ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാമും പുതിയ തന്ത്രങ്ങളും

ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാമും പുതിയ തന്ത്രങ്ങളും

കഥയല്ല, കാര്യമാണ്.
എന്റെ സ്വന്തം നാട്ടില്‍ സംഭവിക്കുന്ന കാര്യമാണ്. കണ്ണീര് കണ്ട ചൂടോടെ എഴുതുന്നു.

പ്രശസ്തമായ ഒരു വിദ്യാലയത്തിലെ ആനുവല്‍ ഡേ പ്രോഗ്രാമിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫോട്ടോ എടുത്തിരുന്നത് അടുത്തുള്ള ടൗണിലെ ഒരു സ്റ്റുഡിയോക്കാരനാണ്. കഴിഞ്ഞ വര്‍ഷത്തെ ആനുവല്‍ ഡേ പ്രോഗ്രാം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് അല്പം അകലെയുള്ള മറ്റൊരു ടൗണില്‍ നിന്ന് ഒരു സ്റ്റുഡിയോക്കാരന്‍ സ്കൂളില്‍ എത്തി. തനിക്ക് സിനിമ, സീരിയല്‍, മോഡലിംഗ് മേഖലയില്‍ ബന്ധങ്ങളും ജോലിയും ഉണ്ടെന്നും അതിന്റെ പലവിധ ആവശ്യങ്ങള്‍ക്കായി കുട്ടികളുടെ പ്രൊഫൈലുകള്‍ ഉപകാരപ്പെടുമെന്നും കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ നിന്നുള്ളവര്‍ക്ക് അത് സഹായമാകുമെന്നുമെല്ലാം പറഞ്ഞ് മാനേജ്മെന്റിനെ ബോദ്ധ്യപ്പെടുത്തി. ആനുവല്‍ ഡേയുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ പ്രോഗ്രാം ഫ്രീയായി ചെയ്തു തരാമെന്നും ധരിപ്പിച്ചു. സൗജന്യമെന്ന് കേട്ടയുടനെ മാനേജുമെന്റ് ഓഫറില്‍ വീണു (സ്വാഭാവികം).

ആനുവല്‍ ഡേയ്ക്ക് വലിയ ക്യാമറകളും ലൈറ്റുകളും സംവിധാനങ്ങളുമെല്ലാമായി ക്യാമറാമാനും കുറേ സഹായികളുമെത്തി. ചറപറ ഫ്ലാഷുകള്‍ മിന്നി. കുട്ടികളെ ഇരുത്തിയും നിര്‍ത്തിയും ചോദിച്ചവരുടെയെല്ലാം ഫോട്ടോകളെടുത്തു. ഫോട്ടോകള്‍ കണ്ട കുട്ടികളുടെ കണ്ണ് തള്ളിപ്പോയി. ഇങ്ങനെയും ഫോട്ടോകളെടുക്കാമെന്നും ഫോട്ടോയില്‍ തന്നെക്കാണാന്‍ ഭംഗിയുണ്ടെന്നും ഒക്കെ ഓരോരുത്തര്‍ക്കും തോന്നി. പക്ഷേ, ഫോട്ടോയെടുത്ത ചേട്ടന്മാര്‍ ക്യാമറയില്‍ അതു കാണിച്ചുകൊടുത്തുവെങ്കിലും ഫോട്ടോ നല്കുന്നത് മാനേജുമെന്റുമായുള്ള എഗ്രിമെന്റ് പ്രകാരം മാനേജ്മെന്റിന് നേരിട്ടായിരുന്നു. മാനേജ്മെന്റ് ആവശ്യപ്പെട്ട പ്രകാരം ഓരോ പ്രോഗ്രാമിനും ഇത്ര എണ്ണം എന്ന മാനദണ്ഡത്തില്‍ അവര്‍ക്ക് ഫോട്ടോകള്‍ നല്കി.

സ്കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടതല്ലാത്ത നിരവധി ഫോട്ടോകള്‍ ഈ ടീം എടുത്തിട്ടുണ്ട്. അതെന്തിനായിരുന്നു. ഇവരെന്തിനാണ് സൗജന്യമായി ഈ പ്രോഗ്രാം ചെയ്തുകൊടുത്തത്. കുട്ടികളാരും ഫോട്ടോയന്വേഷിച്ച് അവരുടെ പിറകേ പോയിട്ടില്ലല്ലോ. ഫോട്ടോ അവര്‍ ദുരുപയോഗം ചെയ്തിട്ടില്ലല്ലോ… ഒക്കെ ശരിയാണ്.

ഇന്ന് കണ്ണീരുകാണിക്കാന്‍ വന്ന കുട്ടിയും ചില കൂട്ടുകാരും ചേട്ടന്മാര്‍ ആനുവല്‍ ഡേയ്ക്കെടുത്ത ഫോട്ടോകള്‍ കിട്ടാനുള്ള വഴിയാലോചിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ആ ചേട്ടന് പേജുണ്ടെന്നും അതില്‍ മെസേജ് അയച്ചാല്‍ ചേട്ടന്‍ അയച്ചുതരുമെന്നും ആണ്‍കുട്ടികളില്‍ ചിലര്‍ പറഞ്ഞത് ഇവര്‍ കേട്ടു. ഇവര്‍ മാത്രമല്ല, മറ്റുപലരും. സ്കൂളില്‍ ഇന്‍സ്റ്റഗ്രാം ചര്‍ച്ചാവിഷയമായി… അടുത്ത ദിവസങ്ങളില്‍ പലരും കൂട്ടുകാരോട് സ്റ്റുഡിയോയുടെ പേരും ചേട്ടന്റെ പേരും ഒക്കെ അന്വേഷിച്ചുതുടങ്ങി. ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് ചേട്ടനോട് ഫോട്ടം ചോദിച്ച എല്ലാ കുട്ടികള്‍ക്കുമൊന്നും കിട്ടിയില്ല. ചിലരോട് ചേട്ടന്‍ പറഞ്ഞു വാട്സാപ്പ് നമ്പര്‍ തരൂ. അയച്ചുതരാം. സ്വന്തം നമ്പറാണെങ്കില്‍ എഡിറ്റ് ചെയ്ത സൂപ്പര്‍ ഫോട്ടോ തരാം. മാതാപിതാക്കന്മാരുടേതാണെങ്കില്‍ ചിലപ്പോള്‍ എല്ലാവരുമൊന്നും അതിഷ്ടപ്പെടണമെന്നില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ അതവരെ കാണിച്ചാല്‍ മതിയല്ലോ…

ബാക്കിയൊക്കെ ഊഹിക്കാവുന്നതല്ലേയുള്ളൂ.

പാവം കൊച്ച്… സ്വീറ്റ് ചാറ്റിംഗിലും ഫോട്ടോയുടെ അഴകിലും ചേട്ടന്റെ ആരാധനാപാത്രമായി… സിനിമയും സീരിയലും ഫോട്ടോഷൂട്ടും ചാറ്റിന്റെ വിഷയങ്ങളായി. പ്ലസ് ടു കഴിഞ്ഞ് കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന നാളുകളില്‍ ചേട്ടന്‍ ഒരു ചെറിയ യാത്രക്ക് വിളിച്ചു. ഫോട്ടോയെടുക്കാമെന്ന മോഹനവാഗ്ദാനവും. കാര്യങ്ങളിത്രയും പുരോഗമിച്ചപ്പോള്‍ അമ്മക്ക് ചെറിയ മണംകിട്ടി. അമ്മ അമ്മയായിത്തീര്‍ന്നപ്പോള്‍ കാര്യങ്ങള്‍ക്ക് ഏതാണ്ട് തീരുമാനമായി.

വഴിയില്‍ കത്തിക്കുത്തേറ്റ് മരിക്കാതെ, തേയിലത്തോട്ടത്തിലേക്ക് വലിച്ചെറിയപ്പെടാതെ, വിദേശത്തേക്ക് കടത്തപ്പെടാതെ, തലമുടിനാരിഴക്ക് ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു.

എങ്കിലും, ആ സ്കൂളില്‍ ഇനിയെത്ര പേര്‍…?
കെണികളെ ഇനിയെങ്കിലും നാം തിരിച്ചറിയുമോ…?

ചൂണ്ടകളെറിഞ്ഞ് ഇരകൊത്താന്‍ കാത്തിരിക്കുന്ന ശാന്തനായ വേട്ടക്കാരനെക്കുറിച്ച് കരുതലുള്ളവരാവുക. തങ്ങളുടെ ഇര വരുന്ന വഴിയും ഇരയുടെ ദൗര്‍ബല്യങ്ങളും ആവശ്യങ്ങളും കൊത്താനിഷ്ടമുള്ള ചൂണ്ടകളും അവനറിയാം. ഇരയെ നോക്കിവെച്ച്, ചിലപ്പോള്‍ ഇരയുടെ വീട്ടില്‍ത്തന്നെ അവന്‍ കെണികളൊരുക്കും.

✍️Noble Thomas Parackal


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment