില്‍ നിന്നോ വഞ്ചനയില്‍ നിന്നോ ഉത്ഭവിച്ചതല്ല. സുവിശേഷം ഭരമേല്‍ക്കാന്‍ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്താനാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസം ഗങ്ങളില്‍ ഒരിക്കലും മുഖസ്തുതിയുടെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്റെ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്ഷി. ക്രിസ്തുവിന്റെ അപ്പോസ്തലന്മാരെന്ന നിലയില്‍ മേന്മ ഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍ നിന്നോ മറ്റു മനുഷ്യരില്‍ നിന്നോ മഹത്വം അന്വേഷിച്ചില്ല. ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി. നിങ്ങളോടുള്ള അതീവതാത്പര്യം നിമിത്തം ദൈവത്തിന്റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്സല്യഭാജനങ്ങളായിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 89:2-3,4-5,21-22,25,27

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.

കര്‍ത്താവേ, ഞാന്‍ എന്നും
അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.

എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.

ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു.
എന്റെ കൈ എന്നുംഅവനോടൊത്തുണ്ടായിരിക്കും.
എന്റെ ഭുജം അവനു ശക്തി നല്‍കും.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.

എന്റെ വിശ്വസ്തതയും കാരുണ്യവും
അവനോടു കൂടെ ഉണ്ടായിരിക്കും;
എന്റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്‍ക്കും.
അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും
എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 21:15-17
എന്റെ ആടുകളെ മേയിക്കുക. എന്റെ കുഞ്ഞാടുകളെ മേയിക്കുക.

അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം അങ്ങു സ്വീകരിച്ച
ഞങ്ങളുടെ ബലിവസ്തുക്കള്‍വഴി, ഞങ്ങളെ അനുഗ്രഹിക്കണമേ.
വിശുദ്ധ പീയൂസ് പാപ്പായുടെ ഉദ്‌ബോധനങ്ങള്‍ പിന്‍തുടരുന്ന ഞങ്ങള്‍
ആത്മാര്‍ഥമായ വിധേയത്വത്തോടെ ഈ ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കുകയും
വിശ്വസ്തമനസ്സോടെ സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ പീയൂസ് പാപ്പായുടെ സ്മരണ
ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സ്വര്‍ഗീയ ഭോജനത്തിന്റെ ശക്തിയാല്‍,
ഞങ്ങള്‍ വിശ്വാസത്തില്‍ സ്ഥിരതയോടെ നിലനില്ക്കുകയും
അങ്ങയുടെ സ്‌നേഹത്തില്‍ ഒരുമയുള്ളവരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment